ADVERTISEMENT

ആടു മേയ്ക്കുന്നതിനിടെ ഇടയബാലന് ഒരു പളുങ്കുഗോളം കിട്ടി. കയ്യിലെടുത്ത ഉടൻ അതു സംസാരിച്ചു: ‘നിന്റെ എന്ത് ആഗ്രഹവും ഞാൻ സാധിച്ചുതരും.’ എന്തു ചോദിക്കണമെന്ന് അറിയാത്തതിനാൽ അവൻ ആ ഗോളം ആരും കാണാതെ സഞ്ചിയിൽ സൂക്ഷിച്ചു. പിറ്റേ ദിവസം ആരോ അതു മോഷ്ടിച്ചു. അപ്പോഴും ഗോളം അതേ കാര്യം സംസാരിച്ചു. ഗോളത്തിന്റെ ശക്തി ഉപയോഗിച്ച് ഗ്രാമത്തിലെ ആളുകൾ തങ്ങളുടെ ആഗ്രഹങ്ങൾ സാധിച്ചു. എല്ലായിടവും സ്വർണമയം, എല്ലാവർക്കും ആവശ്യത്തിലധികം സ്വത്ത്! ആളുകൾ പരസ്പരം മിണ്ടാൻപോലും മറന്നു. 

കളിസ്ഥലവും പൂന്തോട്ടങ്ങളും നഷ്ടപ്പെട്ട കുറച്ചു കുട്ടികൾ ആ ഗോളം കൈക്കലാക്കി ഇടയബാലന്റെ അടുത്തെത്തി പറഞ്ഞു: ‘ഞങ്ങളുടെ ഗ്രാമം പഴയതുപോലെ ആക്കണം. എന്നിട്ട് ഈ ബോൾ എറിഞ്ഞു കളയണം.’ ഇടയൻ തന്റെ ആഗ്രഹം പറഞ്ഞു: ‘ഗ്രാമം പഴയതുപോലെയാകണം.’ എല്ലാം പഴയപടിയായി. കുട്ടികൾ മൈതാനങ്ങളിൽ ഓടിക്കളിച്ചു.

എല്ലാ മാറ്റങ്ങളും ആശാസ്യവും അനിവാര്യവുമല്ല. പ്രത്യേകിച്ച്, വിയർപ്പൊഴുക്കാതെയും ആകസ്മികമായും ഉണ്ടാകുന്ന മാറ്റങ്ങൾ. തുടർപ്രക്രിയകളുടെ ഭാഗമായി ഉണ്ടാകുന്ന മാറ്റങ്ങളോട് ആളുകൾ സമരസപ്പെടുകയോ അല്ലെങ്കിൽ അവയെ അതിജീവിക്കുകയോ ചെയ്യും. പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്നറിയാതെ പലരും പിടഞ്ഞുവീഴും. 

പുറംമോടികളിലൊതുങ്ങുന്ന മാറ്റങ്ങളുടെ അകം പൊള്ളയായിരിക്കുമെന്നു മാത്രമല്ല, അവയ്ക്കു കാലത്തിനൊപ്പം സഞ്ചരിക്കാനുള്ള ശേഷിയുമുണ്ടാകില്ല. ഓരോ മാറ്റവും സൃഷ്ടിക്കുന്നതിനു മുൻപ് ചില ചോദ്യങ്ങൾ ഉയരണം: ഈ മാറ്റം എത്രപേർക്കു പ്രയോജനപ്പെടും; ഇതു മുന്നോട്ടുള്ള യാത്രയാണോ പിന്നോട്ടുള്ള യാത്രയാണോ; ഇതിന്റെ ഭവിഷ്യത്തുകൾ എന്തൊക്കെ; ഈ മാറ്റം ഉണ്ടായില്ലെങ്കിൽ എന്താണു നഷ്ടം...? 

സൃഷ്ടിക്കപ്പെടുന്ന ഓരോ മാറ്റവും ആ മാറ്റത്തിനു വിധേയരാക്കപ്പെടുന്ന ഏറ്റവും ബലഹീനർക്കുകൂടി അനുയോജ്യമാകണം. എല്ലാവരെയും തൃപ്തിപ്പെടുത്തി മാറ്റങ്ങൾ വരുത്താൻ കഴിയില്ല. പക്ഷേ, ആരെയും ഉപദ്രവിക്കാതെ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയും.

English Summary: Subhadhinam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com