ADVERTISEMENT

ഇന്ത്യ – ചൈന പ്രശ്നം ഉയർന്നു വരുമ്പോഴൊക്കെ കമ്യൂണിസ്റ്റ് പാർട്ടികളുടെ നിലപാടിനെക്കുറിച്ചും ചർച്ചകളുണ്ടാകാറുണ്ട്. നിലവിലെ  സംഘർഷാവസ്ഥയിൽ  സിപിഐയുടെ നിലപാടെന്ത്?  പാർട്ടി ജനറൽ സെക്രട്ടറി ഡി.രാജ സംസാരിക്കുന്നു...

∙ഇന്ത്യയും ചൈനയുമായി തർക്കമോ സംഘർഷമോ ഉണ്ടാകുമ്പോൾ രാജ്യത്തെ കമ്യൂണിസ്റ്റ് പാർട്ടികളുടെ നിലപാട് ചർച്ചയാവുന്നു. ചൈനാവിഷയവുമായിക്കൂടി ബന്ധപ്പെട്ടതാണ് സിപിഐ, സിപിഎം ചരിത്രം.

സ്വാതന്ത്ര്യ സമരത്തിന്റെ മുൻനിരയിലുണ്ടായിരുന്നവരാണ് കമ്യൂണിസ്റ്റുകൾ. പൂർണസ്വരാജ് എന്ന മുദ്രാവാക്യംതന്നെ കമ്യൂണിസ്റ്റുകളുടെ സംഭാവനയാണ്. വലതുപക്ഷ ശക്തികൾ സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിൽ പങ്കെടുത്തില്ലെന്നു മാത്രമല്ല, ഒരർഥത്തിൽ, കൊളോണിയൽ ശക്തികളുമായി സഹകരിക്കുകയും െചയ്തു. കമ്യൂണിസ്റ്റുകളുടെ രാജ്യസ്നേഹത്തെ ആർക്കും ചോദ്യം ചെയ്യാനാവില്ല. ഇന്ത്യ 1947‍ൽ സ്വതന്ത്രമായി, 1948ൽ ചൈനയിൽ വിപ്ളവം പൂർണമായി. 

ഇരുരാജ്യങ്ങളും നല്ല അയൽബന്ധം താൽപര്യപ്പെട്ടു. ഇന്ത്യ – ചൈന ഭായി ഭായി മുദ്രാവാക്യമൊക്കെയുണ്ടായി. സ്വതന്ത്ര രാജ്യമായ ഇന്ത്യ വ്യാവസായിക വിപ്ളവത്തിലൂടെയും ആസൂത്രണത്തിലൂടെയും വികസനപാതയിൽ മുന്നേറാൻ ശ്രമിച്ചു.സോഷ്യലിസ്റ്റ് രാജ്യമായി ശക്തിപ്രാപിക്കാൻ ചൈനയും. 

ഒരു ദശകത്തിനുള്ളിൽതന്നെ, അതിർത്തിത്തർക്കം ഗുരുതര പ്രശ്നമായി. 1958–59ൽ തർക്കം രൂക്ഷമായി. മക്മോഹൻ രേഖയെ അതിരായി കണക്കാക്കണമെന്നായിരുന്നു സർക്കാരിന്റെയും സിപിഐയുടെയും നിലപാട്. ബ്രിട്ടീഷുകാർ നിശ്ചയിച്ചതെന്ന കാരണത്താൽ ചൈന  അത് അംഗീകരിച്ചില്ല. 1959ൽ, അവർ മക്മോഹൻ രേഖ ലംഘിക്കാൻ തുടങ്ങി. തർക്കം യുദ്ധത്തിലേക്കെത്തി. 

∙ ഉൾപ്പാർട്ടി തർക്കങ്ങൾക്കൊടുവിൽ അന്ന് സിപിഐയുടെ നിലപാട്?

1962ൽ, യുദ്ധമുണ്ടായപ്പോൾ, ഞങ്ങളുടെ പാർട്ടിയുടെ നിലപാട് വ്യക്തമായിരുന്നു:‘ ൈചനയുടെ കടന്നുകയറ്റമാണുണ്ടായത്. ചൈന  അതു ചെയ്യാൻ പാടില്ലായിരുന്നു. തെറ്റായ മനോഭാവവും നിലപാടുംവഴി ചൈന  വലതുപക്ഷശക്തികൾക്ക് ഏകോപനത്തിന് അവസരമുണ്ടാക്കി.’ സംഭവിച്ചതിനെ കടന്നുകയറ്റമെന്നു വിളിക്കാൻ ഞങ്ങൾ ഒരിക്കലും മടിച്ചില്ല. അന്ന് ഞങ്ങൾ ഒരു പാർട്ടിയാണ്. നെഹ്റു സർക്കാരിനെ പിന്തുണയ്ക്കാനും ഞങ്ങൾ തീരുമാനിച്ചു. സൈന്യത്തിന് പിന്തുണയ്ക്കായി പൊതുജനാഭിപ്രായ രൂപീകരണത്തിലും ഞങ്ങൾ പങ്കെടുത്തു. 

∙ യുദ്ധത്തോടെ സിപിഐയും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുമായും തെറ്റി?

ഇന്ത്യാ ചൈന ബന്ധം വേർപെട്ടു. ഞങ്ങളുടെ പാർട്ടിയും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുമായുള്ള(സിപിസി) ബന്ധവും വേർപെട്ടു. 1976ലാണ് രാജ്യങ്ങൾ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നത്.  ഏറെക്കാലത്തിനുശേഷം, 1985ൽ, രാജേശ്വര റാവു ജനറൽ സെക്രട്ടറിയായിരുക്കുമ്പോഴാണ് സിപിഐ – സിപിസി ബന്ധം  പുനഃസ്ഥാപിക്കുന്നത്. അതിർത്തിത്തർക്കം ഇരുരാജ്യങ്ങളും അർഥവത്തായ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് അപ്പോൾ മുതൽ ഞങ്ങൾ പറയുന്നു. ഇരുരാജ്യങ്ങളും അതിനു തയ്യാറാവുകയും ചെയ്തു. 1976മുതൽ ഇരുരാജ്യങ്ങളും ഒട്ടേറെ കരാറുകളുണ്ടാക്കി. നിയന്ത്രണ രേഖ – ഇപ്പോഴത്തെ യഥാർഥ നിയന്ത്രണ രേഖ – സംബന്ധിച്ചു ധാരണയുണ്ടാക്കി. അതിർത്തിയെക്കുറിച്ച് പല തലങ്ങളിൽ ചർച്ചയുണ്ടായി.

ഇരുരാജ്യങ്ങളും യുദ്ധസാഹചര്യത്തിലേക്ക്, ഇപ്പോഴത്തേതുപോലെ വലിയ പിരിമുറുക്കത്തിലേക്ക് എത്തിയില്ല. കഴിഞ്ഞ 15ന് നമ്മുടെ സൈനികർ നിഷ്ഠൂരമായി കൊലചെയ്യപ്പെട്ടത് ഞടുക്കമുണ്ടാക്കി. രാജ്യത്തിന്റെ അഖണ്ഡതയുടെയും പരമാധികാരത്തിന്റെയും കാര്യത്തിൽ ഒത്തുതീർപ്പു പാടില്ലെന്നും കഴിഞ്ഞ ഏപ്രിലിലെ തൽസ്ഥിതി പുനഃസ്ഥാപിക്കണമെന്നും ചൈനക്കാർ മടങ്ങിപ്പോകണമെന്നും വ്യക്തമാക്കണമെന്നും ഞാൻ സർവകക്ഷി യോഗത്തിൽ പറഞ്ഞു. 

∙ അവിടെയും, ചൈനയുടെ നടപടിയെ വ്യക്തവും ശക്തവുമായി അപലപിക്കാൻ സിപിഐയോ സിപിഎമ്മോ തയാറായില്ല

ഇതേ പ്രശ്നം 1962ൽ ചിലർ ഉന്നയിച്ചതാണ്. ഡാങ്കേ അതിനു മറുപടിയും നൽകി: രാജ്യത്തിന്റെ അഖണ്ഡത സംരക്ഷിക്കണമെന്നു പറയുമ്പോൾ, മറ്റുള്ളവർ കടന്നുകയറാൻ അനുവദിക്കണമെന്നല്ലല്ലോ അർഥം. അതാണു ഞങ്ങളുടെ നിലപാട്. തൽസ്ഥിതി എന്നു ഞങ്ങൾ പറയുന്നു. കോൺഗ്രസും അതുതന്നെ പറയുന്നു. 

∙ എന്തുകൊണ്ട് ചൈനയുടെ നടപടിയെ അപലപിക്കുന്നില്ല?

ഞങ്ങൾ അപലപിക്കുന്നു, തള്ളിക്കളയുന്നു. അതുകൊണ്ടാണ് ചർച്ച വേണമെന്ന് പറയുന്നത്. വീരമൃത്യുവരിച്ച സൈനികരെ സല്യൂട്ട് ചെയ്യുന്നുവെന്നായിരുന്നു സർവകക്ഷി യോഗത്തിൽ എന്റെ ആദ്യവാചകംതന്നെ. അതു ചൈനയുടെ നടപടിയെ അപലപിക്കലായിരുന്നു.  സൈനികരെ കൊന്നതു ഞങ്ങൾ അപലപിക്കുന്നു. കടന്നുകയറ്റമുണ്ടോയോ എന്നതു സർക്കാരാണു വ്യക്തമാക്കേണ്ടത്. അതാണു കോൺഗ്രസും ചോദിക്കുന്നത്. നെഹ്റുവിന്റെ കാലത്ത്, കടന്നുകയറ്റമുണ്ടായെന്ന് നെഹ്റു പറഞ്ഞു. ഇപ്പോൾ സർക്കാരാണ് ആശയക്കുഴപ്പം ഉണ്ടാക്കിയിരിക്കുന്നത്. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനുമായി സിപിഐ നിലകൊള്ളുന്നു. ചൈനക്കാർ കടന്നുകയറിയെങ്കിൽ അവർ മടങ്ങിപ്പോകണം. 

∙ സിപിഎം പറഞ്ഞത് സംഭവിച്ചത് നിർഭാഗ്യകരമെന്നാണ്. വേദനയുണ്ടാക്കുന്ന സംഭവെന്നും സംഭവിക്കാൻ പാടില്ലാത്തതായിരുന്നു ഏറ്റുമുട്ടലെന്നും സിപിഐ. 

ഏറ്റുമുട്ടൽ സംഭവിക്കാൻ പാടില്ലാത്തതായിരുന്നു. അതിനർഥം ഞങ്ങളതിനെ പിന്തുണയ്ക്കുന്നു എന്നാണോ? ഞടുക്കമുണ്ടാക്കുന്നതെന്നും സിപിഐ പറഞ്ഞു. സിപിഎമ്മിന്റെ നിലപാടിനെക്കുറിച്ച് അവർ പറയട്ടേ. രാജ്യങ്ങൾ തമ്മിൽ നയതതന്ത്ര ബന്ധം 1976ൽ ഉണ്ടായെങ്കിൽ, ചൈനീസ് പാർട്ടിയുമായി 1985വരെ ഞങ്ങൾക്കു ബന്ധമില്ലായിരുന്നു. ഞങ്ങൾ നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു. 

∙ പാർട്ടികളുടെ ചരിത്രംകൂടി കണക്കിലെടുക്കുമ്പോൾ, സിപിഎമ്മിന്റെ സമീപനത്തെ താങ്കൾ എങ്ങനെ വിലയിരുത്തുന്നു? 

സിപിഎമ്മാണ് അവരുടെ നിലപാട് വിശദീകരിക്കേണ്ടത്. ഒരു സോഷ്യലിസ്റ്റ് രാജ്യത്തിന് അയൽരാജ്യത്തിനെതിരെ യുദ്ധമാവാമോ എന്നതിനെക്കുറിച്ച്  കാഴ്ചപ്പാടാവാമായിരുന്നു. അങ്ങനെ സംഭവിക്കില്ലെന്നു കരുതിയവരുണ്ടാവാം.  ഞങ്ങളുടെ പാർട്ടി പിളർന്നു. ഞങ്ങൾ സിപിഐയായി നിലനിന്നു. അതിനുശേഷം അവരും മാറി. ഞങ്ങൾക്ക് ആശക്കുഴപ്പമോ നിലപാടുമാറ്റമോ ഉണ്ടായിട്ടില്ല. അതിർത്തിപ്രശ്നം സമാധാനപരമായി പരിഹരിക്കണമെന്നും യുദ്ധമല്ല പരിഹാരമെന്നുമാണ് ഞങ്ങൾ നിലപാടെടുത്തത്. 

∙ 1962ൽ നിങ്ങൾ യുദ്ധത്തെ പിന്തുണച്ചു?

ഞങ്ങൾ യുദ്ധം താൽപര്യപ്പെട്ടില്ല. എന്നാൽ, യുദ്ധമുണ്ടായി. കോൺഗ്രസായിരുന്നു ഭരണത്തിൽ. ഞങ്ങൾ രാജ്യത്തെയാണു പിന്തുണച്ചത്. 

∙ ഇപ്പോഴത്തെ സർക്കാരും യുദ്ധത്തിനു തീരുമാനിച്ചാൽ? 

യുദ്ധത്തിനു പോകുമോയെന്നതു കാത്തിരുന്നു കാണേണ്ടതാണ്. അനുമാനിച്ച് ഉത്തരം പറയാനാവില്ല. 1959ൽ ഞങ്ങളുടെ പാർട്ടിയുടെ ദേശീയ കൗൺസിൽ പറഞ്ഞത്,തങ്ങളുടെ നിലപാട് അംഗീകരിക്കണമെന്ന്  ഉപാധിവയ്ക്കാതെ ഇരുരാജ്യങ്ങളും ചർച്ച നടത്തണമെന്നാണ്. അതുവരെ തൽസ്ഥിതി പാലിക്കണമെന്നും ഇരുവശത്തുനിന്നും കടന്നുകയറ്റം പാടില്ലെന്നും. യുദ്ധമുണ്ടായപ്പോൾ ഞങ്ങൾ രാജ്യത്തിനൊപ്പമാണു നിന്നത്. ചൈനയുടെ നടപടിയെ കടന്നുകയറ്റമെന്നു തന്നെ ഞങ്ങൾ 1959ൽ വിളിച്ചു, ജനസംഘും സ്വതന്ത്ര പാർട്ടിയും പിഎസ്പിയും ഉൾപ്പെടെയുള്ളവയുടെ പിന്തിരിപ്പൻ സമീപനത്തെ വിമർശിച്ചു.

∙ അന്ന് വിഷയം സിപിഐയിൽ തന്നെ വലിയ തർക്കമായിരുന്നു.

തർക്കമാണല്ലോ പിളർപ്പിലേക്കു നയിച്ചത്. അതിനുശേഷമുള്ളതിനെക്കുറിച്ച് എന്റെ പാർട്ടിയുടെ നിലപാടാണ് ഞാൻ പറയുക. അന്നു നെഹ്റു, ഇന്നു മോദി. ഇപ്പോൾ യുദ്ധമുണ്ടായാൽ എന്നു ചോദിച്ചാൽ, എന്തിനാണു യുദ്ധം? ഉന്നതല ചർച്ചയാണു വേണ്ടത്. നെഹ്റു സാമ്രാജ്യത്വ വിരുദ്ധനായിരുന്നു. അദ്ദേഹത്തെ സാമ്രാജ്യത്വ ഏജന്റെന്നാണ് ചൈന വിളിച്ചത്. ഞങ്ങൾ അങ്ങനെ വിളിച്ചില്ല. അതു കാലം വേറെയായിരുന്നു. 1962 അല്ല 2020. നെഹ്റു മോദിയല്ല, മോദി നെഹ്റുവുമല്ല. മാവോയും ഡെങ് സിയാവോ പിങ്ങുമല്ല ഷീ ചിൻപിങ്. നമ്മൾ പുതിയ സാഹചര്യത്തിലാണ്. 

∙ ചൈന ചൈനയുടേതെന്നും ഇന്ത്യ ഇന്ത്യയുടേതെന്നും അവകാശപ്പെടുന്നത് എന്ന് ഇഎംഎസ് വ്യാഖ്യാനിച്ച സ്ഥിതിയിലേക്കാണ് പിന്നീടു കാര്യങ്ങളെത്തിയത്?

അത് ഒരു പ്രശ്നപരിഹാരമായിരുന്നു. അത് സ്വീകരിക്കപ്പെട്ടില്ല. 1976നുശേഷം ഒട്ടേറെ ധാരണകളുണ്ടായി. അതിനുശേഷം പലപ്പോഴും സംഘർഷാവസ്ഥയുണ്ടായി. ഇഎംഎസ് അന്നത്തെ സാഹചര്യത്തിൽ ഒരു നിർദ്ദേശംവച്ചു. ഇന്ന് ഇഎംഎസുണ്ടായിരുന്നെങ്കിൽ എന്തു പറയുമായിരുന്നു? 

∙ ചൈനയുടെ നടപടിയെ അപലപിക്കാത്ത സിപിഎം പിളർപ്പിന്റെ കാലത്തും ഇന്നും സമാധാനപരമായ പരിഹാരമാണ് ആവശ്യപ്പെടുന്നത്. അവർ യുദ്ധത്തെ അനുകൂലിച്ചുമില്ല. ഞങ്ങളുടെ നിലപാടും മാറിയിട്ടില്ല. ഞങ്ങൾ യുദ്ധത്തെ പിന്തുണച്ചുവെന്നു പറഞ്ഞാൽ, രാജ്യത്തിനൊപ്പം നിൽക്കുകയാണു െചയ്തത്. ആരാണു യുദ്ധത്തെ പിന്തുണയ്ക്കുക? യുദ്ധമുണ്ടായി, രാജ്യം ദുരിതത്തിലായി. അപ്പോൾ രാജ്യത്തിനൊപ്പം നിൽക്കുമോ ഇല്ലയോ എന്നതായിരുന്നു ചോദ്യം.

പാർട്ടിയുടെ പിളർപ്പിന് രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ കാരണങ്ങളുമുണ്ടായിരുന്നു. ഇതു മാത്രമല്ല. ഇന്ത്യൻ ഭരണകൂടത്തെ വിലയിരുത്തേണ്ടതെങ്ങനെ, അതിനെ നേരിടേണ്ടതെങ്ങനെ, കുത്തകൾക്കെതിരെ സംഘടിപ്പിക്കേണ്ടതെങ്ങനെ തുടങ്ങിയ കാര്യങ്ങളിൽ ഞങ്ങൾക്കു വ്യത്യസ്ത നിലപാടായിരുന്നു. ഞങ്ങൾ ദേശീയ ജനാധിപത്യ വിപ്ളവത്തെക്കുറിച്ചും അവർ ജനകീയ ജനാധിപത്യ വിപ്ളവത്തെക്കുറിച്ചും പറഞ്ഞു. 

∙ ബൂർഷ്വകളുമായി സഹകരിക്കുന്ന റിവിഷനിസ്റ്റുകളാണ് സിപിഐ എന്ന സിപിഎം നിലപാടിൽ ഇപ്പോഴും മാറ്റമില്ല.

അവരുടെ സമ്മേളനത്തിൽത്തന്നെ ഞാൻ പറഞ്ഞിട്ടുണ്ട്: ഞാൻ സിപിഐയിൽ ചേർന്നപ്പോൾ സിപിഎമ്മും നക്സലൈറ്റ് പ്രസ്ഥാനവുമുണ്ടായിരുന്നു. സിപിഎം സെക്ടേറിയൻ പാർട്ടിയെന്നാണ് എന്നെ പഠിപ്പിച്ചത്. യച്ചൂരിയെയും കാരാട്ടിനെയും പഠിപ്പിച്ചത് സിപിഐ റിവിഷനിസ്റ്റെന്നാവാം. പുതിയ സാഹചര്യത്തിൽ എന്തു ചെയ്യാമെന്നാണ് നമ്മൾ ആലോചിക്കണമെന്നും. കോളജുകാലത്തെ എന്റെ പ്രസംഗം കേട്ടിട്ട്, ഞാൻ നക്സലൈറ്റ് ആവുമെന്നു കരുതിയവരുണ്ട്. ഞാൻ സിപിഐയിൽ ചേർന്നു. അംബദ്കറൈറ്റ്സുമായി എന്നും ബന്ധമുണ്ടായിരുന്നു. അംബദ്കർ പറഞ്ഞ സാമൂഹിക നീതിയുടെ വിഷയം കമ്യൂണിസ്റ്റുകാർ വലിയ രീതിയിൽ ഉന്നയിക്കണമെന്നാണ് എന്റെ കാഴ്ചപ്പാട്.

∙ സിപിഐ എടുത്ത നിലപാട് തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ നഷ്ടമാണു നൽകിയത്? 

പിളർപ്പ് അതിന്റേതായ രീതിയിൽ ബാധിക്കും. സ്വാഭാവികമാണ്. അതിനുശേഷം ഞങ്ങൾ ഒരുമിച്ചു പ്രവർത്തിക്കാൻ തുടങ്ങി. 1978ൽ, അടിയന്തരാവസ്ഥയ്ക്കുശേഷം, സിപിഐയാണ് ഇടതു ജനാധിപത്യ ബദൽ മുന്നോട്ടുവച്ചത്. പി.കെ.വി മുഖ്യമന്ത്രിസ്ഥാനമൊഴിയാൻ ഞങ്ങൾ നിർദ്ദേശിച്ചു. കോൺഗ്രസുമായുള്ള സഖ്യത്തിലാണ് അച്യുതമേനോൻ മുഖ്യമന്ത്രിയായിരുന്നത്. ഇന്നും മികച്ച സർക്കാരുകളിലൊന്നായി അതിന്നും കരുതപ്പെടുന്നു. 1978ൽ പികെവി സ്ഥാനമൊഴിഞ്ഞു. ഇരുപാർട്ടികളും ഒരുമിച്ചു നിൽക്കാൻ തുടങ്ങി. ഇപ്പോൾ, സിപിഎം –എംഎല്ലും വരുന്നു. മാറുന്ന സാഹചര്യത്തിൽ ഇടത് ഒരുമിച്ചേ പറ്റൂ.

∙ പിളർന്ന് സിപിഎം വലിയ ശക്തിയായി മാറിയെന്നതാണ് ചരിത്രം. നിലപാട് ശരിയെന്നു തെളിയിക്കുന്നതരം നേട്ടം.

തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ അവർ വലിയ ശക്തിയായി വളർന്നു, സംശയമില്ല. പികെവിക്കുശേഷം കേരളത്തിൽ അവർ സർക്കാരുകൾക്കു നേതൃത്വം നൽകുന്നു. ബംഗാളിൽ ജ്യോതി ബസു ദീർഘകാലം മുഖ്യമന്ത്രിയായിരുന്നു. ആദ്യം ഞങ്ങൾ ആ സർക്കാരിൽ ഭാഗമായില്ല. പിന്നീട് ഞങ്ങൾ ഇടതുമുന്നണിയുടെ ഭാഗമായി. 

എന്നാൽ, തമിഴ്നാട്ടിലെ കാര്യമെടുത്താൽ,1967ൽ, ഡിഎംകെ, രാജാജിയുടെ സ്വതന്ത്ര പാർട്ടിയുമായി സഖ്യമുണ്ടാക്കി. സിപിഎം അവരുമായി സഖ്യമുണ്ടാക്കി. ഞങ്ങൾ അതു ചെയ്തില്ല, സ്വതന്ത്രമായി മൽസരിച്ചു. ഞങ്ങൾക്ക് ഒരു സീറ്റേ കിട്ടിയുള്ളു. അതിനെ പ്രായോഗികബുദ്ധിയെന്നു വിളിക്കാമോ? അവസരവാദരാഷ്ട്രീയമെന്നും പറയാമല്ലോ. ചരിത്രം ചരിത്രമാണ്. പാഠങ്ങൾ പഠിക്കണം. 

∙ ചൈന വിഷയത്തിൽ ഇപ്പോൾ രണ്ടു പാർട്ടികൾക്കും നിലപാടാണോ? 

അർഥവത്തായ ചർച്ച വേണമെന്നു രണ്ടു പാർട്ടികളും പറയുന്നു. ഇന്ത്യയും ചൈനയും തമ്മിൽ ഏറ്റുമുട്ടുന്നത് ഞടുക്കമുണ്ടാക്കുന്നുവെന്നതാണ് എന്റെ പാർട്ടിയുടെ നിലപാട്. സിപിഎമ്മിന്റെ നിലപാടു പറയാൻ അവർക്കു കെല്പുണ്ട്. കകമ്യൂണിസ്റ്റുകൾക്ക് ജിംഗോയിസം പറ്റില്ല. എങ്ങനെ ഉത്തരവാദിത്തത്തോടെ, പക്വതയോടെ പെരുമാറണമെന്നുകൂടി പഠിപ്പിക്കുന്നതാണ് ദേശസ്നേഹം. കോൺഗ്രസ് ആവർത്തിച്ചുചോദിക്കുന്നു, കടന്നുകയറ്റമുണ്ടായോ?

സർക്കാരിന് എന്തുകൊണ്ട് ആ ചർച്ച അവസാനിപ്പിക്കാനാവുന്നില്ല? വളരെ സങ്കീർണമായ സാഹചര്യമാണ്. കമ്യൂണിസ്റ്റുകളെന്ന നിലയ്ക്ക് ഞങ്ങൾക്ക് ഉത്തരവാദിത്തത്തോടെയും പക്വതയോടെയും പെരുമാറേണ്ടതുണ്ട്. 

∙ കോൺഗ്രസിന്റെ നിലപാടിനോടു യോജിക്കുന്നുവോ?

കോൺഗ്രസിന്റെ പക്കൽ എന്തൊക്കെ വിവരങ്ങളാണുള്ളതെന്ന് എനിക്കറിയില്ല. ചൈന കടന്നുകയറിയെന്ന് അവർ വിലയിരുത്തുന്നുവെന്നാണ് പ്രസ്താവനകളിൽനിന്നു ഞാൻ മനസിലാക്കുന്നത്. സർക്കാർ അതു നിഷേധിക്കുന്നുവോ ശരിവയ്ക്കുന്നുവോ എന്നു സർക്കാർ പറയണം. നമുക്ക് ആകെ അറിയാവുന്നത് ഏറ്റുമുട്ടലും മരണവുമുണ്ടായെന്നാണ്. അതിനാലാണ് ഞടുക്കമെന്നു പറഞ്ഞത്. കടന്നുകയറ്റമുണ്ടോയെന്നു പറയേണ്ടതും രാഷ്ട്രീയ പാർട്ടികളെ വിശ്വാസത്തിലെടുക്കേണ്ടതും സർക്കാരാണ്. 

∙ ചൈനീസ് പാർട്ടിയുമായുള്ള ബന്ധം? ഇന്ത്യൻ കമ്യൂണിസ്റ്റുകൾക്ക് അവരിൽനിന്ന് മാർഗനിർദ്ദേശങ്ങൾ?

ഞങ്ങൾ ബഹുകക്ഷി വേദികളിൽ കണ്ടുമുട്ടാറുണ്ട്. കമ്യൂണിസ്റ്റ്, തൊഴിലാളികളുടെ യോഗമുണ്ട്. ഉഭയകക്ഷി ചർച്ചകൾ നടക്കാറുണ്ട്. അവർക്കു സിപിഐയുമായി മാത്രമല്ല, ബിജെപിയുൾപ്പെടെ എല്ലാ പാർട്ടികളുമായും അവർക്കു ബന്ധമുണ്ട്. ബിജെപിയും പ്രതിനിധികളെ അയയ്ക്കാറുണ്ട്. 

എന്തിനാണ് ചൈനീസ് പാർ‍ട്ടി ഞങ്ങൾക്കു മാർഗനിർദ്ദേശങ്ങൾ നൽകുന്നത്? അങ്ങനെ ജനം വിചാരിക്കുന്നെങ്കിൽ ഞങ്ങൾ എന്തുവേണം? ജനത്തിന് എങ്ങനെയും ചിന്തിക്കാം. ഞങ്ങൾ അനുഭവങ്ങൾ പങ്കുവച്ചേക്കാം. പക്ഷേ, മാർഗനിർദ്ദേശം എന്ന പ്രയോഗം തെറ്റാണ്. എല്ലാം സ്വതന്ത്ര രാഷ്ട്രീയ പാർട്ടികളാണ്. അവ രാജ്യാന്തര, ദേശീയ സാഹചര്യങ്ങൾ വിലയിരുത്തി സ്വന്തമായ നിലപാടെടുക്കുന്നു. മറ്റു പാർട്ടികളും മറ്റാരാലും സ്വാധീനിക്കപ്പെടുന്നില്ലെന്നാണ് ഞാൻ കരുതുന്നത്. എല്ലാ പാർട്ടിക്കും അതിന്റെ ഘടനയും നേതൃത്വവും സ്വന്തമായ വിലയിരുത്തലുമുണ്ട്. 

നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ കാലത്ത്, ചെയർമാൻ മാവോ ഞങ്ങളുടെയും ചെയർമാൻ എന്ന മുദ്രാവാക്യമുണ്ടായിരുന്നു. വിദ്യാർഥിയാരിരുന്നപ്പോൾ ഞാനും അതു  കേട്ടിട്ടുണ്ട്. ആരാണ് ആ മുദ്രാവാക്യം നൽകിയതെന്ന് എനിക്കറിയില്ല. അങ്ങനെ പറയുമ്പോൾ, ഇക്കാലത്ത് റെഡ് ബുക്ക് കൈവശം വച്ചാൽ രാജ്യവിരുദ്ധനെന്നു വിളിക്കപ്പെടും, കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ കൈവശംവച്ചാലും ലെനിൻ എന്നു പേരുണ്ടെങ്കിലും രാജ്യവിരുദ്ധരെന്നു വിളിക്കപ്പെടുന്ന കാലമാണ്. എന്തു ചെയ്യാം! ലെനിനെന്നും സ്റ്റാലിനെന്നും പേരുള്ള മക്കൾ നമുക്കുണ്ട്. എന്തെല്ലാം പുസ്തകങ്ങൾ കൈവശമുണ്ട്. അതിന്റെ പേരിൽ രാജ്യവിരുദ്ധരെന്നു വിളിക്കുന്നത് വലതുപക്ഷ പ്രചാരണമാണ്. 

∙ പ്രശ്നപരിഹാരത്തിന് റഷ്യ പരോക്ഷമായി ഇടപെടുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. 

റഷ്യയ്ക്ക് എത്രമാത്രം സഹായിക്കാനാവും? ഉഭയകക്ഷി വ്യാപാരം, ആയുധ വ്യാപാരം തുടങ്ങിയവയുടെ വിഷയമുണ്ട്. യുക്രെയിനിൽ പ്രശ്നമുണ്ട് – ചൈനയുമായി അവർക്ക് അതിർത്തിതർക്കമുണ്ട്. അതൊക്കെ കണക്കിലെടുക്കേണ്ടതുണ്ട്. പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ മോദി സർക്കാർ പരാജയപ്പെട്ടു എന്നു വിലയിരുത്തണം. ഇനി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായാൽ,നേപ്പാൾ നിഷ്പക്ഷ നിലപാടെടുത്തേക്കാം. ശ്രീലങ്കയും ഇന്ത്യയ്ക്കൊപ്പം ഉണ്ടായേക്കില്ല. പാക്കിസ്ഥാൻ ഇല്ലെന്നുറപ്പ്. ഭൂട്ടാൻ എന്തു ചെയ്യും?  ഇരുകൂട്ടരും പക്വമായ സമീപനം സ്വീകരിക്കണം, ചർച്ചയിലൂടെ പരിഹാരമുണ്ടാക്കണം. അതാണു വേണ്ടത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com