sections
MORE

‘അടച്ചിടാതെയും’ കേരളത്തിന് അതിജീവന വഴികൾ

covid-19-vaccine
SHARE

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ഡൗൺ പലയിടത്തും പല തോതിൽ തുടരുകയാണ്. പല സാഹചര്യങ്ങളിലും ഉപകാരത്തെക്കാൾ ഉപദ്രവം വരുത്തിവയ്ക്കാവുന്ന മറുമരുന്നാണ് ലോക്ഡൗൺ പോലുള്ള അടച്ചു പൂട്ടലുകൾ. ഇത്രയും നാളുകൊണ്ടു നേടാത്തതൊന്നും ഇനി ഇവ തുടർന്നാലും നേടാനാകില്ല.

ലോക്ഡൗൺ കാലത്ത് സമൂഹസമ്പർക്കം കുറവായതുകൊണ്ടു പകർച്ചത്തോതിന്റെ വേഗം കുറയും, അത്ര മാത്രം. ഒരേസമയം രോഗബാധിതരാവുന്നവരുടെ എണ്ണം കുറച്ച്, ഭാവിയിലേക്കു രോഗം മാറ്റിവയ്ക്കും. ഈ സമയമുപയോഗിച്ച് ആരോഗ്യസംവിധാനങ്ങൾ പര്യാപ്തമാണെന്ന് ഉറപ്പാക്കാം. 

ലോക്ഡൗൺ കൊണ്ടു നമ്മൾ സമയം കടമെടുക്കുക മാത്രമാണ്. അതു കഴിയുമ്പോൾ രോഗം വീണ്ടും പടരും. കോവിഡ് ഭീഷണി ഇല്ലാതാകണമെങ്കിൽ പൊതുജനത്തിന് വാക്‌സിൻ വഴിയോ രോഗം വന്നുപോയതിനു ശേഷമുള്ള ആന്റിബോഡി വഴിയോ സ്വയമേവയോ പ്രതിരോധശക്തി ഉണ്ടാകണം.

ലോക്ഡൗൺ എത്രത്തോളം ഫലപ്രദമായി എന്നറിയണമെങ്കിൽ നമുക്കു കേരളത്തിലെ കണക്കുകൾ നോക്കിയാൽ മതി. ലോക്ഡൗൺ ഏർപ്പെടുത്തിയ ശേഷം തിരുവനന്തപുരത്തു കോവിഡ് കേസുകൾ 21 ഇരട്ടി വർധിച്ചപ്പോൾ ലോക്ഡൗൺ ഇല്ലാതിരുന്ന മറ്റു സ്ഥലങ്ങളിൽ 3.7 ഇരട്ടിയായിരുന്നു വർധന. എന്നുവച്ചാൽ തോക്കും ലാത്തിയും വച്ച് ട്രിപ്പിൾ ലോക്ഡൗൺ നടത്തിയ സ്ഥലത്തു മറ്റിടത്തുള്ളതിനെക്കാൾ 5.7 ഇരട്ടിയാണ് രോഗവ്യാപനം..

tony-thomas
ടോണി തോമസ്

ശാസ്ത്രീയമായി നോക്കിയാൽ, തിരക്കു കുറയ്ക്കാനാണെങ്കിൽ, കൂടുതൽ കടകൾ, കൂടുതൽ സമയം തുറക്കണം. പൊതുഗതാഗതത്തിന്റെ എണ്ണം കുറയ്ക്കുമ്പോൾ തിരക്കു കൂടുകയാണ്, കുറയുകയല്ല. ലോക്ഡൗണിൽ കഴിയുന്ന ഓരോ ദിവസവും 1500 കോടി മുതൽ 2000 കോടി രൂപ വരെയാണ് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ നഷ്ടപ്പെടുത്തുന്നത്.

കേരള കോവിഡ് മോഡൽ

കോവിഡ്കാലത്ത് കേരളം എസ്എസ്എൽസി, കീം പരീക്ഷകൾ നടത്തിയത് അഭിനന്ദനീയമാണ്. കാര്യങ്ങൾ കൃത്യമായി ചെയ്യാൻ കഴിവുള്ള ഒരു സർക്കാരിന്റെ നിശ്ചയദാർഢ്യം നമ്മളവിടെ കണ്ടു. കുട്ടികൾക്കു കോവിഡ് തീരെ അപകടകരമല്ല എന്ന ശാസ്ത്ര തത്വത്തിലൂന്നി, പരീക്ഷകൾ വളരെ വിജയകരമായി നടത്തി മറ്റു സംസ്ഥാനങ്ങൾക്കും പല രാജ്യങ്ങൾക്കും മാതൃകയായി.

ആരാധനാലയങ്ങൾ, ഓഫിസുകൾ മുതലായവ അപകടഭീഷണിയില്ലാതെ തുറന്നുകൊടുക്കാൻ തീരുമാനിച്ചതും മദ്യവിൽപനത്തിരക്കു കുറച്ചതും സർക്കാരിന് അഭിമാനിക്കാൻ വക നൽകുന്നവയാണ്.

 ശാസ്ത്രീയമാകണം സമീപനങ്ങൾ

കേന്ദ്ര ആരോഗ്യവകുപ്പിന്റെ മാർഗനിർദേശ പ്രകാരം, രോഗലക്ഷണമില്ലാത്തവരെ വീടുകളിൽ പരിചരിക്കുകയും കാര്യമായി ലക്ഷണമുള്ളവരെ മാത്രം ആശുപത്രികളിലെത്തിക്കുകയും ചെയ്താൽ നമ്മുടെ ഇപ്പോഴുള്ള ചികിത്സാസൗകര്യങ്ങൾ പര്യാപ്തമാണ്. ഇതുവരെയുള്ള താഴ്ന്ന മരണനിരക്ക് കേരളത്തിന്റെ ആരോഗ്യപരിപാലന ശേഷിയുടെ വിജയമാണ്. രോഗവ്യാപനം എത്തിനിൽക്കുന്ന സ്ഥിതിവച്ചു നോക്കിയാൽ, സംസ്ഥാനം പൂർണമായി തുറന്നാലും അതു പുറകോട്ടു പോകില്ല. ലോക്ഡൗണിന്റെ ആദ്യ 4 മാസം കേരളത്തിൽ 50 മരണങ്ങൾ, അതും മറ്റു മാരകരോഗങ്ങളുള്ളവരിൽ, ആയിരുന്നു. അടുത്ത 8 മാസം, ഇത് ഇതിന്റെ 25 ഇരട്ടിയായാലും കേരളത്തിൽ പ്രതിവർഷ മരണങ്ങളിൽ 500ൽ 3 മാത്രമാണ് കോവിഡ് മൂലം സംഭവിക്കുക.

സാധാരണനിലയ്ക്ക് ഏകദേശം 3 മുതൽ 4 മാസം വരെയാണ് ഒരു പ്രദേശത്തു കോവിഡ് വന്നുപോകാൻ എടുക്കുന്ന സമയം. സ്പെയിൻ, ഇറ്റലി, ന്യൂയോർക്ക്, ഡൽഹി എന്നീ പ്രദേശങ്ങൾ നോക്കിയാൽ ഇതു വ്യക്തമാകും. ചികിത്സ ആവശ്യമുള്ള ചുരുക്കം ചിലർക്ക് അതു ലഭ്യമാക്കുക എന്നതു മാത്രമാണ് ആകെ ചെയ്യാൻ സാധിക്കുന്നത്. സർക്കാർ സംവിധാനങ്ങൾ അതിലാണു ശ്രദ്ധിക്കേണ്ടത്.

രോഗപരിശോധന രണ്ടു കാരണങ്ങളാലാണു നടത്തേണ്ടത്: (1) ലക്ഷണങ്ങളുള്ളവരിൽ, ചികിത്സയ്ക്കായി രോഗം സ്ഥിരീകരിക്കാൻ. (2) രോഗവ്യാപനം അറിയാനുള്ള സർവേ. ഇതു കൂട്ടിക്കുഴയ്ക്കാൻ പാടില്ല. കേരളത്തിൽ ഇതല്ല നടക്കുന്നത്. രോഗലക്ഷണമുള്ളവരിൽ മാത്രം ചികിത്സയ്ക്കായി ടെസ്റ്റ് ചെയ്യുക, അവരുടെ റിസൽറ്റ് അതിവേഗം ലഭ്യമാക്കുക. രോഗവ്യാപനം അറിയാൻ ശാസ്ത്രീയമായി സാംപ്ലിങ് നടത്തി ടെസ്റ്റ് ചെയ്യുക. ടെസ്റ്റുകളിൽ കാണുന്ന കണക്കിനെക്കാൾ ധാരാളം ഇരട്ടി രോഗികളാണു സമൂഹത്തിലുള്ളത്. അതുകൊണ്ട് ദൈനംദിന രോഗക്കണക്കിനു വലിയ പ്രസക്തിയില്ല.

ലോകം നമ്മെ എന്തു പഠിപ്പിക്കുന്നു?

ഇറ്റലിയിലെയും ന്യൂയോർക്കിലെയും കോവിഡ് പ്രതിരോധത്തിന്റെ പരാജയം നമുക്കുള്ള പാഠമാണ്. എന്നാൽ, കേരളത്തെക്കാൾ ജനസാന്ദ്രതയും മുതിർന്ന പൗരന്മാരും ഇടുങ്ങിയ വീടുകളിൽ താമസിക്കുന്ന ആളുകളുമുള്ള ജപ്പാനിൽ, ലോക്ഡൗൺ പോലുള്ള ശക്തി ഉപയോഗിച്ചുള്ള നിയന്ത്രണങ്ങൾ ഒന്നുംതന്നെയില്ല. പൊതുഗതാഗതം, മെട്രോ റെയിൽ, വാഹനഗതാഗതം, കടകൾ എല്ലാം തുറന്നിരുന്നു. അനാവശ്യ ഭീതിപ്പെടുത്തൽ ഒന്നുമില്ല. ജനങ്ങളോട് കൂട്ടം കൂടരുത്, മാസ്ക് ഉപയോഗിക്കുക എന്നുമാത്രം സർക്കാർ അഭ്യർഥിച്ചു. 

മറ്റു സ്ഥലങ്ങളിലെ പരാജയത്തിനു കാരണമായ തെറ്റുകൾ അതേപടി ആവർത്തിക്കാതെ, കേരളം നല്ല രീതികൾ അവലംബിക്കുക, അതു മനസ്സിലാക്കി പ്രായോഗികമാക്കാൻ പറ്റിയ അധികാരികളെ നിയമിക്കുക.

 കേരള മാതൃക എങ്ങനെയാകണം?

കോവിഡ് ഒരു പ്രകൃതിദുരന്തമല്ല; ക്രമസമാധാന പ്രശ്നമല്ല; താരതമ്യ പ്രചാരണമത്സരമല്ല; പൗരാവകാശം ഇല്ലായ്മ ചെയ്യാനുള്ള അവസരമല്ല. ആർക്കും ഒരു വിധത്തിലും ലാഭം കൊയ്യാനുള്ള സംരംഭവുമല്ല. കോവിഡ് ആരോഗ്യ പ്രശ്നമാണ്. കൊറോണ വൈറസ് പകർച്ച മനസ്സിലാക്കുന്നതു ശാസ്ത്രീയമായാണ്; പ്രതിരോധിക്കേണ്ടത് ജനങ്ങളെ വിശ്വാസത്തിലെടുത്താണ്‌.

ഏതു രീതിയിൽ നോക്കിയാലും കേരളത്തിലെ കോവിഡ് മരണനിരക്കു വളരെ കുറവാണ്. ഇതു തന്നെയാണ് കേരളത്തിന്റെ ഏറ്റവും വലിയ വിജയം. ഈ വിജയം നമുക്ക് പരിപൂർണ പൊതുജന സൗഹാർദമായ, വികസനത്തിനു സഹായിക്കുന്ന രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കും. ശക്തിയല്ല, ശാസ്ത്രമാണ് ആവശ്യം. ജനങ്ങളെ ഭീതിയിലാഴ്ത്താതെ, ശത്രുപക്ഷത്താക്കാതെ, വിശ്വാസത്തിലെടുത്ത് ഒത്തൊരുമിച്ചു നേരിടുക, വിജയിക്കുക.

ഭീതി വേണ്ട, ജാഗ്രത മതി എന്ന മുദ്രാവാക്യം പൂർണമായി ഉൾക്കൊണ്ട് ലോക്ഡൗൺ, ട്രിപ്പിൾ ലോക്ഡൗൺ, കണ്ടെയ്ൻമെന്റ് സോൺ മുതലായ അടച്ചിടൽ വേണ്ട, മാസ്ക് മതി എന്ന രീതിയിലേക്കു കേരളം ഉടനടി മാറണം. ജനജീവിതം സാധാരണഗതിയിലാക്കണം. തൊഴിൽ ചെയ്യാനും കുടുംബം പോറ്റാനുമുള്ള സാഹചര്യം ഉണ്ടാക്കണം. ശാസ്ത്രീയമായി രോഗം നേരിടാനും ജനങ്ങളുടെ ക്ഷേമത്തിനും മാത്രമായി സർക്കാർ ചെലവു ചുരുക്കുക.

അപകടങ്ങൾ സാധാരണമാണ്. അപകടം വന്നാലുള്ള ആഘാതവും അതു വരാനുള്ള സാധ്യതയും ഒരുപോലെ മനസ്സിലാക്കി നടത്തുന്ന പൊതുഭരണം വിജയിക്കും. കോവിഡ് വൻ ദുരന്തമായി കണ്ടു പേടിച്ചിരിക്കാതെ, മുന്നേറാനുള്ള അവസരമായിക്കണ്ട് അതു പ്രയോജനപ്പെടുത്തണം. ശാസ്ത്രവും സാമാന്യബുദ്ധിയും നിശ്ചയദാർഢ്യവും സഹാനുഭൂതിയും ഒത്തൊരുമിക്കുന്നതാകണം നവകേരള മാതൃക. വരുംതലമുറയ്ക്ക് നമുക്കു കൊടുക്കാൻ പറ്റുന്ന ഏറ്റവും വലിയ സമ്മാനം ഇതാകും.

(ബോസ്റ്റൺ കൺസൽറ്റിങ് ഗ്രൂപ്പ് സീനിയർ അഡ്വൈസർ ആയ ലേഖകൻ, നിസാൻ മോട്ടർ കോർപറേഷൻ ചീഫ് ഇൻഫർമേഷൻ ഓഫിസർ ആയിരുന്നു)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA