ആറു മാസം കൊണ്ട് നാം പഠിച്ചത്

HIGHLIGHTS
  • പരിശോധനകളും ജാഗ്രതയും പരമാവധി വർധിപ്പിച്ചേ കോവിഡിനെ തളർത്താനാവൂ
Kottayam-Covid-Break-The-Chain
SHARE

മൂന്നു ദിവസംകൂടി കഴിഞ്ഞാൽ ആറു മാസമാകും കോവിഡ് കേരളത്തിലെത്തിയിട്ട്. കൊറോണ വൈറസ് ഇന്ത്യയിൽ ആദ്യമായി ജനുവരി 30നാണു തൃശൂരിൽ സ്ഥിരീകരിച്ചത്. ചൈനയിലെ വുഹാനിൽനിന്നു തിരിച്ചെത്തിയ തൃശൂർ സ്വദേശിനി കോവിഡ് പോസിറ്റീവായ ശേഷം ഇതുവരെയുള്ള സമയംകൊണ്ടു ലോകത്തോടൊപ്പം കേരളവും ഏറെ മാറിമറിഞ്ഞു. അതുകൊണ്ടുതന്നെ, ഈ സങ്കീർണസാഹചര്യത്തിൽ ഒരു ആത്മപരിശോധന ആവശ്യമായി വരുന്നു: ഇക്കഴിഞ്ഞ ആറു മാസങ്ങൾ നൽകിയ കോവിഡ് പാഠങ്ങൾ കേരളത്തിനു ഫലവത്തായി പ്രയോജനപ്പെടുത്താനായോ? 

അന്നത്തെ ഒരു കേസിൽനിന്ന് ദിവസം ആയിരത്തിലേറെ വരെ കേസുകളിലേക്കും പ്രാദേശികമായി സമൂഹവ്യാപനം തന്നെ സ്ഥിരീകരിച്ച അവസ്ഥയിലേക്കുമാണു സംസ്ഥാനമെത്തിയത്. കോവിഡ് വ്യാപനംമൂലം സംസ്ഥാനത്തിന്റെ പല മേഖലകളും ഇപ്പോൾത്തന്നെ അടച്ചിട്ടിരിക്കുകയാണ്. കോവിഡ് ലാർജ് ക്ലസ്റ്ററുകളുടെയും ഹോട്സ്പോട്ടുകളുടെയും എണ്ണവും പെരുകിവരുന്നു. 

കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തിലും മുന്നൊരുക്കങ്ങളുടെ കാര്യത്തിലുമൊക്കെ കേരളം പറയുന്ന അവകാശവാദങ്ങളെയും പെരുമയുടെ കണക്കുകളെയുമൊക്കെ അപ്രസക്തമാക്കുകയാണ് ഇപ്പോഴത്തെ രോഗവ്യാപനത്തിന്റെ വർധന എന്നു പറയുന്നവരുണ്ട്. അവകാശവാദങ്ങൾക്കപ്പുറത്ത്, പരിശോധനയും ചികിത്സാസൗകര്യങ്ങളും അടിയന്തരമായി പരമാവധി വർധിപ്പിക്കുകതന്നെയാണു വേണ്ടത്. ആദ്യഘട്ടത്തിൽ പരിശോധനയുടെ കാര്യത്തിൽ രാജ്യത്തു കേരളമായിരുന്നു മുന്നിൽ. കോവിഡ് ബാധിതർ വർധിച്ചപ്പോൾ പക്ഷേ, അതിനനുസരിച്ചു പരിശോധന വർധിപ്പിച്ചില്ല. പ്രതിദിന പരിശോധന 10,000 കടന്നത് ഈ മാസം ഏഴു മുതലാണ്. 

പരിശോധന വർധിപ്പിക്കണമെന്നു വിദഗ്ധസമിതി അഭിപ്രായപ്പെട്ടെങ്കിലും അതു വേണ്ടരീതിയിൽ സർക്കാർ ഉൾക്കൊണ്ടില്ലെന്നുവേണം കരുതാൻ. സമൂഹവ്യാപനം സ്ഥിരീകരിച്ച തിരുവനന്തപുരത്തെ പൂന്തുറ, പുല്ലുവിള മേഖലകളിൽപോലും ഇപ്പോൾ വേണ്ടത്ര പരിശോധന നടക്കുന്നില്ലെന്നതു നിർഭാഗ്യകരമാണ്. പരിശോധനാ ഫലം ലഭിക്കുന്ന കാര്യത്തിലും കേരളം പിന്നിൽത്തന്നെ. പിസിആർ പരിശോധനയ്ക്കു സാംപിൾ അയച്ചാൽ നാലു ദിവസം കാക്കണമെന്ന അവസ്ഥയാണുള്ളത്. പരിശോധന കുറയുന്നുവെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും അവയുടെ എണ്ണം വർധിപ്പിക്കാനുള്ള സൗകര്യമൊരുക്കിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് യാഥാർഥ്യമാവുകയാണു വേണ്ടത്. 

കോവിഡ് ബാധിതരെ ചികിത്സിക്കാൻ 1.38 ലക്ഷം കിടക്കകൾ സജ്ജമാണെന്നു തുടക്കത്തിൽ സർക്കാർ അവകാശപ്പെട്ടിരുന്നെങ്കിലും കോവിഡ് ആശുപത്രികൾ, കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ (സിഎഫ്എൽടിസി) എന്നിവിടങ്ങളിലായി 25,000 പേരെ പരിചരിക്കാനുള്ള സൗകര്യം മാത്രമാണ് ഇപ്പോഴുള്ളത്. സ്വകാര്യ ആശുപത്രികളിൽ ചികിത്സയ്ക്കു സർക്കാർ അനുമതി നൽകിയെങ്കിലും 200 ആശുപത്രികൾ മാത്രമേ മുന്നോട്ടുവന്നിട്ടുള്ളൂ. അതുകൊണ്ടുതന്നെ, സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തുകളിലും സിഎഫ്എൽടിസി ആരംഭിക്കുന്നതു സ്വാഗതാർഹമായ തീരുമാനമാണ്. ഓരോ പഞ്ചായത്തിലും കുറഞ്ഞത് 100 കിടക്കകളുള്ള സിഎഫ്എൽടിസികൾ തുടങ്ങാനാണു സർക്കാർ നിർദേശം. സംസ്ഥാനത്തെ ആയിരത്തോളം തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഇത്രയേറെ ഡോക്ടർമാരെയും നഴ്സുമാരെയും കണ്ടെത്തുകയെന്നതു വലിയ വെല്ലുവിളിയായി സർക്കാരിന്റെ മുന്നിലെത്തിയിരിക്കുകയുമാണ്.  

കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ ഹോമിയോ, ആയുർവേദം, ഡെന്റൽ ഡോക്ടർമാരുടെ സേവനംകൂടി ഉപയോഗപ്പെടുത്താൻ സർക്കാർ തീരുമാനമെടുത്തിട്ടുണ്ടെങ്കിലും അതിൽ പ്രായോഗിക പ്രശ്നങ്ങളുണ്ടെന്നു ഡോക്ടർമാർതന്നെ ചൂണ്ടിക്കാട്ടുന്നു. കോവിഡ് പ്രതിരോധത്തിനു വലിയതോതിൽ സഹായകരമായ  പോഷകാഹാരങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതും സർക്കാരിന്റെ മുന്നിലുള്ള വെല്ലുവിളിയാണ്.

കഴിഞ്ഞ ലോക്ഡൗൺ കാലം കേരളത്തെ അടിമുടി തളർത്തിയ സാഹചര്യത്തിൽ മറ്റൊരു സമ്പൂർണ ലോക്ഡൗൺ ഉടനില്ലെന്ന തീരുമാനം വിവിധ മേഖലകൾക്ക് ആശ്വാസം പകരും. സർവകക്ഷിയോഗത്തിൽ ഭൂരിപക്ഷവും വീണ്ടും സമ്പൂർണ ലോക്ഡൗൺ കൊണ്ടുവരുന്നതിനെ എതിർക്കുകയാണുണ്ടായത്. ജനതയുടെ ജീവിതമാർഗങ്ങളെല്ലാം  വീണ്ടും അടച്ചുകളയുന്നത് അത്യധികം ഗുരുതരമായ സാഹചര്യത്തിലേക്കാവും കേരളത്തെ കൊണ്ടുചെന്നെത്തിക്കുക. വീണ്ടുമൊരു ലോക്ഡൗൺ കേരളത്തെ സമ്പൂർണ തകർച്ചയിലേക്കു നയിക്കുമെന്നും അതിനാൽ ഒഴിവാക്കണമെന്നും വ്യവസായികളും ആവശ്യപ്പെടുന്നുണ്ട്. 

ആലോചിച്ചുനിൽക്കാൻ സമയമില്ലെന്നതാണു വാസ്തവം. പെരുമ പറയാനും രാഷ്ട്രീയം കളിക്കാനുമൊന്നും കോവിഡ് നമുക്കു സമയം അനുവദിച്ചിട്ടില്ല. പരിശോധനകളും ചികിത്സാസൗകര്യങ്ങളും പരമാവധി വർധിപ്പിച്ചു സർക്കാരും സുരക്ഷിത അകലവും ശുചിത്വവും ഉറപ്പാക്കുന്ന അതിജാഗ്രത പാലിച്ചു സമൂഹവും കോവിഡിനെതിരായ  പോർമുഖത്തു സർവസജ്ജമായി നിലയുറപ്പിക്കുകയാണു വേണ്ടത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA