തൊഴിലന്വേഷകരോട് ഈ ക്രൂരത അരുത്

HIGHLIGHTS
  • ∙ വഴിവിട്ട സർക്കാർ നിയമനങ്ങൾക്ക് ഇനിയെങ്കിലും തടയിട്ടേ തീരൂ
job-recruitment-visual
SHARE

സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെ കേരളം കടന്നുപോകുമ്പോഴാണ് സർക്കാരിന്റെ വിവിധ തലങ്ങളിൽ നടക്കുന്ന വഴിവിട്ട നിയമനങ്ങളുടെയും കമ്മിഷൻ ലക്ഷ്യമിട്ടുള്ള കൺസൽറ്റൻസി ഇടപാടുകളുടെയും പിന്നാമ്പുറ സത്യങ്ങൾ വെളിപ്പെട്ടിരിക്കുന്നത്. മുൻപൊന്നും കേൾക്കാത്തവിധം അധികാരത്തണലിൽ നടക്കുന്ന ഒട്ടേറെ വഴിവിട്ട ഇടപാടുകൾ ‘ഞാനും ഞാനുമെന്റാളും’ അന്വേഷണ പരമ്പരയിലൂടെ മലയാള മനോരമ ചൂണ്ടിക്കാട്ടിയപ്പോൾ അമ്പരന്നുപോയതു നാടാകെയാണ്.

ഭരണാധികാരികളുടെ തണലിൽ, അധികാരത്തിന്റെ ഇടനാഴികളിൽ നടന്ന അവിഹിത ഇടപാടുകളുടെയും സ്വജനപക്ഷപാതത്തിന്റെയും കഥകളും കണക്കുകളുമാണ് ഈ അന്വേഷണത്തിലൂടെ വെളിപ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസിൽത്തന്നെ വഴിവിട്ട ഇടപെടലുകൾ സംഭവിച്ചത് അധികാരത്തിന്റെ ഉന്നതങ്ങളിലുള്ളവരും തട്ടിപ്പുകാരും തമ്മിലുള്ള കൂട്ടുകെട്ടിന്റെ മലിനാവസ്ഥ എത്രയുണ്ടെന്നു കേരളത്തെ അറിയിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിതന്നെ സസ്പെഷൻഷനിലാകുകയും തുടർന്ന് അന്വേഷണം നേരിടുകയും ചെയ്യുന്നു. സർക്കാർ അഭിമാനപൂർവം പ്രഖ്യാപിച്ച പല വൻ പദ്ധതികളും ഇതോടെ സംശയത്തിന്റെ നിഴലിലായി. ഡ്രീം കേരള, ഇ മൊബിലിറ്റി, കെഫോൺ, സ്പേസ് പാർക്ക് തുടങ്ങിയ സംരംഭങ്ങളുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുന്ന സ്ഥിതിയാണ്. 

സർക്കാരിന്റെ പല കൺസൽറ്റൻസി ഇടപാടുകളുടെയും പിൻരഹസ്യങ്ങൾ ഈ ദിവസങ്ങളിൽ ജനങ്ങൾക്കു മുന്നിലെത്തുകയുണ്ടായി. പാലം ഡിസൈൻ ചെയ്യാനും നിർമിക്കാനും കഴിയുന്ന വിദഗ്ധരും ഏജൻസികളും പൊതുമരാമത്തു വകുപ്പിനു കീഴിലുണ്ട്. എന്നാൽ, അതിനും കൺസൽറ്റൻസിയെ തിരുകിക്കയറ്റിയാലേ ചില ഉദ്യോഗസ്ഥർക്കു തൃപ്തിവരൂ. ഇത്തരം ഫയലുകളിൽ തിരിച്ചൊരു ചോദ്യം ഉന്നയിക്കുന്ന രീതി നമ്മുടെ ധന, നിയമ വകുപ്പുകൾ എന്നേ നിർത്തുകയും ചെയ്തു. സർക്കാർ സംവിധാനങ്ങളുമായി ബന്ധപ്പെട്ട കൺസൽറ്റൻസികളുടെയെല്ലാം വിശ്വാസ്യത ഉറപ്പാക്കണമെന്നുകൂടി ഇപ്പോഴത്തെ സംഭവവികാസങ്ങൾ ഓർമിപ്പിക്കുന്നു. 

മന്ത്രിമാർക്കും പാർട്ടിക്കാർ‌ക്കും വേണ്ടപ്പെട്ടവരെ സർക്കാർ വകുപ്പുകൾക്കുള്ളിൽ താൽക്കാലിക തസ്തിക സൃഷ്ടിച്ചു നിയമിച്ചശേഷം സ്ഥിരപ്പെടുത്തുന്ന രീതി തുടങ്ങിയിട്ടു കാലങ്ങളായി. എന്നാൽ, എല്ലാ ചട്ടവും മറികടന്നുള്ള സ്ഥിരപ്പെടുത്തലുകൾക്കാണ് ഇൗ സർക്കാർ തുടക്കമിട്ടത്. അതിനായി സുപ്രീംകോടതി വിധിയും സർക്കാരിന്റെതന്നെ സർക്കുലറും കാറ്റിൽപറത്തി; ചട്ടങ്ങൾ മാറ്റിയെഴുതി. പിഎസ്‌സി വഴി നിയമിക്കുന്നവരെക്കാൾ ശമ്പളമാണ് ഇപ്പോൾ വഴിവിട്ടു നിയമിക്കുന്നവർക്കു നൽകുന്നതെന്ന പരാതിയും വ്യാപകമാണ്. സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കു ശമ്പള പരിഷ്കരണ കമ്മിഷൻ ശുപാർ‌ശയനുസരിച്ചാണു ശമ്പളമെങ്കിൽ, പിൻവാതിലിലൂടെ തള്ളിക്കയറ്റുന്നവർക്കു സർക്കാർ വാരിക്കോരിയാണു കൊടുക്കുന്നത്. നിയമനങ്ങൾക്കായി സർക്കാരിനു വ്യവസ്ഥാപിതമായ ഒരു രീതിയുള്ളപ്പോൾ അതിനെ അട്ടിമറിച്ച്, പിൻവാതിലിലൂടെ വേണ്ടപ്പെട്ടവരെ തിരുകിക്കയറ്റുന്നതും കൺസൽറ്റൻസി വഴി ജോലി നൽകുന്നതും സമഗ്രമായ അന്വേഷണത്തിനു വിധേയമാകേണ്ടതാണ്. 

നമ്മുടെ സംസ്ഥാനത്ത് സർക്കാർ ജോലിക്കായി കാത്തിരിക്കുന്നവരുടെ എണ്ണം 40 ലക്ഷത്തിലേറെയുണ്ടെന്നാണ് പിഎസ്‌സിയുടെ കണക്ക്. ഇത്രത്തോളം പേർ വിവിധ തസ്തികകളിലേക്ക് ആകെ നൽകിയിരിക്കുന്ന അപേക്ഷകൾതന്നെ മൂന്നു കോടി കവിയും. പഠിച്ചു പരീക്ഷയെഴുതി റാങ്ക് പട്ടികയിൽ കയറിക്കൂടിയിട്ടും ഒഴിവുകൾ സമയബന്ധിതമായി റിപ്പോർട്ട് ചെയ്യാത്തതിനാൽ കയ്യകലത്തിൽ ജോലി നഷ്ടപ്പെടുന്ന ലക്ഷങ്ങളുമുണ്ട് കേരളത്തിൽ. മാന്യമായൊരു തൊഴിലിനു വേണ്ടി മത്സരപ്പരീക്ഷയെഴുതി കാത്തിരിക്കുന്നവരെക്കൂടി വിഡ്ഢികളാക്കുകയായിരുന്നില്ലേ, ഈ സർക്കാർ? റാങ്ക് പട്ടികകളുടെ കാലാവധി നീട്ടുന്ന കാര്യത്തിൽ വിട്ടുവീഴ്ച കാട്ടാൻ തയാറാകാത്ത സർക്കാർ, വേണ്ടപ്പെട്ടവർക്കു മുന്നിൽ നിയമങ്ങളും ചട്ടങ്ങളും ധാർമികതയും ഒക്കെ സൗകര്യപൂർവം മറന്നതാണ് ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നത്. പാർട്ടിക്കാരുടെ നിയമനങ്ങളും ബന്ധുനിയമനങ്ങളും അരങ്ങുവാഴുമ്പോൾ ഇതൊന്നുമല്ലാത്തവർ എന്തു ചെയ്യും?

അവിഹിത ഇടപെടലുകൾ നടത്തുന്ന സർക്കാർ ഉദ്യോഗസ്ഥർക്കും കൺസൽറ്റൻസികൾക്കുമെതിരെ കർശന നടപടികളെടുത്ത്, വഴിവിട്ട നിയമനങ്ങൾക്കു തടയിടുകതന്നെ വേണം. അധികാരത്തണലിൽ അഭിരമിക്കുന്ന സർക്കാർ സംവിധാനങ്ങളുടെ സമഗ്രമായ ശുദ്ധീകരണം മാത്രമാണു കേരളത്തിനു മുന്നിലുള്ള പോംവഴി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA