sections
MORE

സമാധാനത്തിലേക്ക് ശുഭസൂചനകൾ

HIGHLIGHTS
  • ഇന്ത്യയും ചൈനയും നടത്തിയ ചർച്ചയ്ക്ക് തുടർനടപടികൾ ഉണ്ടാവണം
india-china-border
അരുണാചൽ പ്രദേശിലെ ഇന്ത്യ– ചൈന അതിർത്തിയിൽ കാവല്‍ നില്‍ക്കുന്ന ഇന്ത്യന്‍ സൈനികര്‍ (ഫയല്‍ ചിത്രം)
SHARE

ഇന്ത്യയും ചൈനയും സേനാതലത്തിൽ നടത്തിയ ചർച്ച ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തിത്തർക്കം രമ്യമായി പരിഹരിക്കുന്നതിനുള്ള ആദ്യ ചുവടായാണു വിലയിരുത്തപ്പെടുന്നത്. ഒരു മാസത്തിലേറെയായി തുടരുന്ന തർക്കം എത്രയും വേഗം സമാധാനപരമായി പരിഹരിക്കേണ്ടതുണ്ട് എന്ന നിലപാടിലേക്ക് ഇരുരാജ്യങ്ങളുമെത്തിയതു ശുഭലക്ഷണമാണ്.

കിഴക്കൻ ലഡാക്കിൽ യഥാർഥ നിയന്ത്രണ രേഖയോടു (എൽഎസി) ചേർന്നുള്ള പാംഗോങ് ട്സോ തടാകത്തിന്റെ വടക്കൻ തീരം, ഗൽവാൻ താഴ്‌വര, ഡെംചോക് എന്നിവിടങ്ങളിലാണു മുഖ്യമായും സംഘർഷം നിലനിൽക്കുന്നത്. യഥാർഥ നിയന്ത്രണ രേഖയിലെ ചുഷൂൽ സെക്ടറിൽ ചൈനയുടെ ഭാഗത്തുള്ള മോൾഡോയിൽ കഴിഞ്ഞ ശനിയാഴ്ച നടന്ന സേനാതല ചർച്ച ഇരുരാജ്യങ്ങളെയും സംബന്ധിച്ച് ഏറെ നിർണായകമായിരുന്നു. 

നാലു മണിക്കൂർ നീണ്ട ചർച്ചയിൽ പ്രശ്നപരിഹാരത്തിനു വ്യക്തമായ വഴി തെളിഞ്ഞില്ലെങ്കിലും തർക്കം രമ്യമായി പരിഹരിക്കുന്നതിനുള്ള അന്തരീക്ഷം രൂപപ്പെടുത്താൻ സാധിച്ചുവെന്നാണു വിവരം. അതിർത്തിക്കരാറുകളുടെയും ഇരു രാജ്യങ്ങളിലെയും രാഷ്ട്രീയ നേതൃത്വങ്ങൾ തമ്മിലുള്ള ധാരണകളുടെയും അടിസ്ഥാനത്തിൽ പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കാൻ ചർച്ചയിൽ ധാരണയിലെത്തിയതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇന്നലെ പ്രതികരിച്ചതു പ്രതീക്ഷയിലേക്കുള്ള ദിശ കാണിക്കുന്നു.

അതിർത്തി മേഖലകളിലെ കടന്നുകയറ്റ നീക്കത്തിൽനിന്നു പിന്മാറുക, അതിർത്തിയോടു ചേർന്നുള്ള സേനാ വിന്യാസം ഒഴിവാക്കുക, അതിർത്തിയിൽ ഇന്ത്യൻ സേനാംഗങ്ങളുടെ പട്രോളിങ്ങിനു തടസ്സം സൃഷ്ടിക്കാതിരിക്കുക തുടങ്ങിയവയാണ് ചൈനയ്ക്കു മുന്നിൽ ഇന്ത്യ വച്ചിരിക്കുന്ന പ്രധാന ആവശ്യങ്ങൾ. അതിർത്തിയോടു ചേർന്നുള്ള നിർമാണ പ്രവർത്തനങ്ങൾ ഇന്ത്യ എത്രയും വേഗം നിർത്തിവയ്ക്കണമെന്ന നിലപാടിലാണു ചൈന ഉറച്ചുനിൽക്കുന്നത്. അതേസമയം, തങ്ങളുടെ അധികാരപരിധിയിലുള്ള പ്രദേശങ്ങളിലെ നിർമാണ പ്രവർത്തനങ്ങളിൽ ചൈന ഇടപെടേണ്ടെന്നാണ് ഇതിനുള്ള ഇന്ത്യയുടെ മറുപടി. സംഘർഷങ്ങളുണ്ടാകുന്നതിനു മുൻപ്, ഏപ്രിൽ അവസാനം അതിർത്തിയിൽ നിലനിന്നിരുന്ന സ്ഥിതി പുനഃസ്ഥാപിക്കണമെന്ന നിലപാടിൽ ഇന്ത്യ ഉറച്ചു നിൽക്കുകയാണ്. ഇവയുൾപ്പെടെയുള്ള തർക്കവിഷയങ്ങൾ രാഷ്ട്രീയ, നയതന്ത്ര, സേനാ തലങ്ങളിലുള്ള കൂടുതൽ ചർച്ചകളിലൂടെ രമ്യമായി പരിഹരിക്കാമെന്ന ധാരണയിലാണ് ഇരുരാജ്യങ്ങളുടെയും സേനാ കമാൻഡർമാർ പിരിഞ്ഞത്. 

സമാധാനപരമായി കാര്യങ്ങൾ സംസാരിക്കാൻ അതിർത്തിയിൽ കൂടുതൽ സംഘർഷങ്ങളൊഴിവാക്കേണ്ടത് അനിവാര്യമാണ്. ശനിയാഴ്ച ഇക്കാര്യവും ചർച്ചാവിഷയമായി. കൂടുതൽ സംഘർഷങ്ങൾ ഒഴിവാക്കുന്നതിനു കേണൽ, ബ്രിഗേഡിയർ തലങ്ങളിൽ വരും ദിവസങ്ങളിൽ ചർച്ചകൾ തുടരും. വിദേശകാര്യ മന്ത്രാലയ പ്രതിനിധികൾ തമ്മിലും ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. 

അയൽക്കാരായ ഈ ആണവശക്തിരാജ്യങ്ങൾക്കു 3500 കിലോമീറ്റർ അതിർത്തിയിൽ കഴിഞ്ഞ നാലു പതിറ്റാണ്ടിലേറെയായി ഏറെക്കുറെ സമാധാനം പാലിക്കാൻ കഴിഞ്ഞു; സമീപകാലത്തു രൂക്ഷമായ ദോക് ലാ സംഘർഷത്തിലൊഴിച്ച്. സിക്കിമിലെ ദോക് ലാ അതിർത്തിയിൽ 2017ൽ 71 നാൾ നീണ്ട സംഘർഷത്തിനു ശേഷം ഇരുരാജ്യങ്ങളും തമ്മിലുണ്ടാകുന്ന ഏറ്റവും ദൈർഘ്യമേറിയ അതിർത്തിത്തർക്കമാണ് ഇപ്പോഴത്തേത്. ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്ര ബന്ധമാകട്ടെ, എഴുപതാം വർഷത്തിലേക്കു കടന്നിരിക്കുകയുമാണ്. നയതന്ത്ര ബന്ധത്തിലെ അനുഭവസമ്പത്തും രാഷ്ട്രീയ നേതൃതലത്തിലെ പരസ്പരവിശ്വാസവും പ്രശ്നപരിഹാരത്തിനു വഴിതെളിക്കുമെന്നു പ്രതീക്ഷിക്കാം. 

അതിർത്തിയിൽ ഏതു സാഹചര്യവും നേരിടാൻ രാജ്യത്തിന്റെ പ്രതിരോധസേന പൂർണസജ്ജമാണ്. രാജ്യത്തിന്റെ ഒരിഞ്ചു പോലും വിട്ടുകൊടുക്കില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചാണ് അതിർത്തിയിലുടനീളം നമ്മുടെ സേനാംഗങ്ങൾ നിലയുറപ്പിച്ചിരിക്കുന്നത്. പ്രശ്നപരിഹാരം നീണ്ടാൽ, ദീർഘനാൾ അതിർത്തിയിൽ നിലയുറപ്പിക്കുന്നതിന് ആവശ്യമായ ഒരുക്കങ്ങൾ ഏതാനും ആഴ്ചകൾ മുൻപു സേന ആരംഭിച്ചിരുന്നു. 

അതേസമയം, മഹാമാരിയെ തോൽപിക്കാൻ ലോകം ഒറ്റക്കെട്ടായി നിൽക്കേണ്ട ഈ സമയത്ത് യുദ്ധകാഹളം മുഴക്കരുതെന്ന അടിസ്ഥാനപാഠം ഒരു രാജ്യവും മറന്നുകൂടാ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA