sections
MORE

കോൺസുലേറ്റ് വിട്ടത് പിഎസ്‌സി നിയമനം പറഞ്ഞ്; മാറിമറിഞ്ഞ് ബന്ധങ്ങൾ; അടിമുടി തട്ടിപ്പ്

uae-consulate-swapna-01
സ്വപ്ന സുരേഷ്
SHARE

യുഎഇ കോൺസുലേറ്റിലെ സെക്രട്ടറി സ്ഥാനത്തുനിന്നു സ്വപ്ന സുരേഷ് ‘രാജിവച്ചത്’ പിഎസ്‌സി വഴി സ്പേസ് പാർക്കിന്റെ മാനേജർ തസ്തികയിൽ നിയമനം ലഭിച്ചെന്ന അവകാശവാദത്തോടെയെന്നു വെളിപ്പെടുത്തൽ. കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു അത്. തുടർന്ന് സ്വപ്നയ്ക്കു കോൺസുലേറ്റിൽ യാത്രയയപ്പും നൽകി. പിആർഒ ആയിരുന്ന സരിത് കുമാറും സ്വപ്നയോടൊപ്പം ജോലി വിട്ടതിലും ദുരൂഹത. സരിത്തിനു വേറെ ജോലിയൊന്നും ലഭിച്ചിരുന്നില്ല. 

കോൺസൽ ജനറലിന്റെ സെക്രട്ടറി തസ്തികയിലായിരുന്നു സ്വപ്ന. പക്ഷേ, കോൺസുലേറ്റിൽ സർവാധികാരിയായിരുന്നു എന്നാണു വിവരം. കോൺസുലേറ്റിനു കീഴിൽ വരുന്ന കേരളം, തമിഴ്നാട്, കർണാടക, പുതുച്ചേരി സർക്കാരുകളുമായും ഉന്നത വ്യക്തികളുമായുമുള്ള ഇടപാടുകളെല്ലാം സ്വപ്ന വഴിയായിരുന്നു.  

എയർ ഇന്ത്യ സാറ്റ്സിൽനിന്ന് സ്വപ്ന കോൺസുലേറ്റിൽ ജോലിക്കെത്തിയതും ഉന്നതതല സ്വാധീനത്തിന്റെ ഫലമാണെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. 2016ൽ കോൺസുലേറ്റ് പ്രവർത്തനം തുടങ്ങും മുൻപ് കോൺസൽ ജനറലിന്റെ സെക്രട്ടറിയായി മറ്റൊരാളെ നിയമിച്ചിരുന്നു. നിയമനക്കത്തും നൽകി. അവർ ജോലിയിൽ പ്രവേശിക്കാനെത്തിയപ്പോഴാണ് സെക്രട്ടറി തസ്തിക സ്വപ്ന സ്വന്തമാക്കിയതായി അറിഞ്ഞത്. മറ്റൊരു തസ്തികയിൽ അവരെ ജോലിക്കെടുത്തെങ്കിലും അധികം വൈകാതെ പുകച്ചു പുറത്തുചാടിച്ചു.   

സ്വപ്നയ്ക്കെതിരെ പല പരാതികളും ഉയർന്നിരുന്നു. ഒട്ടേറെ ജീവനക്കാർ കോൺസുലേറ്റിൽനിന്നു രാജിവച്ചു പോയതും ഇത്തരം പരാതികൾ ഉന്നയിച്ചായിരുന്നു. അതേസമയം, അസി.പിആർഒ ആയി ജോലിയിൽ കയറിയ സരിത്തുമായി സ്വപ്ന സൗഹൃദം കാത്തുസൂക്ഷിച്ചു. 

മാറിമറിഞ്ഞ് ബന്ധങ്ങൾ

ആഡംബര ജീവിതത്തിനും സ്വന്തം നേട്ടങ്ങൾക്കുമായി ബന്ധങ്ങൾ സൃഷ്ടിക്കുകയും ‌പൊട്ടിച്ചെറിയുകയും ചെയ്യുകയായിരുന്നു സ്വപ്ന സുരേഷെന്ന് അവരുമായി വർഷങ്ങളോളം അടുത്ത ബന്ധം പുലർത്തിയിരുന്നവരിൽ ചിലരെങ്കിലും പറയുന്നു. ഗൾഫിൽ വച്ച് സുഹൃത്തുക്കളിൽ പലരുമായും ഒരേസമയം അടുപ്പം പുലർത്തിയിരുന്നത് അവർ പരസ്പരം മനസ്സിലാക്കിയതു വൈകിയാണ്. അതിനിടെ ആദ്യ ദാമ്പത്യബന്ധം തകർന്നു. പിന്നീട് സിനിമാബന്ധമുള്ളയാളുമായി സൗഹൃദവും കേരളത്തിലേക്കു മടക്കവും. അധികം വൈകാതെ ആ ബന്ധവും ഉലഞ്ഞു. തലസ്ഥാനത്തെ അബ്കാരിയുടെ ബന്ധുവുമായിട്ടായിരുന്നു അടുത്ത ബന്ധം. അതും അധികം നീണ്ടില്ല. 

കുറെക്കാലത്തിനു ശേഷം തമിഴ്നാട് സ്വദേശിയും രാജ്യാന്തര തട്ടിപ്പുകേസുകളിൽ പ്രതിയുമായ ഒരാളുടെ സെക്രട്ടറിയായി വീണ്ടും തലസ്ഥാനത്തെത്തി. വിദേശത്തേക്കു ജോലിക്കും പഠനത്തിനും ആളുകളെ റിക്രൂട് ചെയ്യുന്ന തിരുവനന്തപുരത്തെ സ്ഥാപനം സ്വപ്നയുടെ നിയന്ത്രണത്തിലായി. ഇയാൾ മരിച്ചതോടെ ബന്ധുക്കളെത്തി സ്വപ്നയെ ഇറക്കിവിട്ടു. പിന്നീട് ടെക്നോപാർക്കിലെ ഒരു കമ്പനിയിൽ ട്രെയിനിയായി. അവിടെ അധികം തുടർന്നില്ലെങ്കിലും കമ്പനിയിലെ ജീവനക്കാരനെ കല്യാണം കഴിച്ചു. ഇതിനു ശേഷമാണ് എയർ ഇന്ത്യ സാറ്റ്സിൽ ജോലിക്കു കയറിയത്. സരിത്തിനെ ഉറ്റ സുഹൃത്താക്കിയത് സ്വർണക്കടത്ത് എളുപ്പത്തിലാക്കാനുള്ള രേഖകൾ ഒരുക്കാൻ വേണ്ടിയായിരുന്നുവെന്ന സംശയവും ഉയർന്നിട്ടുണ്ട്. ‌

കോവിഡ് കയറി, സ്വർണക്കടത്തും

കോവിഡ് ഭീതിക്കിടയിലും കേരളത്തിലേക്കുള്ള കള്ളക്കടത്തിനു കുറവില്ലെന്നു കണക്കുകൾ. ലോക്ഡൗൺ കാലത്തു വിദേശത്തുനിന്നു വന്ദേഭാരത്, ചാർട്ടേഡ് വിമാനങ്ങളിൽ എത്തിയവരിൽനിന്നു പിടിച്ചത് 1.52 കോടി രൂപയുടെ സ്വർണം. ജൂൺ 25 വരെയുള്ള കണക്കാണിത്. കണ്ണൂർ, കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളിൽ 10 കേസുകളിലായാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം ഇത്രയും സ്വർണം പിടികൂടിയത്. 

കപ്പലിലും സ്വർണക്കടത്തു നടത്തിയിട്ടുണ്ട്, മലയാളികൾ. 2019 മാർച്ച് 29നു മുംബൈയിൽ വച്ചാണ് എറണാകുളം പെരുമ്പാവൂർ സ്വദേശി നിസാർ അലിയാരും സംഘവും 170 കിലോ സ്വർണവുമായി ഡിആർഐയുടെ പിടിയിലാകുന്നത്. സ്വർണത്തിനു മീതെ പിത്തളയുടെ ചായം പൂശി, ആക്രിസാധനങ്ങളെന്ന പേരിൽ ദുബായിൽനിന്ന് കപ്പലിൽ ഗുജറാത്ത് വഴി കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്കു കടത്തുകയായിരുന്നു. കേസിൽ, പെരുമ്പാവൂർ സ്വദേശികളായ മുഹമ്മദ് ഫാസിൽ, മുഹമ്മദ് ആസിഫ്, അംജദ്, എളമക്കരയിലെ സിറാജ് വി.ഈസാഖാൻ എന്നിവരടക്കം 21 പ്രതികൾ ഇതുവരെ അറസ്റ്റിലായി. തുടരന്വേഷണത്തിൽ, നിസാർ അലിയാരുടെ നേതൃത്വത്തിൽ 1473 കോടി രൂപയുടെ 4522 കിലോഗ്രാം സ്വർണം കടത്തിയതായി റവന്യു ഇന്റലിജൻസ് ഡയറക്ടറേറ്റ് (ഡിആർഐ) കണ്ടെത്തിയിട്ടുണ്ട്. 

വഴികാണാതെ അന്വേഷണം

സ്വർണക്കടത്തു തടയാനാകാത്തതിന്റെ പ്രധാന കാരണം, തുടരന്വേഷണങ്ങൾ ഉണ്ടാകുന്നില്ല എന്നതാണ്. സ്വർണം സഹിതം കാരിയർമാർ പിടിയിലാകുന്നതോടെ കേസ് അവസാനിപ്പിക്കുന്ന രീതിയാണു മിക്കയിടത്തും. കള്ളക്കടത്തിലൂടെ എത്തുന്ന സ്വർണമെല്ലാം എങ്ങോട്ടു പോകുന്നുവെന്നത് അന്വേഷണ ഏജൻസികളെ സംബന്ധിച്ച് ‘അജ്ഞാതം’. വാങ്ങാനെത്തുന്നത് ആരാണെന്ന് അറിയില്ലെന്നും വിമാനത്താവളത്തിലെത്തുമ്പോൾ സമീപിക്കുമെന്നാണു വിദേശത്തുനിന്ന് അറിയിച്ചതെന്നും കാരിയർ മൊഴി നൽകും. ഇവിടെ അന്വേഷണം അവസാനിക്കും. ചുരുക്കം കേസുകളിൽ മാത്രമാണ് വിമാനത്താവളത്തിനു പുറത്തെ കണ്ണികളെക്കുറിച്ച് അന്വേഷണം നടക്കുന്നത്. രണ്ടിടത്തേക്കുമുള്ള വിമാന ടിക്കറ്റും ദുബായിൽ താമസവും പരമാവധി 50,000 രൂപ വരെ പണവുമാണു കാരിയർമാർക്കു ലഭിക്കുക. സ്ഥിരം കാരിയറാണെങ്കിൽ ദുബായിൽ ഷോപ്പിങ്ങിനും ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കാനുമുള്ള പോക്കറ്റ് മണിയും നൽകും.

സ്വർണക്കടത്തും ഭീകരവാദവും 

അയർലൻഡ് സ്വദേശിയെ ഉപയോഗിച്ച് 21 തവണകളായി 126 കിലോഗ്രാം സ്വർണം കൊച്ചി വിമാനത്താവളം വഴി കേരളത്തിലേക്കു കടത്തിയെന്നു 2016ൽ കസ്റ്റംസ് കണ്ടെത്തിയിരുന്നു. 10 കിലോ സ്വർണവുമായി ഈ വിദേശി അറസ്റ്റിലായപ്പോഴാണ് മുൻപ് 20 തവണ കടത്തിയെന്നു വെളിപ്പെടുത്തിയത്. മുൻപ് എത്തിച്ച സ്വർണം മുഴുവൻ കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെത്തി കൈപ്പറ്റിയതു കലൂർ സ്വദേശിയാണെന്നും മൊഴി നൽകി. എന്നാൽ, കസ്റ്റംസ് അന്വേഷിച്ചെത്തുമ്പോഴേക്കും വ്യാജ പാസ്പോർട്ട് നിർമിച്ച് കലൂർ സ്വദേശി ഇറാനിലേക്കു കടന്നു. ഇതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം ചെന്നെത്തിയത് ഭീകരവാദ പ്രവർത്തനത്തിന് ആളുകളെ റിക്രൂട് ചെയ്യാൻ വ്യാജ പാസ്പോർട്ട് നിർമിച്ചു നൽകുന്ന സംഘത്തിലേക്കായിരുന്നു. വടക്കൻ കേരളത്തിൽനിന്നു ദുരൂഹ സാഹചര്യത്തിൽ കാണാതായി, പിന്നീട് ഐഎസ് ഭീകരസംഘടനയുടെ ഭാഗമായ ആളുകൾക്കും ഈ സംഘം തന്നെയാണു വ്യാജ പാസ്പോർട്ട് നിർമിച്ചു നൽകിയത്. സ്വർണക്കടത്തു സംഘവും രാജ്യവിരുദ്ധ ശക്തികളും ഒരേ ചാനൽ ഉപയോഗപ്പെടുത്തുന്നു എന്നതിനു തെളിവാണിത്. 

കള്ളപ്പണം വെളുപ്പിക്കാൻ‌ 

കള്ളപ്പണം വെളുപ്പിക്കേണ്ടവർക്കായി ഏജന്റുമാർ ആദ്യം ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നു കുറഞ്ഞ വിലയ്ക്കു നേരിട്ടു സ്വർണം വാങ്ങുന്നു. ഹവാല ഇടപാടാണ് ഇതിനായി നടത്തുന്നത്. വെളുപ്പിക്കാനുള്ള പണം നാട്ടിലെ ഏജന്റിനു കൈമാറണം. അവർ പറയുന്നതിനനുസരിച്ച് കമ്മീഷനും മറ്റും കഴിഞ്ഞുള്ള തുകയ്ക്കു തുല്യമായ സ്വർണം ആഫ്രിക്കയിൽനിന്നു ഗൾഫ് രാജ്യങ്ങൾ വഴി ഇന്ത്യയിലെത്തിക്കുന്നു. 

ഇന്ത്യയിലേക്കു സ്വർണം കടത്തുമ്പോൾ ചുങ്കവും നികുതിയും വെട്ടിക്കുന്ന തുകയാണു ലാഭമെന്നാണ് പൊതുവേയുള്ള ധാരണ. ചുങ്കം കൊടുക്കാതെ കൊണ്ടുവന്നിട്ട് സ്വർണത്തിന്റെ വിപണി വിലയെക്കാൾ കുറച്ചല്ല വിൽക്കുന്നത്. മറിച്ച് 30% മുതൽ 35% വരെ വില കൂട്ടിയാണു വിൽക്കുന്നത്. വാങ്ങുന്നത് കോടികൾ കള്ളപ്പണമുള്ളവരും. 

നോട്ടുനിരോധനത്തിനു ശേഷം കള്ളപ്പണം കറൻസി നോട്ടുകളായി സൂക്ഷിക്കുന്നതു സുരക്ഷിതമല്ലാതായി. കടകളിൽനിന്നു സ്വർണാഭരണങ്ങൾ വാങ്ങാൻ പാൻ നമ്പറും ആധാർ നമ്പറും വേണം. വസ്തുവോ വീടോ വാങ്ങാനും ഇതൊക്കെ വേണമെന്നു മാത്രമല്ല, റജിസ്ട്രേഷനു മറ്റനേകം ചെലവുകളുമുണ്ട്. കടത്തുസ്വർണം വാങ്ങി സൂക്ഷിച്ചാൽ ഈ പൊല്ലാപ്പൊന്നുമില്ല. സ്വർണവില അനുദിനം കൂടുന്നതിനാൽ എപ്പോൾ വിറ്റാലും ലാഭം.

3 ആഴ്ച പരിശീലനം 

സ്വർണം ശരീരത്തിനുള്ളിൽ ഒളിപ്പിക്കാൻ ദുബായിൽ 3 ആഴ്ചത്തെ പരിശീലനമാണു സ്വർണക്കടത്തുകാർക്ക് ഇതുമായി ബന്ധപ്പെട്ടവർ നൽകുന്നത്. ബലൂണുകളിലും ഗർഭനിരോധന ഉറയിലും കയറ്റിയാണ് ശരീരത്തിനുള്ളിൽ വയ്ക്കുന്നത്. ഇതു ശരീരത്തിനുള്ളിൽ വച്ച് 5 മണിക്കൂർ വരെ പിടിച്ചുനിൽക്കുന്നതിനാണു പരിശീലനം. 400 ഗ്രാം സ്വർണം വരെ ചെറിയ പീസാക്കി വിഴുങ്ങുന്നതിനും പരിശീലനം നൽകുന്നുണ്ട്. കൃത്യമായ രഹസ്യവിവരം ഇല്ലെങ്കിലും ശരീരത്തിനുള്ളിൽ വയ്ക്കുന്നവരെ കണ്ടുപിടിക്കാൻ കസ്റ്റംസിനും പരിശീലനം ലഭിക്കുന്നുണ്ട്. പതിവു യാത്ര നടത്തുന്നവരെ നീരീക്ഷിക്കും. ശരീരത്തിനുള്ളിൽ സ്വർണം ഒളിപ്പിക്കുന്നവർ ശാരീരിക അസ്വസ്ഥതകൾ പ്രകടമാക്കും. കണ്ണുകളും നടത്തവും നിരീക്ഷിക്കും. ഇത്തരക്കാരുടെ വെപ്രാളവും സംശയമുണ്ടാക്കും.

corruption-visual

വിവരം നൽകുന്നവർക്ക് കൈനിറയെ സമ്മാനം 

കടത്തു കൂടിയതുപോലെ, വിവരം നൽകുന്നവരുടെയും റേറ്റ് ഉയരുകയാണ്. കൃത്യമായി വിവരം നൽകുന്ന ഇൻഫോർമർക്ക് ഗ്രാമിന് 50 രൂപയായിരുന്നു കസ്റ്റംസ് പാരിതോഷികം നൽകിയിരുന്നതെങ്കിൽ, ഇപ്പോൾ ഗ്രാമിനു 150 രൂപയാണ്. ഒരു കിലോ സ്വർണമാണു പിടിക്കുന്നതെങ്കിൽ ‘ഒറ്റുകാരന്’ 1.5 ലക്ഷം രൂപയാണ് കയ്യോടെ കൊടുക്കുന്നത്. ഇതു കൂടാതെ, പിടികൂടിയ ഓഫിസർക്കും സംഘത്തിനും മൊത്തം മൂല്യത്തിന്റെ 10% ‘റിവാഡ്’ ആയി ലഭിക്കും. 

തയാറാക്കിയത്:  ജിജോ ജോൺ  പുത്തേഴത്ത്,  ജി.വിനോദ്,  കെ.ജയപ്രകാശ് ബാബു, രാജു മാത്യു,  മഹേഷ് ഗുപ്തൻ,  എ.എസ്.ഉല്ലാസ്,  ജോജി സൈമൺ ∙  സങ്കലനം:  ബി.മുരളി 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA