ചോദ്യങ്ങളേറെ ഇനിയും ബാക്കി

HIGHLIGHTS
  • ഭരണസിരാകേന്ദ്രം വരെ നീണ്ട തട്ടിപ്പ് സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നു
SHARE

സ്വർണക്കടത്തു കേസ് ദിവസങ്ങൾക്കുള്ളിൽതന്നെ കൈവരിച്ച ഗൗരവമാനങ്ങൾ രാജ്യത്തെത്തന്നെ അമ്പരപ്പിക്കുന്നു. 30 കിലോഗ്രാം കള്ളക്കടത്തു സ്വർണത്തിൽനിന്ന് സംസ്ഥാന ഭരണസിരാകേന്ദ്രത്തിലെ അവിശുദ്ധ ബന്ധങ്ങളിലേക്കു വരെ വളർന്നെത്തിയ ഈ സംഭവം കൂടുതൽ പേരിലേക്കും കാണാക്കണ്ണികളിലേക്കും നീളുകയാണ്. 

സ്വർണക്കള്ളക്കടത്തു കേസിലെ പ്രതികളുമായുള്ള വഴിവിട്ട‍ അടുപ്പത്തിന്റെ പേരിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ ഒടുവിൽ ഗത്യന്തരമില്ലാതെ സർക്കാർ സസ്പെൻഡ് ചെയ്തെങ്കിലും ചോദ്യങ്ങൾ പിന്നെയും ബാക്കിയുണ്ട്. ഒൗദ്യോഗിക പദവിയിലിരുന്ന് അദ്ദേഹം നടത്തിയതായി ആരോപിക്കുന്ന ക്രമക്കേടുകൾ എങ്ങനെ കണ്ടെത്തുകയും പരിഹരിക്കുകയും ചെയ്യുമെന്നതാണ് അതിൽ പ്രധാനം. മുഖ്യമന്ത്രിയുടെ ഓഫിസിൽ ഉന്നതാധികാരവും സ്വാധീനവുമുള്ള ഉദ്യോഗസ്ഥനു വഴിവിട്ട രീതിയിൽ പ്രവർത്തിക്കാൻ എങ്ങനെ കഴിഞ്ഞു എന്നതു മറ്റൊരു ചോദ്യം. 

വ്യക്തിബന്ധങ്ങളിൽ ജാഗ്രത പുലർത്തിയില്ലെന്നതിലും ഇഷ്ടക്കാരെ ഐടി വകുപ്പിൽ നിയമിച്ചതിലുമെല്ലാം വീഴ്ച കണ്ടെത്തിയതിനെത്തുടർന്നാണ് ശിവശങ്കറെ സസ്പെൻഡ് ചെയ്യേണ്ടിവന്നത്. നേരത്തേ ബവ്ക്യു, ഇ–മൊബിലിറ്റി, കെ–ഫോൺ ഉൾപ്പെടെയുള്ള വിവാദങ്ങൾ ഉയർന്നപ്പോഴും കൺസൽറ്റൻസി കരാറുകൾക്കെതിരെ ഘടകകക്ഷികളുടെ എതിർപ്പുണ്ടായപ്പോഴും ഐടി വകുപ്പിന്റെ ചുമതലയുള്ള ശിവശങ്കറിനെതിരെ അന്വേഷണമോ നടപടിയോ ഉണ്ടായില്ല. മുഖ്യമന്ത്രിയുടെ നിർണായക തീരുമാനങ്ങളിലെല്ലാം പങ്കുണ്ടായിരുന്ന ഉദ്യോഗസ്ഥനായിരുന്നു ശിവശങ്കർ എന്നതു ക്രമക്കേടുകളുടെ ഗൗരവം വർധിപ്പിക്കുന്നു. 

മുഖ്യമന്ത്രിയുടെ ഓഫിസിൽ പ്രധാന ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥൻ വഴിവിട്ട നിയമനങ്ങൾ നടത്തുകയും കരാറുകളിലേർപ്പെടുകയും ചെയ്തെങ്കിൽ അതിന്റെ അർഥം, സർക്കാരിന്റെ ഭരണസംവിധാനങ്ങൾ കുത്തഴിഞ്ഞുകിടക്കുകയാണെന്നു തന്നെയല്ലേ? സർക്കാർ അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ വൻതുക ശമ്പളം നൽകി മിനിമം വിദ്യാഭ്യാസയോഗ്യത പോലുമില്ലാത്തവരെ ഇല്ലാത്ത തസ്തികകൾ സൃഷ്ടിച്ച് തിരുകിക്കയറ്റാൻ ഒരു ഉദ്യോഗസ്ഥൻ മാത്രം വിചാരിച്ചാൽ കഴിയുമോ? 

