ADVERTISEMENT

ഡൽഹി ഒരു സംസ്ഥാനം മാത്രമല്ല, ഇന്ത്യയുടെ തലസ്ഥാനനഗരം കൂടിയാണെന്ന വസ്തുത മറന്ന മട്ടിലായിരുന്നു മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഞായറാഴ്ച നടത്തിയ പ്രഖ്യാപനം. ഡൽഹിയിലെ ആശുപത്രികളിൽ ഡൽഹി നിവാസികൾക്കു മാത്രമേ ചികിത്സ നൽകൂ എന്ന പ്രഖ്യാപനം ജനങ്ങളോടു മാത്രമല്ല, രാജ്യം പെരുമ കൊള്ളുന്ന ഫെഡറൽ സംവിധാനത്തോടുതന്നെയുള്ള വെല്ലുവിളിയായിക്കണ്ട് വ്യാപക പ്രതിഷേധം ഉയരുകയുണ്ടായി. അപലപനീയമായ ഈ ഉത്തരവ് ഡൽഹി ലഫ്.ഗവർണർ അനിൽ ബൈജൽ റദ്ദാക്കിയത് അതുകൊണ്ടുതന്നെ ജനപക്ഷം ചേർന്നുനിൽക്കുന്ന ഉചിതനടപടിയാവുന്നു. ഡൽഹി നിവാസിയല്ലെന്ന പേരിൽ ഒരു രോഗിക്കും ചികിത്സ നിഷേധിക്കരുതെന്ന് ഡൽഹി ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ലഫ്.ഗവർണർ കർശന നിർദേശം നൽകിയിട്ടുമുണ്ട്.

കോവിഡ് വ്യാപനം നേരിടാനാണ് തങ്ങളുടെ തീരുമാനമെന്നായിരുന്നു സർക്കാർഭാഷ്യം. കോവിഡ് ഭീതി ഒഴിയുന്നതുവരെ ഇതു തുടരുമെന്നും സംസ്ഥാനത്തെ ജനങ്ങളുടെയും ഡൽഹി സർക്കാർ നിയമിച്ച അഞ്ചംഗ വിദഗ്ധസമിതിയുടെയും അഭിപ്രായം മാനിച്ചാണു തീരുമാനമെന്നുമാണ് അരവിന്ദ് കേജ്‌രിവാൾ പറഞ്ഞത്. ഡൽഹിയിൽ താമസിക്കുന്നവരാണെന്നു ബോധ്യപ്പെടുത്തുന്ന തിരിച്ചറിയൽ രേഖകൾ ഹാജരാക്കി മാത്രമേ ചികിത്സ തേടാൻ കഴിയൂ എന്ന ജനവിരുദ്ധ തീരുമാനത്തിനാണ് ഇന്നലെ ഡൽഹി ലഫ്.ഗവർണർ പൂട്ടിട്ടത്.

രാജ്യത്ത് ഏറ്റവും വേഗത്തിൽ കോവിഡ് പടരുന്ന സംസ്ഥാനമാണു ഡൽഹി. കഴിഞ്ഞ ഒരാഴ്ചയായി പ്രതിദിനം ശരാശരി ആയിരം രോഗികളാണു കൂടുന്നത്. ജനസംഖ്യാനുപാതിക കണക്കിൽ ഏറ്റവും കൂടിയ കോവിഡ് മരണനിരക്കും ഡൽഹിയിലാണ്. എല്ലാ ജില്ലകളും ഹോട്സ്പോട്ട് ആയ മറ്റൊരു സംസ്ഥാനവും രാജ്യത്തില്ല. പരിശോധന നടത്തുന്ന നാലുപേരിൽ ഒരാൾ രോഗബാധിതനാകുന്ന സ്ഥിതിവിശേഷം തികച്ചും ആശങ്കാജനകമാണ്. വേണ്ടത്ര പരിശോധനകൾ നടത്താൻ ഇപ്പോഴും ഡൽഹിയിൽ സംവിധാനമില്ല. സ്വകാര്യ ലബോറട്ടറികൾ പരിശോധന നടത്തുന്നതു ഡൽഹി സർക്കാർ തടഞ്ഞിരിക്കുകയുമാണ്. ഡൽഹിയിൽ കോവിഡ് ബാധിച്ചാൽ ആശുപത്രിയിൽ പ്രവേശനം കിട്ടാത്ത സാഹചര്യംവരെ ഉണ്ടായിക്കഴിഞ്ഞു. വീട്ടിലിരുന്ന് ക്വാറന്റീൻ പൂർത്തിയാക്കാൻ സർക്കാർതന്നെ ഉപദേശിക്കുകയാണ്.

അതേസമയം, രോഗകാല പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ കേജ്‌രിവാളും ആം ആദ്മി പാർട്ടി സർക്കാരും തീർത്തും പരാജയപ്പെട്ടു കഴിഞ്ഞു. ഈ മാസം അവസാനം രോഗികളുടെ എണ്ണം ഒരു ലക്ഷമാകുമെന്നാണു സർക്കാർതന്നെ പറയുന്നത്. ഇത്രയും പേരെ ചികിത്സിക്കാനുള്ള കിടക്കകളോ വെന്റിലേറ്ററുകളോ സർക്കാർ ഒരുക്കിയിട്ടില്ല. രോഗവ്യാപനത്തെത്തുടർന്ന് ഡൽഹിയിൽ 15,000 കിടക്കകളെങ്കിലും ഇപ്പോൾ വേണമെന്നിരിക്കെ, പതിനായിരമേ നിലവിലുള്ളൂ. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരെക്കൂടി പ്രവേശിപ്പിച്ചാൽ 70% കിടക്കകളും അതിനുതന്നെ വേണ്ടിവരുമെന്ന ആശങ്ക സർക്കാരിനുണ്ട്.

സ്വന്തം പരാജയം മറച്ചുവയ്ക്കാൻ ഡൽഹി സർക്കാർ മുടന്തൻന്യായങ്ങൾ മുന്നോട്ടുവയ്ക്കുകയാണെന്ന ആരോപണമുണ്ട്. ഡൽഹി നിവാസികൾ കോവിഡിനു പരിശോധന നടത്താനാവാതെയും ചികിത്സ കിട്ടാതെയും നെട്ടോട്ടമോടുമ്പോൾ, കേന്ദ്ര സർക്കാരും ഡൽഹി സർക്കാരും കടുത്ത ശീതസമരത്തിലാണുതാനും. 

ഡൽഹിയിലെ ആശുപത്രികളിൽ മറ്റു സംസ്ഥാനക്കാർക്കു പ്രവേശനം ലഭിക്കില്ലെന്നു വന്നാൽ അതു ദൂരവ്യാപക ഫലങ്ങളുണ്ടാക്കുമെന്ന ആശങ്ക ഉയർന്നിരുന്നു. ഉത്തർപ്രദേശ്, ഹരിയാന, ബിഹാർ, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നെല്ലാം ഡൽഹിയിലെ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നത് ആയിരങ്ങളാണ്. പല ആവശ്യങ്ങൾക്കായി ചെറിയ കാലത്തേക്കു ഡൽഹിയിലെത്തുന്നവർക്കും സംസ്ഥാന സർക്കാരിന്റെ തീരുമാനം ഇരുട്ടടിയാവുമായിരുന്നു.

ഈ രോഗകാലത്ത് അല്ലെങ്കിൽത്തന്നെ പലവിധ പ്രശ്നങ്ങളാൽ വലയുന്ന എത്രയോ പേർക്ക് ചികിത്സ എന്ന അടിയന്തരാവശ്യം നിഷേധിക്കപ്പെടുന്നതു ന്യായീകരിക്കാനാവില്ല. അതുകൊണ്ടുതന്നെ, ചികിത്സാനിഷേധത്തിന്റെ ഈ ജനവിരുദ്ധതീരുമാനം ലഫ്.ഗവർണർ റദ്ദാക്കിയതു ജനപക്ഷത്തുനിന്നുള്ള കയ്യടി അർഹിക്കുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com