ADVERTISEMENT

കിളി പോയാൽ പക്ഷിനിരീക്ഷകർക്കു സങ്കടം വരും. എന്നാൽ, ഹാ കഷ്ടം, സ്വകാര്യ ബസിലെ കിളികൾ വംശനാശ ഭീഷണിയിലായിട്ടും ഒരുതുള്ളി കണ്ണീർ ബസിലോ റോഡിലോ വീഴുന്നില്ല. 

സ്വകാര്യ ബസിൽ കിളിപ്പാട്ട്, സഞ്ചാരസാഹിത്യം, മണിയൊച്ച, തുടങ്ങിയവയുടെയെല്ലാം അധികാരി കിളിയായിരുന്നു. ബസിന്റെ ചവിട്ടുപടിയായിരുന്നു കിളിത്തട്ട്. 

നല്ല ഒന്നാംതരം പുളിമരക്കൊമ്പു നീട്ടിക്കൊടുത്താലും ബസിലെ കിളി ഇരിക്കില്ല. പറന്നു നടക്കുന്നതിലും നിന്നു പറക്കുന്നതിലുമായിരുന്നു കിളിക്കു ഹരം. 

വാതിൽക്കൽ കിളിയുള്ളതുകൊണ്ടാണ് ബസോടുന്നത് എന്ന കാര്യത്തിൽ ഒരു കിളിക്കും സംശയമില്ല. അങ്ങനെയത് യാത്രയുടെ കിളിവാതിലായി. 

യഥാർഥത്തിൽ ബസിന്റെ ഒരു ഗിയർ കിളിയാണെന്നാണ് ഒരു വിദഗ്ധ ഡ്രൈവർ അപ്പുക്കുട്ടനോടു പറഞ്ഞത്. ആളെ കുത്തിനിറച്ചുപോകുമ്പോൾ ബസിനു കോർക്കായി നിൽക്കുന്നതു കിളിയാണെന്ന് നാവിൽ അലങ്കാരത്തിന്റെ ടിക്കറ്റൊട്ടിച്ചിട്ടുള്ള ഒരു കണ്ടക്ടർ സാക്ഷ്യപ്പെടുത്തി. ഈ ഭൂമിയിൽ സ്വന്തമായൊരു ആസ്ഥാന പർവതം കിളിവർഗത്തിനു മാത്രമേയുള്ളൂവെന്നു പറഞ്ഞത് പരിസ്ഥിതിബോധമുള്ള ഒരു സീനിയർ കിളിയാണ്: ആഫ്രിക്കയിലെ കിളിമഞ്ചാരോ!

കിളിപ്പേച്ചും കിളിത്തട്ടുകളിയും ചില നേരങ്ങളിൽ സിലബസിനു പുറത്തേക്കു വഴുതിപ്പോയിട്ടുണ്ടാവാം. ഏതു സിലബസിലാണ് പാഠ്യേതരമില്ലാത്തത്?

ക്ലീനർ എന്ന പദത്തിനു മലയാളച്ചിറകു കിളിർത്തുണ്ടായതാണ് കിളിയെന്ന് ഒരു കിളിയും ഓർക്കുന്നുണ്ടാവില്ല. 

ബസിൽ ആരും നിന്നു യാത്ര ചെയ്യരുതെന്നും അകലം പാലിക്കണമെന്നുമുള്ള കോവിഡ് വ്യവസ്ഥയ്ക്കു മുൻപിൽ കിളിക്കെന്തു സംഭവിക്കും എന്ന ആശങ്ക ബസിനുള്ളിൽ മാത്രമല്ല ഓരോ ബസ് സ്റ്റോപ്പിലും ചുറ്റിത്തിരിയുന്നുണ്ട്.

ബസിനു പുറത്തു മണിയടിക്കാൻ ഒരുപാടുപേരെ കിട്ടുമെങ്കിലും ബസിൽ കിളിയുടെ മണിയാണ് ആധികാരിക മണി.

ചരിത്രാതീതകാലം മുതൽ കിളി കൂടുവയ്ക്കുന്ന ചവിട്ടുപടിയുടെ നിയമസാധുതയെപ്പറ്റിയും അവ്യക്തതയുണ്ട്.

ബസ് ഓടാൻ അനുവദിക്കുന്ന ഒരുത്തരവിലും കിളിയെപ്പറ്റി പറയുന്നതേയില്ല.

കിളിയൊഴിഞ്ഞുപോയാൽ ആ ചില്ലയിൽ 

ആരുണ്ടാവും? 

ശാരികപ്പൈതലേ ചാരുശീലേ

വരികാരോമലേ

കഥാശേഷവും ചൊല്ലു നീ 

എന്നു കിളിയോടു പറഞ്ഞത് മലയാള ഭാഷയുടെ തുഞ്ചത്തെ എഴുത്തച്ഛനാണ്. 

കോവിഡ്കാല കിളിക്കഥയിൽ, ആരോമലേ, കഥാശേഷം ആരു ചൊല്ലും? 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com