ADVERTISEMENT

ഒരുവശത്തു കലിതുള്ളുന്ന കടലിനും മറുവശത്തു അതിക്രൂരതയോടെ വ്യാപിക്കുന്ന കൊറോണയ്ക്കുമിടയിലുള്ള നരകതുല്യ ജീവിതം നിസ്സഹായതയോടെ അനുഭവിക്കുകയാണു നമ്മുടെ തീരദേശവാസികൾ. നമ്മുടെ ചില തീരദേശങ്ങളെങ്കിലും തീവ്രമായ രോഗവ്യാപനത്തിൽ വലയുമ്പോഴാണു കടൽക്ഷോഭംകൂടി ഉണ്ടാവുന്നതെന്നതു കേരളത്തിന്റെയാകെ ഗൗരവശ്രദ്ധ ആവശ്യപ്പെടുന്നു.

തീരദേശ നിവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തുംവിധം സമഗ്രവും ശാസ്ത്രീയവുമായ കടൽക്ഷോഭ പ്രതിരോധ സംവിധാനം ഒരുക്കാൻ സർക്കാർ സംവിധാനങ്ങൾ മടിച്ചുനിൽക്കുന്നതിന്റെ വിലയാണ് ഓരോ കാലവർഷക്കാലത്തും തീരജീവിതങ്ങളെ കഠിനമാക്കുന്നത്. കേരളത്തിലെ തീരദേശത്തിന്റെ 63 ശതമാനവും കടലാക്രമണ ഭീഷണിയിലാണെന്നു കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നേരത്തേ നൽകിയ മുന്നറിയിപ്പ് നാം ഓർമിക്കുന്നതു കാലവർഷക്കാലത്തു മാത്രമാണെന്നതു നിർഭാഗ്യകരംതന്നെ.

സംസ്ഥാനത്തെ തീരമേഖലകളിലെ ദുരിതം ഓരോ നാളും വർധിച്ചുവരികയാണ്. ഈ മേഖലകളിൽ പലയിടത്തും കടൽ ഭിത്തിയും മറികടന്നു വൻതോതിൽ വെള്ളം കരയിലേക്കടിച്ചു കയറുന്നു. തീരദേശ റോഡുകളും വീടുകളുമൊക്കെ വെള്ളത്തിൽ മുങ്ങുന്നുണ്ട്. പല വീടുകളും തകർന്നുകഴിഞ്ഞു. കൊച്ചി ചെല്ലാനത്തുള്ളതുപോലെ കോവിഡ് വ്യാപനഭീതിക്കൊപ്പം കടലിന്റെ കലിതുള്ളലും അനുഭവിക്കേണ്ടിവരുന്നവരുടെ അവസ്ഥ അത്യധികം വേദനാജനകമാണ്.

അടുത്ത രണ്ടാഴ്ച സംസ്ഥാനത്തു വ്യാപകമായി മഴ ലഭിക്കുമെന്നും തെക്കൻ ജില്ലകളിൽ ശക്തമായ മഴയാണു പ്രതീക്ഷിക്കുന്നതെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചതായി കഴിഞ്ഞ ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. അതായത്, ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ ശ്രദ്ധ വേണ്ടിവരുമെന്നു വ്യക്തം. മുൻവർഷങ്ങളിൽ ഈ വേളയിലുണ്ടായ കനത്ത മഴയും ദുരന്തങ്ങളും മുന്നിൽവച്ചുള്ള ദുരന്തപ്രതിരോധ നടപടികൾക്കായി നാം ഉടൻ സജ്ജമാകേണ്ടതുണ്ട്. ജില്ലാ ദുരന്തനിവാരണ അതോറിറ്റികളും പ്രാദേശിക ഭരണസംവിധാനവുമൊക്കെ മൺസൂൺ മുന്നൊരുക്ക യോഗങ്ങൾ നടത്തി തയാറെടുപ്പുകൾ അവലോകനം ചെയ്തിട്ടുള്ളതായി മുഖ്യമന്ത്രി പറഞ്ഞത് പ്രായോഗികതലങ്ങളിലെത്തി തീരവാസികൾക്കടക്കം ആശ്വാസമാവുകതന്നെ വേണം.

അറുനൂറു കിലോമീറ്ററോളം തീരദേശവും കടലിനെ ആശ്രയിച്ചു കഴിയുന്ന ജനസമൂഹവുമുള്ള കേരളം, കടൽക്ഷോഭത്തിന്റെ കെടുതികളിലും ആശങ്കകളിലും ഓരോ വർഷവും വലയേണ്ടിവരുന്ന ഈ ദുർവിധിക്ക് എന്നാണ് അവസാനമുണ്ടാവുക? കടൽഭിത്തി ഇല്ലാത്തിടത്തു ഭിത്തി പണിയുകയും കാലാകാലങ്ങളിൽ അറ്റകുറ്റപ്പണി നടത്തുകയും ചെയ്താൽ കടൽക്ഷോഭത്തെ ചെറുക്കുന്നതിന് ഒരുപരിധിവരെ സഹായമാവുമെന്നു മത്സ്യത്തൊഴിലാളികൾ പറയുന്നുണ്ട്. കേരളതീരത്ത് അടിക്കടിയുണ്ടാകുന്ന കടലാക്രമണത്തെ ദീർഘകാലം ചെറുത്തുനിൽക്കാൻ പുലിമുട്ടുകൾക്കു മാത്രമേ കഴിയൂവെന്ന് ഐഐടി മദ്രാസിൽനിന്നുള്ള വിദഗ്ധസംഘം വർഷങ്ങൾക്കു മുൻപേ അഭിപ്രായപ്പെട്ടതാണ്.

കടലാക്രമണ മേഖലകളിൽ തീരസുരക്ഷയ്ക്കായി ശാസ്ത്രീയമായ പുലിമുട്ട്, കടൽഭിത്തി നിർമാണം വേഗത്തിലാക്കുമെന്നു മുൻപു സർക്കാർ പ്രഖ്യാപിച്ചത് ഇപ്പോഴും കടലാസിൽത്തന്നെയാണ്. ഓരോ പ്രദേശത്തിനും അനുയോജ്യ രീതിയിൽ ശാസ്ത്രീയമായി പുലിമുട്ടുകളും കടൽഭിത്തികളും നിർമിച്ചു കടൽത്തീരം സംരക്ഷിക്കാൻ സമഗ്രപദ്ധതി തയാറാക്കണമെന്ന് ഓഖി ദുരന്തത്തിനുശേഷം, മലയാള മനോരമ സംഘടിപ്പിച്ച വിദഗ്ധരുടെ ആശയക്കൂട്ടം നിർദേശിച്ചിരുന്നു. ഓഖി ചുഴലിക്കാറ്റുദുരന്തം നൽകിയ പ്രതിരോധ പാഠങ്ങൾ ഈ കാലവർഷത്തിലെ കടൽക്കെടുതിക്കു മുൻപെങ്കിലും പ്രായോഗികമാക്കാൻ നമുക്കു കഴിയേണ്ടതായിരുന്നില്ലേ? താൽക്കാലിക പരിഹാരങ്ങൾക്കപ്പുറത്ത്, പുലിമുട്ടുപോലെ കേരളത്തിന്റെ തീരദേശം സംരക്ഷിക്കുന്നതിനുള്ള സമഗ്ര – ശാശ്വത മാർഗങ്ങൾ സ്വീകരിക്കാൻ ഇനിയെങ്കിലും വൈകിക്കൂടാ.

അതിവർഷ – കടൽക്ഷോഭങ്ങളുടെ പതിവു മുന്നറിയിപ്പുകൾക്കപ്പുറത്ത്, ഇങ്ങനെയുള്ള ദുരന്തങ്ങൾ ജീവിതത്തിൽ സഹിക്കേണ്ടിവരുന്നവർക്കൊപ്പം നിലയുറപ്പിക്കുകയും അവർക്കായുള്ള ആശ്വാസസഹായം ഉദാരമായി നൽകുകയുമാണു സർക്കാർ ചെയ്യേണ്ടത്. അല്ലെങ്കിൽത്തന്നെ കോവിഡ് വ്യാപനത്തിന്റെ കഠിനദുരന്തത്തിൽ അകപ്പെട്ട തീരദേശവാസികൾക്കു കടൽക്കലിയുടെ ആഘാതംകൂടി താങ്ങാനുള്ള ശേഷിയില്ലെന്നു മനസ്സിലാക്കിയുള്ള അടിയന്തര നടപടികൾ ഉണ്ടായേതീരൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com