ADVERTISEMENT

കോവിഡ് എന്ന കൊടുംവ്യാധി വിവിധ പ്രായക്കാരെയും സമൂഹത്തിലെ വിവിധ തട്ടുകളിലുള്ളവരെയുമൊക്കെ പലവിധത്തിൽ തളർത്തിക്കൊണ്ടിരിക്കുകയാണ്. ആഴത്തിൽ വേരാഴ്ത്തിക്കൊണ്ടിരിക്കുന്ന രോഗവും അതിനെതിരെ സ്വീകരിച്ച ലോക്ഡൗൺ അടക്കമുള്ള കടുത്ത നിയന്ത്രണങ്ങളും ഓരോരുത്തരുടെയും ജീവിതത്തെ മാത്രമല്ല, മനസ്സിനെയും ബാധിച്ചിരിക്കുന്നു. ഈ രോഗകാലം നമ്മുടെ കുട്ടികൾക്കു നൽകിയ മാനസിക സംഘർഷമാകട്ടെ അത്യധികം ഗൗരവമുള്ളതാണ്. മനസ്സിനേൽക്കുന്ന മുറിവുകൾ അവരിൽ ചിലരെയെങ്കിലും വല്ലാതെ തളർത്തുന്നുണ്ടെന്നതു സർക്കാരിന്റെ മാത്രമല്ല, സമൂഹത്തിന്റെ കൂടി ഗൗരവശ്രദ്ധ ആവശ്യപ്പെടുന്നു. മാർച്ച് 25 മുതൽ ഇതുവരെ, 18 വയസ്സിൽ താഴെയുള്ള 66 കുട്ടികൾ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തു എന്നത് നമ്മെ ഞെട്ടിച്ചതു കൊണ്ടായില്ല, ആത്മപരിശോധനയിലേക്കുകൂടി നയിച്ചേതീരൂ.

ലോക്ഡൗൺ തുടങ്ങി ഇതിനകം നമുക്കു നഷ്ടപ്പെട്ടത് ഇത്രയും ഇളംജീവിതങ്ങളാണ്; ഇത്രയും കുടുംബങ്ങളുടെ സ്വപ്നങ്ങളുമാണ്. നീണ്ടകാലത്തെ വീട്ടിലിരിപ്പും സ്കൂൾ അടയ്ക്കലും കൂട്ടുകാരില്ലാത്ത സാഹചര്യവും രക്ഷിതാക്കളുടെ രോഗകാല ആകുലതയുമൊക്കെ കുട്ടികളുടെ മനസ്സിനെ ഉലയ്ക്കുന്നതു സ്വാഭാവികമാണ്. അക്കൂട്ടത്തിൽ കുറെ കുട്ടികൾ ചെറിയ കാര്യങ്ങളിൽപോലും തളരുന്നു; ചിലരെങ്കിലും ജീവിതത്തോടുതന്നെ പിണങ്ങിപ്പിരിയുന്നു. ഈ കുട്ടികളുടെ സ്വയമൊടുക്കലിനു പല കാരണങ്ങളുണ്ടാകാം. അതെന്തായാലും കൃത്യസമയത്ത് അവരുടെ ജീവിതത്തിന്റെ താളം വീണ്ടെടുത്തുകൊടുക്കാൻ നമുക്കു കഴിഞ്ഞിരുന്നെങ്കിൽ ഇത്രയും ജീവനഷ്്ടങ്ങൾ ഉണ്ടാകുമായിരുന്നില്ലെന്നു തീർച്ച.

ലോക്ഡൗൺ കാലത്തും അതിനുശേഷവുമുണ്ടായ, വിദ്യാർഥികളുടെ ആത്മഹത്യകൾ സംബന്ധിച്ചും അവരുടെ മാനസിക സമ്മർദങ്ങളെക്കുറിച്ചും കേരളം പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്. യുനിസെഫിന്റെ സഹായത്തോടെ മൂന്നു ജില്ലകളിലാണു പഠനം. കുട്ടികൾക്കിടയിൽ വർധിച്ചുവരുന്ന ആത്മഹത്യ സംബന്ധിച്ചു പഠിക്കാൻ ഫയർഫോഴ്സ് മേധാവി ആർ.ശ്രീലേഖയുടെ നേതൃത്വത്തിൽ സമിതി രൂപീകരിച്ചുകഴിഞ്ഞു. മാനസിക സംഘർഷം അനുഭവിക്കുന്ന കുട്ടികൾക്ക് ആശ്വാസം പകരാനായി ‘ചിരി’ എന്ന പദ്ധതിയും ആരംഭിച്ചു. സ്റ്റുഡന്റ് പൊലീസ് കെഡറ്റുകൾ ഫോണിലൂടെ കൗൺസലിങ് നൽകുന്ന സംവിധാനമാണിത്.

ലോക്ഡൗൺ, പഠനസംബന്ധ മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്ന കുട്ടികൾക്കു ‘ദിശ’ നമ്പറായ 1056 ലും ജില്ലാ മാനസികാരോഗ്യ പദ്ധതി കേന്ദ്രങ്ങളിലും വിളിക്കാൻ സർക്കാർ സൗകര്യം ഏർപ്പെടുത്തുന്നുണ്ട്. പരീക്ഷാഫലങ്ങൾ വരുന്നതിനാൽ, മാനസിക ബുദ്ധിമുട്ടുകളും വിഷാദവും ഉത്കണ്ഠയുമുള്ള കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ഉണ്ടാവേണ്ടതുതന്നെ. മാനസികപ്രശ്നങ്ങൾ നേരിടുന്ന കുട്ടികളെ അങ്കണവാടി, ആശാ വർക്കർമാരുടെ സഹായത്തോടെ കണ്ടെത്തി ആവശ്യാനുസരണം സഹായത്തിനും കൗൺസലിങ്ങിനും നടപടി സ്വീകരിക്കുന്നുമുണ്ട്. കുട്ടികളുടെ മാനസികാരോഗ്യ ചികിത്സയ്ക്കു കൂടുതൽ സൗകര്യങ്ങളും ചികിത്സകരും കേരളത്തിൽ വേണമെന്നും അതിനായി ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതി സർക്കാർ ഏറ്റെടുത്തു നടപ്പാക്കുമെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതു യാഥാർഥ്യമാകേണ്ടതുണ്ട്.

വീടുകളിൽ സ്നേഹവും പങ്കുവയ്ക്കലും പരസ്പരവിശ്വാസവും നിറഞ്ഞാൽ അവിടെ ആനന്ദമുണ്ടാകുമെന്നു മാനസികാരോഗ്യവിദഗ്ധർ പറയുന്നതു വെറുതെയല്ല. സ്നേഹവും കരുതലും കൂടി അവിടെ താമസത്തിനെത്തുമ്പോൾ ആ വീടുകളിലെ അംഗങ്ങളുടെ മനസ്സിനും നല്ല ആരോഗ്യമുണ്ടാകും. വ്യക്തിയുടെ സന്തോഷം കുടുംബത്തിലേക്കും സമൂഹത്തിലേക്കും പകർത്താനായാൽ, വീട്ടിൽ പരസ്പരം സുരക്ഷാവലയങ്ങൾ തീർക്കാനായാൽ മനസ്സ് കൈവിട്ട കളിക്കു തുനിയില്ലെന്നു തീർച്ച. ഈ രോഗകാലത്ത് കുട്ടികളുടെ മനസ്സിലെ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാകുമെന്നു തിരിച്ചറിഞ്ഞ്, കരുതലും സ്നേഹവും ജാഗ്രതയും നൽകി അവർക്കു ജീവിതത്തിന്റെ പ്രകാശവും സൗന്ദര്യവും പകരേണ്ടതു രക്ഷിതാക്കളുടെ കടമയാണ്.

English Summary: Children and Suicide

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com