വിവാദ വനിതയായ സ്വപ്ന സുരേഷിനെ സ്പേസ് പാർക്കിൽ നിയമിച്ചതുമായി ബന്ധപ്പെട്ട് സർക്കാർ ഭാഗത്തെ ന്യായീകരണങ്ങൾ തെറ്റാണെന്നു തെളിഞ്ഞു. അവരെ നിയമിച്ചതു സർക്കാരല്ലെന്ന വാദം സാങ്കേതികമായി അംഗീകരിക്കാമെങ്കിൽപോലും ശിവശങ്കറിന്റെ ശുപാർശപ്രകാരമാണു നിയമനം നടത്തിയതെന്നു സസ്പെൻഷൻ ഉത്തരവിൽനിന്നു വ്യക്തമാണ്. അവരുടെ ബിരുദ സർട്ടിഫിക്കറ്റ് പോലും വ്യാജമാണെന്നു തെളിഞ്ഞു. 

കേസിലെ പ്രതികളായ സ്വപ്നയും സന്ദീപ് നായരും മറ്റും സുഗമവും സുരക്ഷിതവുമായി കേരള അതിർത്തി കടന്നു ബെംഗളൂരുവിലെത്തിയതും സ്വപ്നയുടെ ഫോൺവിളിപ്പട്ടികയിലുള്ള ഉന്നതന്മാരുമൊക്കെ ജനമനസ്സിലെ സംശയങ്ങൾ വർധിപ്പിച്ചിട്ടുണ്ട്. കേസിലെ പ്രതികൾക്കു തലസ്ഥാനത്തു താമസസൗകര്യമൊരുക്കിയത് മുഖ്യമന്ത്രിയുടെ ഐടി ഫെലോ ആയിരുന്ന അരുൺ ബാലചന്ദ്രനാണെന്നു വ്യക്തമായ സാഹചര്യത്തിൽ, അരുണിന്റെ നിയമനത്തെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും ചോദ്യങ്ങളുയരുന്നു. 

എൻഐഎയും കസ്റ്റംസും അന്വേഷിക്കുന്നത് സ്വർണക്കള്ളക്കടത്തിനെക്കുറിച്ചും തീവ്രവാദബന്ധത്തെക്കുറിച്ചും ആയതുകൊണ്ട് സംസ്ഥാന ഭരണത്തിന്റെ ഉന്നതതലത്തിൽവരെ എത്തിനിൽക്കുന്ന മറ്റു മാനങ്ങളും സമഗ്രാന്വേഷണം ആവശ്യപ്പെടുന്നു. പക്ഷേ, സർക്കാർ പ്രഖ്യാപിക്കുന്ന അന്വേഷണങ്ങൾതന്നെ പ്രഹസനമായി മാറുന്ന സ്ഥിതിവിശേഷമുണ്ട്. സ്പ്രിൻക്ലർ ഇടപാടിൽ ഒരു മാസത്തിനകം റിപ്പോർട്ട് നൽകാനാവശ്യപ്പെട്ടു രണ്ടംഗ സമിതിയെ നിയമിച്ചത് ഏപ്രിൽ 21നായിരുന്നു. എന്നാൽ, ആ സമിതി രണ്ടു മാസംമുൻപു ചോദിച്ച വിവരങ്ങൾ പോലും ഐടി വകുപ്പ് നൽകിയിട്ടില്ല. 

ഭരണസംവിധാനം ഉന്നതതലത്തിൽതന്നെ ദുരുപയോഗപ്പെട്ടതായി വ്യക്തമായ സാഹചര്യത്തിൽ ഈ സ്ഥിതിവിശേഷത്തിന് ഉത്തരവാദികളെ കണ്ടെത്താനും ഭാവിയിൽ ഇക്കാര്യങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പുവരുത്താനും വിശ്വാസ്യതയുള്ള, സമഗ്രവും സ്വതന്ത്രവുമായ അന്വേഷണത്തിനു സർക്കാർ തയാറാകുകതന്നെ വേണം. 

English Summary: Diplomatic Baggage Gold Smuggling case - editorial

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA