മറക്കരുതാത്ത പ്രളയപാഠം

SHARE

ഓരോ ദുരന്തവും ശേഷിപ്പിക്കുന്നത് അതേ വ്യാപ്തിയുള്ള പാഠങ്ങൾ കൂടിയാണ്. വലിയ നാശം വിതച്ച രണ്ടു തുടർപ്രളയങ്ങളുടെ പാഠങ്ങൾ പിന്നീടുള്ള ദുരന്തവേളകളിൽ കേരളം ഉപയോഗപ്പെടുത്തേണ്ടതാണെങ്കിലും അതിനു നാം എത്രത്തോളം സജ്ജമാണെന്ന ചോദ്യമാണ് ഉയരുന്നത്; വീണ്ടുമൊരു കൊടുംമഴക്കാലം അരികിലെത്തിയിരിക്കെ വിശേഷിച്ചും. കഴിഞ്ഞ പ്രളയദുരന്തമേഖലകളിലെ പുനരുജ്ജീവനത്തിൽ കേരളത്തിന് എത്രമാത്രം മുന്നേറാനായെന്ന അന്വേഷണവും പ്രസക്തംതന്നെ. ഉരുൾപൊട്ടലിലും മറ്റുമായി എണ്ണമറ്റ ജീവൻ നഷ്ടപ്പെട്ട മലപ്പുറം ജില്ലയിലെ കവളപ്പാറയും വയനാട്ടിലെ പുത്തുമലയും പുനരധിവാസത്തിന്റെ കാര്യത്തിൽ പിന്നിട്ടത് അനിശ്ചിതത്വത്തിന്റെ നാളുകളാണ്.

അതിവിനാശകരമായ ഉരുൾപൊട്ടലുണ്ടായി 10 മാസം പിന്നിട്ടിട്ടും കവളപ്പാറക്കാർക്കുള്ള ദുരിതാശ്വാസം ഇപ്പോഴും കടലാസിൽ തന്നെയാണ്. വീടും സ്ഥലവും നഷ്ടപ്പെട്ട കവളപ്പാറയിലെ 67 കുടുംബങ്ങൾക്കായി മാതൃകാ ഗ്രാമം ഒരുക്കാൻ പദ്ധതി തയാറാക്കിയ സർക്കാർ അധികം വൈകാതെ അതിൽനിന്നു പിന്മാറുകയായിരുന്നു. ഭൂമിയേറ്റെടുക്കാനുള്ള വിജ്ഞാപനം വരെ പുറപ്പെടുവിച്ചശേഷമായിരുന്നു പിന്മാറ്റം. പുനരധിവാസം വൈകുന്നതിലുള്ള പ്രതിഷേധം ശക്തമായപ്പോൾ വീടും സ്ഥലവും വാങ്ങാൻ 67 കുടുംബങ്ങൾക്കും 10 ലക്ഷം രൂപ വീതം അനുവദിക്കുമെന്നു മന്ത്രി കെ.ടി.ജലീൽ പ്രഖ്യാപനം നടത്തി. രണ്ടാഴ്ച പിന്നിട്ടിട്ടും അതിലും നടപടിയായിട്ടില്ല.

കഴിഞ്ഞവർഷത്തെ മാത്രമല്ല, 2018ലെ പ്രളയബാധിതരും ദുരിതാശ്വാസത്തിനായി ഇപ്പോഴും കാത്തിരിപ്പു തുടരുകയാണ്. 2018ലെ പ്രളയത്തിൽ വീടുതകർന്ന മലപ്പുറം മുണ്ടേരി ചളിക്കൽ കോളനി നിവാസികൾക്കായി ഒരുക്കിയ 33 വീടുകളുടെ നിർമാണം മാർച്ചിൽ പൂർത്തിയാക്കിയെങ്കിലും ഗുണഭോക്താക്കൾക്കു കൈമാറിയിരുന്നില്ല. ഒടുവിൽ താക്കോൽ കിട്ടാൻ കോളനി നിവാസികൾക്കു ഹൈക്കോടതിയെ സമീപിക്കേണ്ടിവന്നു. മൂന്നാഴ്ചയ്ക്കകം വീടുകൾ കൈമാറണമെന്നു ഹൈക്കോടതി ഉത്തരവിട്ടതു കഴിഞ്ഞദിവസമാണ്. തങ്ങൾക്ക് അവകാശപ്പെട്ട വീടുകൾ രാഷ്ട്രീയ ഇടപെടൽ മൂലം മറ്റുള്ളവർക്കു കൈമാറുമെന്ന ഭീതിയെത്തുടർന്നാണു കോളനി നിവാസികൾ കോടതിയെ സമീപിച്ചത്.

വാസയോഗ്യമായ ഭൂമിയുടെ ലഭ്യതക്കുറവാണു വയനാട്ടിലെ പ്രളയ പുനരധിവാസം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ദുരന്തവാർഷികം അരികിലെത്തിയിട്ടും പുത്തുമലയിൽ പുനരധിവാസ വീടുകൾക്കു തറക്കല്ലിടാൻ മാത്രമേ സാധിച്ചുള്ളൂവെന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നും ഭൂമി കണ്ടെത്താനുണ്ടായ കാലതാമസം തന്നെ. ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങൾക്കു വീടും സ്ഥലവും സന്നദ്ധസംഘടനകൾ സ്പോൺസർ ചെയ്തിട്ടും സർക്കാർ നടപടികൾക്കു വേണ്ടത്ര വേഗമുണ്ടായോ എന്ന ചോദ്യമുയരുന്നു. പുത്തുമലയിൽ ആകെ 103 കുടുംബങ്ങളെയാണു മാറ്റിപ്പാർപ്പിക്കാനുള്ളത്. സന്നദ്ധസംഘടനകളുടെകൂടി സഹായത്തോടെ മൂന്നു മാസത്തിനകം എല്ലാവരുടെയും പുനരധിവാസം പൂർത്തിയാക്കുമെന്ന സർക്കാരിന്റെ ഉറപ്പ് യാഥാർഥ്യമാവുകതന്നെ വേണം.

ദുരന്തത്തിൽ മാത്രമല്ല, ദുരിതാശ്വാസ പ്രവർത്തനങ്ങളിൽനിന്നും പുനർനിർമാണ പ്രവർത്തനങ്ങളിൽനിന്നുമൊക്കെ ആവർത്തിക്കരുതാത്ത പാഠങ്ങൾ കണ്ടെടുക്കാനാവും. 2018ലെ പ്രളയത്തിൽനിന്നു കരകയറാനായി സർക്കാർ പ്രഖ്യാപിച്ച റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിക്കു കീഴിൽ, കഴിഞ്ഞ സാമ്പത്തികവർഷത്തിൽ ഒരു രൂപ പോലും സർക്കാരിനു ചെലവഴിക്കാനാവാതിരുന്നത് അങ്ങനെയൊരു പാഠമാണു തരുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 1000 കോടി രൂപയാണ് കേരളം പുനഃസൃഷ്ടിക്കാൻ മാറ്റിവച്ചിരുന്നത്. നിരുത്തരവാദിത്തത്തിൽനിന്നു നവകേരളം ഉയരില്ലെന്ന പാഠം തിരിച്ചറിയാൻ ഇനിയും നാം വൈകേണ്ടതുണ്ടോ? കഴിഞ്ഞ രണ്ടു പ്രളയകാലങ്ങളിലും നാശനഷ്ടങ്ങൾ നേരിട്ട പലർക്കും അടിയന്തര ധനസഹായം പോലും ലഭിച്ചില്ലെന്നു വ്യാപക പരാതി ഉയർന്നതുകൂടി ഓർമിക്കാം.

മഴക്കാലം തുടങ്ങിയതോടെ സംസ്ഥാനത്തെ തീരദേശവാസികളുടെ നെഞ്ചിലും ആധി അലയടിക്കുകയാണ്. ഓരോ വർഷവും കടൽക്ഷോഭത്തിനെതിരെ തട്ടിക്കൂട്ടു പ്രതിരോധം ഒരുക്കിയിട്ടു കാര്യമില്ലെന്ന് ഈ ദുരിതകാലവും വിളിച്ചുപറയുന്നു. പ്രളയസാധ്യതയുള്ള പ്രദേശങ്ങളിലും കടൽക്ഷോഭമേഖലകളിലും ഈ മഴക്കാലത്തു കൊടുംനാശമുണ്ടാവാതിരിക്കാൻ സർക്കാർസംവിധാനങ്ങളെല്ലാം അടിയന്തര സ്വഭാവത്തോടെയും ഏകോപിതമായും പ്രവർത്തിക്കാൻ വൈകിക്കൂടാ. സജ്ജമാകാൻ വൈകുന്ന ഓരോ നിമിഷത്തിനും നമ്മുടെ ജീവന്റെ വിലയുണ്ടെന്നതു മറക്കാനും പാടില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA