sections
MORE

രാജ്യസഭാ തിരഞ്ഞെടുപ്പ്; മാറുന്ന സമവാക്യങ്ങളും കണക്കിലെ കളികളും

parliament
SHARE

ഈ മാസം 19ന് പത്തു സംസ്ഥാനങ്ങളിലെ 24 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പു കഴിയുമ്പോൾ ഉപരിസഭയിൽ വരുന്ന പ്രധാന മാറ്റങ്ങൾ ഇവയായിരിക്കും:

1. രാജ്യസഭയിൽ കോൺഗ്രസിനെക്കാൾ ഇരട്ടിയിലേറെ സീറ്റുകളാവും ബിജെപിക്ക്. കോൺഗ്രസിന് ഇപ്പോഴുള്ള 39 സീറ്റ് 37 ആയി കുറയാനാണു സാധ്യത. ബിജെപിക്ക് ഇപ്പോഴുള്ള 75 സീറ്റ് 84 ആകും – അതായത് 9 സീറ്റ് കൂടും.

2. പക്ഷേ, ഇതിനു ശേഷവും രാജ്യസഭയിൽ ബിജെപിക്ക് ഒറ്റയ്ക്കു ഭൂരിപക്ഷമാകില്ല. എൻഡിഎ ഒരുമിച്ചു നിന്നാലും 100 സീറ്റേ ആവുകയുള്ളൂ. 245 അംഗ സഭയിൽ ഭൂരിപക്ഷത്തിനു വേണ്ട 123 സീറ്റ് അപ്പോഴും അകലെയാണ്.

3. എന്നാൽ, ബിജെപിയോട് അനുഭാവമുള്ള മറ്റു പല കക്ഷികളുമുണ്ട് – അണ്ണാ ഡിഎംകെ, ബിജെഡി, വൈഎസ്ആർ കോൺഗ്രസ്, ടിആർഎസ് എന്നിങ്ങനെ. ഇവരുടെയെല്ലാം പിന്തുണ ലഭിക്കുന്നതോടെ മോദി സർക്കാരിന് രാജ്യസഭയിൽ ഏതു ബില്ലും പാസാക്കാൻ കഴിയും.

4. രാജ്യസഭയിൽ രണ്ടക്കം കടക്കുന്ന കക്ഷികളുടെ എണ്ണം മൂന്നായി ചുരുങ്ങും – ബിജെപി 84, കോൺഗ്രസ് 37, തൃണമൂൽ കോൺഗ്രസ് 13.

scindia-digvijay-venugopal
ജ്യോതിരാദിത്യ സിന്ധ്യ, ദിഗ്‌വിജയ് സിങ് , കെ.സി. വേണുഗോപാൽ

 മത്സരം ഏഴിടത്തു മാത്രം

20 സംസ്ഥാനങ്ങളിലെ 61 സീറ്റുകളിലേക്കാണു തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതെങ്കിലും, അതിൽ 9 സംസ്ഥാനങ്ങളിലെ 37 സീറ്റുകളിലേക്ക് കഴിഞ്ഞ മാർച്ചിൽത്തന്നെ എതിരില്ലാതെ തിരഞ്ഞെടുപ്പു നടന്നു. ശേഷിക്കുന്ന 11 സംസ്ഥാനങ്ങളിൽ നാലിടത്തു കാര്യമായ മത്സരമില്ല. ചുരുക്കത്തിൽ മത്സരം 7 സംസ്ഥാനങ്ങളിൽ മാത്രമായി ചുരുങ്ങി. ഗുജറാത്ത് (4), രാജസ്ഥാൻ (3), മധ്യപ്രദേശ് (3), കർണാടക (4), ജാർഖണ്ഡ് (2), ആന്ധ്രപ്രദേശ് (4), മിസോറം (1) എന്നിവിടങ്ങളിലാണു മത്സരം.

എതിരില്ലാതെ സ്ഥാനാർഥികൾ തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനങ്ങളും സീറ്റുകളും ഇങ്ങനെ: മഹാരാഷ്ട്ര (7), തമിഴ്നാട് (6), ബംഗാൾ (5), ബിഹാർ (5), ഒഡീഷ (4), അസം (3), തെലങ്കാന (2), ഛത്തീസ്ഗഡ് (2), ഹരിയാന (2), ഹിമാചൽ പ്രദേശ് (1).

ഗുജറാത്ത്

ഇത്തവണ ഏറ്റവും കൂടുതൽ വിവാദമായ കൂറുമാറ്റം നടക്കുന്നതും കോൺഗ്രസിന് എംഎൽഎമാരെ ഒളിപ്പിക്കേണ്ടി വന്നിരിക്കുന്നതും ഗുജറാത്തിലാണ്. മാർച്ച് 26നു തിരഞ്ഞെടുപ്പു നടക്കാനിരുന്നപ്പോൾത്തന്നെ 5 കോൺഗ്രസ് എംഎൽഎമാർ രാജിവച്ചതാണ്. മാറ്റിവച്ച വോട്ടെടുപ്പ് ജൂൺ 19നു നടത്തുമെന്നു പ്രഖ്യാപിച്ചതോടെ 3 കോൺഗ്രസ് എംഎൽഎമാർ കൂടി രാജിവച്ചു.

ഗുജറാത്ത് നിയമസഭയുടെ അംഗസംഖ്യ 182 ആണ്. ഫലത്തിൽ സ്പീക്കർ ഉൾപ്പെടെ 172 പേരേയുള്ളൂ. ബിജെപി– 103. കോൺഗ്രസ് – 65. ഭാരതീയ ട്രൈബൽ പാർട്ടി(2), എൻസിപി (1), സ്വതന്ത്രൻ (1) എന്നിങ്ങനെയാണു കക്ഷിനില. ഇവിടെ എൻസിപി, ബിജെപിക്കൊപ്പമാണ്.

ഇവിടത്തെ നാലു സീറ്റുകളിലേക്ക് ബിജെപിയിൽ നിന്നും കോൺഗ്രസിൽനിന്നുമായി 5 പേർ മത്സരിക്കുന്നുണ്ട്. ഒരു സീറ്റ് ഉറപ്പിച്ച കോൺഗ്രസിന് രണ്ടാമത്തെ സീറ്റിൽ വിജയിക്കണമെങ്കിൽ 4 വോട്ട് കൂടിവേണം. രണ്ടു സീറ്റ് ഉറപ്പിച്ച ബിജെപിക്ക് മൂന്നാമത്തെ സീറ്റ് പിടിക്കണമെങ്കിൽ രണ്ടു വോട്ട് കൂടി വേണം.

priyanka-sharad
ശരദ് പവാർ, എൻസിപി, പ്രിയങ്ക ചതുർവേദി, ശിവസേന

അഭയ് ഭരദ്വാജ്, റാം ലീല ബെൻബാര എന്നിവരാണ് ബിജെപി ആദ്യം പ്രഖ്യാപിച്ച സ്ഥാനാർഥികൾ. കോൺഗ്രസാകട്ടെ ശക്തിസിങ് ഗോഹിലിനെയും ഭരത് സിങ് സോളങ്കിയെയും രംഗത്തിറക്കി. എന്നാൽ, ബിജെപി മൂന്നാമതൊരു സ്ഥാനാർഥിയെക്കൂടി നിർത്തി – മുൻ കോൺഗ്രസ് നേതാവായ നർഹരി അമീൻ. ശരദ് പവാറിന്റെ സുഹൃത്താണ് അദ്ദേഹം. അതിനാൽ എൻസിപി വോട്ട് അദ്ദേഹത്തിനുതന്നെ പോകും. കോൺഗ്രസിനെ ഒരു സീറ്റിലേക്ക് ഒതുക്കാനാണു ബിജെപി ശ്രമിക്കുന്നത്. എംഎൽഎമാരെ ഇനിയും നഷ്ടപ്പെടാതിരിക്കാൻ രാജസ്ഥാനിലെ റിസോർട്ടിലേക്കു മാറ്റിയിരിക്കുകയാണ് കോൺഗ്രസ്.

 മധ്യപ്രദേശ്

കമൽനാഥ് സർക്കാരിനെ മറിച്ചിട്ട് ബിജെപി അധികാരം പിടിച്ചെടുത്ത മധ്യപ്രദേശിൽ കോൺഗ്രസിൽനിന്ന് 22 എംഎൽഎമാരുമായി വന്ന ജ്യോതിരാദിത്യ സിന്ധ്യയാണ് ബിജെപിയുടെ ഒരു സ്ഥാനാർഥി. രണ്ടാമത്തെ സ്ഥാനാർഥി സമർസിങ് സോളങ്കിയാണ്. കോൺഗ്രസാകട്ടെ, മുൻ മുഖ്യമന്ത്രി ദിഗ്‌വിജയ് സിങ്ങിനെയും ഫൂൽസിങ് ബരൈജയെയും മത്സരിപ്പിക്കുന്നു. ദിഗ്‌വിജയും സിന്ധ്യയും ജയിക്കുമെന്നുറപ്പ്. എന്നാൽ, മൂന്നാമത്തെ സീറ്റ് ആരു നേടും എന്നാണ് അറിയേണ്ടത്.

 രാജസ്ഥാൻ

കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും ദലിത് നേതാവ് നീരജ് ഡാങ്കിയും മത്സരിക്കുമ്പോൾ ബിജെപി നിർത്തിയിരിക്കുന്നത് രാജേന്ദ്ര ഗെലോട്ടിനെയും ഓംകാർ സിങ് ലെഖാവത്തിനെയുമാണ്. ലെഖാവത്തിനെ ജയിപ്പിക്കണമെങ്കിൽ ബിജെപിക്ക് 27 വോട്ട് കൂടി വേണം. രാജസ്ഥാനിൽ 200 അംഗ നിയമസഭയിൽ കോൺഗ്രസിന് 107 പേരുണ്ട് – ബിഎസ്പി ടിക്കറ്റിൽ ജയിച്ച ആറുപേരും കോൺഗ്രസിൽ ചേരുകയായിരുന്നു. ബിജെ പിക്ക് 72 പേരാണ്. രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി (3), സിപിഎം (2), ബിടിപി (2), ആർഎൽഡി (1) എന്നിങ്ങനെയാണ് മറ്റു കക്ഷിനില. ഉപമുഖ്യമന്ത്രിയും പിസിസി പ്രസിഡന്റുമായ സച്ചിൻ പൈലറ്റിനൊപ്പമാണ് കോൺഗ്രസിലെ 16 എംഎൽഎമാരും അഞ്ചു മന്ത്രിമാരും. ഇവരുടെ നിലപാടു നിർണായകമാണ്.

ആന്ധ്രപ്രദേശ് 

വൈഎസ്ആർ കോൺഗ്രസിന് മഹാഭൂരിപക്ഷമുള്ള ഇവിടെ അവരുടെ 4 സ്ഥാനാർഥികളും വിജയിക്കുമെന്നതിൽ സംശയമില്ല. എന്നാൽ, തെലുങ്കുദേശം അവരുടെ ജനറൽ സെക്രട്ടറി വർള രാമയ്യയെ നിർത്തിയതോടെ ഒരു മത്സരം ഉറപ്പായി. മുകേഷ് അംബാനിയുടെ സുഹൃത്തും റിലയൻസിന്റെ സീനിയർ ഗ്രൂപ്പ് പ്രസിഡന്റുമായ പരിമൾ നാഥ് വാനിയാണ് വൈഎസ്ആർ കോൺഗ്രസിന്റെ ഒരു സ്ഥാനാർഥി. ഇദ്ദേഹം രണ്ടുതവണ ജാർഖണ്ഡിൽനിന്ന് രാജ്യസഭയിലെത്തിയിരുന്നു. മറ്റൊരു വ്യവസായ പ്രമുഖൻ അല്ലാ അയോധ്യ റാമി റെഡ്ഡിക്കും വൈഎസ്ആർ കോൺഗ്രസ് സീറ്റു നൽകിയിട്ടുണ്ട്. മോപ്പിദേവി വെങ്കിടരമണ, പില്ലി സുഭാഷ് ചന്ദ്രബോസ് എന്നിവരാണ് അവരുടെ മറ്റു സ്ഥാനാർഥികൾ.

deve-gowda-kharge
ദേവെഗൗഡ, മല്ലികാർജുൻ ഖർഗെ

കർണാടക 

കർണാടകയിൽ പത്രിക സമർപ്പിച്ച 4 സ്ഥാനാർഥികളും അനായാസം വിജയിക്കുമെന്ന് ഉറപ്പായി. ലോക്സഭയിൽ നേതാവായിരുന്ന മല്ലികാർജുൻ ഖർഗെയെ നിർത്തിയ കോൺഗ്രസ്, തങ്ങളുടെ പിന്തുണ മുൻ പ്രധാനമന്ത്രിയും ജനതാ ദൾ (എസ്) നേതാവുമായ എച്ച്.ഡി. ദേവെഗൗഡയ്ക്കു കൂടി നൽകാൻ തീരുമാനിച്ചതാണ് ഒരു രാഷ്ട്രീയ കരുനീക്കം. 

ബിജെപി കേന്ദ്രനേതൃത്വമാകട്ടെ, സംസ്ഥാന നേതൃത്വത്തെ പൂർണമായും അവഗണിച്ച് താരതമ്യേന അറിയപ്പെടാത്ത ഈരണ്ണ കഡദി, അശോക് ഗസ്തി എന്നിവരെ സ്ഥാനാർഥികളാക്കി.

ജാർഖണ്ഡ്, മിസോറം

ജാർഖണ്ഡിൽ 2 സീറ്റുകളിലേക്കായി 3 പേർ മത്സരിക്കുന്നു. മുൻ മുഖ്യമന്ത്രിയും ജാർഖണ്ഡ് മുക്തി മോർച്ച പ്രസിഡന്റുമായ ഷിബു സോറനെ കോൺഗ്രസും ആർജെഡിയും പന്തുണയ്ക്കുന്നു. കോൺഗ്രസ് സ്വന്തമായി ഷാസാദാ അൻവറിനെയും നിർത്തിയിട്ടുണ്ട്. ദീപക് പ്രകാശാണ് ബിജെപി സ്ഥാനാർഥി.

മിസോറമിലെ ഒരു സീറ്റിലേക്ക് 3 സ്ഥാനാർഥികൾ. 40 അംഗ നിയമസഭയിൽ 27 അംഗങ്ങളുള്ള മിസോ നാഷനൽ പാർട്ടിയുടെ സ്ഥാനാർഥി കെ.വൻലാ വേനയാണ്. ഡോ.ലാല്ലിയൻച്ചുംഗ (കോൺഗ്രസ്), ബി.ലാൽച്ചൻസോവ (സോറം പീപ്പിൾസ് മൂവ്മെന്റ്) എന്നിവരാണു മറ്റു സ്ഥാനാർഥികൾ.

ഈ വർഷം വീണ്ടും

ഈ വർഷം ഇനിയും രാജ്യസഭാ തിരഞ്ഞെടുപ്പുകൾ വരുന്നുണ്ട്. യുപിയിലെ 10 സീറ്റിലും ഉത്തരാഖണ്ഡിലെ ഒരു സീറ്റിലും ഒഴിവു വരുന്നത് ബിജെപിക്കു ഗുണമാകും. കേരളം, യുപി, ബിഹാർ എന്നിവിടങ്ങളിൽ ഓരോ സീറ്റിൽ ഉപതിരഞ്ഞെടുപ്പും നടക്കാനുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA