ADVERTISEMENT

ഈ കോവിഡ്കാലത്തു പലരും പല കാരണങ്ങളാൽ കരഞ്ഞുപോകുന്നുണ്ടെങ്കിലും, കരയുന്നവർ ഭാഗ്യവാന്മാർ എന്ന ചൊല്ല് അവർക്ക് ഇതുവരെ ബോധ്യപ്പെട്ടിട്ടില്ല. 

ഇനിയങ്ങോട്ട് കണ്ണീരിന്റെ കാലമാണെന്ന് പല വർത്തമാനകാല പ്രവാചകരും പറഞ്ഞുകൊണ്ടിരിക്കുകയാണ്. കോവിഡിനെച്ചൊല്ലിയുള്ള കണ്ണീർ. ജീവിതം വഴിമുട്ടിയവരുടെ കണ്ണീർ. പുതുതായി തുന്നിയ മാസ്ക് ധരിച്ചാൽപോലും ജീവിതം തുന്നിക്കൂട്ടിയെടുക്കാൻ കഴിയാത്തവരുടെ കണ്ണീർ. 

എന്നാൽ, കോവിഡ്കാല നല്ലനടപ്പ് – നല്ലിരിപ്പു വ്യവസ്ഥിതിയിൽ മര്യാദയ്ക്കൊന്നു കരയാൻ പാടുണ്ടോ, കരയുന്നവർക്കു സ്വയം കണ്ണീർ തുടയ്ക്കാമോ, മറ്റുള്ളവരുടെ കണ്ണീർ തുടയ്ക്കാൻ ചാടിപ്പുറപ്പെടാമോ എന്നൊക്കെ സംശയങ്ങളുണ്ടായിരുന്നു. 

വേണ്ട, സർ. സംശയിക്കണ്ട.

കണ്ണീരുമായി നമുക്കുള്ള നനഞ്ഞ ബന്ധം പഴയതുപോലെ തുടരാം. 

കണ്ണീരും ഒരു സ്രവമാണെന്നു പറയാമെങ്കിലും അതിൽനിന്നു കോവിഡ് പകരില്ല എന്ന് ഏതാണ്ടൊരു തീരുമാനത്തിലെത്തിയിരിക്കുന്നു.

സിംഗപ്പൂരിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ഒട്ടേറെ കോവിഡ് ബാധിതരെ പരീക്ഷണത്തിനു വിധേയരാക്കി. രോഗബാധ തുടങ്ങിയതുമുതൽ  20 ദിവസത്തിനുശേഷം സുഖം പ്രാപിച്ചതു വരെയുള്ള കാലത്തെ കണ്ണീർ തുടർച്ചയായി പരിശോധിച്ചു. ഫലം നെഗറ്റീവ്.

കണ്ണു ഡോക്ടർമാർ ആദരിക്കുന്ന ഒഫ്താൽമോളജി എന്ന ആധികാരിക പ്രസിദ്ധീകരണത്തിൽ ഈ കണ്ടെത്തൽ അച്ചടിച്ചിട്ടുമുണ്ട്. 

അതുകൊണ്ട് ചിരിക്കാം എന്നർഥമില്ല. നമുക്കിനി സമാധാനമായി കരയാം; കരയുന്നവരുടെ കണ്ണീരൊപ്പാനും തടസ്സമില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com