ADVERTISEMENT

നടിയും നർത്തകിയുമായ താര കല്യാണിനെ ടിക്ടോക്കിൽ പിന്തുടരുന്നത് 5 ലക്ഷം പേർ, മകളും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷിന്റെ ആരാധകർ 15 ലക്ഷം, മരുമകൻ അർജുന്റെ ഫോളോവേഴ്സ് 20,000...താര കല്യാണിന്റെ അമ്മയും നടിയുമായ സുബ്ബലക്ഷ്മിക്കും ടിക്ടോക്കിൽ ഫാൻസ് ഏറെ. കുടുംബത്തിന്റെ ആകെ ടിക്ടോക് വ്യൂവർഷിപ് 20 ലക്ഷത്തിലധികം. ടിക്ടോക് നിരോധിക്കാനുള്ള തീരുമാനംവന്ന് മണിക്കൂറുകൾക്കുള്ളിൽ സൗഭാഗ്യയടക്കം ടിക്ടോക്കിനോട് ബൈ പറഞ്ഞത് ഇങ്ങനെ...

ഒറ്റരാത്രി കൊണ്ടു ഗുഡ്ബൈ പറഞ്ഞത് എന്റെ ഏറ്റവും പ്രിയപ്പെട്ട 15 ലക്ഷം ഫോളോവേഴ്സിനോടാണ്. അതിന് ഏറെനേരമൊന്നും ചിന്തിക്കേണ്ടി വന്നില്ല. ടിക്ടോക് പോയെന്നുവച്ച് ലോകാവസാനം ഒന്നുമല്ലല്ലോ. അമ്മയുടെ അക്കൗണ്ട് 5 ലക്ഷം പേർ പിന്തുടരുന്നുണ്ട്. ഭർത്താവ് അർജുന്റെ പുതിയ അക്കൗണ്ടിൽ 20,000ൽ അധികം പേരും. ചുരുക്കത്തിൽ ഞങ്ങളുടെ ഫാമിലിയുടെ ആകെ വ്യൂവർഷിപ് ഏകദേശം 20.2 ലക്ഷത്തിനടുത്തു വരും. തിങ്കളാഴ്ച വൈകിട്ട് സർക്കാർ തീരുമാനം വന്നയുടൻ എന്റെ അക്കൗണ്ട് നീക്കം ചെയ്യാൻ തീരുമാനിച്ചു. ഡിലീറ്റ് ചെയ്യുന്നതിനിടെ ടിക്ടോക് ഒരാവർത്തികൂടി ഉറപ്പാണോയെന്നു ചോദിച്ചു – ‘You are about to delete account sowbhagyavenkites. Continue?’. കണ്ണുമടച്ച് ഡിലീറ്റ് കൊടുത്തു.

അതിന്റെ സ്ക്രീൻഷോട്ട് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചാണ് ടിക്ടോക്കിനോടു ഗുഡ്ബൈ ചൊല്ലിയത്. പലരും ചോദിച്ചു, ടിക്ടോക് നിരോധനം തളർത്തിയോ എന്ന്? ഒരിക്കലുമില്ല. ടിക്ടോക് ആപ്പിനാണു നിരോധനം, കലാകാരന്മാർക്കല്ല. വല്ലഭനു പുല്ലുമായുധം എന്നു പറയുംപോലെ നല്ല കലാകാരന്മാർ ഏതു പ്ലാറ്റ്ഫോമിലും ശോഭിക്കും.‌ ആപ് നിരോധിക്കാനുള്ള സർക്കാർ തീരുമാനത്തിനു പൂർണ പിന്തുണ. ഇതു നല്ലൊരു പ്രതിഷേധമല്ലേ?

ഇത്രയും ഫോളോവേഴ്സ് ഉള്ളതിനാൽ ടിക്ടോക് വഴി പലതരം ബ്രാൻഡ് പ്രമോഷൻ ചെയ്യുന്നുണ്ടായിരുന്നു. ഓൺലൈനിൽനിന്നു ലഭിച്ചിരുന്ന വലിയൊരു വരുമാനം ഇതോടെ ഇല്ലാതാകുമെന്നും അറിയാം. എങ്കിലും സാരമില്ല, രാജ്യമല്ലേ വലുത്. ഒരു സൈനിങ് ഓഫ് ‘സെന്റി മൂഡ്’ വിഡിയോ ഇടാൻ പോലും തോന്നിയില്ലെന്നതാണു സത്യം.

tiktok-tara-kalyan
താര കല്യാൺ, മരുമകൻ അർജുൻ, മകൾ സൗഭാഗ്യ, അമ്മ സുബ്ബലക്ഷ്മി

ടിക്ടോക് എന്ന വൻമരം വീഴുമ്പോൾ ഇനിയാര് എന്നതാണു ചോദ്യമെങ്കിൽ എന്റെയുത്തരം ഇൻസ്റ്റഗ്രാം എന്നാണ്. അമ്മയെ ടിക്ടോക്കിലേക്കു നിർബന്ധിച്ചാണു കൊണ്ടുവന്നത്. ആദ്യമൊക്കെ ചമ്മല്ലായിരുന്നു. പിന്നീട് എല്ലാം സെറ്റായി. ഞങ്ങൾ ഒരുമിച്ചു ചെയ്ത ഒരു നൃത്ത വിഡിയോ ഗ്ലോബൽ ഫീച്ചർ ലിസ്റ്റിലൂടെ വൈറലായി. 

അമ്മ ടിക്ടോക് പഠിച്ചതോടെ ഞാനുപയോഗിച്ച അതേ ടെക്നിക് അമ്മ അമ്മൂമ്മയുടെ അടുത്ത് പ്രയോഗിച്ചു. പതിയെപ്പതിയെ അമ്മൂമ്മയെയും ടിക്ടോക്കിന്റെ വഴിക്കാക്കി. ഞാൻ അമ്മയെവച്ചു ഷൂട്ട് ചെയ്യുന്നതുപോലെ അമ്മ അമ്മൂമ്മയെ വച്ചു ഷൂട്ട് ചെയ്യാൻ തുടങ്ങി. അമ്മൂമ്മയുടെ വിഡിയോകളിൽ ശിവാജി ഗണേശന്റെ കാലത്തെ പാട്ടുകളാണെങ്കിൽ, അമ്മയുടെ വിഡിയോകളിൽ കമൽഹാസന്റേതായിരുന്നു. ജനറേഷൻ ഗ്യാപ് ഇങ്ങനെയൊക്കെയല്ലേ? അമ്മൂമ്മയ്ക്കും ടിക്ടോക് അക്കൗണ്ട് ഉണ്ടെങ്കിലും അത്ര സജീവമല്ലെന്നു മാത്രം.

ഓരോ വിഡിയോയ്ക്കു പിന്നിലും ചെറുതല്ലാത്ത അധ്വാനമുണ്ട്. നീണ്ട സിനിമാ ഡയലോഗുകളാണെങ്കിൽ കുത്തിയിരുന്ന് കാണാതെ പഠിക്കണം. ഡയലോഗുകൾക്കിടയിലെ നിർത്തലുകൾ ഓർത്തിരിക്കണം. ഭാവം, ആംഗ്യം എല്ലാം കൃത്യമായിരിക്കണം. ഇതു പഠിച്ചാൽ ഫ്ലോ ആയിക്കോളും. ക്യാമറ വ്യത്യസ്ത രീതിയിൽ ചലിപ്പിച്ച് ചാലഞ്ചിങ് വിഡിയോകൾ എടുക്കുന്നതാണ് ഇഷ്ടം. ഒരു മില്യൻ വ്യൂവർഷിപ് വന്ന വിഡിയോകളൊക്കെ അങ്ങനെ ചെയ്തതാണ്. ക്യാമറ കൈകൊണ്ടു ചലിപ്പിച്ച് പതിയെ മേശയിലെ പുസ്തകങ്ങൾക്കു മുകളിൽ പ്രത്യേക രീതിയിൽ വച്ചൊക്കെയാണ് ഷൂട്ടിങ്.

ഈയിടെയായി ടിക്ടോക്കിൽ അൽപം ‘ഗുണ്ടായിസ’മൊക്കെ ചിലർ തുടങ്ങിയിരുന്നു. കുറെയാളുകൾ സംഘം ചേർന്ന് ചിലരുടെ അക്കൗണ്ട് റിപ്പോർട്ട് ചെയ്തു പൂട്ടിക്കുക, വ്യക്തിപരമായി അധിക്ഷേപിക്കുക... എത്രത്തോളം നെഗറ്റീവ് ആകാമോ അത്രത്തോളം നെഗറ്റീവ് ആയിട്ടായിരുന്നു കമന്റുകളേറെയും. എന്റെ കല്യാണം കഴിഞ്ഞപ്പോൾ ഏറെപ്പേർ ചോദിച്ചത് ‘ഡിവോഴ്സ് ഉടനെയുണ്ടോ?’ എന്നായിരുന്നു. കുറെ നാളായി ആകെയൊരു ശ്വാസംമുട്ടലായിരുന്നു.

ടിക്ടോക് വിഡിയോകളെ വിമർശിക്കുന്ന റോസ്റ്റിങ് വിഡിയോകൾ യുട്യൂബിൽ ചർച്ചയായപ്പോഴും ഞങ്ങളൊരു പക്ഷത്തിന്റെയും ഭാഗമായില്ല.

എന്തൊക്കെ പറഞ്ഞാലും മലയാളികൾ ഇത്ര ക്രിയേറ്റീവ് ആയ മറ്റൊരു പ്ലാറ്റ്ഫോമില്ലെന്നുറപ്പ്. ഇപ്പോഴും ആപ്പിന്റെ വിവരണത്തിൽ അതൊരു ലിപ് സിങ്കിങ് സേവനം മാത്രമാണ്. പക്ഷേ വിദ്യാഭ്യാസം, കല, അഭിപ്രായ പ്രകടനം അങ്ങനെ എന്തെല്ലാം കിടിലം കാര്യങ്ങൾക്കാണ് മലയാളി ഇത് ഉപയോഗിച്ചതെന്ന് ഓർത്തുനോക്കൂ. ആപ് ഡിലീറ്റ് ചെയ്യുമ്പോൾ ഇതുവരെ എടുത്ത ഒരു വിഡിയോ പോലും ഡൗൺലോഡ് ചെയ്തുവച്ചില്ല. സാരമില്ല, എല്ലാം പോട്ടെ.

കുറച്ചുകാലമെങ്കിലും ജീവിതത്തിന്റെ ഭാഗമായിരുന്ന ടിക്ടോക്കിനു വിട...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com