ADVERTISEMENT

മുഖ്യമന്ത്രിയും മറ്റു സിപിഎം മന്ത്രിമാരും കാണിക്കുന്ന അഴിമതിയും സ്വജനപക്ഷപാതവും തുറന്നുകാട്ടാൻ കണ്ണിൽ എണ്ണയൊഴിച്ചു കാത്തിരിക്കുന്ന യുഡിഎഫ് നേതാക്കൾ ആലപ്പുഴയിൽ സിപിഐ മന്ത്രി നടത്തിയ സ്വജനപക്ഷപാതം അറിഞ്ഞെന്നു തോന്നുന്നില്ല. അവരെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. അവർ സ്പ്രിൻക്ലർ, കെപിഎംജി തുടങ്ങിയ രാജ്യാന്തര വിവാദങ്ങളിലാണു ശ്രദ്ധയൂന്നുന്നത്. ഏറിവന്നാൽ ബാലാവകാശ കമ്മിഷൻ ചെയർമാന്റെ നിയമനമെന്ന സംസ്ഥാനതല അഴിമതി വരെയേ അവരുടെ കണ്ണെത്തിയിട്ടുള്ളൂ. 

കണ്ണെത്താത്തതാണോ അതോ എത്തിയിട്ടും കണ്ടില്ലെന്നു നടിക്കുന്നതാണോ എന്നറിയില്ല, ആലപ്പുഴയിൽ നടന്ന സ്വജനപക്ഷപാതത്തെക്കുറിച്ച് ആരും പറഞ്ഞുകേട്ടില്ല. അതൊരു ലോക്കൽ ലെവൽ അഴിമതിയായതാകാം കാരണം. 

ഭക്ഷ്യമന്ത്രി പി.തിലോത്തമനാണ് ആലപ്പുഴയിൽ സ്വജനപക്ഷപാതം കാട്ടിയത്. നാട്ടാനകൾക്കു ഖരാഹാരം റേഷനായി നൽകാൻ തീരുമാനിച്ചപ്പോൾ അതിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിൽ ആദ്യമായി റേഷൻ നൽകിയതു സിപിഐ ആലപ്പുഴ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയായ ജി.കൃഷ്ണപ്രസാദിന്റെ ആന ജയകൃഷ്ണനാണ്. 

തലപ്പൊക്കം പരിഗണിച്ചാണെങ്കിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ, പാമ്പാടി രാജൻ, ഈരാറ്റുപേട്ട അയ്യപ്പൻ തുടങ്ങിയ വമ്പന്മാരോടു പിടിച്ചുനിൽക്കാൻ കൃഷ്ണപ്രസാദിന്റെ ജയകൃഷ്ണൻ ആഞ്ഞുപിടിച്ചാലും കഴിയുമെന്നു തോന്നുന്നില്ല. എന്നിട്ടും ഉദ്ഘാടനച്ചടങ്ങിൽ ആദ്യ റേഷൻ ഏറ്റുവാങ്ങാൻ ജയകൃഷ്ണനു നറുക്കുവീണത് എങ്ങനെയാണെന്നു പിടികിട്ടുന്നില്ല. ഇതിനെയാണു ചുരുങ്ങിയ വാക്കുകളിൽ സ്വജനപക്ഷപാതം എന്നു വിളിക്കുന്നത്. ആന ഉടമസ്ഥൻ സിപിഐക്കാരനായിപ്പോയി എന്നതുകൊണ്ട് ആന സിപിഐക്കാരനാകണമെന്നില്ല എന്നെല്ലാം വാദത്തിനു വേണ്ടി പറയാം. എന്നാൽ, ഈ വാദം ഒരു കോടതിയും അംഗീകരിക്കുമെന്നു തോന്നുന്നില്ല. 

ചെന്നിത്തല ഗാന്ധി രമേശിന് കൃഷ്ണപ്രസാദിനെയും അദ്ദേഹത്തിന്റെ ജയകൃഷ്ണനെയും അറിയാതിരിക്കാൻ തരമില്ല. ഹരിപ്പാട്ടുനിന്ന് ചെന്നിത്തലയ്ക്കെതിരെ മത്സരിച്ചയാളാണു കൃഷ്ണപ്രസാദ് എന്നതിനാൽ വിശേഷിച്ചും. എന്നിട്ടും മന്ത്രി തിലോത്തമനെതിരെ അദ്ദേഹം സ്വജനപക്ഷപാത ആരോപണം ഉയർത്താത്തത് അദ്ഭുതം തന്നെ. കെപിസിസി പ്രസിഡന്റും പ്രതിപക്ഷനേതാവും രാജ്യാന്തരതല വിവാദങ്ങളിൽ ശ്രദ്ധയൂന്നുന്നതിൽ തെറ്റില്ല. എന്നാൽ, ഇത്തരം ലോക്കൽ സ്വജനപക്ഷപാതങ്ങൾ ഉന്നയിക്കാൻ ഏതെങ്കിലും മണ്ഡലം പ്രസിഡന്റുമാരെയെങ്കിലും രംഗത്തിറക്കാമായിരുന്നു. 

പിന്നെ, ഭക്ഷ്യമന്ത്രി തിലോത്തമനു നിയമപ്രകാരമുള്ള ഒരു മുന്നറിയിപ്പ്: നാട്ടാനകൾക്കു ഖരാഹാരം നൽകാനുള്ള തീരുമാനം എന്തുകൊണ്ടും നല്ലതാണെങ്കിലും അതു മുടങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇല്ലെങ്കിൽ പഴയ കേരള പാഠാവലി രണ്ടാം പാഠപുസ്തകത്തിലെ തയ്യൽക്കാരനുണ്ടായ അനുഭവമായിരിക്കും മന്ത്രിയെ കാത്തിരിക്കുന്നത്. ന്യൂജെൻ തലമുറയ്ക്കുവേണ്ടി തയ്യൽക്കാരന്റെയും ആനയുടെയും കഥ മൂന്നിലൊന്നായി സംഗ്രഹിച്ചു പറയാം. ആറ്റിൽ കുളിപ്പിക്കാൻ കൊണ്ടുപോകുന്ന ആനയ്ക്കു പതിവായി വല്ല പഴമോ കരിമ്പോ മറ്റോ നൽകുമായിരുന്നു തയ്യൽക്കാരൻ. ഒന്നും കയ്യിലില്ലാത്ത ഒരു ദിവസം ആന കടയ്ക്കു മുന്നിൽ വന്നു തുമ്പിക്കൈ നീട്ടിയപ്പോൾ തയ്യൽക്കാരൻ സൂചി കൊണ്ടൊന്നു കുത്തി. തുമ്പിക്കൈ പിൻവലിച്ച് ആറ്റിലേക്കു പോയ ആന മടങ്ങി വരുമ്പോൾ തുമ്പിക്കൈ നിറയെ വെള്ളം ശേഖരിച്ചു തയ്യൽക്കാരന്റെ കടയിലേക്കു ചീറ്റി. തയ്യൽക്കാരനും കടയിലെ പട്ടുകുപ്പായങ്ങളും നനഞ്ഞു കുതിർന്നു.

ആനകളുടെ റേഷൻ – അതു പാർട്ടിക്കാരന്റെ ആനയായ ജയകൃഷ്ണന്റെ ആയാലും – മുടക്കിയാൽ എന്തും സംഭവിക്കാം. ആനയ്ക്കു മന്ത്രിയാണോ അസി.സെക്രട്ടറിയാണോ എന്നൊന്നും നോക്കേണ്ടതില്ല. 

 അഭിനന്ദനത്തിന്റെ അർഥം തേടി...

‘അഭിനന്ദനം വെറും വ്യർഥം/ പിന്നെ അനുശോചനത്തിനെന്തർഥം’ എന്നു ചങ്ങമ്പുഴ പാടിയതു പാറപ്പുറത്തു സഞ്ജയന്റെ നിര്യാണത്തെക്കുറിച്ചാണെന്നാണ് ഓർമ. ഇപ്പോൾ ഇത് ഓർമ വന്നതു കേന്ദ്ര സർക്കാർ സെക്രട്ടറി, സംസ്ഥാന ചീഫ് സെക്രട്ടറിക്കെഴുതിയ കത്തു വിവാദമായ പശ്ചാത്തലത്തിലാണ്. 

കേന്ദ്രസർക്കാർ കേരളത്തെ അഭിനന്ദിച്ചുവെന്നാണു സംസ്ഥാന സർക്കാരിന്റെ വൈതാളിക വൃന്ദം പ്രചരിപ്പിക്കുന്നത്. മാത്രമല്ല, മാന്നാർ മത്തായി സ്പീക്കിങ്ങിലെ ഗർവാസീസ് ആശാനെപ്പോലെ ‘കോംപ്ലിമെന്റ്സ്, കോംപ്ലിമെന്റസ്’ എന്ന് ആർത്തട്ടഹസിച്ചു സോഷ്യൽ മീഡിയയിൽ തലങ്ങും വിലങ്ങും പായുകയും ചെയ്തു. കേന്ദ്രമന്ത്രി വി.മുരളീധരന് ഇതു രസിക്കാത്തതു സ്വാഭാവികം. തന്റെ വകുപ്പിലെ ഒരു സെക്രട്ടറിയാണു സംസ്ഥാന സർക്കാരിനെ കോംപ്ലിമെന്റ്സ് ആക്കിയതെന്നതിനാൽ കലിപ്പ്  പതിന്മടങ്ങു വർധിക്കുന്നത് അതിലും സ്വാഭാവികം.

ഇക്കാര്യം ശ്രദ്ധയിൽപെട്ടപ്പോൾ ആദ്യം ചെയ്തത് ഓക്സ്ഫഡ്, കേംബ്രിജ്, കോളിൻസ് കോബിൽഡ്, ഇഎൽബിഎസ് തുടങ്ങിയ വിഖ്യാത ഡിക്‌ഷനറികളുടെ കോപ്പി കരസ്ഥമാക്കുകയാണ്. പോരാത്തതിനു ടി.രാമലിംഗം പിള്ളയുടെ ഇംഗ്ലിഷ്–മലയാളം നിഘണ്ടുവും വാങ്ങി. പ്രീ പബ്ലിക്കേഷൻ തീർന്നു പോയതിനാൽ എല്ലാറ്റിനും മുഖവില നൽകേണ്ടി വന്നുവെന്നു പ്രത്യേകം പറയേണ്ടതില്ല. 

എല്ലാം മുങ്ങിത്തപ്പിയപ്പോൾ ‘കോംപ്ലിമെന്റ്’ എന്ന വാക്കിന്റെ അർഥം അഭിനന്ദനമല്ല, മണ്ടത്തരം പറ്റിയതു ബോധ്യപ്പെട്ടതിൽ സന്തോഷം എന്നാണെന്നാണ് മുരളീധർജി കണ്ടെത്തിയത്. ഇത്തരം ഗവേഷണം നടത്തിയത് അദ്ദേഹം മാത്രമല്ല. മന്ത്രി എ.കെ.ബാലനും ഏതൊക്കെയോ നിഘണ്ടുക്കളുടെ പിൻബലത്തിൽ കേന്ദ്ര സെക്രട്ടറി ഉദ്ദേശിച്ചത് അഭിനന്ദനം എന്നു തന്നെയാണെന്നു തറപ്പിച്ചു പറയുന്നു. എല്ലാം കൂടി കേൾക്കുമ്പോൾ ചങ്ങമ്പുഴയുടെ വരികൾ ചെറിയൊരു പാഠഭേദത്തോടെ പ്രസക്തമാണെന്നു തോന്നുന്നു. ‘അഭിനന്ദനം വെറും വ്യർഥം/ പിന്നെ അനുമോദനത്തിനെന്തർഥം?’

സ്റ്റോപ് പ്രസ്: മിൽമ ഒൗട്‌ലറ്റുകളിൽ തേനും ഹോർട്ടികോർപ്പിൽ പാലും.

ബവ്കോ ഒൗട്‌ലറ്റുകളിൽ പഴവും കൂടി ലഭ്യമാക്കിയാൽ എല്ലാം തികഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com