ADVERTISEMENT

കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തിൽ നമ്മളിപ്പോൾ ‘വീട്ടിലെ ചികിത്സ’യെക്കുറിച്ച് ആലോചിച്ചു തുടങ്ങുന്നു. കോവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണം കൂടിയതോടെ നമ്മുടെ ആരോഗ്യമേഖല വലിയ സമ്മർദമാണു നേരിടുന്നത്. ഇതു വലിയൊരളവിൽ കുറയ്ക്കാൻ വീട്ടിലെ ചികിത്സയിലൂടെ കഴിയും.

കോവിഡ് പോസിറ്റീവ് ആകുന്നവരിൽ 40% പേർക്ക് ഒരു രോഗലക്ഷണവുമില്ല. 40% പേർക്ക് ചെറിയ രോഗലക്ഷണങ്ങൾ (കാറ്റഗറി എ) മാത്രമേയുള്ളൂ. മൂക്കൊലിപ്പ്, തൊണ്ടവേദന, ചുമ, വയറിളക്കം എന്നിവ വളരെ ചെറിയതോതിൽ മാത്രമാണെങ്കിൽ കാറ്റഗറി എയിൽ പെടുത്താം.

രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്കും കാറ്റഗറി എയിൽ പെടുന്നവർക്കും കാര്യമായ ചികിത്സയുടെ ആവശ്യമില്ല. 80% പേർ ഈ വിഭാഗത്തിൽപെടുന്നു. ഇവരിൽ പലർക്കും 7 ദിവസം കൊണ്ടുതന്നെ കോവിഡ് മുക്തിയുമുണ്ടാകാം. ഈ സാഹചര്യത്തിൽ ഇവരെ വീടുകളിൽത്തന്നെ പാർപ്പിക്കുകയെന്ന രീതി നല്ലതാണ്. വിദേശ രാജ്യങ്ങളെല്ലാം നേരത്തേ തന്നെ ഈ രീതി പിന്തുടരുന്നു.

 വേണം, കൃത്യമായ നിരീക്ഷണം

കോവിഡ് പോസിറ്റീവായവർ വീട്ടിലാണു കഴിയുന്നതെങ്കിലും അവരെ കൃത്യമായി നിരീക്ഷിക്കണം. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുണ്ടോ, കാറ്റഗറി എയിൽ നിന്ന് കൂടുതൽ ലക്ഷണങ്ങളുള്ള കാറ്റഗറി ബി, സി എന്നിവയിലേക്കു മാറുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കണം.

sulfi
ഡോ. എൻ.സുൽഫി

പ്രമേഹം, രക്തസമ്മർദത്തിലെ വ്യതിയാനം തുടങ്ങിയ അനുബന്ധരോഗങ്ങളിൽ രണ്ടോ അതിലേറെയോ ഉണ്ടാവുക, പനി, കടുത്ത തൊണ്ടവേദന, നെഞ്ചുവേദന, ശ്വാസംമുട്ടൽ, മയക്കം, ആഹാരം കഴിക്കാതിരിക്കുക, വിറയൽ തുടങ്ങിയവ വരുന്നുണ്ടെങ്കിൽ സൂക്ഷിക്കണം. 60 വയസ്സിനു മുകളിലുള്ളവർ, ഗർഭിണികൾ എന്നിവർക്കും കൂടുതൽ ശ്രദ്ധ വേണ്ടതാണ്.

നിശ്ശബ്ദ വില്ലനെ സൂക്ഷിക്കണം

കോവിഡ് പോസിറ്റീവായവർ വീട്ടിൽ കഴിയുമ്പോൾ പേടിക്കേണ്ടത് ‘സൈലന്റ് ഹൈപോക്സിയ’ എന്ന വില്ലനെയാണ്. രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാതെ തന്നെ രക്തത്തിലെ ഓക്സിജന്റെ അളവു കുറയുന്ന അവസ്ഥയാണിത്. സാധാരണഗതിയിൽ ഓക്സിജൻ സാച്ചുറേഷൻ 90 വേണം. എന്നാൽ, ചിലപ്പോൾ ഇത് 50% ആയാലും രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാതെ ഇരിക്കാം. കോവിഡ് പോസിറ്റീവായവരിൽ 2 – 10% പേർക്ക് ഇങ്ങനെ സംഭവിക്കാം.

പൾസ് ഓക്സിമീറ്റർ എന്ന ഉപകരണമുപയോഗിച്ചു രക്തത്തിലെ ഓക്സിജന്റെ അളവു നിരീക്ഷിക്കാം. വീടുകളിലെത്തുന്ന ആരോഗ്യപ്രവർത്തകർക്ക് ഈ ഉപകരണം ലഭ്യമാക്കിയാൽ ദിവസേന രണ്ടുതവണ വീതം ഇതു നിരീക്ഷിക്കാൻ കഴിയും.

വീട്ടിൽ എന്തു ചികിത്സ?

ഡോക്ടറുടെ പ്രാഥമിക പരിശോധനയ്ക്കു ശേഷം മാത്രമാണ് ഒരാൾ വീട്ടിൽ കഴിയണോ, ആശുപത്രിയിൽ പ്രവേശിപ്പിക്കണോ എന്ന കാര്യം തീരുമാനിക്കുന്നത്. വീട്ടിൽ കഴിയാൻ പറഞ്ഞാൽ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും മരുന്നുകൾ കഴിക്കണോ എന്നതും ഡോക്ടർ നിർദേശിക്കും.

വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നതുപോലെ മാത്രമാണിത്. കോവിഡ് മുക്തി നേടിയോ എന്നറിയാനായി നിശ്ചിത കാലയളവിനു ശേഷം വേണമെങ്കിൽ സാംപിൾ പരിശോധനയ്ക്കു നിർദേശിക്കാം. വീട്ടിലെ ചികിത്സ സംബന്ധിച്ചു തീരുമാനമെടുത്താൽ ഇതു സംബന്ധിച്ച കൃത്യമായ മാർഗനിർദേശങ്ങളുണ്ടാകും.

(ഐഎംഎ കേരള വൈസ് പ്രസിഡന്റാണ് ലേഖകൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com