ADVERTISEMENT

സംസ്ഥാനത്തെ 5.5 ലക്ഷം സർക്കാർ ജീവനക്കാർക്ക് ശമ്പള  പരിഷ്കരണ കമ്മിഷൻ ശുപാർ‌ശയനുസരിച്ചുള്ള ശമ്പളമെങ്കിൽ, പിൻവാതിലിലൂടെ തള്ളിക്കയറ്റുന്നവർക്ക് സർക്കാർ വാരിക്കോരി കൊടുക്കും. ഇവരെ തീറ്റിപ്പോറ്റാൻ, ഒരിക്കലും  നടക്കാത്ത മനോഹര പദ്ധതികൾ മാനത്തുനിന്നു കെട്ടിയിറക്കും. കലക്ടർ പദവിയിലുള്ളവർക്ക് കിട്ടുന്നതിനെക്കാൾ ശമ്പളം  സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിനു കിട്ടിയത് അങ്ങനെയാണ്. മന്ത്രിമാരുടെയും പാർട്ടിക്കാരുടെയും  ഉദ്യോഗസ്ഥരുടെയും വേണ്ടപ്പെട്ടവരെ കുത്തിനിറച്ച സെറ്റപ്പുകളെക്കുറിച്ചും അവരുൾപ്പെട്ട തട്ടിപ്പുകളെ കുറിച്ചും അവർക്കായി ചെലവിടുന്ന പണത്തെക്കുറിച്ചും അറിയുമ്പോൾ നാം അതിശയിച്ചുപോകും....

‘ആളെ തരണം, പക്ഷേ ആരെന്ന് ഞങ്ങൾ പറയും’

സ്വപ്ന സുരേഷ് വ്യാജ ബിരുദസർട്ടിഫിക്കറ്റുമായി പ്രമുഖ കൺസൽറ്റൻസി സ്ഥാപനമായ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിന്റെ (പിഡബ്ല്യുസി) ചുമലിലേറി സർക്കാർ ഇടനാഴികളിലേക്കു വന്ന ‘ന്യൂജെൻ പിൻവാതിൽ നിയമന’ത്തിന്റെ വഴികൾ സ്വപ്നങ്ങൾക്കുമതീതം.

പുറത്തായ ഐടി സെക്രട്ടറിയുടെ അടുപ്പക്കാരിയായ സ്വപ്നയെ ഫരീദാബാദിലുള്ള ഒരു ഇടനില ഏജൻസിയിൽനിന്ന് പിഡബ്ല്യുസി പോലൊരു സ്ഥാപനം റാൻഡം തിരഞ്ഞെടുപ്പ് നടത്തി, അദ്ദേഹം തന്നെ നേതൃത്വം കൊടുത്തിരുന്ന വകുപ്പിലേക്ക് കൺസൽറ്റന്റായി നിയോഗിച്ചത് യാദൃച്ഛികമാണെന്നു കരുതാൻ വയ്യ.

സർക്കാരിന്റെ ആവശ്യമനുസരിച്ച് കൺസൽറ്റൻസി സ്ഥാപനങ്ങൾ അവർ നിശ്ചയിക്കുന്ന കൺസൽറ്റന്റുമാരെ നൽകുന്നതാണ് നടപ്പുരീതി. എന്നാൽ, ഇതിനു വിപരീതമായി സർക്കാരിലെ ചില ഉന്നതർ കൺസൽറ്റൻസി കമ്പനികളോട് ഇഷ്ടക്കാരെ നിർദേശിച്ച്, അവരുടെ ലേബലിൽ സർക്കാർ സംവിധാനത്തിലേക്കു കയറ്റുന്ന ‘റിവേഴ്സ് റഫറൽ’ നിയമനരീതിയും പച്ചപിടിക്കുന്നുവെന്ന് സ്വപ്നയുടെ നിയമനം തെളിയിക്കുന്നു.

Swapna Suresh

സ്വപ്നയ്ക്കായി ആകെ ചെലവ് 2.7 ലക്ഷം

∙ സ്വപ്നയുടെ കൺസൽറ്റൻസി സേവനത്തിന് പിഡബ്ല്യുസിക്ക് സർക്കാർ നൽകുന്നത് – 2.7 ലക്ഷം രൂപ.

∙ പിഡബ്ല്യുസി വിഷൻ ടെക്നോളജി എന്ന ഇടനില ഏജൻസിക്കു നൽകുന്നത് – 1.4 ലക്ഷം രൂപ (സ്വപ്നയുടെ ശമ്പളം + 10% കമ്മിഷൻ+നികുതി)

∙ വിഷൻ ടെക്നോളജി സ്വപ്നയ്ക്കു നൽകുന്നത്– 1.12 ലക്ഷം

∙ കെഎസ്ഐടിഐഎൽ (കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്) എംഡിയുടെ ശമ്പളം – 1.5 ലക്ഷം

∙ കേരള ചീഫ് സെക്രട്ടറിയുടെ ശമ്പളം – 2.25 ലക്ഷം

എവിടെങ്കിലും ഒരു കസേര! 

സ്വപ്ന സുരേഷിനെ സ്പേസ് പാർക്കിൽ പ്രോജക്ട് മാനേജരായി നിയമിക്കുന്നതിനു മുൻപ് ടെക്നോപാർക്കിലും മറ്റു സർക്കാർ സ്ഥാപനങ്ങളിലുമൊക്കെ നിയമനശ്രമം നടന്നു. യുഎഇ കോൺസുലേറ്റിൽത്തന്നെ വീണ്ടും നിയമനത്തിന് ഉന്നതതലത്തിൽ സ്വാധീനം ചെലുത്താനും ശ്രമമുണ്ടായി. കേരളത്തിൽ കരാറുകൾ എടുത്തിട്ടുള്ള രാജ്യാന്തര കൺസൽറ്റൻസി സ്ഥാപനത്തിലും ഇവരെ ഉൾപ്പെടുത്താൻ ഉന്നതതല സമ്മർദമുണ്ടായിരുന്നെങ്കിലും അവർ വഴങ്ങിയില്ല. തുടർന്നാണ് പിഡബ്ല്യുസി വഴി സ്പേസ് പാർക്കിൽ നിയമിച്ചത്.

കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു ഇൗ നിയമനനീക്കങ്ങൾ. ടെക്നോപാർക്കിലെ പ്രമുഖ കമ്പനികളോടു ശുപാർശ ചെയ്തപ്പോൾ കാര്യമായ യോഗ്യതയില്ലാതിരുന്നിട്ട് വലിയ തുക ശമ്പളം നൽകേണ്ടിവരുമെന്നതിനാൽ അവരും സ്വപ്നയെ നിയമിക്കാൻ തയാറായില്ല.

പിന്നീട് സംസ്ഥാന സർക്കാർ സ്വകാര്യ പങ്കാളിത്തത്തോടെ രൂപീകരിച്ച ലാപ്ടോപ് നിർമാണ കമ്പനിയായ കൊക്കോണിക്സിൽ നിയമിക്കാൻ ഒരുങ്ങി. അവിടെ തസ്തിക ഇല്ലാത്തതിനെത്തുടർന്നാണ് രാജ്യാന്തര കൺസൽറ്റൻസി സ്ഥാപനത്തെ സമീപിച്ചത്. അവരും കയ്യൊഴിഞ്ഞതോടെ സ്പേസ് പാർക്കിൽ കസേര സൃഷ്ടിക്കുകയായിരുന്നു. സ്വപ്നയ്ക്കു നേരിട്ടു നിയമനം നൽകിയാൽ വിവാദത്തിനു സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് പിഡബ്ല്യുസി വഴി കസേര ഉറപ്പിച്ചത്.

ആ ഓരോ ഫയലിലും എത്രയോ ‘വേണ്ടപ്പെട്ട’ ജീവിതങ്ങൾ

ഓരോ ഫയലിലും ഓരോ ജീവിതമുണ്ടെന്നും ഫയൽ നീക്കം വേഗത്തിലാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും നടക്കാത്തയിടമാണ് സെക്രട്ടേറിയറ്റ്. എന്നാൽ, അവിടെ ഒരു ഉദ്യോഗസ്ഥൻ അയയ്ക്കുന്ന ഫയൽ മാത്രം ആരും എതിർപ്പെഴുതാതെ ശരവേഗത്തിൽ പായും. ഇന്നു തുറക്കുന്ന ഫയലിൽ ഇന്നുതന്നെ തീരുമാനമെടുത്ത് ഉത്തരവുമിറങ്ങും. അതായിരുന്നു മുഖ്യമന്ത്രിയുടെ പ്രതിപുരുഷനായി കണ്ടിരുന്ന എം.ശിവശങ്കറിന്റെ പവർ. ഫയലുകളുടെ സഞ്ചാരവേഗം ഉറപ്പാക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസിലെ മറ്റൊരാൾക്കാണു ചുമതല.

ശിവശങ്കർ ഭരിച്ചിരുന്ന ഐടി വകുപ്പിനു കീഴിലെ നിയമനങ്ങളുടെ ഫയലുകളൊന്നും സെക്രട്ടേറിയറ്റിലില്ല. ഐടി വകുപ്പിനു കീഴിലെ ഏതെങ്കിലും സ്ഥാപനത്തിൽ പുതിയ തസ്തിക സൃഷ്ടിക്കുകയോ ആരെയെങ്കിലും സ്ഥിരപ്പെടുത്തുകയോ ചെയ്യണമെങ്കിൽ മാത്രം മന്ത്രിസഭയിൽ സമർപ്പിക്കുന്നതിനായി ഫയൽ വരും. മിന്നൽ വേഗത്തിലാണ് ഇത്തരം നിർദേശങ്ങൾക്കു ധനവകുപ്പ് അംഗീകാരം നൽകുക. അതാണ് ശിവശങ്കറും മന്ത്രി തോമസ് ഐസക്കും അദ്ദേഹത്തിന്റെ സഹായികളും തമ്മിലെ കെമിസ്ട്രി. സാമ്പത്തിക പ്രതിസന്ധിയൊക്കെ അപ്പോൾ ധനവകുപ്പ് മറക്കും. ഉടനടി അംഗീകരിച്ചു മന്ത്രിസഭയിലേക്കു വിടും. ധനമന്ത്രിയുടെ ഓഫിസിലെ ചിലരായിരുന്നു ഈ അത്യുത്സാഹക്കാർ.

ഇങ്ങനെ സൃഷ്ടിക്കുന്ന തസ്തികകളിൽ ആരെ നിയമിക്കുന്നുവെന്നോ സ്ഥിരപ്പെടുത്തുന്നുവെന്നോ മറ്റുള്ളവർക്ക് അറിയില്ല. ഇതെല്ലാം മുഖ്യമന്ത്രി അറിയുന്നുണ്ടെന്നാണ് മന്ത്രിമാരും മറ്റ് ഉദ്യോഗസ്ഥരും കരുതിയിരുന്നത്. അതിനാൽ, ചോദ്യം ചെയ്യാൻ ആരും ധൈര്യപ്പെട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫിസിലെ ശിവശങ്കർ വിരുദ്ധ ഗ്രൂപ്പിന് ചില തട്ടിപ്പുകളെക്കുറിച്ചു സൂചന ലഭിച്ചിരുന്നെങ്കിലും ഭയം കാരണം അവരും മൗനം പാലിച്ചു. സ്വപ്ന സുരേഷിന്റെ നിയമനം താൻ അറിഞ്ഞില്ലെന്ന് ഇപ്പോൾ മുഖ്യമന്ത്രി പറയുന്നു. എന്താണു സത്യം എന്നു കണ്ടെത്താൻ, കാത്തിരുന്നു കാത്തിരുന്ന് ഒടുവിൽ ഇന്നലെയാണു മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിക്കാനെങ്കിലും തയാറായത്..

സർക്കുലറിന് പുല്ലുവില; മന്ത്രിയുടെ സ്റ്റാഫിന്റെ ഭാര്യയ്ക്ക് സ്ഥിരനിയമനം

കോവിഡിന്റെ മറവിൽ സകല നിയമങ്ങളും കാറ്റിൽപറത്തി മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി എ.എ.ബഷീറിന്റെ ഭാര്യ എ.ആർ.നസീജയെ തൊഴിൽ വകുപ്പിനു കീഴിൽ സർക്കാർ സ്ഥിരപ്പെടുത്തി. പഠിച്ചു പരീക്ഷയെഴുതിയ 56,000 പേർ എൽഡി ക്ലാർക്ക് റാങ്ക് പട്ടികയിൽ നിയമനം കാത്തിരിക്കുമ്പോഴാണ് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റിൽ (കിലെ) എൽഡി ക്ലാർക്കായി കഴിഞ്ഞ മാസം നിയമിച്ചത്. 

2016ൽ കെ.എം.ഏബ്രഹാം ധനവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയായിരിക്കെ, താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തരുതെന്നു ചൂണ്ടിക്കാട്ടി എല്ലാ വകുപ്പു മേധാവികൾക്കും സർക്കുലർ അയച്ചിരുന്നു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ നിയമവകുപ്പു നൽകിയ നിയമോപദേശത്തെ തുടർന്നായിരുന്നു ഇത്.

ഇൗ സർക്കുലർ കണക്കിലെടുത്ത് ആയിരക്കണക്കിനു താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ കഴിയാതിരിക്കുമ്പോഴാണ് രാഷ്ട്രീയസ്വാധീനം ഉപയോഗിച്ചുള്ള ഈ സ്ഥിരനിയമനം. 2008ൽ താൽക്കാലിക ജോലി ആരംഭിച്ച ഇവർ 10 വർഷം പൂർത്തിയാക്കിയെന്ന കാരണമാണ് നിയമന ഉത്തരവിൽ പറയുന്നത്. 

പാർട്ടിക്കു വേണ്ടപ്പെട്ട മറ്റൊരു വനിതയ്ക്കും ഇതേ കാരണത്താൽ സ്റ്റെനോ ടൈപ്പിസ്റ്റായി സ്ഥിരനിയമനം നൽകി. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്തുതന്നെ ഇവരെ സ്ഥിരപ്പെടുത്താൻ നീക്കം നടന്നിരുന്നെങ്കിലും എതിർപ്പു കാരണം നടന്നില്ല.

സ്പേസ് പാർക്കിലേക്കുള്ള റൂട്ട് ഇങ്ങനെ 

1 ‘ഉന്നതങ്ങളിൽ’ നിന്നൊരു വിളി

2019 മധ്യത്തിൽ ബഹിരാകാശ ഗവേഷണത്തിനുള്ള സ്പേസ് പാർക്ക് പദ്ധതിയിൽ ദൈനംദിന ചുമതലകൾക്കായി ഒരു ജൂനിയർ കൺസൽറ്റന്റിനെ വേണമെന്ന് പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് പദ്ധതിയുടെ കൺസൽറ്റന്റ് കൂടിയായ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിനോട് (പിഡബ്ല്യുസി) ആവശ്യപ്പെടുന്നു. എന്നാൽ, കൺസൽറ്റന്റ് ആയി വരേണ്ട വ്യക്തി സ്വപ്നയാകണമെന്ന് പിഡബ്ല്യുസിക്ക് സർക്കാരിലെ ഒരുന്നതന്റെ നിർദേശം.

Interview

2 ആകെ ‘സ്പെല്ലിങ്  മിസ്റ്റേക്ക്’

പിഡബ്ല്യുസി സ്വന്തം കൺസൽറ്റന്റിനെ അയയ്ക്കുന്നതിനു പകരം, ഫരീദാബാദിലെ വിഷൻ ടെക്നോളജി എന്ന ഔട്ട്സോഴ്സിങ് കമ്പനിയിലെ ജീവനക്കാരിയെന്ന ലേബലിൽ സ്വപ്നയെ പദ്ധതിക്കായി അയയ്ക്കുന്നു. 2019 ഓഗസ്റ്റ് 31ന് കോൺസുലേറ്റിൽ നിന്നിറങ്ങിയ സ്വപ്ന ഒന്നര മാസത്തിനുള്ളിൽ വിഷൻ ടെക്നോളജിയുടെ ജീവനക്കാരിയായ ശേഷം ഒക്ടോബർ 21നു സർക്കാർ പദ്ധതിയിലേക്ക് പിഡബ്ല്യുസിയുടെ പ്രതിനിധിയായി എത്തിയത് ദുരൂഹം. 

3 ‘വ്യാജമെങ്കിലും ക്ലീൻ ചിറ്റ്’

സ്വപ്നയുടെ പശ്ചാത്തല പരിശോധന നടത്താൻ ഏൽപിച്ചത് ഹരിയാനയിലുള്ള നോവൈ (Knowy) എന്ന സ്ഥാപനത്തെ. ക്രമിനിൽ പശ്ചാത്തലമെന്തെങ്കിലുമുണ്ടോ എന്നറിയാൻ നിയോഗിച്ചത് ബെംഗളൂരുവിലെ ക്രൈംചെക്ക് എന്ന സ്ഥാപനത്തിലെ അഭിഭാഷകനെ. വ്യാജ ബിരുദ സർട്ടിഫിക്കറ്റായിട്ടും സ്വപ്നയ്ക്ക് ഒന്നാന്തരം ക്ലീൻചിറ്റ്. 

4 ‘പേരിനൊരു ഇന്റർവ്യൂ’ 

ഒക്ടോബറിൽ കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചറിലെത്തിയ സ്വപ്നയെ സ്പേസ് പാർക്കിന്റെ സ്പെഷൽ ഓഫിസർ ഉൾപ്പെട്ട പാനൽ പേരിനൊരു അഭിമുഖം നടത്തി ജോലിക്കെടുക്കുന്നു. ഒരു ഇടനില ഏജൻസിയുടെ ജീവനക്കാരിയായിട്ടും സർക്കാർ മുദ്രയുള്ള ഐഡി കാർഡും വിസിറ്റിങ് കാർഡും. കരാർ ജീവനക്കാരിപോലുമല്ലെന്ന് സർക്കാർ വാദിക്കുമ്പോഴും എന്തിനിങ്ങനെ ചെയ്തുവെന്നതിനു മറുപടിയില്ല.

എത്ര ന്യായീകരിച്ചിട്ടും ശരിയാകാത്ത ചിലത് 

∙ വാദം – സർക്കാരല്ല സ്വപ്നയ്ക്കു ശമ്പളം നൽകുന്നത്. ഖജനാവിൽനിന്നൊരു രൂപ പോലും നൽകിയിട്ടില്ല.

കൺസൽറ്റൻസി കരാറെടുത്ത പിഡബ്ല്യുസിക്കു സർക്കാർ നൽകുന്ന 2.7 ലക്ഷം രൂപ സ്വപ്നയുടെ ശമ്പളമടക്കമാണ്. പിഡബ്ല്യുസിയും ഇടനില ഏജൻസിയായ വിഷൻ ടെക്നോളജിയും അവരുടെ കമ്മിഷനെടുത്ത് ബാക്കി തുകയായ 1.12 ലക്ഷം രൂപ സ്വപ്നയ്ക്കു ശമ്പളമായി നൽകുന്നു.

∙ വാദം– ഐടി വകുപ്പുമായി സ്വപ്നയ്ക്കു നേരിട്ട് ഒരു ബന്ധവുമില്ല.

സ്പേസ് പാർക്കിന്റെ മുഖമായി സ്പേസ് സംരംഭകരെ സമീപിച്ചത് സ്വപ്ന. കരാർ ജീവനക്കാരി പോലുമല്ലാത്ത, വിഷൻ ടെക്നോളജി ജീവനക്കാരിയായ സ്വപ്നയ്ക്ക് സർക്കാർ മുദ്രയുള്ള ഐഡി കാർഡും വിസിറ്റിങ് കാർഡും നൽകിയതെന്തിന്? മറ്റു വകുപ്പുകളിലെ കൺസൽറ്റന്റുമാർക്ക് സർക്കാർ മുദ്രയുള്ള കാർഡ് നൽകുന്ന പതിവില്ല.

∙ വാദം– സർക്കാർ മുദ്രയുള്ള വിസിറ്റിങ് കാർഡ് വ്യാജമായി നിർമിച്ചത്.

വിസിറ്റിങ് കാർഡ് കെഎസ്ഐടിഐഎൽ തന്നെ നൽകിയതെന്ന് അധികൃതർ സാക്ഷ്യപ്പെടുത്തി.

∙ വാദം – നിയമനത്തിൽ സർക്കാരിനു പങ്കില്ല.

Swapna Suresh

വിഷൻ ടെക്നോളജി ജീവനക്കാരിയാണെങ്കിലും സ്പേസ് പാർക്കിന്റെ സ്പെഷൽ ഓഫിസർ അടക്കമുള്ള പാനൽ സ്വപ്നയെ അഭിമുഖം നടത്തിയാണു തിരഞ്ഞെടുത്തത്.

∙ വാദം– ശുപാർശ ചെയ്തത് ഐഎസ്ആർഒയുടെ ഉപദേശക സമിതി.

വിഎസ്‍എസ്‍സി അധികൃതർതന്നെ ഈ വാദം തള്ളി. ഡയറക്ടർ അടങ്ങുന്ന സമിതി ഇതുവരെ ഒരു യോഗം പോലും കൂടിയിട്ടില്ല. ഉപദേശകസമിതി രൂപീകരിച്ച് ഉത്തരവിറങ്ങിയത് സ്വപ്നയുടെ നിയമനം കഴിഞ്ഞ് മൂന്നു മാസത്തിനു ശേഷം.

∙ വാദം– ഉത്തരവാദി വിഷൻ ടെക്നോളജി.

സർക്കാരിന്റെ കരാർ പിഡബ്ല്യുസിയുമായിട്ടാണ്. വിഷൻ ടെക്നോളജി സർക്കാരിനെ സംബന്ധിച്ച് മൂന്നാം കക്ഷിയാണ്.

തയാറാക്കിയത്:

റെഞ്ചി കുര്യാക്കോസ്, മഹേഷ് ഗുപ്തൻ, വി.ആർ.പ്രതാപ്, എസ്.വി.രാജേഷ്, എം.ആർ.ഹരികുമാർ, കെ.പി.സഫീന, ജിക്കു വർഗീസ് ജേക്കബ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com