ADVERTISEMENT

ഈ കോവിഡ് കാലത്ത് എത്രയും വേഗം കേന്ദ്ര സർക്കാർ നിയമിക്കേണ്ട ഒരു കമ്മിഷനെക്കുറിച്ചാണ് ഈ കുറിപ്പ്. 

ബിഹാറിലും ബംഗാളിലും  നിയമസഭാ തിരഞ്ഞെടുപ്പ് കോവിഡ് ഭീതി മാറുന്നതിനു മുൻപേ നടക്കാനാണു സാധ്യത. രാജസ്ഥാനിലും പരിസരപ്രദേശങ്ങളിലും രാജ്യസഭാ തിരഞ്ഞെടുപ്പു നീക്കവും സജീവം. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ നമുക്കു തിരഞ്ഞെടുപ്പുകൾ നടത്തിയേ പറ്റൂ; തിരഞ്ഞെടുത്ത നേതാക്കൾ പലരും അടുത്ത അഞ്ചു വർഷത്തേക്കു ജനങ്ങളിൽനിന്നു സാമൂഹിക അകലം പാലിക്കുന്നവരായാൽ കൂടി.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനും അതിനുശേഷമുള്ള മന്ത്രിസഭാ രൂപീകരണത്തിനുമൊക്കെയായി പ്രധാന രാഷ്ട്രീയ പാർട്ടികളുടെ കേന്ദ്രനേതാക്കൾ രാപകലില്ലാതെ അധ്വാനിക്കുന്ന കാഴ്ചയാണ് അടുത്ത കാലത്തു കാണുന്നത്. മിക്ക സംസ്ഥാനങ്ങളിലും തൂക്ക് നിയമസഭകൾ ഉണ്ടാകുന്നു. പിന്നീട് നടക്കുന്ന പുകില് നാമെല്ലാം കാണുന്നതാണ്. 

കോവിഡ് വാക്സിൻ ഒരു വർഷത്തിനകം ലഭ്യമായേക്കാമെന്നാണ് ഇപ്പോൾ കേൾക്കുന്നത്.  എന്നാൽ ഭാരതത്തിലെ ജനം പൊന്നുപോലെ സൂക്ഷിക്കുന്ന ഈ ജനാധിപത്യമോ? കോവിഡിനൊപ്പവും അതിനു ശേഷവും അതിനെ എങ്ങനെ തൂങ്ങാൻ വിടും?

ഓരോ തിരഞ്ഞെടുപ്പിനുശേഷവും കേന്ദ്രനേതാക്കൾ അവരുടെ വിലയേറിയ സമയം സംസ്ഥാനത്ത് സർക്കാർ ഉണ്ടാക്കാൻ വേണ്ടി മാറ്റിവയ്ക്കേണ്ടി വരുന്ന സാഹചര്യം കേന്ദ്രഭരണത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇത് ഇങ്ങനെ തുടർന്നു പോകാനാവില്ല. 

ഈ സാഹചര്യത്തിൽ ഇലക്‌ഷൻ കമ്മിഷൻ പോലെ ‘ഡിഫക്‌ഷൻ കമ്മിഷൻ’ രൂപീകരിക്കുകയാണു പരിഹാരം. ഇലക്‌ഷൻ കമ്മിഷൻ തുടങ്ങിവയ്ക്കുന്നതു പൂർത്തിയാക്കാൻ ഡിഫക്‌ഷൻ‌ കമ്മിഷൻ എന്ന കൂറുമാറ്റ കമ്മിഷൻ‌. 

തിരഞ്ഞെടുപ്പു കഴിഞ്ഞാൽ ഓരോ സംസ്ഥാനത്തെയും മന്ത്രിസഭാ രൂപീകരണം ഈ പുതിയ കമ്മിഷന്റെ പൂർണ മേൽനോട്ടത്തിലായിരിക്കണം. തിരഞ്ഞടുക്കപ്പെട്ട പാർട്ടിയിൽ നിന്നു മറ്റൊരു പാർട്ടിയിലേക്കു കൂടുമാറാനുള്ള സമാജികരുടെ അവകാശം പൂർണമായി സംരക്ഷിക്കുകയായിരിക്കും ഈ കമ്മിഷന്റെ പ്രധാന ചുമതല. നിലവിലുള്ള കൂറുമാറ്റ നിരോധന നിയമത്തിന്റെ നൂലാമാലകളിൽ കുടുങ്ങാതെ സാമാജികരെ സംരക്ഷിച്ചു നിർത്തുന്ന ഉത്തരവാദിത്തവും കമ്മിഷനുണ്ടാവും. 

കൂറുമാറുന്നവർക്കു വിമാനം ചാർട്ടർ ചെയ്യാനും റിസോർട്ടുകൾ ബുക്കു ചെയ്യാനും കമ്മിഷനു മാത്രമായിരിക്കും അധികാരം. ഓരോ സാമാജികനും തിരഞ്ഞെടുപ്പിനുശേഷം എത്ര തവണ മറ്റൊരു പാർട്ടിയിൽ ചേരാമെന്നും അങ്ങനെയുള്ള ഓരോ അവസരത്തിലും എത്ര തുക പാരിതോഷികം വാങ്ങാമെന്നും കമ്മിഷൻ നിശ്ചയിക്കും.

കൊടുത്ത പണം, പാരിതോഷികമോ കൈക്കൂലിയോ എന്ന കമ്മിഷന്റെ തീർപ്പിൽ അപ്പീൽ സുപ്രിംകോടതിയിൽ മാത്രം. കൈക്കൂലി വാങ്ങുന്നവരെ കമ്മിഷൻ ഒരു കാരണവശാലും വച്ചുപൊറുപ്പിക്കില്ല. മന്ത്രിസ്ഥാനത്തിനു പകരം വയ്ക്കാവുന്ന  മറ്റു സ്ഥാനങ്ങൾ ആരുടെയൊക്കെ ബന്ധുക്കൾക്കും മക്കൾക്കും നൽകണമെന്ന സുപ്രധാന തീരുമാനം കൈക്കൊള്ളുന്നതും കമ്മിഷനായിരിക്കും.

ഡിഫക്‌ഷൻ കമ്മിഷന്റെ മറ്റു ചില അധികാരങ്ങൾ: റിസോർട്ടുകളിൽ കയറുംമുൻപ് ‘ഡിഫക്ടഡ്’ സാമാജികരുടെ ചർമശേഷി സ്കിൻ സ്കാനർ  ഉപയോഗിച്ചു പരിശോധിക്കും. സ്കിൻ സ്കാനർ നിർമാണത്തിൽ ഗോവയിലും കർണാടകത്തിലും ലഭ്യമായ നൈപുണ്യമാവും പ്രയോജനപ്പെടുത്തുക. മഹാരാഷ്ട്രയ്ക്ക് ഇക്കാര്യത്തിലുള്ള വൈദഗ്ധ്യം സംശയാസ്പദമായതുകൊണ്ടു തൽക്കാലം പ്രയോജനപ്പെടുത്തില്ല. എല്ലാവർക്കും വായ് മൂടാൻ മാസ്ക് നിർബന്ധമായിരിക്കും. സാമാജികർക്കിടയിൽ ഓരോ മുറിയുടെ അകലം എപ്പോഴും ഉറപ്പാക്കും.

പാരിതോഷികം കീശയിലാക്കിയാലുടൻ സോപ്പിട്ടു മൂന്നു മിനിറ്റ്  കൈ കഴുകിച്ചാണു സാമാജികരെ മുറികളിലേക്ക് അയയ്ക്കുക. സത്യപ്രതിജ്ഞയ്ക്കു വേണ്ടി വരുന്ന സമയം എന്ന പരിഗണനയിലാണു മൂന്നു മിനിറ്റ് നിർബന്ധമാക്കുന്നത്. മാതൃസംഘടനയിൽ നിന്നു വൈറസ് ബാധയുണ്ടായി മനം മാറാതിരിക്കാൻ സോപ്പിടൽ നിർബന്ധം.

രാജ്ഭവനിലെ ശക്തിപ്രകടനം, കൊച്ചു വെളുപ്പിനോ നട്ടപാതിരായ്ക്കോ വേണ്ടിവരുന്ന സത്യപ്രതിജ്‍ഞ, അനുബന്ധ ചർച്ചകൾ, തുടർ കൂറുമാറ്റങ്ങൾ എന്നിവയ്ക്കെല്ലാം സാമാജികർക്കു സൗകര്യം ചെയ്തുകൊടുക്കുക ഡിഫക്‌ഷൻ കമ്മിഷനായിരിക്കും. 

കമ്മിഷന്റെ ഘടന ഇങ്ങനെ: ചീഫ് ഡിഫക്​ഷൻ കമ്മിഷനർ–1, ഡിഫക്‌ഷൻ കമ്മിഷനർമാർ–2, ഫ്യൂച്ചർ ഡിഫക്‌ഷൻ കമ്മിഷനർ–1, പെർമനന്റ് ഡിഫക്‌ഷൻ കമ്മിഷനർ–1.

മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരോ ന്യായാധിപന്മാരോ ആയിരിക്കണം  കമ്മിഷൻ അംഗങ്ങൾ. ഭരിക്കുന്ന കക്ഷി മനസ്സിൽ കാണുമ്പോൾ ഇവർ മാനത്തു കാണണം. ‘ജനങ്ങളെ എങ്ങനെയും സേവിക്കുക’ എന്ന ആസ്ഥാനമുദ്രാവാക്യവും കമ്മിഷനു സ്വീകരിക്കാം. 

(കേന്ദ്ര ധനകാര്യ മന്ത്രാലയത്തിൽ ഡയറക്ടറായിരുന്നു ലേഖകൻ) 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com