ADVERTISEMENT

കോവിഡിനെതിരെയുള്ള വാക്സിൻ ഇപ്പോൾ ലോകത്തിന്റെ മുന്നിലുള്ള ഏറ്റവും വലിയ ആവശ്യവും രോഗപ്രതിരോധത്തിനുള്ള ഏക പ്രതീക്ഷയുമാണ്. ഈ ലക്ഷ്യത്തിലേക്കു നാം കൂടുതൽ അടുക്കുന്നുവെന്ന സുപ്രധാന വാർത്തയാണു കഴിഞ്ഞദിവസം ഓക്സ്ഫഡ് സർവകലാശാലയിൽ നിന്നെത്തിയത്. പ്രമുഖ മരുന്നുനിർമാതാക്കളായ അസ്ട്രാസെനകയുമായി ചേർന്ന് അവർ നടത്തുന്ന വാക്സിൻ പരീക്ഷണത്തിന്റെ ആദ്യ രണ്ടു ഘട്ടങ്ങളും വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നു.

ഈ വാക്സിൻ സ്വീകരിച്ച 90% പേരിലും പ്രതിരോധശേഷി ഉറപ്പാക്കുന്ന ആന്റിബോഡിയും ടി കോശങ്ങളും രൂപപ്പെട്ടുവെന്നാണ് അവകാശവാദം. ഓക്സ്ഫഡ് സർവകലാശാലയുടെ  വിശ്വാസ്യതയിൽ സംശയിക്കേണ്ടതില്ലെന്നിരിക്കെ, ഈ സാധ്യതാ വാക്സിൻ ഫലപ്രദമാവുമെന്നുവേണം കരുതാൻ.   

വാക്സിൻ പരീക്ഷണത്തിലെ കാതലായ ചോദ്യങ്ങളിലൊന്ന് ഇതുപയോഗിക്കുന്നതു കൊണ്ടുണ്ടാകുന്ന പാർശ്വഫലങ്ങളെക്കുറിച്ചാണ്. പരീക്ഷണാടിസ്ഥാനത്തിൽ ഇതു സ്വീകരിക്കുന്ന വൊളന്റിയർമാരുടെ കാര്യത്തിലടക്കം ഇതു പരമപ്രധാനമാണുതാനും.

ഇക്കാര്യത്തിലും ആശാവഹമായ മറുപടിയാണ് ഓക്സ്ഫഡ് പരീക്ഷണശാലയിൽനിന്നു കേട്ടത്. വാക്സിൻ സ്വീകരിച്ചവരിൽ ഗുരുതര പാർശ്വഫലങ്ങളില്ല. 70% പേർക്കു പനിയോ തലവേദനയോ പോലെ നേരിയ പ്രശ്നങ്ങളുണ്ടായെങ്കിലും പാരസെറ്റമോൾ കൊണ്ട് ഇവ പരിഹരിക്കാൻ കഴിഞ്ഞുവെന്നാണ് ഓക്സ്‍ഫഡ് പരീക്ഷണഫലം പ്രസിദ്ധീകരിച്ച ലാൻസെറ്റ് മെഡിക്കൽ ജേണൽ ചൂണ്ടിക്കാട്ടിയത്. മാസങ്ങളായി ലോകജനതയുടെ ജീവിതം കീഴ്മേൽ മറിച്ച വൈറസിനെതിരെ വാക്സിൻ എന്ന ലക്ഷ്യത്തിലേക്കു നാം എത്തുമെന്ന ഉറപ്പിന് അടിവരയിടുന്നതാണ് ഈ പരീക്ഷണഫലങ്ങൾ. ഇന്ത്യയിലടക്കം നടക്കുന്ന വാക്സിൻ പരീക്ഷണങ്ങൾക്കും ഇത് ഊർജമേകുന്നു.

ഓക്സ്ഫഡിനു പുറമേ, ചൈനയിലെ ബെയ്ജിങ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജിയും അനുകൂല ഫലമാണു പരീക്ഷണത്തിൽ ലഭിച്ചതെന്നു വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, മനുഷ്യരിലെ ഉപയോഗത്തിന് ഇവ എപ്പോൾ ലഭ്യമാവും എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത കൈവന്നിട്ടില്ല.

ഈ വർഷം തന്നെ വാക്സിൻ ലഭ്യമാക്കാൻ കഠിനശ്രമം നടക്കുമ്പോഴും ഇക്കാര്യത്തിൽ ഉറപ്പില്ലെന്നാണു ഗവേഷണത്തിൽ ഏറ്റവും മുൻപന്തിയിലുള്ള ഓക്സ്ഫഡ് സർവകലാശാല തന്നെ വ്യക്തമാക്കുന്നത്. ലോകമാകെ ഭീഷണിയായി കോവിഡ് വേരു പടർത്തുമ്പോഴും വാക്സിൻ ഉടനടി ലഭ്യമാക്കണമെന്ന നിർബന്ധം ആർക്കും സ്വീകരിക്കാനാവില്ല. ഇപ്പോൾ ലഭ്യമായ ഫലങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ പരീക്ഷണം വിജയിച്ചുവെന്ന പ്രഖ്യാപനവും പാടില്ല. ആദ്യ ഘട്ടങ്ങളിലെ വാക്സിൻ പരീക്ഷണം സംബന്ധിച്ച പ്രബന്ധങ്ങൾ മാത്രമാണ് ഓക്സ്ഫഡിൽനിന്ന് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. 

ഇനിയാണ് പരീക്ഷണത്തിലെ അതിനിർണായകമായ മൂന്നാം ഘട്ടം. കൂടുതൽ പേരിൽ പരീക്ഷിച്ച് വാക്സിന്റെ ഫലപ്രാപ്തിയും പ്രതിരോധശേഷി നിലനിൽക്കുന്ന കാലയളവും ഉറപ്പാക്കേണ്ടത് ഈ ഘട്ടത്തിലാണ്. ഓക്സ്ഫഡിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിനുള്ള നടപടികൾ ബ്രിട്ടൻ, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ പുരോഗമിക്കുന്നു. യുഎസിൽകൂടി പരീക്ഷണം നടത്താൻ ഓക്സ്ഫഡ് തീരുമാനിച്ചിരിക്കുകയുമാണ്. ഇത്തരം കൃത്യമായ പരീക്ഷണ ഘട്ടങ്ങളിലൂടെ ലഭിക്കുന്ന അന്തിമ അംഗീകാരം വാക്സിൻ വിജയത്തിലെത്തുന്നതിന് അനിവാര്യമാണ്. ശാസ്ത്രീയതയും ഫലപ്രാപ്തിയുമെല്ലാം പരമാവധി ഉറപ്പാക്കാനുള്ള കഠിനശ്രമത്തിലാണു ശാസ്ത്രലോകം. ‌

ലോകത്തെവിടെ വാക്സിൻ ഗവേഷണം ഫലപ്രാപ്തിയിലെത്തിയാലും അതു മതിയായ അളവിൽ ലഭ്യമാക്കുന്നതിന് ഇന്ത്യയുടെ പിന്തുണകൂടി ആവശ്യമാണ്. വാക്സിൻ നിർമാതാക്കളുടെ നല്ലൊരു ശതമാനം ഇന്ത്യയിലാണെന്നതാണ് ഇതിനു കാരണം. ഒരുവശത്ത് ഓക്സ്ഫഡ്, ഗവേഷണം മുന്നോട്ടു കൊണ്ടുപോകുമ്പോൾത്തന്നെ ഇതു വിപണിയിലെത്തിക്കാൻ പുണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഉൾപ്പെടെ സജ്ജമാണെന്ന വാർത്തയും നമുക്കു പ്രതീക്ഷ നൽകുന്നതാണ്. വാക്സിൻ ഗവേഷണത്തിന് സാമ്പത്തിക സഹായമടക്കം എല്ലാ സൗകര്യങ്ങളും ഇന്ത്യ നൽകുമെന്നത് ഗവേഷണമേഖലയ്ക്കു കൂടുതൽ ശക്തിപകരും. സിറം ഇൻസ്റ്റിറ്റ്യൂട്ട് അടക്കം ഇന്ത്യയിലും പല കമ്പനികളും സ്വന്തം നിലയിൽ വാക്സിൻ കണ്ടെത്താനുള്ള ഗവേഷണം മുന്നോട്ടു കൊണ്ടുപോവുകയാണ്. ഇതിൽ മനുഷ്യരിലെ പരീക്ഷണഘട്ടത്തിലെത്തിയ രണ്ടു സാധ്യതാ വാക്സിനുകളാണ് ഇന്ത്യയിൽനിന്നുള്ളത്: ഭാരത് ബയോടെക്കിന്റെ കോവാക്സിനും സൈഡസ് കാഡിലയുടെ സൈകോവ്–ഡിയും. ഇന്ത്യയിലെ വിവിധ ആശുപത്രികളിൽ ഇതിന്റെ പരീക്ഷണം പുരോഗമിക്കുകയാണ്.

വൈറസിന്റെ ക്രൂരവിളയാട്ടത്തിനിടയിൽ, പ്രതീക്ഷയുടെ ഈ രജതരേഖ യാഥാർഥ്യമാകാനുള്ള കാത്തിരിപ്പിലാണു  ലോകം. ആ കാത്തിരിപ്പ് എത്രയുംവേഗം സഫലമാകട്ടെ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com