ഉപഭോക്താവാണ് രാജാവ്

SHARE

ഉപഭോക്താവാണ് രാജാവെന്ന തത്വം ആഴത്തിലുറപ്പിക്കുന്ന വ്യവസ്ഥകളോടെ രാജ്യത്ത് പുതിയ ഉപഭോക്തൃ സംരക്ഷണ നിയമം പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. 1986ലെ നിയമത്തിനു പകരമായി കഴിഞ്ഞ വർഷം ഓഗസ്റ്റിൽ വിജ്ഞാപനം ചെയ്ത പുതുക്കിയ നിയമത്തിനു രാഷ്ട്രപതി നേരത്തേ അനുമതി നൽകിയിരുന്നു. ആ നിയമമാണ് ഇപ്പോൾ പ്രാബല്യത്തിലായത്.

ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുകയെന്നതു പരിഷ്കൃത സമൂഹങ്ങളുടെ കർത്തവ്യമാണ്. സേവനദാതാക്കളും ഉൽപാദകരും ഇനി കൂടുതൽ ഉത്തരവാദിത്തം പുലർത്തേണ്ടിവരും. ഉപഭോക്താക്കൾക്കു മികച്ച ഉൽപന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിനു ശക്തമായ വ്യവസ്ഥകളാണു നിയമത്തിലുള്ളത്. 1986ലെ നിയമം തയാറാക്കുമ്പോൾ സജീവമല്ലാതിരുന്ന ചില മേഖലകൾകൂടി പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇ–കൊമേഴ്സ്, ടെലി മാർക്കറ്റിങ്, ഡയറക്ട് സെല്ലിങ് എന്നിവ ഉദാഹരണം.

നിലവിലെ ജില്ലാ ഉപഭോക്തൃ ഫോറങ്ങൾ ഇനി മുതൽ കമ്മിഷനുകളാണ്. ഒരു കോടി രൂപ വരെയുള്ള തർക്കങ്ങൾ ഇവിടെ പരിഗണിക്കാം. 10 കോടി വരെയുള്ള തർക്കം സംസ്ഥാന കമ്മിഷനും അതിനു മുകളിലുള്ളതു ദേശീയ കമ്മിഷനുമാകും പരിഗണിക്കുക. പരാതികൾ മൂന്നു മാസത്തിനകം തീർപ്പാക്കണം. തർക്കങ്ങൾ പൂർണമായോ ഭാഗികമായോ മധ്യസ്ഥ ചർച്ചകളിലൂടെ പരിഹരിക്കാം. പരാതികൾക്കു വേഗത്തിൽ പരിഹാരം കാണാൻ സഹായിക്കുന്ന വ്യവസ്ഥകളാണിവ.

ഉൽപാദകന്റെയോ സേവനദാതാവിന്റേയോ കേന്ദ്രത്തിലല്ല, ഉപഭോക്താവിനു സൗകര്യപ്രദമായ സ്ഥലത്ത് ഇനി പരാതി നൽകാമെന്നതും സാധാരണക്കാരനു നേട്ടമാണ്. പരാതി ഓൺലൈനായി നൽകാനും തെളിവെടുപ്പ് വിഡിയോ കോൺഫറൻസ് വഴി നടത്താനും അനുമതിയുണ്ട്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകുന്ന ഉൽപാദകർക്കും സേവനദാതാക്കൾക്കും പിഴ, തടവ് ശിക്ഷകൾ വ്യവസ്ഥ ചെയ്യുന്നു. ഉപഭോക്താവിനെ വഞ്ചിക്കുന്നുവെന്നു ബോധ്യപ്പെട്ടാൽ ഏത് ഉൽപന്നത്തിന്റെയും വിൽപന തടയാൻ പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ട്.

വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പുതിയ നിയമം ഉപഭോക്താവിന്റെ താൽപര്യങ്ങൾ പൂർണമായി സംരക്ഷിക്കുന്നുണ്ടോ എന്നു സംശയം പ്രകടിപ്പിക്കുന്നവരുണ്ട്. ചികിത്സാമേഖലയെ ഉപഭോക്തൃ നിയമപരിധിയിൽ ഉൾപ്പെടുത്തണമെന്നു വ്യാപകമായ ആവശ്യമുയർന്നിരുന്നു. 1995ൽ സുപ്രീം കോടതി ഇതു സംബന്ധിച്ചു നിർദേശം നൽകിയതുമാണ്. ഉപഭോക്തൃ നിയമത്തിൽ സേവനം എന്ന വിഭാഗത്തിൽ ചികിത്സയെയും ഉൾപ്പെടുത്താമെന്നായിരുന്നു നിർദേശം. പുതിയ നിയമത്തിന്റെ കരടിൽ അതുൾപ്പെടുത്തിയെങ്കിലും അംഗീകാരം നൽകുന്ന ഘട്ടത്തിൽ കേന്ദ്രസർക്കാർ ഇൗ വ്യവസ്ഥ എടുത്തുമാറ്റി. ഫലത്തിൽ ചികിത്സാരംഗം ഇപ്പോഴും ഉപഭോക്തൃ നിയമത്തിനു പുറത്തുതന്നെ. ചികിത്സാമേഖലയിലെ പിഴവുകൾക്ക് തുടർന്നും സിവിൽ കോടതിയെത്തന്നെ സമീപിക്കേണ്ടിവരും.

ദേശീയതലത്തിൽ സ്വതന്ത്ര അന്വേഷണ അധികാരത്തോടെ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി രൂപീകരിക്കാൻ നിർദേശമുണ്ടായിരുന്നെങ്കിലും അന്തിമ വിജ്ഞാപനത്തിൽ ഇതു സംബന്ധിച്ച വ്യവസ്ഥകൾ നടപ്പാക്കുന്നതു മരവിപ്പിച്ചിരിക്കുകയാണ്. നിയമം പാസാക്കി ഒരു വർഷമായിട്ടും അതോറിറ്റി രൂപീകരിക്കാൻ കഴിയാത്തതു പോരായ്മയാണ്.

ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കാൻ നിയമത്തിൽ വ്യവസ്ഥയുണ്ടെങ്കിലും ചില കാര്യങ്ങളിൽ വ്യക്തതയില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. ഇ കൊമേഴ്സ്, ഡയറക്ട് സെല്ലിങ്, ടെലി മാർക്കറ്റിങ് തുടങ്ങിയവ കൃത്യമായി നിർവചിച്ചിട്ടില്ലെന്നതു ശിക്ഷയിൽനിന്ന് ഉൗരിപ്പോകാൻ പഴുതു നൽകുന്നുണ്ട്. പരസ്യങ്ങളിലും മറ്റും ഉൽപന്നത്തിന് ഇല്ലാത്ത മേന്മ അവകാശപ്പെടുന്നവർ, ഇത്തരം ഉൽപന്നങ്ങൾ പരിചയപ്പെടുത്തുന്നവർ എന്നിവർക്കെതിരെയുള്ള നടപടികളിലും നിർവചനങ്ങളിലും കൂടുതൽ ആശയ വ്യക്തത വേണമെന്നും അഭിപ്രായമുയർന്നിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA