ADVERTISEMENT

ഇന്ത്യ – ചൈന ബന്ധം കൂടുതൽ കലുഷമാവുകയാണ്. സൈനികരംഗത്ത് പുതിയ ആയുധങ്ങൾ വേഗത്തിലെത്തിക്കാൻ യുഎസും മറ്റു പാശ്ചാത്യ രാജ്യങ്ങളും മുന്നോട്ടുവരുന്നു. ഫ്രാൻസിൽനിന്നു റഫാൽ യുദ്ധവിമാനങ്ങൾ അതിവേഗം എത്തുമെന്നും സൂചനകളുണ്ട്. വ്യാപാരരംഗത്തും സംഘർഷം വർധിക്കുന്നു. രാജ്യതാൽപര്യങ്ങൾക്കും സുരക്ഷയ്ക്കും ഭീഷണിയാണെന്ന വിലയിരുത്തലിൽ 59 ചൈനീസ് ആപ്പുകൾ ഇന്ത്യ നിരോധിച്ചിരിക്കുന്നു. ഇരുരാജ്യങ്ങളും ശക്തമായ നിലപാടിലേക്കാണു നീങ്ങുന്നത്.  

മനുഷ്യവംശത്തിനു തന്നെ ഭീഷണിയുയർത്തുന്ന, അതിർത്തികളില്ലാത്ത ഒരു മഹാമാരിയുടെ നടുവിൽ നിൽക്കെ മനുഷ്യൻ നിർമിച്ച അതിർത്തികൾക്കു വേണ്ടി പോരാടാൻ കച്ചകെട്ടി ഇറങ്ങുന്ന ഏതു രാജ്യവും നികൃഷ്ടം തന്നെയാണ്. മാനുഷിക മൂല്യങ്ങൾക്കോ മനുഷ്യജീവിതത്തിനു തന്നെയോ വിലകൽപിക്കാത്ത ഒരു രാജ്യമായി ചൈന മാറിയിരിക്കുന്നത് ഒരു പുരാതന സംസ്കാരത്തെ അധിക്ഷേപിക്കുന്ന തരത്തിലാണ്. കോവിഡ് മഹാമാരി ഉണ്ടായപ്പോൾ ലോകം ആഗ്രഹിച്ചതും പ്രതീക്ഷിച്ചതും എല്ലാ യുദ്ധങ്ങളും അവസാനിപ്പിച്ച് ലോകം ഒരുമിച്ചു പ്രവർത്തിക്കും എന്നായിരുന്നു. എന്നാൽ, ആ രോഗത്തിന് ഉത്തരവാദിയെന്നു കരുതപ്പെടുന്ന ചൈന യുദ്ധത്തിനു പുറപ്പെടുന്നത് ദുരന്തം തന്നെയാണ്.

കോവിഡിനു ശേഷമുള്ള ലോകത്തിനു നേതൃത്വം നൽകാനുള്ള ശ്രമമായാലും യുഎസിനെ മറികടക്കാനുള്ള വ്യഗ്രതയായാലും എതിർത്തവരോടു പ്രതികാരം ചെയ്യാനായാലും ചൈനയുടെ ഇന്നത്തെ പ്രവൃത്തികൾ ഒരിക്കലും ന്യായീകരിക്കാവുന്നതല്ല. ഇന്ത്യൻ അതിർത്തിയിൽ മാത്രമല്ല, തയ്‌വാനിലും ഹോങ്കോങ്ങിലും ദക്ഷിണ ചൈനാ സമുദ്രത്തിലും മറ്റും അവർ അഴിച്ചുവിട്ടിരിക്കുന്ന അക്രമം അപലപിക്കപ്പെടേണ്ടതു തന്നെയാണ്.

‘ഇന്ത്യയെ ഒരു പാഠം പഠിപ്പിക്കുക’ എന്നത് 1962ൽ തീരുമാനിച്ചുറച്ച ഒരു നയമായിരുന്നു. ഇന്ത്യ ഏഷ്യയുടെ നേതൃത്വം കയ്യാളുമെന്ന ഭയമായിരുന്നു ഇതിനു കാരണം. എന്നാലിന്ന് നമുക്കു മനസ്സിലാകുന്നത് അവർക്ക് അവരുടെ അതിർത്തികൾ വികസിപ്പിക്കാനുള്ള ആഗ്രഹവും ഉണ്ടെന്നാണ്. ചരിത്രപരമായ തെളിവുകളെ നിരാകരിച്ചുകൊണ്ട് ഒരു പുതിയ അതിർത്തി സ്ഥാപിക്കാനാണു ചൈന ശ്രമിക്കുന്നത്. 1962ലെ യുദ്ധത്തിനു ശേഷം ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ (എൽഎസി) എന്ന ആശയം ചൈനയാണു സൃഷ്ടിച്ചത്.

സമാധാനവും ശാന്തിയും നിലനിർത്താൻ വേണ്ടി 1993ൽ അതിനെ അംഗീകരിച്ചപ്പോൾ ഇന്ത്യ പ്രതീക്ഷിച്ചത് പുതിയ അതിർത്തി വരുന്നതുവരെ എൽഎസി നിലനിർത്തുമെന്നായിരുന്നു. എന്നാൽ, 1967ലും 2013ലും 2017ലും സംഘർഷങ്ങളുണ്ടാക്കി നമ്മുടെ ഭൂമി കൈക്കലാക്കുകയും അതിർത്തി ചർച്ചകൾ തുടരുകയും ചെയ്യുന്ന രീതിയാണു ചൈന സ്വീകരിച്ചത്. 45 വർഷം അതിർത്തിയിൽ വെടിയുതിർക്കപ്പെട്ടില്ലെങ്കിലും സംഘർഷം തുടർന്നുകൊണ്ടേയിരുന്നു.

ഇക്കഴിഞ്ഞ മാർച്ചിൽ ചൈനീസ് സൈന്യം പടയൊരുക്കം തുടങ്ങിയത് ഇതുവരെ സമാധാനം പുലർത്തിയിരുന്ന ചില മേഖലകളിലായിരുന്നു. പക്ഷേ, ആദ്യം മുതൽതന്നെ പ്രശ്നം സമാധാനപരമായി തീർക്കാമെന്ന സന്ദേശമാണു നമുക്കു ലഭിച്ചത്. ജൂൺ 6ന് സൈനിക കമാൻഡർതല ചർച്ചയിലെടുത്ത തീരുമാനം ചൈന ലംഘിച്ചു. 15ലെ ഏറ്റുമുട്ടലിനു ശേഷം, 22ന് വീണ്ടും ചർച്ച നടത്തി പിന്മാറാൻ തീരുമാനിച്ചെങ്കിലും ഇതുവരെ അവരതു നടപ്പാക്കിയിട്ടില്ല. പകരം, ഗൽവാൻ താഴ്‌വരയും സമീപ പ്രദേശങ്ങളും അവരുടേതാണെന്ന് അവകാശപ്പെടുകയാണു ചെയ്യുന്നത്.

ചൈനയുടെ ഇന്നത്തെ നിലപാട് ഇതുവരെ ഉണ്ടായിട്ടുള്ള സമവായങ്ങളുടെ നഗ്നമായ നിരാകരണമാണ്. പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കാലത്താണ് അതിർത്തിപ്രശ്നം മാറ്റിവച്ച്, മറ്റു തലങ്ങളിൽ സഹകരണത്തോടെ മുന്നോട്ടു പോകണമെന്ന തീരുമാനം ഉണ്ടായത്. അതനുസരിച്ചു ചൈന അവരുടെ വ്യാപാരം വർധിപ്പിക്കുകയും ഇന്ത്യയുടെ സഹകരണത്തോടെ ബ്രിക്സ്, ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷൻ മുതലായ സംവിധാനങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്തു. ഇന്ത്യ യുഎസിനോട് അടുക്കുന്നതിൽ രോഷംകൊണ്ട ചൈനയെ അനുനയിപ്പിക്കാനായി വുഹാൻ, ചെന്നൈ (മഹാബലിപുരം) ഉച്ചകോടികളിലൂടെ ഇന്ത്യ ശ്രമിച്ചു. അന്യോന്യം സഹകരിച്ചു. അതെല്ലാം മറന്നുകൊണ്ടാണ് ചൈന ഇന്നു യുദ്ധത്തിനു തയാറെടുക്കുന്നത്.

അതിർത്തിപ്രശ്നം പരിഹരിക്കാൻ തയാറാകാത്ത സ്ഥിതിയിൽ സംഘർഷം അനിവാര്യമാണ്. അതിനുള്ള സൈനിക ശക്തിയും സാമ്പത്തികശക്തിയും നേടുകയും ശക്തിയുള്ള രാജ്യങ്ങളുടെ പിന്തുണ നേടിയെടുക്കുകയുമാണ് നമുക്കു ചെയ്യാനാകുക. അതിനാലാണ് നമ്മുടെ അംബാസഡർ വിക്രം മിസ്രി, ‘ശക്തി ഉപയോഗിച്ച് അതിർത്തിയിലെ സ്ഥിതി മാറ്റാനുള്ള ശ്രമത്തിനു തിരിച്ചടി ഉണ്ടാകും’ എന്നു പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയുടെ ഏറ്റവും പുതിയ പ്രഖ്യാപനവും വ്യത്യസ്തമല്ല. സൗഹൃദം പുലർത്താനും അതുപോലെ തന്നെ ആവശ്യം വന്നാൽ ശക്തമായി തിരിച്ചടിക്കാനും ഇന്ത്യക്കു കഴിയുമെന്ന് അദ്ദേഹം പറയുകയുണ്ടായി.

ചൈനയോടുള്ള നയം മാറ്റണമെന്ന ആവശ്യം രാജ്യത്താകെ അലയടിക്കുകയാണ്. അതേസമയം, ഇന്ത്യയും ചൈനയുമായുള്ള സാമ്പത്തികവും സൈനികവുമായ അസമത്വവും കണക്കിലെടുക്കേണ്ടതുണ്ട്. ചൈനയെ ഒരു എതിരാളിയായിത്തന്നെ കണക്കാക്കി സഹകരണം കുറയ്ക്കുകയും വ്യാപാരരീതി മാറ്റുകയും സുഹൃദ് രാജ്യങ്ങളോടുള്ള ബന്ധം ശക്തിപ്പെടുത്തുകയുമാണു ചെയ്യേണ്ടത്. കോവിഡിനു ശേഷമുള്ള ലോകത്ത് ചൈന ആധിപത്യം സ്ഥാപിക്കാതിരിക്കാൻ യുഎസ്, റഷ്യ, ജപ്പാൻ, ഓസ്ട്രേലിയ മുതലായ രാജ്യങ്ങളുമായി സഖ്യമുണ്ടാക്കേണ്ട സമയമായിരിക്കുന്നു.

(വിവിധ രാജ്യങ്ങളിൽ ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയായിരുന്നു ലേഖകൻ)

English Summary: India needs new policy to tackle China challenge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com