ADVERTISEMENT

അതിർത്തിയിലെ ഇന്ത്യൻ പ്രദേശങ്ങൾ സ്വന്തം ഭൂപടത്തിൽ രേഖപ്പെടുത്താനുള്ള നേപ്പാളിന്റെ നീക്കം ഇരു രാജ്യങ്ങൾക്കുമിടയിലെ സുഹൃദ്ബന്ധത്തിൽ വിള്ളലുണ്ടാക്കുമെന്ന ആശങ്ക കനക്കുകയാണ്. അതിർത്തിയിലെ തർക്കവിഷയങ്ങൾക്കു ചർച്ചകളിലൂടെ പരിഹാരം കാണാതെ, ഏകപക്ഷീയമായി ഭൂപടം പരിഷ്കരിക്കാനുള്ള നേപ്പാളിന്റെ നീക്കം പ്രകോപനപരമാണ്. അതുകൊണ്ടുതന്നെ, ഇന്ത്യയുടെ ഇനിയുള്ള നടപടികൾക്ക് ഏറെ പ്രാധാന്യമുണ്ട്.

ഉത്തരാഖണ്ഡിലുള്ള കാലാപാനി, ലിപുലേഖ് ചുരം, ലിംപിയാധുര എന്നിവിടങ്ങൾ തങ്ങളുടെ ഭാഗമാക്കി ഭൂപടം പരിഷ്കരിക്കാനുള്ള ഭരണഘടനാ ഭേദഗതി നേപ്പാൾ പാർലമെന്റിന്റെ അധോസഭയായ ജനപ്രതിനിധിസഭ ഏകകണ്ഠമായാണു പാസാക്കിയത്. ഭരണപക്ഷം അവതരിപ്പിച്ച ഭേദഗതി പ്രമേയത്തെ പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടായി പിന്തുണയ്ക്കുകയായിരുന്നു. സഭയിൽ ഹാജരായിരുന്ന 258 പേരും പ്രമേയത്തെ അനുകൂലിച്ചു വോട്ട് ചെയ്തു. ഉപരിസഭയിലും പാസാക്കി, ഭേദഗതി യാഥാർഥ്യമാക്കാനായി അതിവേഗം മുന്നോട്ടു നീങ്ങുകയാണ് നേപ്പാൾ ഭരണകൂടം. 

മൂന്നു പ്രദേശങ്ങളും സ്വന്തം രാജ്യത്തിന്റെ ഭാഗമാക്കാൻ നേപ്പാൾ സർക്കാർ തുടർനടപടി സ്വീകരിക്കണമെന്നു ഭേദഗതി ചർച്ചയ്ക്കിടെ ഏതാനും അംഗങ്ങൾ പറഞ്ഞതും ഗൗരവമുള്ള വിഷയമാണ്. തങ്ങളുടെ പ്രദേശങ്ങൾ ഇന്ത്യ കയ്യടക്കിവച്ചിരിക്കുകയാണെന്ന നേപ്പാൾ പ്രധാനമന്ത്രി കെ.പി.ശർമ ഒലിയുടെ പരാമർശംകൂടി ചേർത്തുവായിക്കുമ്പോൾ, നേപ്പാൾ എന്ന അയൽരാജ്യം കരുതിക്കൂട്ടിയുള്ള നീക്കങ്ങളാണു നടത്തുന്നതെന്നു സംശയിക്കണം. കൃത്രിമമായി ഭൂവിസ്തൃതി വർധിപ്പിച്ച നേപ്പാളിന്റെ നടപടി ചരിത്രപരമായ വസ്തുതകളുടെ അടിസ്ഥാനത്തിലുള്ളതല്ലെന്നും അതിർത്തിത്തർക്കങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന ഉഭയകക്ഷി ധാരണയുടെ ലംഘനമാണ് ആ രാജ്യം നടത്തിയതെന്നും ഇന്ത്യ വ്യക്തമാക്കിക്കഴിഞ്ഞു.

അതിർത്തിയെച്ചൊല്ലിയുള്ള തർക്കങ്ങൾ നിലനിൽക്കുമ്പോഴും ഊഷ്മള ബന്ധം കാത്തുസൂക്ഷിച്ച രാജ്യങ്ങളാണ് ഇന്ത്യയും നേപ്പാളും. അത് അങ്ങനെതന്നെ തുടരുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്. അതിർത്തിയുടെ രണ്ടു ഭാഗത്തായി പാക്കിസ്ഥാനും ചൈനയും നിരന്തരം പ്രകോപനം സൃഷ്ടിക്കുന്ന വേളയിൽ നേപ്പാളിന്റെ അതിരിലും സംഘർഷാന്തരീക്ഷം ഉടലെടുക്കുന്നത് ഇന്ത്യക്കു വെല്ലുവിളിയാകും. ഏതു സാഹചര്യവും നേരിടാൻ ഇന്ത്യൻ സേനയ്ക്കു കെൽപുണ്ടെന്ന കാര്യത്തിൽ തർക്കമില്ല.

നേപ്പാളുമായുള്ള സൗഹൃദം നമുക്കു പ്രധാനമാണ്; നേപ്പാളുമായി ചൈന അടുക്കുന്നുവെന്ന സൂചനകൾ ശക്തമാകുന്ന വേളയിൽ വിശേഷിച്ചും. നേപ്പാളിലും ഒരു കമ്യൂണിസ്റ്റ് സർക്കാരാണ് അധികാരത്തിലിരിക്കുന്നത് എന്നതുകൊണ്ടു തന്നെ ചൈനയ്ക്ക് അവരോട് പ്രത്യേക താൽപര്യമുണ്ടാകും. അതിർത്തിയിൽ നിരന്തര കടന്നുകയറ്റ നീക്കങ്ങളുമായി ചൈനയും അതിനെ പ്രതിരോധിക്കാനുള്ള സേനാ നടപടികളുമായി ഇന്ത്യയും നിലയുറപ്പിക്കുമ്പോൾ നേപ്പാൾ ആരിലേക്കു ചായുന്നുവെന്നതു പ്രധാനമാണ്. മുഖം തിരിക്കുന്ന അയൽവാസിയെയല്ല, ആശ്രയിക്കാവുന്ന വിശ്വസ്ത സുഹൃത്തിനെയാണു നമുക്കാവശ്യം.

നേപ്പാളുമായുള്ള തർക്കവിഷയങ്ങൾ പരിഹരിക്കുന്നതിൽ നയതന്ത്രത്തിനു വലിയ പങ്കുവഹിക്കാനാവും. രാഷ്ട്രീയ, നയതന്ത്ര തലങ്ങളിൽ തുറന്ന മനസ്സോടെ സംസാരിക്കാൻ ഇരുരാജ്യങ്ങൾക്കും സാധിക്കണം. പരസ്പരവിശ്വാസം വീണ്ടെടുക്കുക എന്നതാണു പ്രശ്നപരിഹാരത്തിലേക്കുള്ള ആദ്യ ചുവട്. നേപ്പാളുമായി ഇന്ത്യക്ക് ഉറച്ച ബന്ധമാണുള്ളതെന്നും അത് അങ്ങനെതന്നെ തുടരുമെന്നും കരസേനാ മേധാവി ജനറൽ എം.എം.നരവനെ ശനിയാഴ്ച പറഞ്ഞതു വളരെ പ്രസക്തമാണ്.

പ്രശ്നങ്ങൾക്കു രമ്യമായ പരിഹാരമുണ്ടാക്കുന്നതിൽ ഇന്ത്യയുടെ താൽപര്യങ്ങൾ മുൻനിർത്തിയുള്ള നയപരമായ ഇടപെടലുകളാണു നാം നടത്തേണ്ടത്. കരുത്തുള്ള രാജ്യമെന്ന നിലയിൽ കാര്യങ്ങൾ അടിച്ചേൽപിക്കുക എന്ന വല്യേട്ടൻ മനോഭാവമല്ല, അതിർത്തിമേഖലകൾ സംരക്ഷിക്കാൻ സേനാതലത്തിൽ ഉറച്ച നടപടികൾ സ്വീകരിക്കുകയും നേപ്പാൾ എന്ന സുഹൃത്ത് കൈവിട്ടു പോകാതിരിക്കാനുള്ള കരുതൽ ഉറപ്പാക്കുകയുമാണു വേണ്ടത്. ഭൂപട വിഷയം അതിർത്തിസംഘർഷമായി വളരാൻ അനുവദിച്ചുകൂടാ. ഏകപക്ഷീയമായി ഭൂപടത്തിൽ മാറ്റംവരുത്താനുള്ള നടപടി നേപ്പാൾ എത്രയുംവേഗം തിരുത്തുമെന്നു പ്രതീക്ഷിക്കാം. ഇന്ത്യയിലും നേപ്പാളിലും കോവിഡ് പിടിവിടാതെ തുടരുകയാണ്. അതിർത്തിത്തർക്കങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാം; പോരാട്ടം കോവിഡിനെതിരെയാകാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com