രാഷ്ട്രീയം പറയും ബംഗ്ലാവുകൾ

priyanka-adwani-joshi
പ്രിയങ്ക ഗാന്ധി, അഡ്വാനി, മുരളീമനോഹർ ജോഷി
SHARE

55 വർഷം ഭരിച്ച കക്ഷിയെന്ന നിലയിൽ രാജ്യതലസ്ഥാനത്തു കോൺഗ്രസ് നേതൃത്വം  സ്വായത്തമാക്കിയ ഇടങ്ങൾ ചുരുക്കുകയാണ് ബിജെപി. കോൺഗ്രസാകട്ടെ, ഇതു  നിയമയുദ്ധത്തിലൂടെ  നിലനിർത്താനുള്ള പരിശ്രമത്തിലും...

സർക്കാർ ബംഗ്ലാവിൽനിന്നു പ്രിയങ്ക ഗാന്ധിയെ ഒഴിപ്പിച്ച കേന്ദ്രസർക്കാർ നടപടി പകപോക്കലാണെന്നാണു കോൺഗ്രസിന്റെ ആരോപണം. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കുടുംബാംഗങ്ങൾ എന്ന നിലയിൽ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്കു സ്പെഷൽ പ്രൊട്ടക്‌ഷൻ ഗ്രൂപ്പിന്റെ (എസ്‌പിജി) സംരക്ഷണം ലഭിച്ചിരുന്നതു മൂലമാണ് ഡൽഹിയിലെ ലോധി എസ്റ്റേറ്റിൽ വസതി അനുവദിച്ചിരുന്നതെന്നാണു സർക്കാർ വാദം. എസ്‌പിജി കാവൽ സെഡ് പ്ലസ് കാറ്റഗറിയായി തരംതാഴ്ത്തിയതോടെ പ്രിയങ്കയ്ക്കും കുടുംബത്തിനും സർക്കാർ സംരക്ഷണമുള്ള വസതിക്കുള്ള അവകാശവും അവസാനിച്ചു.

ഒഴിപ്പിക്കൽ നോട്ടിസ് കിട്ടിയതോടെ ഡൽഹിയിലെ മെഹ്റോളി മേഖലയിലെ കുടുംബവക ഫാം ഹൗസിലേക്കോ ലക്നൗവിൽ മുൻപ് ഷീലാ കൗൾ താമസിച്ചിരുന്ന ബംഗ്ലാവിലേക്കോ മാറാൻ ഒരുങ്ങുകയാണ് യുപിയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായ പ്രിയങ്ക. അമ്മ സോണിയയുടെ മണ്ഡലമായ യുപിയിലെ റായ്ബറേലിയിലും സഹോദരൻ രാഹുൽ ഗാന്ധിയുടെ മുൻ മണ്ഡലമായ അമേഠിയിലും പാർട്ടിക്കാര്യങ്ങൾ നോക്കുന്നതു പ്രിയങ്കയാണ്. ലക്നൗവിൽനിന്നാണെങ്കിൽ രണ്ടും അധികം അകലെയല്ല താനും.

ലോക്സഭാംഗങ്ങളായതിനാൽ സോണിയയുടെയും രാഹുലിന്റെയും ബംഗ്ലാവുകൾ ഒഴിയേണ്ടതില്ല. സോണിയയ്ക്ക് മുൻ പ്രധാനമന്ത്രിയുടെ ഭാര്യ എന്ന നിലയിലും ദേശീയ പാർട്ടിയുടെ അധ്യക്ഷ എന്ന നിലയിലും സർക്കാർ ബംഗ്ലാവിന് അവകാശമുണ്ട്.

2019 മേയിൽ ലോക്സഭാംഗങ്ങൾ അല്ലാതായിട്ടും ബിജെപി നേതാക്കളായ എൽ.കെ.അഡ്വാനിയും മുരളീമനോഹർ ജോഷിയും സർക്കാർ ബംഗ്ലാവിൽത്തന്നെ താമസം തുടരുന്നതിനെ കോൺഗ്രസ് ചോദ്യം ചെയ്തിട്ടുണ്ട്. എന്നാൽ, മുൻ ഉപപ്രധാനമന്ത്രി എന്ന നിലയിൽ എൽ.കെ.അഡ്വാനിക്ക് ആജീവനാന്തം സർക്കാർ വസതിയിൽ താമസിക്കാൻ അവകാശമുണ്ടെന്നു സർക്കാർ വ്യക്തമാക്കുന്നു. ചികിത്സയിലായതിനാൽ ജോഷിക്ക് ഒരുവർഷം സർക്കാർ വസതിയിൽ താമസിക്കാനുള്ള അനുമതി നീട്ടി നൽകിയതാണ്.

എംപിയോ സർക്കാർ ഉദ്യോഗസ്ഥനോ അല്ലാത്ത ഒരാൾക്കു ഡൽഹി ലുട്യൻസിൽ ബംഗ്ലാവ് അനുവദിച്ചിട്ടുള്ളത് യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷൻ എം.എസ്. ബിട്ടയ്ക്കാണ്. അദ്ദേഹത്തിനെതിരെ ആറിലേറെ വധശ്രമങ്ങളുണ്ടായതു പരിഗണിച്ചാണിത്. മുൻ കേന്ദ്രമന്ത്രി അർജുൻ സിങ്, പഞ്ചാബ് മുൻ ഡിജിപി കെ.പി.എസ്.ഗിൽ എന്നിവർക്കും സുരക്ഷാകാരണങ്ങളാൽ സർക്കാർ വസതികൾ അനുവദിച്ചിരുന്നു.

ഗാന്ധികുടുംബത്തിനു ‘ബംഗ്ലാവ് സംസ്കാരമാണെ’ന്നാണു ബിജെപിയുടെ ദീർഘകാലമായുള്ള ആക്ഷേപം. തലസ്ഥാനത്തു സർക്കാരിന്റെ നൂറിലേറെ ഏക്കർ കണ്ണായ ഭൂമി ഗാന്ധികുടുംബാംഗങ്ങളും സംഘടനകളും കയ്യടക്കിവച്ചിരിക്കുന്നുവെന്നാണ് ആരോപണം. ഗാന്ധികുടുംബം നിയന്ത്രിക്കുന്ന വിവിധ സംഘടനകൾക്കു വിട്ടുകൊടുത്ത ഭൂമി തിരിച്ചുപിടിക്കാനുള്ള രാഷ്ട്രീയവും നിയമപരവുമായ മാർഗങ്ങളിലാണു മുതിർന്ന ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി. സർക്കാർ വസതികൾ തിരിച്ചുപിടിക്കാൻ നഗരവികസന മന്ത്രാലയത്തിനുമേൽ ശക്തമായ സമ്മർദവുമുണ്ട്.

താമസിക്കാൻ അനുവദിച്ചത് ഒഴികെ മറ്റെല്ലാ ബംഗ്ലാവുകളും പൊതു ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്നാണു കോൺഗ്രസിന്റെ വാദം. ദേശീയകക്ഷിയായതിനാലാണു കോൺഗ്രസിനു മൂന്നു ബംഗ്ലാവുകൾ അനുവദിച്ചിട്ടുള്ളത്. ഈ സൗകര്യം ബിജെപി അടക്കമുള്ള മറ്റു ദേശീയ, പ്രാദേശിക പാർട്ടികൾക്കും നൽകിയിട്ടുണ്ട്. അക്ബർ റോഡിലെ രണ്ടു ബംഗ്ലാവുകൾ കോൺഗ്രസ് പാർട്ടിക്കും കോൺഗ്രസ് സേവാദളിനുമാണ്; പാർലമെന്റ് ഹൗസിനു സമീപമുള്ള മൂന്നാമത്തെ ബംഗ്ലാവ് യൂത്ത് കോൺഗ്രസിനും.

ഇവയുടെ ഒഴിപ്പിക്കൽ നോട്ടിസിനെതിരെ കേസ് നടക്കുന്നുണ്ട്. കൗതുകം എന്തെന്നാൽ, പാർട്ടി ആസ്ഥാനം മറ്റൊരിടത്താണെങ്കിലും അശോക റോഡിലെ ബംഗ്ലാവ് ബിജെപിയും ഒഴിഞ്ഞിട്ടില്ല. പാർട്ടിയുടെ വളർച്ചയുടെ കാലത്തു ലഭിച്ച ഈ ബംഗ്ലാവ് വലിയ ഭാഗ്യസൂചകമായാണു ബിജെപി കാണുന്നത്. അതിനാൽ മുൻ പ്രധാനമന്ത്രിയും സ്ഥാപക പ്രസിഡന്റുമായ അടൽ ബിഹാരി വാജ്പേയിയുടെ പേരിലുള്ള പഠനകേന്ദ്രമായി അതു മാറ്റാനാണ് അവർക്കു താൽപര്യം.

ഇന്ദിരാ ഗാന്ധി നാഷനൽ സെന്റർ ഫോർ ആർട്സിന്റെയും (ഐജിഎൻസിഎ) നെഹ്റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറിയുടെയും നിയന്ത്രണം സോണിയ ഗാന്ധിയിൽനിന്ന് എടുത്തുമാറ്റിയതാണ്. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്താണ് ഇന്ദിരാ ഗാന്ധി നാഷനൽ സെന്ററിനു വിശാലമായ സൗകര്യങ്ങളുള്ള മൂന്നു ബംഗ്ലാവുകൾ അനുവദിച്ചത്. നെഹ്റു മെമ്മോറിയൽ മ്യൂസിയം സ്ഥിതി ചെയ്യുന്നതാകട്ടെ, ആദ്യ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ തീൻമൂർത്തി ഭവനിലും.

ഐജിഎൻസിഎയുടെ ചെയർമാനും മെംബർ സെക്രട്ടറിയും സംഘ് പരിവാർ അനുഭാവികളാണ്. നരേന്ദ്ര മോദി അധികാരത്തിലേറിയതു മുതൽ നെഹ്റു മെമ്മോറിയൽ മ്യൂസിയത്തിന്റെ ഡയറക്ടർമാർ സർക്കാർ നോമിനികളാണ്. കോൺഗ്രസ് പാർട്ടിക്ക് അനുവദിച്ചിട്ടുള്ള സ്ഥലത്തു പ്രവർത്തിക്കുന്ന രാജീവ് ഗാന്ധി ഫൗണ്ടേഷനു ചൈനയിൽനിന്നു സാമ്പത്തിക സഹായം ലഭിച്ചിരുന്നുവെന്ന് ബിജെപി അധ്യക്ഷൻ ജെ. പി.നഡ്ഡ ആരോപിച്ചതിനു പിന്നാലെ, പ്രിയങ്കയുടെ നിയന്ത്രണത്തിലുള്ള ജവാഹർ ഭവന് അനുവദിച്ച സ്ഥലവും തിരിച്ചെടുക്കാൻ ആവശ്യമുയർന്നിട്ടുണ്ട്.

സഫ്ദർജങ്ങിലെയും അക്ബർ റോഡിലെയും രണ്ടു ബംഗ്ലാവുകളിലാണ് ഇന്ദിരാ ഗാന്ധി മെമ്മോറിയൽ ട്രസ്റ്റ് പ്രവർത്തിക്കുന്നത്. പ്രധാനമന്ത്രിയായിരിക്കെ ഇന്ദിരയുടെ ഓഫിസും വസതിയും ഇവിടെയായിരുന്നു. വീട്ടിൽനിന്ന് ഓഫിസിലേക്കു നടക്കുമ്പോഴാണ് അവർ വധിക്കപ്പെട്ടത്. രാജീവ് ഗാന്ധിയും ഇന്ദിരാ ഗാന്ധിയും ഉപയോഗിച്ചിരുന്ന വസ്തുക്കളടക്കം ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ട്രസ്റ്റിന്റെ അധ്യക്ഷ സോണിയ ഗാന്ധിയാണ്. സർക്കാരിൽനിന്നുള്ള ഫണ്ട് ഉപയോഗിച്ചല്ല പ്രവർത്തനം.

തീൻമൂർത്തി ഭവനിലെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന നെഹ്റു മെമ്മോറിയൽ ട്രസ്റ്റിന്റെ അധ്യക്ഷയും സോണിയയാണ്. നെഹ്റുവിന്റെ കൃതികൾ പ്രചരിപ്പിക്കുന്ന ട്രസ്റ്റിനെ തീൻമൂർത്തി ഭവനിൽനിന്ന് ഒഴിപ്പിക്കാനും കേസ് നടക്കുന്നുണ്ട്. ലുട്യൻസ് ഡൽഹിക്കു സമീപം സ്ഥിതി ചെയ്യുന്ന നാഷനൽ ഹെറൾഡ് കെട്ടിടം തിരിച്ചുപിടിക്കാനുള്ള നഗരവികസന മന്ത്രാലയത്തിന്റെ തീരുമാനവും സുപ്രീം കോടതിക്കു മുൻപാകെയാണ്. ജവാഹർലാൽ നെഹ്റു സ്ഥാപിച്ച ദിനപത്രം, സർക്കാർ ചട്ടങ്ങൾ ലംഘിച്ചു പ്രവ‍ർത്തിച്ചെന്നാണു മന്ത്രാലയത്തിന്റെ ആരോപണം.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന ദിനപത്രം കോൺഗ്രസ് പാർട്ടിയിൽനിന്നു വായ്പ സ്വീകരിച്ചിരുന്നു. ഇതു ധനകാര്യ നിയമലംഘനമാണെന്നാരോപിച്ചു സുബ്രഹ്മണ്യം സ്വാമി നൽകിയ കേസിൽ സോണിയ, രാഹുൽ എന്നിവരടക്കം പ്രതികളാണ്. മുംബൈയിലും പഞ്ച്കുളയിലും യഥാക്രമം മഹാരാഷ്ട്ര, ഹരിയാന ബിജെപി സർക്കാരുകൾ, നാഷനൽ ഹെറൾഡിന് ഭൂമി അനുവദിച്ച തീരുമാനം റദ്ദാക്കിയിരുന്നു. ഇതു സംബന്ധിച്ചും കേസുകൾ നടക്കുന്നു.

55 വർഷം ഭരിച്ച കക്ഷിയെന്ന നിലയിൽ രാജ്യതലസ്ഥാനത്തു കോൺഗ്രസ് നേതൃത്വം സ്വായത്തമാക്കിയ ഇടങ്ങൾ ചുരുക്കുകയാണ് ബിജെപി ചെയ്യുന്നത്. കോൺഗ്രസാകട്ടെ, ഇതു നിയമയുദ്ധത്തിലൂടെ നിലനിർത്താനുള്ള പരിശ്രമത്തിലും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA