sections
MORE

കർഷകരുടെ രക്ഷയ്ക്ക്

SHARE

രോഗകാല പ്രശ്നങ്ങളും കടക്കെണിയും കൃഷിനാശവും കൊണ്ടു പൊറുതിമുട്ടിയ മലയോര കർഷകർ കാട്ടുമൃഗങ്ങളുടെ ശല്യം കൂടിയായപ്പോൾ കൂടുതൽ തളർന്നുകഴിഞ്ഞു. കാട്ടാനയും കാട്ടുപന്നിയും കടുവയും പുലിയും കുരങ്ങും കാട്ടുപോത്തുമൊക്കെ ചേർന്നു കർഷകജീവിതം ദുസ്സഹമാക്കുകയാണ്. ഇതുമൂലം, വിളകൾക്കെല്ലാം നാശനഷ്ടമുണ്ടാകുന്നു. വന്യജീവി ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർ കുറച്ചൊന്നുമല്ല. മൃഗങ്ങളുടെ കാടിറക്കത്തെ എങ്ങനെ നേരിടണമെന്ന ആശയക്കുഴപ്പത്തിലാണു കാർഷികമേഖല. ഈ വിഷമസാഹചര്യത്തിൽ, എന്താകണം നമ്മുടെ പരിഹാര സമീപനം എന്നതിനെക്കുറിച്ച് മലയാള മനോരമ സംഘടിപ്പിച്ച വെബിനാർ പ്രസക്തമായ നിർദേശങ്ങൾകൊണ്ടു ശ്രദ്ധേയമായി.

ചോര നീരാക്കി മണ്ണിൽ വിളയിക്കുന്നതെല്ലാം മൂപ്പെത്തും മുൻപേ നഷ്ടമാകുന്നതിന്റെ ആശങ്കയിലാണ് കർഷകർ. ഇതോടൊപ്പം, ജീവൻതന്നെ ഭീഷണിയിലാകുമ്പോൾ പ്രശ്നം കൂടുതൽ സങ്കീർണമാകുന്നു. കഴിഞ്ഞ 10 വർഷത്തിനിടെ വയനാട്ടിൽമാത്രം വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടതു 46 പേരാണെന്നത് കാർഷികകേരളം നേരിടുന്ന ഈ ഭീതാവസ്ഥയുടെ ഉദാഹരണമായി എടുക്കാം. ഇതിൽ 38 പേർ കാട്ടാനയുടെ ആക്രമണത്തിലും അഞ്ചു പേർ കടുവയുടെ ആക്രമണത്തിലുമാണു കൊല്ലപ്പെട്ടത്. നമ്മുടെ മലയോര മേഖലകളെല്ലാം സമാനമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നതു കണ്ടിരിക്കാനുള്ളതല്ല.

മനുഷ്യരുടെയും മൃഗങ്ങളുടെയും പക്ഷത്തുനിന്നുള്ള കാഴ്ചപ്പാടുകൾ പരിഗണിച്ചാവണം ഈ വിഷയത്തിൽ മുന്നോട്ടു പോകേണ്ടതെന്നാണ് ചർച്ചയിൽ പങ്കെടുത്ത വിദഗ്ധർ അഭിപ്രായപ്പെട്ടത്. മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള വിഷയം വൈകാരികമായി കൈകാര്യം ചെയ്യേണ്ട ഒന്നല്ല. ഇരുകൂട്ടരും ഒരുമിച്ചു ജീവിക്കാനുള്ള സാഹചര്യമാണ് ഉണ്ടാകേണ്ടത്. അതുകൊണ്ടുതന്നെ, മനുഷ്യ–വന്യജീവി സംഘർഷം കുറയ്ക്കാൻ ഓരോ മേഖലയുടെയും പ്രത്യേകതകളും സാമൂഹിക ചുറ്റുപാടുകളും പരിഗണിച്ചു പ്രാദേശികമായി പദ്ധതികൾ തയാറാക്കേണ്ടതുണ്ട്. 1972 ൽ നിലവിൽ വന്ന വന്യജീവി സംരക്ഷണ നിയമത്തെ അടിസ്ഥാനമാക്കിയാണ് 2020ൽ ഈ കാര്യങ്ങൾ ചർച്ച ചെയ്യുന്നതെന്നുകൂടി വെബിനാർ ഓർമിക്കുകയുണ്ടായി.

മൃഗങ്ങളുമായി സംഘർഷമല്ല, സഹവർത്തിത്വമാണ് വേണ്ടതെന്ന ആശയത്തിനു മുറിവേൽക്കാതെ കർഷകരുടെ ആശങ്കകൾക്കു പരിഹാരം തേടണമെന്നതിൽ ചർച്ച പൊതുധാരണയിലെത്തുകയും ചെയ്തു. മൃഗങ്ങളുടെ കാടിറക്കം എന്ന പ്രശ്നത്തെ നേരിടേണ്ടത് സുശക്തമായ ജനജാഗ്രതാ സമിതികൾ വഴി ആകണമെന്ന മുഖ്യനിർദേശമാണ് വെബിനാർ ഉയർത്തിയത്. നിലവിലുള്ള 204 ജനജാഗ്രതാ സമിതികളെ സാമ്പത്തികമായും അധികാരപരമായും ശാക്തീകരിക്കുമെന്നും കൂടുതൽ ചുമതലകൾ സമിതികളെ ഏൽപിക്കുമെന്നും ചർച്ചയിൽ വനം മന്ത്രി കെ.രാജു ഉറപ്പുനൽകിയതിൽ തീർച്ചയായും പ്രശ്നപരിഹാരത്തിനുള്ള ഫലപ്രദമായ വഴികളിലൊന്നു തെളിയുകയുമാണ്.

ജീവഹാനി അടക്കം കർഷകർക്ക് വന്യജീവികളിൽ നിന്നുണ്ടാകുന്ന നഷ്ടങ്ങൾക്കു മറ്റു മേഖലകളിൽ നൽകുന്ന നഷ്ടപരിഹാരങ്ങളുമായി സമാനത വേണമെന്നു ചർച്ച അഭിപ്രായപ്പെട്ടു. വനാതിർത്തിയോടു ചേർന്നുള്ള കൃഷിമേഖലകളിൽ വിളകളുടെ ഇൻഷുറൻസ് സാധ്യത പരിഗണിക്കണം. പരിമിതമായ അംഗബലവും നാമമാത്രമായ ബജറ്റ് വിഹിതവുമായി വനംവകുപ്പിനു തനിയെ പരിഹരിക്കാവുന്നതല്ല വനാതിർത്തിയിലെ കർഷകർ നേരിടുന്ന പ്രശ്നങ്ങൾ.

വന്യജീവികളെ ചെറുക്കാൻ കർഷകർക്കു തുണയായി വനംവകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീമിനെ ശക്തിപ്പെടുത്തണമെന്നും ഇവർക്കു മികവുറ്റ ഉപകരണങ്ങൾ ലഭ്യമാക്കണമെന്നും കർഷകരക്ഷയ്ക്കായി വെബിനാർ ആവശ്യപ്പെടുമ്പോൾ അതിനു സർക്കാർതലത്തിൽ മറുപടി ഉണ്ടാകേണ്ടതുണ്ട്. കാട്ടാന എവിടെയാണുള്ളതെന്നു മുൻകൂട്ടി നാട്ടുകാരെ അറിയിക്കാനുള്ള എസ്എംഎസ് അലർട്ട് (ഏർലി വാണിങ് സിസ്റ്റം) കുടുതൽ വ്യാപിപ്പിക്കുകയും വേണം. വനമേഖലയിലേക്കുള്ള വിനോദസഞ്ചാരവും മനുഷ്യ – വന്യജീവി സംഘർഷത്തിനു വലിയ പങ്കുവഹിക്കുന്നു എന്നു തിരിച്ചറിയേണ്ടതുണ്ട്.

കാടിറങ്ങി വരുന്ന ക്രൗര്യത്തെപ്പേടിച്ചു നമ്മുടെ പല ഗ്രാമങ്ങളും ഉറക്കംകളയുമ്പോൾ പരിഹാരം കാണാൻ സർക്കാർ ഇനിയും വൈകിക്കൂടാ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA