ADVERTISEMENT

കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന സ്വർണക്കടത്തു കേസ് മുന്നോട്ടു പോകുമ്പോൾ മോദിസർക്കാർ തണുപ്പിക്കുമോ? ഒരുഘട്ടം കഴിയുമ്പോൾ കേസിനു കൂച്ചുവിലങ്ങായി രാഷ്ട്രീയ ഒത്തുതീർപ്പു രൂപപ്പെടുമോ? ഈ ചോദ്യങ്ങൾ തിരിച്ചറിയുന്നുണ്ടെന്ന സൂചനയാണ് ബിജെപി സംസ്ഥാന നേതൃയോഗത്തിൽ പങ്കെടുത്ത ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ്ങിന്റെ വാക്കുകൾ നൽകുന്നത്.

വിഡിയോ കോൺഫറൻസിലൂടെ 18നു നടന്ന യോഗത്തിൽ ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയ്ക്കു പകരമെത്തിയ സിങ് ഇങ്ങനെ വ്യക്തമാക്കി: ‘രാജ്യദ്രോഹ പ്രവർത്തനത്തിനു മുഖ്യമന്ത്രിയുടെ ഓഫിസ് ഉപയോഗിച്ചുവെന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്. കേരള സർക്കാരിനെ തുറന്നുകാട്ടുന്ന അന്വേഷണം ഇക്കാര്യത്തിലുണ്ടാകും. ഒരു സംശയവും വേണ്ട.’

അതേസമയം, കോടതിയിൽ ചൊവ്വാഴ്ച എൻഐഎ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിലേക്കു വിരൽചൂണ്ടുന്ന ഒരു പരാമർശവുമില്ല.

മുഖ്യമന്ത്രിയുടെ ഓഫിസിലെയും ഭരണത്തലപ്പത്തെയും പല പ്രമുഖരെയും കുറിച്ച് ബിജെപി സംസ്ഥാന നേതൃത്വം ആരോപണം അഴിച്ചുവിടുമ്പോഴാണ് അന്വേഷണ ഏജൻസിയുടെ ഈ നിലപാട്. കള്ളക്കടത്ത് – ഭീകരവാദ കേസുകളിലേക്കു ശിവശങ്കറെ ബന്ധിപ്പിക്കാൻ കഴിയില്ലെന്ന ബോധ്യമാണ് പിണറായി വിജയന്റെ ആത്മവിശ്വാസത്തിന് ഒരു കാരണം. മുഖ്യമന്ത്രിയിലേക്കു ഘടിപ്പിക്കാവുന്ന ആ കണ്ണി ഒഴിവായാൽ സ്വപ്നയുടെയും സരിത്തിന്റെയും സന്ദീപിന്റെയും വിധിയും ആ കഥകളും ഭരണനേതൃത്വത്തിനു വിഷയമല്ല. പഴയ ചില കേസുകളുടെ സ്ഥിതിയും മോദിക്കും പിണറായിക്കുമിടയിൽ അദൃശ്യമായൊരു ‘നയതന്ത്ര’മുണ്ടെന്ന പ്രചാരണവുമാണ് ഒത്തുതീർപ്പോ പോർമുഖമോ എന്ന സന്ദേഹത്തിനു വഴി തുറന്നിരിക്കുന്നതും.

 ആ കണ്ണി ശിവശങ്കർ

അന്വേഷണത്തിന്റെ ഏറ്റവും പ്രധാന ഘട്ടം വരാനിരിക്കുന്നതേയുള്ളൂ. അതുകൊണ്ടു തന്നെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും കേസിലെടുക്കുന്ന താൽപര്യവും ബിജെപി സർക്കാരിന്റെ മനോഭാവവും ഇന്ത്യയിലെ ഏക ഇടതുപക്ഷ സർക്കാരിനും മുഖ്യമന്ത്രിക്കും നിർണായകമാകുന്നു. സംസ്ഥാന സർക്കാരിനെതിരെ നിരന്തരം വിമർശനമുന്നയിച്ചുവന്ന കേന്ദ്രമന്ത്രി വി.മുരളീധരൻ ഈ കേസിൽ പൊതുവിൽ മൗനത്തിലാണ്.

കോവിഡുമായും തന്റെ വിദേശകാര്യ വകുപ്പുമായും ബന്ധപ്പെട്ട വസ്തുതകളാണു നേരത്തേ ചൂണ്ടിക്കാട്ടിയതെങ്കിൽ, കേസ് ആ പരിധിയിലുള്ളതല്ലെന്ന് സംസ്ഥാന നേതാക്കളെ അദ്ദേഹം അറിയിച്ചിട്ടുണ്ട്. പിണറായി – മുരളി വാക്പോര് ഇക്കാര്യത്തിലും തുടങ്ങിയാൽ, അന്വേഷണത്തിൽ രാഷ്ട്രീയമെന്ന ആരോപണം ‌ഉയരാനിടയുള്ളതു കേന്ദ്രം കണക്കിലെടുത്തിട്ടുമുണ്ടാകും.

തെളിവുകളുടെ അടിസ്ഥാനത്തിൽ വിട്ടുവീഴ്ചയില്ലാതെ എൻഐഎ നീങ്ങുമെന്നാണു സംസ്ഥാന ബിജെപി നേതൃത്വത്തെ കേന്ദ്രനേതൃത്വം അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥനെ കുടുക്കാൻ പോന്ന തെളിവു ശേഖരിച്ചുകൊണ്ട് ശിവശങ്കറിനെതിരെ നീങ്ങുമെന്ന വിവരമാണ് അവർക്കുള്ളത്. കസ്റ്റംസ് ആക്ട് പ്രകാരം കുറ്റവാളികൾക്കു സഹായം ഒരുക്കി നൽകുന്നതും കുറ്റകരമാണ് എന്നതിനാൽ അദ്ദേഹത്തിനു കാര്യങ്ങൾ എളുപ്പവുമല്ല. ശിവശങ്കർ രക്ഷപ്പെടുന്ന പക്ഷം, സിപിഎം – ബിജെപി ഒത്തുകളി എന്ന ആക്ഷേപം പ്രതിപക്ഷം ഉയർത്തുകയും ചെയ്യും. 

കള്ളക്കടത്ത്, ഭീകരവാദ ബന്ധങ്ങൾ അദ്ദേഹത്തിനില്ലെന്നു ബോധ്യപ്പെടുന്ന സാഹചര്യത്തിലും മറ്റൊരു അപകടം സർക്കാരിനു മുന്നിലുണ്ട്. ചോദ്യം ചെയ്യലിൽ ഇതിനകം വിവാദമായ കൺസൽറ്റൻസി, രാഷ്ട്രീയ ഫണ്ടിങ് തട്ടിപ്പുകളുമായി ബന്ധപ്പെട്ട പരമാവധി വിവരങ്ങൾ ശിവശങ്കറിൽനിന്ന് എൻഐഎ ശേഖരിക്കും. ഭരണത്തലപ്പത്തുള്ളവരെ സ്വപ്നയും സരിത്തും ഫോണിൽ ബന്ധപ്പെട്ടതിൽനിന്നു കുറ്റവാളികൾക്കു സംസ്ഥാന സർക്കാരുമായുള്ള ബന്ധമാണ് എൻഐഎക്കു മുന്നിൽ വെളിവാകുന്നത്. ഈ വിവരങ്ങൾ എൻഐഎയുടെ അന്വേഷണപരിധിയിൽ വരാത്തതിനാൽ വിശദാംശങ്ങൾ വ്യക്തമാക്കി സിബിഐ അന്വേഷണത്തിന് അവർക്കുതന്നെ ശുപാർശ ചെയ്യാം. തിരഞ്ഞെടുപ്പു വർഷത്തിൽ അതു സർക്കാരിനുമേൽ ഡമോക്ലീസിന്റെ വാൾ തന്നെയാകും.

ഗുണം ആർക്ക് ?

ഈ പടനീക്കങ്ങളുടെ രാഷ്ട്രീയ ഗുണഭോക്താവ് ഒടുവിൽ യുഡിഎഫ് ആകില്ലേ എന്ന ചോദ്യം ബിജെപി നേതൃയോഗത്തിൽ ഉയർന്നു. കത്തിക്കാളിച്ച ശബരിമല വിഷയത്തിന്റെ മെച്ചം ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനു പോയത് ആവർത്തിക്കാതെ നോക്കണമെന്ന മുന്നറിയിപ്പു നൽകിയത് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ തന്നെയാണ്. കേസ് മുന്നോട്ടു പോകുമ്പോൾ ചില യുഡിഎഫ് നേതാക്കളുടെ ധനസ്രോതസ്സുകളിലേക്ക് അന്വേഷണമെത്തുമെന്ന വിലയിരുത്തലിൽ ഇരുമുന്നണികളെയും തുറന്നു കാട്ടാനാണു ബിജെപി തീരുമാനം. ‘സരിതയുടെയും സ്വപ്നയുടെയുമല്ല കേരളം’ എന്ന പ്രചാരണത്തിനാണ് അവർ ഒരുങ്ങുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം അധികാരം നിലനിർത്തുന്നതു തടയാനാണോ, കോൺഗ്രസ് തിരിച്ചു വരാതിരിക്കാനാണോ ആഗ്രഹിക്കുന്നതെന്ന വലിയ ചോദ്യം ഇതിനെല്ലാമിടയിൽ ബിജെപിക്കും ആർഎസ്എസിനും മുന്നിലുണ്ട്. സ്വർണക്കടത്തു കേസിന്റെ രാഷ്ട്രീയവിധിക്ക് ഈ നിർണായക ചോദ്യത്തിന്റെ ഉത്തരവുമായി അഭേദ്യബന്ധവും ഉണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com