ADVERTISEMENT

രണ്ടാം പ്രതി സ്വപ്ന സുരേഷിനെയും നാലാം പ്രതി സന്ദീപ് നായരെയും ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ബെംഗളൂരുവിൽനിന്നു പിടികൂടി കേരളത്തിലെത്തിച്ചതോടെ സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ സ്വർണക്കടത്തു കേസ് പുതിയ മാനങ്ങളിലേക്കു കടന്നിരിക്കുന്നു. തട്ടിപ്പുകാർക്കു ഭരണസിരാകേന്ദ്രങ്ങളിലും പൊലീസ് ഉന്നതരിലും സ്വാധീനം ഉണ്ടെന്നതും സമാനമായ കൂടുതൽ തട്ടിപ്പുകൾ നടന്നിരിക്കാമെന്നതും ജനങ്ങളിൽ ഉയർത്തുന്ന ചോദ്യങ്ങളും ആശങ്കകളും അത്യധികം ഗൗരവമുള്ളതാണ്.

പ്രതികൾക്ക് ഉന്നതവലയങ്ങളിലുള്ള സ്വാധീനം എത്രയുണ്ടെന്നു വിളംബരം ചെയ്യുന്നതാണ് ഈ കേസിന്റെ ഇതുവരെയുള്ള ഗതി. കേസിന്റെ തുടക്കത്തിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായെന്ന് ആരോപിക്കപ്പെട്ട, ദൗർഭാഗ്യകരമായ നിസ്സഹകരണം അതിന്റെ തെളിവായി കാണുന്നവരുണ്ട്. ട്രിപ്പിൾ ലോക്ഡൗണുള്ള തിരുവനന്തപുരം നഗരത്തിൽനിന്നു സ്വപ്നയും സംഘവും രക്ഷപ്പെട്ടതെങ്ങനെയെന്നും പൊലീസ് അതീവ ജാഗ്രത പാലിക്കുന്ന വഴികളെല്ലാം പിന്നിട്ട് സംസ്ഥാനത്തിനു പുറത്തുകടന്നതെങ്ങനെ എന്നുമുള്ള ചോദ്യങ്ങൾക്ക് ഉത്തരമുണ്ടാവുകതന്നെ വേണം. കോവിഡ് നിയന്ത്രണങ്ങൾ മറികടന്നു പ്രതികൾക്ക് അതിർത്തി കടക്കാൻ കഴിഞ്ഞത് ഉന്നത തലങ്ങളിലുള്ളവരടക്കം കണ്ണടച്ചതുകൊണ്ടാണെന്നാണ് ആരോപണം.

ഈ കേസിൽ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ മെല്ലെപ്പോക്ക് ഗൗരവമുള്ളതാണ്. ബെംഗളൂരുവിൽനിന്ന് എൻഐഎ പ്രതികളെ പിടിച്ചതും സ്വപ്നയെ പിടികൂടാൻ കൊച്ചി സിറ്റി ഡപ്യൂട്ടി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘത്തെ നിയമിച്ചതും ഏതാണ്ട് ഒരേ സമയത്താണെന്നത് ഇതിന്റെ ഉദാഹരണം മാത്രം. ഒരു കൂടിയാലോചനയ്ക്കും കാത്തുനിൽക്കാതെ ചടുലമായി നീങ്ങാൻ എൻഐഎയ്ക്കു ഡൽഹിയിൽനിന്നു കിട്ടിയ നിർദേശത്തിന്റെ ഭാഗമായിരുന്നു അഭിനന്ദനീയമായ വേഗത്തിലുള്ള പിടികൂടലെന്നു വേണം കരുതാൻ. കേസിൽ ഉൾപ്പെട്ടവർ തെളിവുകൾ നശിപ്പിക്കും മുൻപുതന്നെ അതിവേഗം നീങ്ങാൻ എൻഐഎ തീരുമാനിച്ചതിന്റെ ഭാഗമായാണ് മുൻ ഐടി സെക്രട്ടറിയുടെ ഫ്ലാറ്റ് ഉൾപ്പെടെ റെയ്ഡ് ചെയ്തതും.

തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥന്റെ പേരിലെത്തിയ നയതന്ത്ര പാഴ്സലിൽ 30 കിലോഗ്രാം സ്വർണം ഒളിപ്പിച്ചു കടത്തിയ കേസിൽ നാലു പ്രതികൾക്കുമെതിരെ യുഎപിഎ വകുപ്പുകളും ഉൾപ്പെടുത്തിയാണ് എൻഐഎയുടെ എഫ്ഐആർ. വിദേശത്തുനിന്നു കേരളത്തിലേക്കു സ്വർണം കടത്തിയ വഴികളും കേരളത്തിലെ ഇതിന്റെ ഗുണഭോക്താക്കൾ ആരാണ് എന്നതും അതീവ ഗൗരവമുള്ള അന്വേഷണം ആവശ്യപ്പെടുന്നു. നയതന്ത്ര പരിരക്ഷയുടെ മറവിൽ വൻതോതിൽ ഇന്ത്യയിലേക്കു സ്വർണം കടത്തുന്ന സംഘത്തിന്റെ പ്രധാന കണ്ണിയാണു സ്വപ്ന സുരേഷ് എന്നാണു കേന്ദ്രസർക്കാർ അഭിഭാഷകൻ ഹൈക്കോടതിയിൽ അറിയിച്ചത്. സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ടു പിടിയിലായ ഒരാൾ നേരത്തേ തോക്കുകടത്തു കേസിൽ പ്രതിയായിരുന്നു തുടങ്ങിയ കാര്യങ്ങൾ ഇതോടു ചേർത്തുവയ്ക്കുന്നവരുമുണ്ട്.

സ്വാധീനമുണ്ടെങ്കിൽ അനർഹർക്ക് എത്താവുന്ന ഉയരങ്ങൾ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട് സ്വപ്നയുടെ ഒൗദ്യോഗിക വഴികൾ. ‘മലയാള മനോരമ’ വാർത്തയെത്തുടർന്ന്, സ്വപ്നയുടെ വ്യാജ ബികോം സർട്ടിഫിക്കറ്റ് സംബന്ധിച്ച് സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ബിരുദ സർട്ടിഫിക്കറ്റ് വ്യാജമെന്നു തെളിഞ്ഞതോടെ സ്വപ്നയെ കരാർ അടിസ്ഥാനത്തിൽ സർക്കാരിലേക്ക് അയച്ച കൺസൽറ്റൻസി സ്ഥാപനത്തിനു നേരെയും ചോദ്യങ്ങളുയരുന്നു. സർക്കാർ ആശ്രയിക്കുന്ന ഇത്തരം കൺസൽറ്റൻസി സ്ഥാപനങ്ങളുടെ വിശ്വാസ്യത പുനഃപരിശോധിക്കണമെന്നുകൂടി ഇപ്പോഴത്തെ സംഭവവികാസങ്ങൾ ആവശ്യപ്പെടുന്നുണ്ട്. സ്വപ്ന സുരേഷിന്റേതു സർക്കാരുമായി നേരിട്ടു ബന്ധമില്ലാത്ത കരാർ നിയമനമാണെങ്കിലും അതിൽ ചില അപാകതകളും പാകപ്പിഴകളും വ്യക്തമായിട്ടുണ്ടെന്നു സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി തന്നെ പറഞ്ഞുകഴിഞ്ഞു.

ഒരു സ്വർണക്കടത്തു കേസ് ദിവസങ്ങൾക്കുള്ളിൽ കൈവരിച്ച മാനങ്ങൾ നമ്മുടെ ഉന്നത ഭരണ – പൊലീസ് സംവിധാനങ്ങളെത്തന്നെ സംശയത്തിലാക്കുന്നതിന്റെ ഗൗരവം ഉൾക്കൊണ്ടുവേണം ഇനിയങ്ങോട്ട് അന്വേഷണം മുന്നോട്ടുനീങ്ങാൻ. മുഖ്യമന്ത്രിയുടെ സെക്രട്ടറി, ഐടി സെക്രട്ടറി എന്നീ നിർണായക സ്ഥാനങ്ങൾ വഹിച്ചിരുന്നയാൾക്കു പ്രതികളിൽ ചിലരുമായുള്ള വഴിവിട്ട അടുപ്പം തട്ടിപ്പുവഴികളിൽ എത്രത്തോളം ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്നതും ഇതിൽ ഭരണസംവിധാനത്തിലെ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നതും കൂടുതൽ തട്ടിപ്പുകൾ നടന്നിട്ടുണ്ടോ എന്നതും വ്യക്തമായി അന്വേഷിക്കേണ്ടതുണ്ട്. പൊലീസ് ഉന്നതരുമായുള്ള പ്രതികളുടെ അവിശുദ്ധ ബന്ധവും അതീവഗൗരവമുള്ളതാണ്.

മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ശുദ്ധിവരെ ജനമധ്യത്തിൽ തെളിയിക്കേണ്ട ഗുരുതരസാഹചര്യമാണെന്നു മനസ്സിലാക്കി, ഈ കേസുമായി ബന്ധപ്പെട്ട് സർക്കാർ ഇനിയെങ്കിലും സുതാര്യമായും സത്യസന്ധമായും മുന്നോട്ടുപോകുകയും കേരളത്തിന്റെ മനസ്സിലെ സംശയങ്ങളെല്ലാം ദൂരീകരിക്കുകയും വേണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com