sections
MORE

വാചകമേള

vachakamela
SHARE

∙ ഡോ. എം. കുഞ്ഞാമൻ: വിദ്യാർഥികൾ ഒരു മണ്ടൻ ആശയവുമായി വന്നാലും ഞാൻ അതിനെ പ്രോത്സാഹിപ്പിക്കും. ഇന്നത്തെ മണ്ടൻ ആശയം നാളെ വിമർശിക്കപ്പെടും, മറ്റന്നാൾ അംഗീകരിക്കപ്പെടും. മുഖ്യധാരാ ആശയങ്ങൾ പലപ്പോഴും ഇന്നത്തെ ആശയങ്ങളാണ്. എന്നാൽ, പാർശ്വവൽകൃത അഭിപ്രായങ്ങൾ നാളത്തെ അഭിപ്രായങ്ങളാണ്.

∙ രാമചന്ദ്ര ഗുഹ: സ്വകാര്യ സംരംഭകരോട് അനാവശ്യമായ സംശയം പുലർത്തുന്നവരാണ് കേരളത്തിലെ ബുദ്ധിജീവികളത്രയും. കോവിഡ് അനന്തരകാലത്ത് ഈ നിലപാടു ദോഷം ചെയ്യും എന്ന കാര്യത്തിൽ സംശയമില്ല. ഗൾഫിൽനിന്നുള്ള വരുമാനം നിലയ്ക്കുന്ന സമയത്ത് പ്രത്യേകിച്ചും.

∙ മധു: അഭിനേതാവ് എന്ന നിലയിൽ തന്റെ കഴിവുകൾ വേണ്ട വിധം പ്രകടിപ്പിക്കാൻ കഴിയാതെപോയ നടനാണു പ്രേംനസീർ. അതു പൂർണമായും നസീറിന്റെ കുറ്റമല്ല. ഒരിക്കലും തന്റെ ഇമേജിനെ ബ്രേക്ക് ചെയ്യാൻ നസീർ ശ്രമിച്ചില്ല. സ്റ്റണ്ടും പാട്ടുമൊക്കെയായി തിരശ്ശീല നിറയാനാണു നസീർ ഇഷ്ടപ്പെട്ടത്. പ്രേക്ഷകർ അദ്ദേഹത്തിൽനിന്ന് ആഗ്രഹിച്ചത് എന്തായിരുന്നോ അതു നിറവേറ്റുകയായിരുന്നു നസീർ.

∙ ഗ്രേസി: ഈ മഹാമാരിക്കാലം മനുഷ്യരെ ഇരുത്തിച്ചിന്തിപ്പിക്കുമെന്നും അവരുടെ പ്രകൃതങ്ങളിൽ ഗുണപരമായ ചില മാറ്റങ്ങൾ വരുത്തുമെന്നും വിശ്വസിക്കുന്നവർ വെറും ശുദ്ധാത്മാക്കളത്രെ. മനുഷ്യൻ ഒരു വിചിത്രജീവിയാണെന്നും അവന്റെയുള്ളിൽ വീണ്ടുവിചാരത്തിന്റെ വിദൂരസാധ്യത പോലും ഇല്ലാതെയായി എന്നും ആഴത്തിൽ ചിന്തിക്കുന്നവർക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ.

∙ കെ.ജയകുമാർ: കോവിഡ് മഹാമാരി രാജ്യാതിർത്തികളെയോ സാമ്പത്തികനിലയെയോ മാനിച്ചില്ല എന്നു നമ്മൾ കണ്ടുവല്ലോ. പരിസ്ഥിതിദുരന്തത്തിലും ഇതേ വിധിയായിരിക്കും മനുഷ്യകുലത്തെ കാത്തിരിക്കുന്നതെന്നു കൂടി ഈ മഹാമാരി നമ്മളോടു പറയുന്നുണ്ട്.

∙ ബെന്യാമിൻ:  കൊച്ചുകുട്ടികളുടെ ശ്രദ്ധ പിടിക്കാൻ ഒരു പ്രത്യേക കഴിവുതന്നെ വേണം. ആ കഴിവ് ആർജിച്ച അധ്യാപകരെ പ്രത്യേകം അഭിനന്ദിക്കേണ്ടതുണ്ട്. അവരാണ് ഓൺലൈൻ ക്ലാസുകളിൽ തിളങ്ങിയത്. ഒരു വേദിയിൽ കയറി രണ്ടു വാക്കു പറയാൻ പറഞ്ഞാൽ ‘പൂരങ്ങളുടെ പൂരം’ എന്നു വിക്കുന്നവന്മാരാണ് എല്ലാം തികഞ്ഞവർ എന്ന മട്ടിൽ മോശം കമന്റിട്ടും ട്രോളിട്ടും ഈ അധ്യാപകരെ കൊഞ്ഞനംകുത്തിക്കാട്ടുന്നത്.

English Summary: Vachakamela

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA