sections
MORE

കോവിഡ് ഉടച്ച നയതന്ത്രം

Donald Trump, Narendra Modi
പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും. (ഫയൽ ചിത്രം)
SHARE

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസിദ്ധമായ ‘ആലിംഗന നയതന്ത്ര’ത്തിന് കോവിഡ് വ്യാപനത്തോടെ വിരാമമായി. മൻമോഹൻ സിങ്ങും അടൽ ബിഹാരി വാജ്പേയിയും ഉൾപ്പെടെയുള്ള തന്റെ മുൻഗാമികൾ പിന്തുടർന്ന ഔപചാരിക ശൈലികളെ മാറ്റിമറിച്ച്, വ്യക്തിപരമായ അടുപ്പം പ്രകടിപ്പിക്കുന്ന മോദിയുടെ ആലിംഗനരീതി വലിയൊരു മാറ്റമായിരുന്നു. എന്നാൽ, കോവിഡ് ഭീതിക്കിടെ ഈ മാസം നടന്ന ബ്രസൽസിലെ യൂറോപ്യൻ യൂണിയൻ നേതാക്കളുടെ ഉച്ചകോടിയിൽ ആലിംഗനവും ഹസ്തദാനവും ഇല്ലായിരുന്നു. പകരം, എല്ലാവരും നമസ്തേ പറഞ്ഞു.

ഇന്ത്യൻ പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഉൾപ്പെടെയുള്ളവർ വിദേശനേതാക്കളെ കാണുമ്പോൾ കൃത്യമായും പ്രോട്ടോക്കോൾ പാലിച്ച് നമസ്തേയോ ഹസ്തദാനമോ മാത്രം നടത്തുന്ന പതിവാണു മോദി മാറ്റിയത്. ഔപചാരികത വെടിഞ്ഞ മോദിയെ ലോകനേതാക്കൾക്ക് ഇഷ്ടമാവുകയും ചെയ്തു. പഴയകാലത്തെ ചിത്രങ്ങൾ നോക്കിയാൽ, ഇന്ദിരാ ഗാന്ധിയെ ക്യൂബൻ നേതാവ് ഫിദൽ കാസ്ട്രോ ആലിംഗനം ചെയ്യുന്നതിന്റെയും രാജീവ് ഗാന്ധി ചില ലോകനേതാക്കളെ ആലിംഗനം ചെയ്യുന്നതിന്റെയും അപൂർവദൃശ്യങ്ങൾ കാണാം.

വൈരുധ്യമെന്നു പറയട്ടെ, മറ്റു രാഷ്ട്രത്തലവന്മാരുമായി ശക്തമായ വ്യക്തിബന്ധം നിലനിർത്തിയുള്ള നയതന്ത്രത്തിലാണ് ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവും വിശ്വസിച്ചത്; നെഹ്റുവിന്റെ പാരമ്പര്യത്തെയും സംഭാവനകളെയും മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി രൂക്ഷമായി ചോദ്യം ചെയ്യുന്നുണ്ടെങ്കിലും. വിദേശനേതാക്കളുമായുള്ള സ്വകാര്യ കൂടിക്കാഴ്ചയ്ക്കു നെഹ്റു മുൻഗണന നൽകി. മൂന്നാംലോക നേതാക്കളുടെ കൂട്ടായ്മയ്ക്കായി മുൻകയ്യെടുക്കുകയും ചെയ്തു.

മഹാമാരി മൂലം വിദേശയാത്രകൾ മുടങ്ങിയെങ്കിലും കഴിഞ്ഞ നാലു മാസത്തിനിടെ വിഡിയോ വഴി നാൽപതിലേറെ ലോകനേതാക്കളുമായാണു മോദി സംസാരിച്ചത്. എന്നാൽ, 2014 മുതൽ വ്യക്തിബന്ധം ഉണ്ടെങ്കിലും അദ്ദേഹം ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങുമായി സംസാരിച്ചില്ല. കഴിഞ്ഞ ആറു വർഷത്തിനിടെ ഇരുനേതാക്കളും തമ്മിൽ 18 കൂടിക്കാഴ്ചകളാണു നടന്നത്. ലഡാക്ക് മേഖലകളിൽ ചൈനീസ് പട്ടാളം കടന്നുകയറിയതിനു ശേഷം ഇരുനേതാക്കളും തമ്മിൽ സംസാരിച്ചിട്ടില്ല. മാറ്റിവച്ച ജി20 ഉച്ചകോടി നവംബറിൽ റിയാദിൽ നടക്കുമ്പോൾ മോദിയും ഷിയും തമ്മിൽ കൂടിക്കാഴ്ച നടത്തണമെന്നാണ് പുടിൻ ആവശ്യപ്പെടുന്നത്. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു താൻ ഇടപെട്ട് അവസരമൊരുക്കാമെന്നും റഷ്യൻ പ്രസിഡന്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ, ഇതിനിടെ ലഡാക്കിൽ എന്തു സംഭവിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും എല്ലാം.ഇന്ത്യയുടെ സൗഹൃദത്തെ ചൈന വഞ്ചിച്ചുവെന്ന ഞെട്ടൽ സർക്കാരിലുണ്ട്. ഈ വഞ്ചനയ്ക്കു പാലൂട്ടാനായി പാക്കിസ്ഥാനെപ്പോലുള്ള രാജ്യങ്ങളും.

വിദേശനയത്തിലെ വിഷമസ്ഥിതിയെ ചില പ്രതിക്രിയകളിലൂടെയാണു സർക്കാർ നേരിടുന്നത്. സാമ്പത്തിക ബന്ധങ്ങളിൽ ചൈനയോടു സമീപനം കടുപ്പിച്ചതിനൊപ്പം, ചൈനീസ് പ്രസിഡന്റിന്റെ വിമർശകരായ യുഎസ്, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുമായി ഇന്ത്യ കൂടുതൽ അടുത്തു. നേപ്പാളിൽ കെ.പി.‌ഒലിയുടെ സർക്കാരിന്റെ ദൗർബല്യങ്ങൾ നേട്ടമാക്കാനുള്ള തന്ത്രത്തിലുമാണ് കേന്ദ്ര സർക്കാർ. ചാബഹാർ തുറമുഖത്തെ അഫ്ഗാനിസ്ഥാനുമായി ബന്ധിപ്പിക്കുന്ന ഇന്ത്യ – ഇറാൻ റെയിൽ പദ്ധതി ഉപേക്ഷിക്കരുതെന്ന് ഇറാൻ ഭരണകൂടത്തിനും സന്ദേശങ്ങൾ നൽകി.

അതിനിടെ, വിദേശനേതാക്കളുമായി വ്യക്തിപരമായ അടുപ്പമുണ്ടാക്കി കാര്യങ്ങൾ നേരിട്ടു സംസാരിച്ചു നേടിയെടുക്കുന്ന ശൈലി നരേന്ദ്ര മോദി ഇനി തുടരണമോ എന്ന സംവാദവും നടക്കുന്നുണ്ട്. പകരം, നമ്മുടെ നയതന്ത്ര സംവിധാനത്തെ അതിന്റേതായ രീതിയിലും സാവകാശത്തിലും പ്രവർത്തിക്കാൻ അനുവദിക്കണമെന്നാണ് ആവശ്യം. വിമർശകർ പറയുന്നത്, നയതന്ത്രതലത്തിൽ ആവശ്യമായ അടിസ്ഥാന ജോലികൾ പൂർത്തിയാക്കിയ ശേഷം മതി ഉച്ചകോടികൾ എന്നാണ്. പക്ഷേ, ഔദ്യോഗിക വസതികൾക്കുള്ളിൽ ഒതുങ്ങിനിൽക്കാത്ത വലിയ സമ്മേളനങ്ങളും ഉദ്യോഗസ്ഥതലത്തിലെ ചുവപ്പുനാടകൾ മറികടന്നുള്ള തീരുമാനങ്ങളും മോദിയുടെ സവിശേഷ ശൈലിയാണ്.

ഹൂസ്റ്റണിലെ ഹൗഡി മോദി പരിപാടിയിൽ ട്രംപ് പങ്കെടുത്തുവെങ്കിൽ അഹമ്മദാബാദിലെ സ്റ്റേഡിയത്തിൽ ട്രംപിനൊപ്പം മോദിയും പങ്കെടുത്തു. ഷി ചിൻപിങ്, സ്വന്തം ജന്മനാട്ടിൽ മോദിക്ക് ആതിഥ്യമേകിയതിനു പകരമായി മോദിയുടെ സ്വന്തം പട്ടണമായ അഹമ്മദാബാദിലേക്ക് അദ്ദേഹത്തെ ക്ഷണിക്കുകയുണ്ടായി.

ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ അഹമ്മദാബാദും വാരാണസിയും സന്ദർശിച്ചപ്പോൾ മോദി ജപ്പാനിൽ ക്വോട്ടോയിൽ സന്ദർശനം നടത്തി. എന്നാൽ, ചില ലോകനേതാക്കൾക്ക് ഇത്തരം അമിതമായ അനൗപചാരികത അലോസരവും ഉണ്ടാക്കാറുണ്ട്. പൊതുവേദിയിൽ വച്ച് ബറാക് ഒബാമയെ മോദി പേരെടുത്തു വിളിച്ചത് യുഎസ് പ്രസിഡന്റിന് അസ്വസ്ഥതയുണ്ടാക്കി. വാർഷിക ഉച്ചകോടിയിൽ സർക്കാർതല യോഗങ്ങളിൽ ഇരുരാജ്യങ്ങളിലെയും മന്ത്രിമാർ വേണമെന്ന് ജർമൻ ചാൻസലർ അംഗല മെർക്കൽ നിർബന്ധം പിടിക്കുകയുണ്ടായി.

കോവിഡ് അനന്തര കാലത്തും തന്റെ ശൈലിയിൽ മാറ്റം വരുത്തുന്ന കാര്യം മോദി പരിഗണിക്കുന്നില്ല. 100 ദിവസത്തിനകം നടക്കുന്ന യുഎസ് തിരഞ്ഞെടുപ്പിൽ പുതിയ പ്രസിഡന്റാണു വരുന്നതെങ്കിൽ അത് അഭിമുഖീകരിക്കാനും ഇന്ത്യയുടെ വിദേശനയം തയാറെടുക്കുന്നു. ട്രംപിനു പകരം, ഡെമോക്രാറ്റായ ജോ ബൈഡൻ വന്നാൽ ഇപ്പോഴത്തെ സമീപനരീതി മതിയാവില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA