ADVERTISEMENT

രാജ്യത്തിന്റെ തെക്കുപടിഞ്ഞാറൻ സമുദ്രമേഖലയിൽ ശനിയാഴ്ച നിലവിൽ വരുന്ന പുതിയ കപ്പൽപാത കേരളത്തിലെ മത്സ്യബന്ധന മേഖലയിൽ ഉയർത്തിയിരിക്കുന്ന ആശങ്കകൾ ചെറുതല്ല. കന്യാകുമാരി മുതൽ അറേബ്യൻ രാജ്യങ്ങളിലേക്കു നീളുന്ന കപ്പൽപാത കടന്നുപോകുന്നതു മത്സ്യലഭ്യതയ്ക്കു പേരുകേട്ട, കൊല്ലം ബാങ്ക് എന്നറിയപ്പെടുന്ന പ്രദേശത്തുകൂടിയാണെന്ന വിവരം ‘മലയാള മനോരമ’ പുറത്തുകൊണ്ടുവന്നതോടെ, ഈ വിഷയം തീരദേശമേഖലയിലാകെ സജീവ ചർച്ചാവിഷയമായിരിക്കുകയാണ്. 

കപ്പലുകളുടെ പാതയിൽ മത്സ്യബന്ധന യാനങ്ങൾ വരുന്നതുമൂലമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാനെന്ന പേരിലാണ് ഇരുകൂട്ടർക്കുമായി കേന്ദ്ര ഷിപ്പിങ് മന്ത്രാലയം വ്യത്യസ്ത പാത നിശ്ചയിച്ചതെങ്കിലും ഇക്കാര്യത്തിൽ കേരളം മുന്നോട്ടുവച്ച ആവശ്യങ്ങൾ പരിഗണിക്കപ്പെടാതെ പോയതാണു വിവാദത്തിനു തിരികൊളുത്തിയത്. കേന്ദ്ര സർക്കാരാകട്ടെ, ഓഗസ്റ്റ് ഒന്നു മുതൽ പുതിയ പാത നിലവിൽവരുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നു. ഈ സാഹചര്യത്തിലാണ്, ഇന്നു സംസ്ഥാന സർക്കാർ വിളിച്ചുചേർത്തിട്ടുള്ള മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കളുടെ യോഗം അതീവ നിർണായകമാകുന്നത്. 

പുതിയ കപ്പൽപാത സംബന്ധിച്ച ചർച്ചകൾ ആരംഭിച്ചിട്ടു രണ്ടു വർഷമായി. കന്യാകുമാരിക്കു തെക്കുപടിഞ്ഞാറു നിന്നാരംഭിക്കുന്ന രണ്ടു പാതകളാണു കേന്ദ്ര ഷിപ്പിങ് മന്ത്രാലയം തയാറാക്കിയത്. ആദ്യത്തേതു ഗൾഫ് മേഖലയിലേക്കു പോകുന്ന പാതയും രണ്ടാമത്തേതു ചെങ്കടലിലേക്കു നീളുന്ന പാതയും. ഗൾഫ് മേഖലയിലേക്കു പോകുന്ന പാതയാണ് കന്യാകുമാരി പിന്നിടുമ്പോൾ പ്രധാന മത്സ്യസങ്കേതമായ കൊല്ലം ബാങ്കിൽക്കൂടി കടന്നുപോകുന്നത്. കന്യാകുമാരി, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം തുടങ്ങിയ ജില്ലകളിൽ നിന്നുള്ള ആഴക്കടൽ ട്രോളറുകൾ ഉൾപ്പെടെയുള്ള യന്ത്രവൽകൃത യാനങ്ങൾ യഥേഷ്ടം മത്സ്യബന്ധനം നടത്തുന്ന മേഖലയാണ് വർക്കല മുതൽ കായംകുളം വരെ നീണ്ടുകിടക്കുന്ന കൊല്ലം ബാങ്ക്.  

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ദൈർഘ്യം കുറഞ്ഞ പാതയായി രാജ്യാന്തര ചരക്കുകപ്പലുകൾ പുതിയ പാത തിരഞ്ഞെടുക്കുമ്പോൾ, ഇവിടെ മത്സ്യബന്ധനം നടത്തുന്ന യാനങ്ങൾക്കു കടുത്ത ഭീഷണിയാകുമെന്നാണ് ആശങ്ക. ഈ പ്രദേശത്തു മാത്രം കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ കപ്പലിടിച്ച് അൻപതോളം ബോട്ടുകൾ തകർന്നതായാണു മത്സ്യത്തൊഴിലാളികൾ മുന്നോട്ടുവയ്ക്കുന്ന കണക്ക്. 11 മത്സ്യത്തൊഴിലാളികൾ മരിച്ചുവെന്നും അവർ പറയുന്നു. 

നിർദിഷ്ട കപ്പൽപാത സംബന്ധിച്ച കരടു വിജ്ഞാപനം പുറത്തിറക്കിയപ്പോൾ കേന്ദ്ര ഷിപ്പിങ് മന്ത്രാലയം തീരദേശ സംസ്ഥാനങ്ങളുടെയും മത്സ്യത്തൊഴിലാളി സംഘടനകളുടെയും അഭിപ്രായം ആരാഞ്ഞിരുന്നു. കൊല്ലം ബാങ്ക് ഉൾപ്പെടുന്ന മേഖലകളെ കപ്പൽപാതയിൽനിന്ന് ഒഴിവാക്കണമെന്നു സംസ്ഥാന സർക്കാരും മത്സ്യത്തൊഴിലാളി സംഘടനകളും ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം ചെവിക്കൊണ്ടില്ലെന്നാണു പരാതി. അതേസമയം, കന്യാകുമാരിക്കു തെക്കുള്ള മറ്റൊരു മത്സ്യസങ്കേതമായ വാഡ്ജ് ബാങ്ക് മേഖലയെ തമിഴ്നാടിന്റെ സമ്മർദത്തെത്തുടർന്ന് ഒഴിവാക്കുകയും ചെയ്തു. കേരളം ആദ്യംതന്നെ എതിർപ്പ് അറിയിച്ചെങ്കിലും തുടർനടപടികളുടെ കാര്യത്തിൽ അമാന്തം ഉണ്ടായോ എന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്. 

കപ്പൽപാത നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവ് അടിയന്തരമായി മരവിപ്പിക്കണമെന്നാണു കേരളത്തിന്റെയും മത്സ്യത്തൊഴിലാളി സമൂഹത്തിന്റെയും ആവശ്യം. ഇന്നു ചേരുന്ന യോഗം അതിനുള്ള ആദ്യ ചുവടുവയ്പാണ്. രാഷ്ട്രീയ വ്യത്യാസം മറന്നു സംസ്ഥാന സർക്കാരും ഇവിടെനിന്നുള്ള എംപിമാരും രംഗത്തുവന്നേ മതിയാകൂ. അല്ലാത്തപക്ഷം, ട്രോളിങ് നിരോധനവും ലോക്ഡൗൺ നിയന്ത്രണങ്ങളും വറുതിയിലാക്കിയ മത്സ്യബന്ധന മേഖല അതീവഗുരുതര പ്രതിസന്ധിയിലേക്കു നീങ്ങുമെന്നു തീർച്ച. 6,000 കോടി രൂപയുടെ വിദേശനാണ്യം കേരളത്തിനു സമ്മാനിക്കുന്ന മത്സ്യസംസ്കരണ, കയറ്റുമതി മേഖല കഴിഞ്ഞ നാലു മാസമായി കടുത്ത പ്രതിസന്ധിയിലാണെന്നതും  മറന്നുകൂടാ.  

കൊല്ലം ബാങ്കിനെ ആശ്രയിച്ചു മത്സ്യബന്ധനം നടത്തിവരുന്ന അനേകായിരങ്ങളുടെ ജീവിതം വഴിമുട്ടിപ്പോകാതിരിക്കാനുള്ള ഇടപെടലാണ് അടിയന്തരമായി ഉണ്ടാവേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com