ADVERTISEMENT

രാജ്യാന്തര തൊഴിൽ – വിപണി ബന്ധങ്ങളുള്ള കേരളത്തിന് ആരോഗ്യസുരക്ഷ, സമ്പദ് – തൊഴിൽ വ്യവസ്ഥ എന്നിവയിൽ കോവിഡ് ഉണ്ടാക്കുന്ന ആഘാതത്തിൽനിന്നു പൂർണമായി ഒഴിഞ്ഞുനിൽക്കാൻ സാധിക്കില്ല. വിദഗ്ധർ നിരത്തുന്ന കണക്കുകൾ നോക്കിയാൽ, കുറഞ്ഞത് 25,000 – 40,000 വ്യക്തികളെ ബാധിച്ച് ഒരു ശതമാനം വരെ മരണനിരക്കു രേഖപ്പെടുത്തിയേക്കാവുന്ന രോഗവ്യാപനമാണ് സെപ്റ്റംബർ മാസത്തിനകം ഉണ്ടാകുക. എന്നാൽ, സർക്കാരിന്റെയും ജനങ്ങളുടെയും കൂട്ടായ പരിശ്രമം അപകടസംഖ്യയെ ഏറ്റവും കുറച്ചുനിർത്തും എന്നു പ്രതീക്ഷിക്കാം.

കോവിഡ് ഉണ്ടാക്കുന്ന സാമ്പത്തികനാശം ഒരു സാമ്പത്തിക വർഷത്തിലേറെ നീളും. സംഘം ചേർന്ന് പ്രവൃത്തിക്കേണ്ട മേഖലകളെല്ലാം സാവധാനമേ സാധാരണനില പ്രാപിക്കൂ. പ്രകടനം, ജാഥ, സമരം മുതൽ മന്ത്രിസഭയും പാർലമെന്റും ക്ലാസ് മുറിയുമെല്ലാം ഇനി കരുതലോടെ വേണം. പഠനം നല്ലൊരു പങ്ക് ഓൺലൈനിൽ. സർക്കാരിലടക്കം പ്രവൃത്തിദിനം നാലോ അഞ്ചോ ആക്കുന്നതു നന്ന്. ഈ ‘ഗ്യാപ്’ ഗതാഗതമടക്കമുള്ള പൊതുസംവിധാനങ്ങളിൽ വലിയ പൊളിച്ചെഴുത്തിനും കേരളത്തിന്റെ തനതു നൈസർഗിക സമ്പദ്‌വ്യവസ്ഥയെ (Unique) ശക്തിപ്പെടുത്തി തൊഴിൽ വളർച്ച സൃഷ്ടിക്കാനുമുള്ള അവസരമാകണം. അന്യനാടുകളിലെ നീലക്കോളർ ജോലികളുടെ അസ്ഥിരതയും അനിശ്ചിതത്വവും അകറ്റുന്ന ഒരുപിടി വരുമാനമാർഗങ്ങൾ സംസ്ഥാനത്തു സൃഷ്ടിച്ചുകൊണ്ടേ ഇതിനു കഴിയൂ.

1. പാട്ടക്കൃഷി, നിയമനിർമാണത്തിലൂടെ സാർവത്രികമാക്കുക. ആഗോള, പ്രാദേശിക ഭക്ഷ്യോൽപന്ന വിപണിയിൽ വിറ്റുവരവു നേടുന്ന ഉൽപന്നങ്ങൾ ഭൂമി പാട്ടത്തിനെടുത്തു കൃഷി ചെയ്യാനനുവദിക്കുക. പ്ലാന്റേഷനുകളിലും 10% ഭൂമിയിൽ ഭക്ഷ്യവിളകൾ അനുവദിക്കുക. ഇനിയുള്ള 3–5 വർഷം വരെ തദ്ദേശ സ്ഥാപനങ്ങളടക്കം, പ്ലാൻ ഫണ്ടിന്റെ 60% ഭക്ഷ്യ, കാർഷികരംഗത്തു ചെലവിടുക. കോഴിവളർത്തൽ, പാലുൽപാദനം എന്നിവയിൽ ഊന്നൽ നൽകുക. സർക്കാർ സഹായത്തോടെ കാർഷിക ഉൽപാദന കമ്പനികൾ വിപണിയൊരുക്കണം.

2. കേരളത്തിന്റെ തനതു ശക്തിയായ ആയുർവേദം, രോഗ പ്രതിരോധശേഷി വർധിപ്പിക്കാനുള്ള അറിവുകളാൽ സമൃദ്ധമാണ്. എന്തുകൊണ്ടോ, പ്രതിരോധശേഷി വർധിപ്പിക്കാനുള്ള ആയുർവേദത്തിന്റെ പാഠങ്ങൾ കോവിഡ് പ്രതിരോധത്തിൽ ഇതുവരെ സജീവമായി കേട്ടില്ല.

പ്രതിരോധശേഷി വർധിപ്പിക്കുന്ന ആയുർവേദ മരുന്നുകളുടെയും ചികിത്സാവിധികളുടെയും പ്രയോജനത്തെക്കുറിച്ച് ആരോഗ്യ സർവകലാശാലയും മറ്റും പ്രാഥമികമായി വിലയിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പാശ്ചാത്യ ഗവേഷകരുടെ താൽക്കാലിക ഫലങ്ങൾ പകർത്തുന്നതിലുള്ള ഉത്സാഹം, തദ്ദേശീയമായ ആയുർവേദത്തിന്റെ കാര്യത്തിലും വേണം. കേന്ദ്രം ‘ആയുഷ്’ മുഖേന സ്വീകരിക്കേണ്ട പ്രതിരോധ ചികിത്സകളെക്കുറിച്ചു മാർഗരേഖ നൽകിയിരുന്നു. കേരളം നിയോഗിച്ച വിദഗ്ധസമിതിയും ഇതേപ്പറ്റി റിപ്പോർട്ട് നൽകി. ഇതൊക്കെ ആയുഷ് വകുപ്പും സ്ഥാപനങ്ങളും പ്രാവർത്തികമാക്കണം.

10,000 കോടിയുടെ വിറ്റുവരവും 50,000 തൊഴിലവസരങ്ങളും സംസ്ഥാനത്തെ ആയുഷ് മേഖലയിൽ സൃഷ്ടിക്കാൻ സാധിക്കും. മരുന്നുകൾ കാര്യമായി ഉൽപാദിപ്പിക്കാത്ത സംസ്ഥാനത്ത് രോഗപരത (Morbidity) കാരണം വലിയ തുകയാണ് മലയാളികൾ രാജ്യാന്തര മരുന്നുകമ്പനികൾക്കു നൽകിപ്പോരുന്നത്. ആയുർവേദ മരുന്നുൽപാദനം മുതൽ ചികിത്സാ ഉപകരണ നിർമിതി വരെ ചെറുകിട വ്യവസായ സാധ്യതയുള്ളതാണ്.

3. സംസ്ഥാനത്തെ മദ്യശാലകളിൽനിന്നു 10 ലക്ഷം പേരാണു പ്രതിദിനം മദ്യം വാങ്ങുന്നത്. വൻകിട കമ്പനികൾ രാസപ്രക്രിയയിലൂടെ നിർമിച്ച് നിറവും മണവും ചേർക്കുന്ന വ്യാവസായിക മദ്യത്തെക്കാൾ നൈസർഗികതയുള്ള നാടൻ മദ്യം ഉൽപാദിപ്പിച്ചു വിതരണം ചെയ്യാവുന്നതാണ്. നമ്മുടെ നാടൻ കള്ളിന്റെ വ്യാവസായിക വിപണി ഉയർത്തിയാൽത്തന്നെ നല്ല ലാഭമുണ്ടാക്കാം. ‘നീര’ വലിയ വിജയമായില്ല എന്നതു മറക്കുന്നില്ല. എന്നാൽ, എക്സൈസ് ചട്ടം ലഘൂകരിച്ച് വീര്യം കുറഞ്ഞ ഒരു നാടൻമദ്യം കാർഷിക ഉപോൽപന്നമാക്കുകയും ചക്ക, മാങ്ങ, കശുമാങ്ങ തുടങ്ങിയവയിൽനിന്നുള്ള വൈൻ ഉൽപാദനത്തിനുള്ള മൈക്രോ ബ്രൂവറികളും ഡിസ്റ്റിലറികളും വ്യാപിപ്പിക്കുകയും ചെയ്താൽ, കരൾ നക്കിത്തുടയ്ക്കുന്ന കടുത്ത വ്യാവസായിക മദ്യത്തിന്റെ പ്രചാരം കുറയുകയും കേരളത്തിന് നേർത്തൊരു തനതു ലഹരി ബ്രാൻഡുണ്ടാവുകയും ചെയ്യും. വലിയ അപകടത്തെ ചെറിയ അപകടം കൊണ്ടു തടുക്കുക എന്ന നിലയിൽ ആലോചിക്കാം.

അടിസ്ഥാന ജനവിഭാഗങ്ങൾ കൈകാര്യം ചെയ്യുന്ന തൊഴിൽമേഖലകളിൽ പുതിയ വരുമാനം സൃഷ്ടിച്ചുകൊണ്ടേ കേരളത്തിന് ഇടക്കാല വളർച്ചാമാന്ദ്യം മറികടക്കാനാവൂ.

 

(ഐഎഎസ് ഉദ്യോഗസ്ഥനും വെറ്ററിനറി

സർവകലാശാല മുൻ വിസിയുമാണ് ലേഖകൻ. അഭിപ്രായം വ്യക്തിപരം)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com