ADVERTISEMENT

യുദ്ധമുഖങ്ങളിൽ, ശത്രുപക്ഷത്തുള്ളവർപോലും മൃതദേഹത്തോട് അനാദരം കാണിക്കാറില്ല; ജീവൻ വെ‍ടിഞ്ഞവർക്കുള്ള അന്ത്യോപചാരം തടസ്സപ്പെടുത്താറുമില്ല. ഏതു സാഹചര്യത്തിലും, ഏതു വ്യക്തിയും പുലർത്തേണ്ട മാനുഷികതയുടെ ഈ തെളിച്ചമാണ് ഇപ്പോൾ സാക്ഷരകേരളത്തിനു നഷ്ടമാവുന്നതെന്നത് ആശങ്കയോടെവേണം കാണാൻ. കോവിഡ് പോസിറ്റീവായി കടന്നുപോകുന്നവരുടെ മൃതദേഹങ്ങളോട് ചിലയിടങ്ങളിലെങ്കിലുമുണ്ടാവുന്ന അനാദരം നമ്മെ പ്രാകൃതകാലത്തിലേക്കു കൊണ്ടുപോകുകയാണോ എന്നു സംശയിക്കേണ്ടതുണ്ട്.

ഏറ്റവുമൊടുവിലായി കോട്ടയത്താണ് മാനുഷികത മറന്ന നിർഭാഗ്യസംഭവം ഉണ്ടായത്. കോവിഡ് പോസിറ്റീവാണെന്നു മരണശേഷം സ്ഥിരീകരിച്ചയാളുടെ മൃതദേഹം നഗരസഭയുടെ പൊതുശ്മശാനത്തിലെത്തിച്ചപ്പോൾ പ്രദേശവാസികൾ ഉൾപ്പെടെയുള്ളവർ തടയുകയായിരുന്നു. പിന്നീടു രാത്രി വൈകി ജില്ലാ ഭരണകൂടം കനത്ത പൊലീസ് സന്നാഹത്തോടെ സംസ്കാരം നടത്തുകയാണുണ്ടായത്. പ്രതിഷേധത്തിനു ചൂട്ടു പിടിക്കാൻ രാഷ്ട്രീയക്കാരുമുണ്ടായിരുന്നു.

കഴിഞ്ഞ മാസം തിരുവനന്തപുരം കുമാരപുരത്ത്, മരണശേഷം കോവിഡ് സ്ഥിരീകരിച്ച വൈദികന്റെ സംസ്കാരം രണ്ടു നാൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് സെമിത്തേരിയിൽ നടത്തിയത്. കഴിഞ്ഞ മാസംതന്നെ, തൃശൂർ ചാലക്കുടിക്കടുത്ത് കോവിഡ് ബാധിച്ചു മരിച്ചയാളുടെ സംസ്കാരം നടത്താനായതു 48 മണിക്കൂർ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ജില്ലാ ഭരണകൂടം ഇടപെട്ടതുകൊണ്ടാണ്. ഈ മാസം ആലപ്പുഴ ജില്ലയിൽ, ഒൻപതു ദിവസത്തെ ആശയക്കുഴപ്പങ്ങൾക്കൊടുവിലാണു ദമ്പതികളടക്കം മൂന്നുപേരുടെ സംസ്കാരം നടത്താനായത്. ഇവരിൽ രണ്ടുപേർക്കു മരണശേഷം കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ചെന്നൈയിൽ രോഗിയിൽനിന്നു കോവിഡ് പകർന്നു മരിച്ച ന്യൂറോ സർജൻ ഡോ. സൈമൺ ഹെർക്കുലീസിന്റെ മൃതദേഹവുമായി ശ്മശാനത്തിലെത്തിയ ബന്ധുക്കളെ നാട്ടുകാർ തല്ലിയോടിച്ച സംഭവം ഏപ്രിലിൽ രാജ്യത്തെയാകെ നാണംകെടുത്തുകയുണ്ടായി. ഒടുവിൽ പ്രിയമിത്രത്തെ കണ്ണീരോടെ മറവുചെയ്തത് മുൻ സഹപ്രവർത്തകനാണ്. ഈ സംഭവം വൻ വിവാദമായതിനെത്തുടർന്ന്, കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ മൃതദേഹം സംസ്കരിക്കുന്നതു തടയുകയോ തടയാൻ ശ്രമിക്കുകയോ ചെയ്താൽ മൂന്നു വർഷം വരെ ജയിൽ ശിക്ഷ ഉറപ്പാക്കുന്ന നിയമവുമായി തമിഴ്നാട് സർക്കാർ മുന്നോട്ടുവന്നു.

കോവിഡ് പോസിറ്റീവായവരെ അപമാനിക്കുന്നതിലും വൈറസ്ബാധ മൂലം മരിച്ചവർക്ക് അന്തസ്സോടെയുള്ള അന്ത്യോപചാരച്ചടങ്ങുകൾ നിഷേധിക്കുന്നതിലും ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു ദുഃഖം രേഖപ്പെടുത്തിയത് ഇക്കാര്യത്തിൽ രാഷ്ട്രീയമായിപ്പോലും മുതലെടുപ്പു നടത്തുന്നവർക്കുള്ള ഉചിതസന്ദേശം കൂടിയാണ്. ഇതു തികച്ചും അനാവശ്യമാണെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും പറഞ്ഞ ഉപരാഷ്ട്രപതി, പോസിറ്റീവായവരോടു സഹാനുഭൂതിയോടെ പെരുമാറണമെന്നും ആരെയുമിതു ബാധിക്കാമെന്നുംകൂടി ‌ ചൂണ്ടിക്കാട്ടുകയുണ്ടായി.

കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ മൃതദേഹം ദഹിപ്പിക്കുന്നതു വൈറസ് പകരാൻ ഇടയാക്കില്ലെന്ന് ശാസ്ത്രീയ സാക്ഷ്യത്തോടെ സർക്കാർ വ്യക്തമാക്കുന്നുണ്ട്. മൃതദേഹങ്ങളിൽനിന്നു വൈറസ് പുറത്തുവരാൻ സാധ്യതയില്ലെന്നു മാത്രമല്ല, ഇതുവരെ അങ്ങനെയുള്ള കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടുമില്ല. കേന്ദ്ര ആരോഗ്യവകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിച്ചാണ് ഇപ്പോൾ മൃതദേഹങ്ങൾ സംസ്കരിക്കുന്നത്. 800 ഡിഗ്രി സെൽഷ്യസിൽ മൃതദേഹം കത്തിക്കുമ്പോൾ വൈറസ് പുറത്തുവരികയോ പകരുകയോ ചെയ്യില്ല. കത്തിച്ചുകഴിഞ്ഞശേഷമുള്ള ചാരത്തിലും രോഗസാധ്യതയില്ലെന്ന് ആരോഗ്യവകുപ്പു വ്യക്തമാക്കുന്നു.

കോവിഡ് ബാധിച്ചുള്ള മരണങ്ങൾ നിർഭാഗ്യവശാൽ വർധിക്കുകയാണെങ്കിൽ സംസ്കാരവുമായി ബന്ധപ്പെട്ട തർക്കങ്ങൾ ആവർത്തിക്കാതിരിക്കാനും ഇതിന്റെ പേരിൽ മുതലെടുപ്പു നടത്തുന്നവർക്കു കടിഞ്ഞാണിടാനും വ്യാപകവും വ്യക്തവുമായ നാടുണർത്തൽ കേരളത്തിന്റെ മുന്നിലുള്ള അടിയന്തരാവശ്യമായിത്തീർന്നിരിക്കുന്നു. കോവിഡ് പോസിറ്റീവ് ആകുന്നവരെ സമൂഹശത്രുക്കളായി കാണുന്ന സമീപനവും ചിലയിടത്തെങ്കിലുമുണ്ട്.

ഇവിടെ ജീവിക്കുന്ന ആരും കോവിഡിന് അതീതരല്ലെന്ന തിരിച്ചറിവാണു പൊതുസമൂഹത്തിനുണ്ടാവേണ്ടത്. ഏതോ ശ്മശാനത്തിൽ ഉറ്റവരുടെ അന്ത്യയാത്ര തടസ്സപ്പെടുന്നതു കണ്ടു നിസ്സഹായതയോടെ വിങ്ങുന്നവർ നമ്മൾതന്നെയാണെന്ന് ഒരു നിമിഷം ചിന്തിക്കാനായാൽ ഇതെച്ചൊല്ലിയുള്ള തർക്കങ്ങൾക്കു മാനുഷികത നമ്മെ അനുവദിക്കില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com