ADVERTISEMENT

സേനാ പിന്മാറ്റം സംബന്ധിച്ച ധാരണകൾ പൂർണമായി പാലിക്കാൻ ചൈന ഇനിയും തയാറാകാത്ത  സാഹചര്യത്തിൽ, അതിർത്തിയിൽ സംഘർഷം‌ ഒഴിയുന്നില്ല.  ഉന്നത ഭരണനേതൃത്വത്തിന്റെ മുൻകൂർ അനുമതിയോടെ, കരുതിക്കൂട്ടിയുള്ള നീക്കമാണ് കിഴക്കൻ ലഡാക്ക്  അതിർത്തിയിൽ ചൈനീസ് സേന നടത്തിയത്’ – മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവും മുൻ വിദേശകാര്യ  സെക്രട്ടറിയും ചൈനയിലെ  ഇന്ത്യൻ അംബാസഡറുമായിരുന്ന ശിവശങ്കർ മേനോൻ ‘മനോരമ’യോട്...

∙ ഗൽവാൻ ഉൾപ്പെടെ അതിർത്തിയിൽ ഏതാനും ഇടങ്ങളിൽനിന്നു കഴിഞ്ഞ ദിവസം ഇരുസേനകളും നേരിയ തോതിൽ പിന്മാറിയിരുന്നു. എങ്ങനെ വിലയിരുത്തുന്നു?

പിന്മാറ്റം സ്വാഗതാർഹമാണ്. സേനകൾ മുഖാമുഖം നിൽക്കുന്ന സ്ഥിതി ഒഴിവാക്കുന്നു എന്നാണ് ഇതിനർഥം (ഒദ്യോഗിക ഭാഷയിൽ – ഡിസ് എൻഗേജ്മെന്റ്). പക്ഷേ, അതിർത്തിയിൽനിന്ന് അൽപം പിന്നിലായി, ഇന്ത്യയെ ലക്ഷ്യമിട്ടു നടത്തിയ വൻ പടയൊരുക്കം ഉപേക്ഷിക്കാൻ ചൈന തയാറായതായി ഇനിയും വിവരമില്ല. അതിനാൽ, നമ്മൾ ഇപ്പോഴും പ്രതിസന്ധിഘട്ടത്തിൽ തന്നെയാണ്. പാംഗോങ് മേഖലയിൽ യഥാർഥ നിയന്ത്രണരേഖ (എൽഎസി) കടന്ന് അവർ നമ്മുടെ പ്രദേശത്താണു നിലയുറപ്പിച്ചിരിക്കുന്നത്. സംഘർഷം ആരംഭിക്കുന്നതിനു മുൻപ് അതിർത്തിയിൽ നിലനിന്നിരുന്ന സ്ഥിതി പൂർണമായി പുനഃസ്ഥാപിക്കപ്പെടുന്നുവെന്ന് നാം ഉറപ്പാക്കണം. ചൈനയുടെ പെരുമാറ്റരീതികൾ മാറിയിട്ടുണ്ട്. മുൻപില്ലാത്ത വിധമുള്ള പ്രകോപനമാണ് ഉണ്ടായിരിക്കുന്നത്. 

∙ സംഘർഷം ഇന്ത്യ കൈകാര്യം ചെയ്ത രീതിയെ എങ്ങനെ വിലയിരുത്തുന്നു; ഇന്ത്യൻ പ്രദേശത്തേക്ക് ആരും കടന്നിട്ടില്ലെന്ന് രാഷ്ട്രീയ നേതൃത്വം പറയുന്നു.

അതിർത്തിരേഖ ആരും കടന്നിട്ടില്ലെങ്കിൽ പിന്നെ ഇപ്പോഴുള്ള സംഘർഷം എന്തിന്റെ പേരിലാണ്? സംഘർഷം പരിഹരിക്കാനുള്ള നടപടികൾ ഫലം കാണുംവരെ നമുക്കു കാത്തിരിക്കാം. ഇന്ത്യയുടെ പ്രദേശത്തുനിന്ന് ചൈനീസ് സേന പൂർണമായി പിന്മാറട്ടെ. അതിർത്തിയിലെ സംഭവവികാസങ്ങൾ അതിനുശേഷം വിശദമായ പഠനത്തിനു വിധേയമാക്കണം. രാഷ്ട്രീയ, നയതന്ത്ര തലങ്ങളിൽ നമ്മൾ നടത്തിയ ഇടപെടലുകളിലെ പോരായ്മകൾ പരിശോധിക്കണം. 

∙ സംഘർഷത്തിനു പിന്നിൽ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ നേരിട്ടുള്ള ഇടപെടലുണ്ടെന്ന റിപ്പോർട്ട് പുറത്തുവന്നല്ലോ... 

ഏതെങ്കിലും ചൈനീസ് സേനാ കമാൻഡറുടെ ഭാഗത്തുനിന്നുള്ള പ്രകോപനമാണ് ഏറ്റുമുട്ടലിൽ കലാശിച്ചതെന്നു കരുതാൻ വയ്യ. ചൈനീസ് സേന അവിടത്തെ കമ്യൂണിസ്റ്റ് പാർട്ടിയുടെ പൂർണ നിയന്ത്രണത്തിലാണ്. സ്വന്തം നിലയിൽ സേന പ്രവർത്തിക്കില്ല. ഉന്നത ഭരണനേതൃത്വത്തിന്റെ മുൻകൂർ അനുമതിയോടെ, കരുതിക്കൂട്ടിയുള്ള നീക്കമാണു നടത്തിയതെന്ന കാര്യത്തിൽ സംശയമില്ല. ഒരേസമയം, പലയിടത്തായി അവർ നടത്തിയ കടന്നുകയറ്റത്തിന്റെ വ്യാപ്തി ഇതിനു തെളിവാണ്. 

∙ അതിർത്തിയിലെ പൂർവസ്ഥിതി പുനഃസ്ഥാപിക്കാൻ നമുക്കു മുന്നിലുള്ള വഴിയെന്താണ്.

നിലവിൽ ഇരുരാജ്യങ്ങളും തമ്മിൽ നടത്തുന്ന ചർച്ചകളിൽ ചൈന എന്തു നിലപാടാണു സ്വീകരിച്ചിട്ടുള്ളതെന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല. മുന്നോട്ടുള്ള വഴി തീരുമാനിക്കും മുൻപ് ചൈനയുടെ ആവശ്യങ്ങളും നിലപാടുകളും അറിയേണ്ടതുണ്ട്. പ്രശ്നം എത്രയും വേഗം സമാധാനപരമായി പരിഹരിക്കുന്നതിന് ഊന്നൽ നൽകണം. 

∙ കിഴക്കൻ ലഡാക്കിലെ ഡെപ്സാങ്ങിൽ 2013ൽ ചൈനീസ് സേന കടന്നുകയറിയപ്പോൾ താങ്കളായിരുന്നു ദേശീയ സുരക്ഷാ ഉപദേഷ്ടാവ്. അന്നു പ്രശ്നം പരിഹരിച്ചതെങ്ങനെയാണ്.

കടന്നുകയറ്റത്തിൽനിന്നു ചൈനീസ് സേന പൂർണമായി പിന്മാറണമെന്ന നിലപാടിൽ അന്നു നമ്മൾ ഉറച്ചുനിന്നു. ഒപ്പം, പ്രതിരോധസേനകൾ വലിയ തോതിൽ വിന്യാസവും നടത്തി. ഇത്തരം സാഹചര്യങ്ങളിൽ എങ്ങനെ പ്രതികരിക്കണമെന്ന് നമ്മുടെ സേനകൾക്കു നന്നായറിയാം. ചൈനീസ് പ്രീമിയർ ലി കെക്യാങ്ങിന്റെ ഇന്ത്യാ സന്ദർശനം നിശ്ചയിക്കപ്പെട്ട സമയമായിരുന്നു അത്.

സന്ദർശനം നമ്മൾ ആയുധമാക്കി. സന്ദർശനത്തിനുള്ള ഒരുക്കങ്ങളെക്കുറിച്ച് അവരുമായി സംസാരിക്കുന്നതു നിർത്തിവച്ചു. അതിർത്തിയിലെ പ്രശ്നം പരിഹരിച്ച ശേഷം മതി മറ്റു കാര്യങ്ങളിലുള്ള ചർച്ചയെന്നു നിലപാടെടുത്തു. സംഘർഷവും സന്ദർശനവും ഒരേസമയം നടക്കില്ലെന്ന സന്ദേശം ഇന്ത്യ കൈമാറി. രണ്ടരയാഴ്ചയ്ക്കു ശേഷം അവർ പൂർണമായി പിന്മാറി. 

അന്നത്തെ കടന്നുകയറ്റം സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നതിനു പിന്നാലെ, അതിർത്തിയിലെ യഥാർഥ സ്ഥിതിഗതികൾ നമ്മൾ രാജ്യത്തെ അറിയിച്ചു. പൊതുജനം സത്യം അറിയേണ്ടതു പ്രധാനമാണ്. അല്ലെങ്കിൽ അനാവശ്യ പ്രചാരണങ്ങളും അസത്യങ്ങളും പിടിമുറുക്കും. അത്തരമൊരു സ്ഥിതിയാണ് ഇപ്പോൾ രാജ്യത്തുള്ളത്. 

∙ ഗൽവാൻ ഏറ്റുമുട്ടലോടെ, ചൈനയെ ഇനി ഒരിക്കലും വിശ്വസിക്കാനാവില്ലെന്ന നിലപാടിലാണ് ഇന്ത്യൻ സേന. താങ്കളുടെ അഭിപ്രായം എന്താണ്. 

വിശ്വാസം, ധാരണ, നന്ദി, വികാരം തുടങ്ങിയവയുടെ അടിസ്ഥാനത്തിലല്ല രാജ്യങ്ങൾ പരസ്പരം ഇടപെടുന്നത്. സ്വന്തം താൽപര്യങ്ങൾക്കനുസരിച്ചാണ് ഓരോ രാജ്യവും പെരുമാറുക. അതിർത്തിയിലെ കരാറുകൾ പാലിക്കുന്നതും സമാധാനം നിലനിർത്തുന്നതും ചൈനയുടെ താൽപര്യങ്ങൾ സംരക്ഷിക്കുമെങ്കിൽ അവരതു ചെയ്യും. ഇല്ലെങ്കിൽ മറ്റു വഴിക്കു നീങ്ങും. സാഹചര്യങ്ങൾക്കനുസരിച്ച് രാജ്യങ്ങളുടെ പെരുമാറ്റ രീതികളും മാറും. മറ്റു രാജ്യങ്ങളുമായി ബന്ധപ്പെട്ട നയങ്ങൾക്കു രൂപംനൽകുമ്പോൾ അവിടെ വിശ്വാസത്തിനു സ്ഥാനമില്ല. 

∙ ചൈനയുമായി ബന്ധപ്പെട്ട 59 മൊബൈൽ ആപ്ലിക്കേഷനുകൾ ഇന്ത്യ വിലക്കി. സംഘർഷമൊഴിവാക്കാൻ അതു ചൈനയ്ക്കുമേൽ സമ്മർദം ചെലുത്തുമോ.

ടിക്ടോക് വിലക്കിയതുകൊണ്ടു മാത്രം അതിർത്തിയിൽനിന്നു ചൈന പിന്മാറുമെന്നു ഞാൻ കരുതുന്നില്ല. സംഘർഷം എങ്ങനെ പരിഹരിക്കുമെന്ന ചോദ്യത്തിനുള്ള ഉത്തരമല്ല വിലക്ക്. എന്നാൽ, ചൈനയുമായി നിലവിലുള്ള നമ്മുടെ ബന്ധം പുനരവലോകനം ചെയ്യേണ്ടതുണ്ട്. വ്യാപാര, സാമ്പത്തിക മേഖലകളിലടക്കമുള്ള സഹകരണത്തിൽ മാറ്റം അനിവാര്യമാണ്. അങ്ങനെ നോക്കുമ്പോൾ, മൊബൈൽ ആപ്പുകൾ വിലക്കിയതുപോലുള്ള നടപടികൾ പ്രസക്തമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com