ADVERTISEMENT

അടിമപ്പെട്ടു കഴിഞ്ഞാൽ അസഹനീയമായവയും ആനന്ദദായകമാകും. ഇഴുകിച്ചേർന്നവയോടെല്ലാം സ്വാഭാവികമായ ഒരു പ്രതിപത്തി തോന്നും. പിന്നെ എത്ര ശ്രമിച്ചാലും അവയിൽനിന്നു പുറത്തുകടക്കാനാകില്ല. എങ്ങനെയും രക്ഷപ്പെടണമെന്ന ആദ്യകാല ചിന്തകൾ, എന്തിനാണു രക്ഷപ്പെടുന്നത് എന്ന സ്ഥായിയായ ഭാവത്തിലേക്കു മാറും.

എല്ലാ ദുരവസ്ഥകളും തുടക്കത്തിൽ സമ്മാനിക്കുന്ന ചില വൈഷമ്യങ്ങളും വേദനകളുമുണ്ട്. അവയോടു സമരസപ്പെട്ടു കഴിഞ്ഞാൽ പിന്നെ അവ നൽകുന്ന ആനുകൂല്യങ്ങളിലും ആഹ്ലാദാനുഭവങ്ങളിലുമായിരിക്കും ശ്രദ്ധ മുഴുവൻ. ശീലമാകുന്ന ദുഷ്പ്രവൃത്തികളും ഹീനകൃത്യങ്ങളും താൽക്കാലികമായ വിരുദ്ധസുഖങ്ങൾ സമ്മാനിക്കും. അതിൽനിന്നു പുറത്തു കടക്കാത്തിടത്തോളം കാലം തടവറയ്ക്കുള്ളിലെ നിയന്ത്രിത സ്വാതന്ത്ര്യം അനുഭവിക്കാൻ മാത്രമേ സാധിക്കൂ.

അകപ്പെട്ടുപോകുന്ന അടിമാവസ്ഥകളിൽനിന്നു പുറത്തുവരണമെന്ന ആഗ്രഹം പോലും നശിക്കത്തക്ക വിധം വശീകരിക്കപ്പെടുമ്പോഴാണ് സ്വന്തം കഴിവും ശക്തിയും അപ്രസക്തമാകുന്നത്. ആയിരിക്കുന്ന അവസ്ഥയെക്കാൾ, ആയിത്തീരാൻ കഴിയുന്ന അവസ്ഥയാണു പ്രധാനം. ആയിരിക്കുന്ന സ്ഥലം ആയിരിക്കേണ്ട സ്ഥലത്തേക്കുള്ള യാത്രയെ നിഷേധിക്കുന്നെങ്കിൽ എത്രയും വേഗം ആ സ്ഥലം ഉപേക്ഷിക്കണം. നൂറുമേനിയുടെ സാധ്യതകൾ ഉള്ളപ്പോൾ പത്തു മേനിയുടെ പാരിതോഷികങ്ങളിൽ മനംമയങ്ങി വീണാൽ, അതു സ്വന്തം ശേഷികളോടുള്ള അവഹേളനമാകും. 

സ്വന്തം ദൗർബല്യങ്ങളിൽനിന്നു പുറത്തുവരാൻ ആഗ്രഹമില്ലാത്ത ഒരാൾക്കും സ്വന്തം ശക്തികേന്ദ്രങ്ങൾ കണ്ടെത്താനാകില്ല. ഉള്ളിലെ തിരി താഴ്ന്നുപോയാൽ പുറമേ നിന്നു വെളിച്ചം പകരാൻ തയാറായി നിൽക്കുന്നവർക്കും ഒന്നും ചെയ്യാനാകില്ല. ചികിത്സിക്കപ്പെടാൻ ആഗ്രഹമില്ലാത്തവരുടെ മുന്നിൽ ഒരു ഔഷധത്തിനും ഒന്നും ചെയ്യാൻ കഴിയില്ല. കർമോത്സുകതകൊണ്ടു വീരചരിതം എഴുതാൻ കഴിയുമെങ്കിൽ, ആലസ്യംകൊണ്ടു വിലാപകാവ്യം എഴുതരുത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com