പ്രാർഥനകളും ചിന്തകളും

subhadhinam
SHARE

പട്ടണത്തിൽ തീപിടിത്തമുണ്ടായി എന്നു കേട്ടാണ് ആ കച്ചവടക്കാരൻ ഓടിയെത്തിയത്. അപ്പോഴതാ, തന്റെ കട ഒഴികെയുള്ളവയെല്ലാം കത്തുന്നു. അയാൾ ദൈവത്തിനു നന്ദി പറഞ്ഞു: അങ്ങ് എത്ര നല്ലവനാണ്. മറ്റെല്ലാ കടയും നശിച്ചപ്പോഴും എന്റെ കട മാത്രം സംരക്ഷിച്ചല്ലോ!

ഇടുങ്ങിയ ചിന്താഗതിയും സ്വാർഥ മനോഭാവവും ഈശ്വരനിൽ ആരോപിക്കരുത്. സ്വന്തം കാര്യങ്ങളുടെ നടത്തിപ്പുകാരനായി മാത്രം ചിത്രീകരിക്കുകയും സമീപിക്കുകയും ചെയ്യുമ്പോഴാണ് ഈശ്വരൻ അകന്നുപോകുന്നത്.ഇഷ്ടദാനങ്ങളുടെ വിതരണക്കാരനായും സമ്പാദ്യങ്ങളുടെ സംരക്ഷകനായും മാത്രം ഈശ്വരനെ വ്യാഖ്യാനിക്കുന്നതു ശരിയല്ല.

ഈശ്വരൻ ആരുടെ സംരക്ഷണമാണ് ഏറ്റെടുക്കേണ്ടത് – വിത്തു വിതച്ചിരിക്കുന്നതുകൊണ്ട് മഴ പെയ്യണമെന്നു പ്രാർഥിക്കുന്നയാളുടെയോ, വീടു ചോരുന്നതുകൊണ്ട് മഴ പെയ്യരുതെന്നു പ്രാർഥിക്കുന്ന അയൽക്കാരന്റെയോ? ഒരേ മഴ അനുഗ്രഹമായും ശാപമായും വ്യാഖ്യാനിക്കുന്നവർക്ക് ഈശ്വരൻ എന്തു മറുപടിയാണു നൽകേണ്ടത്? ചിലരെ പരിപാലിക്കാനും മറ്റു ചിലരെ പീഡിപ്പിക്കാനുമുള്ള മാനുഷിക പ്രവണത എന്തിനാണ് ദൈവത്തിനുമേൽ അടിച്ചേൽപിക്കുന്നത്?

മറ്റുള്ളവർക്കെല്ലാം എന്തു സംഭവിച്ചാലും എനിക്കു മാത്രം പരിരക്ഷ നൽകണമെന്ന വ്യവസ്ഥയുമായി ഈശ്വരനെ സമീപിക്കുന്നവർക്ക് ഈശ്വരൻ എന്നും അപ്രാപ്യനായിരിക്കും. പ്രാർഥനകളിൽ നേരുണ്ടാകണമെങ്കിൽ ചിന്തകളിൽ നന്മയുണ്ടാകണം. തനിക്കു നന്മയുണ്ടാകണമെന്ന് എല്ലാവരും പ്രാർഥിക്കുന്നതിനെക്കാൾ, അപരനു നന്മയുണ്ടാകണമെന്ന് എല്ലാവരും പ്രാർഥിക്കുന്നതാകും ഈശ്വരനിഷ്ടം. രണ്ടിന്റെയും ഫലം ഒന്നുതന്നെ; ഇംഗിതങ്ങൾ വ്യത്യസ്തവും.

അപരനുവേണ്ടി മാത്രം പ്രാർഥിക്കുന്ന ഒരു ലോകമുണ്ടെങ്കിൽ അവിടെ എല്ലാവരുടെയും ആവശ്യങ്ങൾ നിറവേറ്റപ്പെടില്ലേ? സ്വന്തം പരിമിതികളിൽനിന്ന് ഈശ്വരനെ വ്യാഖ്യാനിക്കാൻ ശ്രമിക്കാതെ, പ്രാർഥനകൾക്കും പ്രവൃത്തികൾക്കും കുറച്ചുകൂടി നീതിബോധം വരുത്തിയാൽ ജീവിതം നേർരേഖയിലാകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA