ADVERTISEMENT

അട്ടപ്പാടിയിലെ മൊട്ടക്കുന്നുകളിലൂടെ മുനിയപ്പൻ തന്റെ ചെമ്മരിയാടുകളെയും മേയ്ച്ചു നടക്കുകയായിരുന്നു. പെട്ടെന്ന് ഒരു കാർ ആട്ടിൻപറ്റത്തിനു മുന്നിൽ ചവിട്ടിനിർത്തി. ജീൻസും ടിഷർട്ടും ധരിച്ച ഒരു ചെറുപ്പക്കാരൻ ചാടിയിറങ്ങി. ആടുകൾക്ക് അമ്പരപ്പൊന്നുമില്ല. തങ്ങൾ ഇതൊക്കെ എത്ര കണ്ടതാണെന്ന നിസ്സംഗഭാവം.

ചെറുപ്പക്കാരൻ മുനിയപ്പനോടു ചോദിച്ചു: നിങ്ങൾക്ക് എത്ര ആടുകളുണ്ടെന്നു ഞാൻ കൃത്യമായി പറഞ്ഞുതന്നാൽ ഒരാടിനെ എനിക്കു തരുമോ? മുനിയപ്പൻ സമ്മതഭാവത്തിൽ തലയാട്ടി. യുവാവ് ലാപ്ടോപ് എടുത്ത് ഏതൊക്കെയോ അണ്ഡകടാഹ സൈറ്റുകളുമായി കണക്ട് ചെയ്തു. ഒടുവിൽ ടൺ കണക്കിനു പ്രിന്റ്ഔട്ട് നീട്ടിപ്പറഞ്ഞു: 137. കിറുകൃത്യമാണെന്നു മുനിയപ്പൻ സമ്മതിച്ചു. എങ്കിൽ ആടിനെ എടുത്തോട്ടെ എന്നായി ചെറുപ്പക്കാരൻ. മുനിയപ്പൻ സമ്മതം മൂളി. ചെറുപ്പക്കാരൻ ആടിനെ എടുത്തു കൈയും കാലും കെട്ടി കാറിലിട്ടു.

പോകാൻ നേരത്തു മുനിയപ്പൻ ഒരു സംശയം ചോദിച്ചു: താങ്കൾ വെൽവാട്ടർ പ്രൈസ് ചോപ്പേഴ്സിൽ നിന്നാണോ? എങ്ങനെ മനസ്സിലായി എന്നായി ചെറുപ്പക്കാരൻ. താങ്കൾ ഞാൻ വിളിക്കാതെ ഇങ്ങോട്ടു വന്നു. എനിക്കു നേരത്തേ അറിയാവുന്ന കാര്യം പറഞ്ഞുതന്നതിനാണു താങ്കൾ പ്രതിഫലം വാങ്ങിയത്. പിന്നെ താങ്കൾക്ക് ആടിനെയും പട്ടിയെയും തിരിച്ചറിയില്ല. ആടാണെന്നു പറഞ്ഞു താങ്കൾ കാറിൽ കയറ്റിയത് എന്റെ പട്ടിയെയാണ്.

പട്ടിയെ എടുത്തു താഴെയിട്ട ചെറുപ്പക്കാരനും കാറും പിന്നെ ആനക്കട്ടി വഴി തമിഴ്നാട്ടിലെ എട്ടിമടയിലോ ചിന്നത്തടാഗത്തിലോ എത്തിയ ശേഷമാണു ശ്വാസംവിട്ടത് എന്നാണു തമിഴ്നാട്ടിൽനിന്നുള്ള ഇന്റലിജൻസ് റിപ്പോർട്ടുകൾ.

കൺസൽറ്റന്റുമാരെക്കുറിച്ചുള്ള ഒരു അമേരിക്കൻ കഥയുടെ സ്വതന്ത്ര മലയാളാവിഷ്കരണം മാത്രമാണിത്. ഈ കഥ ഇപ്പോൾ ഓർക്കാൻ കാരണം, നമ്മുടെ സ്വന്തം പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് അകപ്പെട്ട നൂലാമാലകളെക്കുറിച്ചു കേട്ടതാണ്. ഇഷ്ടമില്ലാത്തച്ചി തൊട്ടതെല്ലാം കുറ്റമെന്നു പറഞ്ഞതു പോലെ, ഇപ്പോൾ പ്രൈസ് വാട്ടറിനില്ലാത്ത കുറ്റമില്ല. ഇത്രയും കാലം അവർ പൊന്നുംകുടമാണെന്നും അതുകൊണ്ടു പൊട്ടു വേണ്ടെന്നും പറഞ്ഞവർ തന്നെയാണ് ഇപ്പോൾ കൊഞ്ഞനം കുത്തുന്നത്.

ഇതെല്ലാം കേട്ടാൽ തോന്നുക, നാട്ടിൽ നടക്കുന്ന എല്ലാ ഏടാകൂടങ്ങൾക്കും കാരണം നമ്മുടെ കൂപ്പേഴ്സാണെന്നാണ്. ആരെങ്കിലും എങ്ങനെയെങ്കിലും എവിടെനിന്നെങ്കിലും സ്വർണം കടത്തിയാൽ അതിന്റെ ചീത്തപ്പേരും അവർക്കുതന്നെ. പാവം കൂപ്പേഴ്സ്. അവർ ഇതൊന്നും സ്വപ്നത്തിൽപോലും ചിന്തിക്കാത്ത കാര്യമാണ്.

വികസനം വരണമെങ്കിൽ ആദ്യം കൺസൽറ്റന്റുമാരാണു വേണ്ടതെന്നാണ് മന്ത്രി ജയരാജൻ സഖാവു പറയുന്നത്. കാലനില്ലാത്ത കാലം, കാമനില്ലാത്ത കാലം ഇവയെല്ലാം സങ്കൽപിക്കാൻ അദ്ദേഹത്തിനു കഴിയും. എന്നാൽ, കൺസൽറ്റന്റുമാരില്ലാത്ത കാലത്തെക്കുറിച്ചു ചിന്തിക്കാനേ വയ്യ. പുക, പുകക്കുഴൽ, കപ്പൽ എന്ന ന്യായപ്രകാരം കൺസൽറ്റന്റ്, ഫണ്ട്, വികസനം എന്നിങ്ങനെയാണ് ജയരാജൻ സഖാവിന്റെ വികസനമന്ത്രം.

പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിനെ ഇ – മൊബിലിറ്റി പദ്ധതിയുടെ കൺസൽറ്റൻസിയിൽനിന്ന് ഒഴിവാക്കാൻ തീരുമാനിച്ച കാര്യം മുഖ്യമന്ത്രിയെ അറിയിക്കാതിരുന്നതു കഷ്ടമായിപ്പോയി. കൂടെയുള്ളവരുടെ സാമർഥ്യം തിരിച്ചറിയാൻ പോലും അദ്ദേഹത്തിനു കഴിയാത്ത സാഹചര്യത്തിൽ ഇത്രയും കടുത്ത തീരുമാനങ്ങൾ അറിയിക്കേണ്ടെന്നു തീരുമാനിച്ചത് കൂടെയുള്ളവർ തന്നെയായിരിക്കും. 

ഇതൊന്നും കണ്ടും കേട്ടും കൺസൽറ്റന്റുമാർ നിരാശരാകേണ്ടതില്ല. ഇനിയും പദ്ധതികൾ പലതും വരും. അവയ്ക്കു കൺസൽറ്റന്റുമാർ ആവശ്യം വരും. അപ്പോളാരെന്നുമെന്തെന്നുമാർക്കറിയാം!

കേരള ജിഎൽപി

ആളോഹരി സാഹിത്യോൽപാദനം ലോകത്ത് ഏറ്റവും കൂടുതൽ നടക്കുന്നതു കേരളത്തിലാണെന്ന് സ്വീഡിഷ് അക്കാദമി പോലെ ലോകത്തിലെ പുകഴ്പെറ്റ പല സ്ഥാപനങ്ങളും നടത്തിയ പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. അതുപോലെ തന്നെയാണ് ആളോഹരി വൈദഗ്ധ്യത്തിന്റെ കാര്യവും. മാധ്യമ ചർച്ചകളിലെ വിദഗ്ധന്മാരുടെ കാര്യം പിണറായി സഖാവു പറഞ്ഞപ്പോൾ പലർക്കും അതു രുചിച്ചിട്ടില്ല.

ആളോഹരി സാഹിത്യോൽപാദനം എന്നുവച്ചാൽ ആളോഹരി ആനന്ദം പോലെ തന്നെയാണ്. സാഹിത്യ സമ്പദ്‌വിദഗ്ധർ ഇതിനെ ഗ്രോസ് ലിറ്റററി പ്രോഡക്ട് എന്നു വിളിക്കും; ജിഎൽപി എന്നു ചുരുക്കം. 100 കേരളീയർക്ക് 50 മഹാകവികൾ, 5 ഖണ്ഡകവികൾ, 20 കഥാകൃത്തുക്കൾ, 10 നോവലിസ്റ്റുകൾ, 2 സഞ്ചാരസാഹിത്യകാരന്മാർ, ഒരു കണ്ടെഴുത്തുകാരൻ, ഒരു കേട്ടെഴുത്തുകാരൻ എന്നിങ്ങനെയാണു കണക്ക്. ബാക്കി 11 പേർ തികച്ചും നിരക്ഷരകുക്ഷികളായതു കൊണ്ടു മാത്രം സാഹിത്യകാരന്മാരാകാതെ പോയവർ.

ലിറ്റററി അക്കൗണ്ട് എന്നൊരു അക്കൗണ്ട് ലോകത്താദ്യമായി തുടങ്ങിയതിന്റെ ക്രെഡിറ്റ് നമ്മുടെ സുധാകര മന്ത്രിക്കാണെന്ന് അധികമാർക്കും അറിയാത്ത രഹസ്യമാണ്. അദ്ദേഹം താമരക്കുളത്തോ തുറവൂരോ ഉള്ള പ്രാഥമിക കാർഷിക സഹകരണ ബാങ്കിലാണ് ലിറ്റററി അക്കൗണ്ട് തുടങ്ങിയത്. കവിതാ സമാഹാരങ്ങളിൽനിന്നുള്ള വരുമാനം മാത്രമായിരുന്നു അതിലെ നിക്ഷേപം. ഇപ്പോൾ ലോകബാങ്ക് മുതൽ ഐക്യനാണയ സംഘങ്ങളിൽ വരെ ലിറ്റററി അക്കൗണ്ട് നാട്ടുനടപ്പായിട്ടുണ്ട്. സ്വിസ് ബാങ്കിലാണ് അക്കൗണ്ട് തുടങ്ങുന്നതെങ്കിൽ റോയൽറ്റിത്തുക പുറത്താരും അറിയുകയുമില്ല.

ആളോഹരി വൈദഗ്ധ്യത്തിന്റെ കാര്യത്തിലും ഒരു കേരള മോഡൽ നാം സൃഷ്ടിച്ചു കഴിഞ്ഞു. ചാനൽ ചർച്ചകളിൽ വന്നു വിവരക്കേടു വിളിച്ചുപറയാനുള്ള തൊലിക്കട്ടി മാത്രമാണു വിദഗ്ധന്മാരുടെ മിനിമം യോഗ്യത. ആട്ടിൻകാഷ്ഠത്തിന്റെ ഔഷധമൂല്യം മുതൽ രാജ്യാന്തര കാര്യങ്ങളെക്കുറിച്ചു വരെ മുൻപിൻ നോക്കാതെ എന്തും തട്ടിവിടാനുള്ള ചങ്കൂറ്റം അധിക യോഗ്യതയായി പരിഗണിക്കപ്പെടും. ആളോഹരി വിദഗ്ധന്മാർ 1000നു 999 എന്ന നിലയിൽ, കേരളം മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളെക്കാളും വികസിത രാജ്യങ്ങളെക്കാളും ബഹുദൂരം മുന്നിലാണെന്നാണ് രാജ്യാന്തര കൺസൽറ്റന്റുമാർ സാക്ഷ്യപ്പെടുത്തുന്നത്. വാളെടുത്തവരെല്ലാം വെളിച്ചപ്പാട് എന്ന മലയാളശൈലി കാലഹരണപ്പെട്ടു. ഇപ്പോൾ ഫോണെടുത്തവരെല്ലാം ഫൊട്ടോഗ്രഫർ, മൈക്ക് കിട്ടിയവരെല്ലാം വൈറോളജിസ്റ്റുകൾ തുടങ്ങിയ ശൈലികൾക്കാണു പ്രചാരം.

കാലുളുക്കലും സ്ഥാനത്യാഗവും 

ഒരു മന്ത്രിയുടെ പഴ്സനൽ സ്റ്റാഫിൽപെട്ടയാൾ   കാൽ ഉളുക്കിയതുകൊണ്ടു മാത്രം സ്ഥാനം ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ആദ്യമായാണു കേൾക്കുന്നത്. മന്ത്രി ജയരാജൻ സഖാവിന്റെ പഴ്സനൽ സ്റ്റാഫിൽപെട്ടയാളാണു കാൽ ഉളുക്കിയതു‌കൊണ്ടു ജോലി വേണ്ടെന്നുവച്ചത്. ജോലി ഉപേക്ഷിച്ചതിന്റെ കാരണം വെളിപ്പെടുത്തിയതു മന്ത്രി തന്നെയായതിനാൽ അവിശ്വസിക്കേണ്ടതില്ല.

എന്നാൽ, മന്ത്രി കാണിച്ചതു തീർത്തും കണ്ണിൽചോരയില്ലാത്ത കാര്യമാണെന്നു പറയാതെ വയ്യ. സ്വന്തം സ്റ്റാഫിൽപെട്ടയാളുടെ കാൽ ഉളുക്കിയാൽ അത് ഉഴിഞ്ഞു ശരിപ്പെടുത്തുകയല്ലേ മന്ത്രി ചെയ്യേണ്ടത്? അദ്ദേഹം കായിക വകുപ്പു മന്ത്രിയാണത്രെ. അങ്ങനെയാണെങ്കിൽ സ്പോർട്സ് കൗൺസിൽ പ്രസിഡന്റിനോടോ മറ്റോ പറഞ്ഞ് ഏതെങ്കിലും ഫിസിയോതെറപ്പിസ്റ്റിനെ കൊണ്ടു ചികിത്സിപ്പിച്ചാൽ മതിയായിരുന്നു. അതു പറ്റില്ലെങ്കിൽ പോട്ടെ, കണ്ണൂരിൽനിന്നു വല്ല കളരി ഗുരുക്കന്മാരെയും വരുത്തി തിരുമ്മിച്ചാലും മതിയായിരുന്നു. അതൊന്നും ചെയ്യാതെ പറഞ്ഞുവിട്ടതു വലിയ കഷ്ടമായിപ്പോയി.

∙ സ്റ്റോപ് പ്രസ്: സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥർക്കു കാര്യശേഷിയില്ലെന്ന് ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറിയുടെ കുറിപ്പ്.

ഐഎഎസുകാരും സെക്രട്ടേറിയറ്റിൽ തന്നെയല്ലേ ഇരിക്കുന്നത്?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com