ADVERTISEMENT

കോവിഡ് പടരുന്നതു തടയാൻ ഉപയോഗിക്കുന്ന ലോക്ഡൗൺ പോലുള്ള നടപടികളുടെ മറുവശം, അവ സമൂഹജീവിതത്തെയും വ്യക്തികളുടെ സ്വകാര്യതയെയും നേരിട്ടു ബാധിക്കുന്നു എന്നതാണ്. ജനങ്ങൾ വലിയ മുറുമുറുപ്പില്ലാതെ ഈ നിയന്ത്രണങ്ങൾ സ്വീകരിക്കുന്നതിനു കാരണം, രോഗപ്പകർച്ച തന്നെ. എന്നാൽ, പല രാജ്യങ്ങളിലെയും ഭരണകൂടങ്ങൾ കോവിഡ് നിയന്ത്രണ നടപടികളെ, പ്രതിഷേധങ്ങളും ജനകീയ സമരങ്ങളും അടിച്ചമർത്താനുള്ള രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നു. അവിടങ്ങളിലെ ഭരണാധികാരികൾക്ക് ഏറ്റവും പുതുതായി ലഭിച്ച മർദനോപകരണമാണ് വിലക്കുകളും നിരീക്ഷണവും.

ഈ മഹാമാരിക്കാലത്ത് ഏറ്റവും കൂടുതൽ പ്രക്ഷോഭങ്ങൾ നടക്കുന്നതു യുഎസിലാണ്. ജോർജ് ഫ്ലോയ്ഡിനെ പൊലീസ് ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയതിനെത്തുടർന്ന് യുഎസിലെ 50 സംസ്ഥാനങ്ങളിലും പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. പ്രക്ഷോഭകാരികളിൽ പലരും മാസ്ക് ഉപയോഗിക്കുന്നില്ല; ശാരീരിക അകലം പാലിക്കുന്നുമില്ല. കോവിഡ്കാലത്ത് ഇത്തരം റാലികൾ ആത്മഹത്യാപരമാണെന്ന് അറിഞ്ഞുകൊണ്ട് അവിടത്തെ ജനങ്ങൾ അതിനു ഒരുമ്പെടുന്നത് സ്വാതന്ത്ര്യത്തിന് അവർ ആരോഗ്യത്തെക്കാൾ വിലകൽപിക്കുന്നതു കൊണ്ടാണ്.

യുഎസിലെ പൗരന്മാരുടെ ശക്തമായ ജനാധിപത്യബോധത്തിന്റെ ആണിക്കല്ല് അവരുടെ ഭരണഘടനയുടെ ഒന്നാമത്തെ ഭേദഗതിയാണ്. ഫസ്റ്റ് അമൻഡ്മെന്റ്, യുഎസിലെ പൗരന്മാർക്ക് അഭിപ്രായങ്ങൾ പറയാനും പ്രതിഷേധിക്കാനുമുള്ള സ്വാതന്ത്ര്യം നൽകുന്നു. നൂറ്റാണ്ടുകളായി കോടതികൾ ഒന്നാം ഭേദഗതിക്ക് ഒരു പോറൽപോലുമേൽക്കാതെ സൂക്ഷിക്കുന്നുവെന്നു മാത്രമല്ല, അതിന്റെ അർഥവ്യാപ്തി വർധിപ്പിക്കുകയും ചെയ്യുന്നു.

ജനാധിപത്യം ആഴത്തിൽ വേരോടാത്ത രാജ്യങ്ങളിൽ, കോവിഡ് പ്രതിരോധത്തിനു ലോകാരോഗ്യ സംഘടനയും ആരോഗ്യവിദഗ്ധരും ശുപാർശ ചെയ്തിട്ടുള്ള നടപടികളോ, രോഗവ്യാപനവുമായി ബന്ധമില്ലാത്ത മറ്റു കർശന നിയന്ത്രണങ്ങളോ ഉപയോഗിച്ച് ജനകീയസമരങ്ങളെ തകർക്കാൻ ശ്രമിക്കുന്നു. ചിലെയിൽ ദീർഘകാലം നീണ്ടുനിന്ന, വിദ്യാഭ്യാസം, ആരോഗ്യം, പെൻഷൻ എന്നീ മേഖലകളിലെ അസമത്വത്തിനെതിരായ ബഹുജന പ്രക്ഷോഭത്തെ ഭരണാധികാരികൾ നേരിട്ടത് കോവിഡിനെ ‘അത്യാഹിത’മായി പ്രഖ്യാപിച്ചുകൊണ്ടാണ്.

അത്തരമൊരു നീക്കത്തിലൂടെ അവിടത്തെ അധികാരികൾക്കു ചത്വരങ്ങളിലെ ആൾക്കൂട്ടത്തെ പട്ടാളത്തെ ഉപയോഗിച്ചു പിരിച്ചുവിടാനുള്ള അധികാരം ലഭിച്ചു. ജനാധിപത്യം അതിന്റെ ശൈശവാവസ്ഥയിലുള്ള ഹംഗറിയിലാകട്ടെ, പ്രധാനമന്ത്രി പാർലമെന്റിന്റെ അധികാരം കൂടി കൈക്കലാക്കി. ഇനി അദ്ദേഹം പറയുന്നതാണു നിയമം. ബൊളീവിയയിൽ, തൽക്കാലം കയ്യിൽ കിട്ടിയ ഭരണം വിട്ടുകൊടുക്കാതിരിക്കാൻ, അവിടത്തെ ഇടക്കാല ഭരണാധികാരി കോവിഡിന്റെ നാമത്തിൽ തിരഞ്ഞെടുപ്പുതന്നെ മാറ്റിവച്ചു. ഉദാഹരണങ്ങൾ ഇനിയും ഒട്ടേറെ.

ടിയനൻമെൻ ചത്വരത്തിലെ കലാപം ഉരുക്കുമുഷ്ടികൊണ്ടു തകർത്ത ചൈനയ്ക്ക് അതേ തന്ത്രം, ഹോങ്കോങ്ങിൽ നടപ്പാക്കാൻ പ്രയാസമായിരുന്നു. 2019 മാർച്ചിൽ തുടങ്ങിയതാണ് അവിടത്തെ ജനകീയ പ്രക്ഷോഭം. അതിനു കാരണം ഹോങ്കോങ്ങിലെ കുറ്റവാളികളെ ചൈനയിലേക്കു നാടുകടത്താൻ വകുപ്പുള്ള നിയമമായിരുന്നു. പ്രക്ഷോഭത്തിന്റെ തീവ്രത കാരണം ആ നിയമം പിൻവലിക്കേണ്ടിവന്നു. എന്നാൽ, കോവിഡ് പടർന്നു തുടങ്ങിയപ്പോൾ സ്ഥിതി മാറി.

രോഗവ്യാപനം തടയാനുള്ള ചട്ടങ്ങൾ കലാപത്തിനെതിരെ ചൈന പ്രയോഗിച്ചു. അതിൽ പ്രധാനം 4 പേരിൽ കൂടുതൽ കൂട്ടംകൂടുന്നതിന് എതിരായ വകുപ്പായിരുന്നു. ഇപ്പോൾ ഹോങ്കോങ്ങിൽ റാലികൾ കുറഞ്ഞിരിക്കുന്നു. ഇന്ത്യയുടെ പല ഭാഗത്തും കോവിഡ് പടരുന്നതിനു മുൻപ് പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾ ഉണ്ടായിരുന്നു. ആ സമരത്തിന്റെ ഒരു കേന്ദ്രമായിരുന്ന ഷഹീൻബാഗിലെ സമരവേദി, കോവിഡ് നിയന്ത്രണങ്ങൾ വന്നതിനു ശേഷമാണു നീക്കം ചെയ്തത്.

ആ സമരത്തിൽ പങ്കെടുത്ത പലരെയും ഈയിടെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ലോക്ഡൗണിൽ നൽകിയ ഇളവു വ്യവസ്ഥകളിൽ നിയമസേവനങ്ങൾ അത്യാവശ്യ സർവീസായി പ്രഖ്യാപിക്കാത്തതു കാരണം, അറസ്റ്റ് ചെയ്യപ്പെട്ടവർക്ക് അഭിഭാഷകരെ സമീപിക്കാൻ പോലും സാധിക്കുന്നില്ല. രോഗവ്യാപനത്തിന്റെ പേരിൽ മാധ്യമപ്രവർത്തകർക്കും കോടതികളിൽ വിലക്കുണ്ട്.

രോഗം അവസാനിച്ചാൽ വിവിധ രാജ്യങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ പിൻവലിക്കുമോ? ഏകാധിപത്യ പ്രവണതയുള്ള ഭരണകൂടങ്ങൾ രോഗശമനത്തിനു ശേഷവും, കോവിഡിന്റെ രണ്ടാം വരവിന്റെയും മറ്റും പേരിൽ ഈ വിലക്കുകളിൽ കടിച്ചുതൂങ്ങി കിടക്കുമെന്നാണ് ഇസ്രയേലിൽ നിന്നുള്ള പ്രശസ്ത ചരിത്രകാരൻ യുവാൽ നോഹ ഹരാരിയുടെ മുന്നറിയിപ്പ്.

 പരീക്ഷയുടെ പവിത്രത, നീതി 

പരിഷ്കൃതലോകത്തെ നിയമവ്യവസ്ഥയുടെ കാതൽ സ്വാഭാവിക നീതിയാണ്. അതായത് രണ്ടുവശവും ന്യായമായി കേട്ട് ഒരു തീരുമാനത്തിലെത്തുക. ചേർപ്പുങ്കൽ ബിവിഎം ഹോളിക്രോസ് കോളജിൽ പരീക്ഷയെഴുതിയ വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ ബന്ധപ്പെട്ടവർക്കു ജാഗ്രതക്കുറവുണ്ടായി എന്നാണ് സർവകലാശാല അന്വേഷണസമിതിയുടെ റിപ്പോർട്ട്.

സർവകലാശാലാ നിയമം അനുസരിച്ച് ഇത്തരം സന്ദർഭങ്ങളിൽ കോപ്പിയടിച്ച ആളെ ഹാളിൽനിന്നു പുറത്താക്കണമെന്നാണ്. അതിനു ശേഷം കുറ്റമാരോപിക്കപ്പെട്ട ആളുടെ ഭാഗം കേൾക്കണം. എന്നിട്ടാണ് കോപ്പിയടിക്കുകയായിരുന്നോ എന്ന കാര്യത്തിൽ തീരുമാനത്തിലെത്തുക. അതായത്, രണ്ടു വശവും കേൾക്കുക എന്ന സ്വാഭാവിക നീതി ഈ ചട്ടങ്ങൾ ഉറപ്പുവരുത്തുന്നുണ്ട്. ചേർപ്പുങ്കൽ സംഭവത്തിൽ ഇത്തരമൊരു നടപടി കൈക്കൊണ്ടിട്ടില്ലെന്നാണു വ്യക്തമാകുന്നത്.

കോപ്പിയടി ജന്മാവകാശമാണെന്നു കരുതുന്ന ബിഹാറിലെയും യുപിയിലെയും പരീക്ഷാ ഹാളുകൾക്കു ചുറ്റും തുണ്ടുകടലാസുകൾ മുതൽ മൊബൈൽ ഫോണുകൾ വരെ പിടിച്ച് കൂട്ടംകൂടി നിൽക്കുന്ന ബന്ധുക്കളുടെ ചിത്രങ്ങൾ നാം മാധ്യമങ്ങളിൽ കണ്ടിട്ടുണ്ട്. അതുകൊണ്ടാണ് അവിടത്തെ വിദ്യാഭ്യാസമേഖല കുത്തഴിഞ്ഞു കിടക്കുന്നതും. പരീക്ഷയുടെ പവിത്രത നിലനിർത്താൻ കോപ്പിയടി അവസാനിപ്പിച്ചേ പറ്റൂ എന്നതു തർക്കമില്ലാത്ത കാര്യമാണ്.

പരിഷ്കൃത രാജ്യങ്ങളിലെ സർവകലാശാലകളിലും കോപ്പിയടി അന്യമല്ല. അത്തരം സന്ദർഭങ്ങളിൽ കുറ്റാരോപിതനായ കുട്ടിയെ ഫാക്കൽറ്റി കമ്മിറ്റിയുടെ മുൻപിൽ ഹാജരാക്കി, കുട്ടിയുടെ ഭാഗം കൂടി കേട്ട് തീരുമാനത്തിലെത്തുന്നു. കേരളത്തിലെ സർവകലാശാലകളും ഈ വിഷയത്തിൽ ആധുനികമായ നടപടിക്രമം തയാറാക്കുകയും അതെക്കുറിച്ച് അധ്യാപകരെയും വിദ്യാർഥികളെയും ബോധവൽക്കരിക്കുകയും ചെയ്യണമെന്നാണ് ഇത്തരം ദുരന്തസംഭവങ്ങൾ അടിവരയിട്ടു പറയുന്നത്.

സ്കോർപ്പിയൺ കിക്ക്: ബവ്ക്യൂ ആപ് വന്നതിനു ശേഷം ഷോപ്പുകളിൽ ആളുകൾ കുറഞ്ഞെന്ന് ബ‌വ്കോയുടെ പരാതി.

ശാരീരിക അകലം പാലിക്കാനാണ് ആപ്പുണ്ടാക്കിയത്; ആളുകൾ കുറഞ്ഞാൽ അതു ലക്ഷ്യം കണ്ടുവെന്നല്ലേ അർഥം?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com