sections
MORE

വിദ്യാഭ്യാസത്തിന് പുതിയ പാഠം

HIGHLIGHTS
  • പുതിയ വിദ്യാഭ്യാസ നയം: ആശകളും ആശങ്കകളും
SHARE

രാജ്യത്തിന്റെ പലവിധ വികസന ലക്ഷ്യങ്ങൾ സാധ്യമാക്കുന്നതിനുള്ള മാർഗരേഖയെന്ന വിശേഷണത്തോടെയാണ് 21–ാം നൂറ്റാണ്ടിലെ ആദ്യ വിദ്യാഭ്യാസനയം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചത്. രാജ്യത്തെ വിദ്യാഭ്യാസ മേഖലയുടെ സമഗ്രമായ അഴിച്ചുപണിയും പരിഷ്കരണവും വിഭാവനം ചെയ്യുന്ന ഈ നയരേഖയുടെ നടപ്പാക്കൽ 2020 – 21ൽ തുടങ്ങി 2040ൽ പൂർത്തിയാകുംവിധമാണ് ഉദ്ദേശിച്ചിട്ടുള്ളത്. 

ഐഎസ്ആർഒ മുൻ ചെയർമാൻ കെ.കസ്തൂരിരംഗൻ നേതൃത്വം നൽകിയ സമിതിയുടെ ശുപാർശകൾ ഒട്ടുമിക്കതും അംഗീകരിച്ചാണു പുതിയ നയം തയാറാക്കിയിട്ടുള്ളത്. അങ്കണവാടി മുതൽ ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഗവേഷണംവരെ ഭാവിയുടെ വെല്ലുവിളികളും സാധ്യതകളും കണക്കിലെടുത്താവും പുതുക്കുക. പഠനത്തെയല്ല, പഠിതാവിനെയാണു പുതിയ നയം കേന്ദ്രസ്ഥാനത്തു നിർത്തുന്നത്. പഠിതാവിന്റെ സർഗാത്മകവും സമഗ്രവുമായ  വികസനമാണു ലക്ഷ്യം. 

പരീക്ഷകൾ ജയിക്കുന്നതിനെക്കാളുപരി, വിദ്യാർഥികളിൽ വിമർശനാത്മക ചിന്തയും പ്രശ്നപരിഹാരശേഷിയും വളർത്തുകയാണു സ്കൂളുകളും കോളജുകളും ചെയ്യേണ്ടതെന്നു വ്യക്തമാക്കുന്ന നയം, അതിനായി ഘടനാപരമായ ചില മാറ്റങ്ങളും മുന്നോട്ടുവയ്ക്കുന്നു. പുതിയ കാലത്തെ വിദ്യാർഥികളെ പ്രായോഗിക ജീവിതത്തിനായി ഒരുക്കാൻ ശേഷിയുള്ളവരാവണം അധ്യാപകർ എന്ന ലക്ഷ്യംവച്ച്, അധ്യാപക പരിശീലനത്തിലും പരിഷ്കാരങ്ങൾ നിർദേശിച്ചിട്ടുണ്ട്. മാതൃഭാഷയ്ക്കും തദ്ദേശഭാഷകൾക്കുമുള്ള സവിശേഷമായ ഊന്നൽ നിലനിർത്തുന്നതാണു നയം. 

നിർദേശിച്ചിട്ടുള്ള പരിഷ്കാരങ്ങൾക്കു പിന്നിലെ സദുദ്ദേശ്യങ്ങൾ കണക്കിലെടുക്കുമ്പോൾ മികച്ചതും നടപ്പാക്കലിന്റെ പ്രായോഗിക വശങ്ങൾ പരിഗണിക്കുമ്പോൾ ചില ആശങ്കകൾക്ക് ഇടനൽകുന്നതുമാണ് നയമെന്നാണ് ആദ്യ വിലയിരുത്തൽ. പുതിയ കാലത്തെ തൊഴിൽ സാധ്യതകൾകൂടി കണക്കിലെടുത്ത് സ്കൂൾതലം മുതലേ തൊഴിൽപരിശീലനം പുതിയ നയത്തിൽ നിർദേശിച്ചിട്ടുണ്ട്. 1986ലെ വിദ്യാഭ്യാസനയം 1992ൽ പരിഷ്കരിച്ചപ്പോഴും നൈപുണ്യ വികസനത്തിന് ഊന്നൽ നൽകിയിരുന്നു. കാൽനൂറ്റാണ്ടു കഴിഞ്ഞിട്ടും ആ ശ്രമത്തിനു കാര്യമായ വിജയം നേടാനായില്ലെന്നാണ് അതേ നിർദേശത്തിന്റെ ആവർത്തനത്തിൽനിന്നു വ്യക്തമാകുന്നത്. നേടാവുന്ന നൈപുണ്യങ്ങളുടെ എണ്ണം കൂടിയിട്ടുണ്ടെന്നു മാത്രം. 

പൊതുവിദ്യാഭ്യാസ മേഖലയിൽ കൂടുതൽ മുതൽമുടക്കേണ്ടതു സംസ്ഥാനങ്ങളാണ്. മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഡിപി) 6% വിദ്യാഭ്യാസ മേഖലയ്ക്കു നീക്കിവയ്ക്കണമെന്നത് ആദ്യ വിദ്യാഭ്യാസ കമ്മിഷന്റെ (1964–66) ശുപാർശയായിരുന്നു. പുതിയ വിദ്യാഭ്യാസനയത്തിൽ അതേ ലക്ഷ്യം ആവർത്തിക്കുകയാണ്. ഇത് എത്രകണ്ടു സാധ്യമാകുമെന്നതിൽ ഇപ്പോഴും ആശങ്കയുണ്ട്. അഫിലിയേഷൻ രീതി ഒഴിവാക്കി 15 വർഷം കൊണ്ട് എല്ലാ കോളജുകൾക്കും സ്വയംഭരണം ലഭ്യമാക്കുമെന്നു പറയുന്നതിലും പ്രായോഗികമായ ആശങ്കകളുണ്ട്.

ഇന്റഗ്രേറ്റഡ് ബിഎഡ് എന്ന നിർദേശംകൊണ്ട് അധ്യാപക പരിശീലനരംഗത്തു പ്രതീക്ഷിക്കുന്ന നേട്ടമുണ്ടാകുമോ എന്നതും പരിശോധിക്കേണ്ടതുതന്നെ. വിദ്യാഭ്യാസരംഗത്തു തീരുമാനമെടുക്കുന്നതിനു സംസ്ഥാനത്തിനുള്ള അധികാരം കുറയുകയും കേന്ദ്രം പിടിമുറുക്കുകയും ചെയ്യുമെന്ന ആശങ്കയുമുണ്ട്. കരടുനയം സംബന്ധിച്ചു കേരളം നൽകിയ നിർദേശങ്ങൾ അംഗീകരിച്ചില്ലെന്നതടക്കമുള്ള പരാതികളുമുണ്ട്. 

പ്രതിഭകളെ വിദേശസ്ഥാപനങ്ങളിലേക്കു ‘കയറ്റുമതി’ ചെയ്യുന്നതിൽ മുന്നിലുള്ള നമ്മുടെ രാജ്യത്ത് രാജ്യാന്തരനിലവാരമുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലാതായത് എന്തുകൊണ്ടാണെന്ന ആത്മപരിശോധനയോടെ വേണം പുതിയ നയത്തെ കാണാൻ. പുതിയ സാധ്യതകൾ തേടേണ്ട കോവിഡ് അനന്തര ഇന്ത്യയെ ഇതോടൊപ്പം ചേർത്തുവയ്ക്കുകയും ചെയ്യാം. 

വരുംദിവസങ്ങളിലുണ്ടാവുന്ന ചർച്ചകളിൽ ഉരുത്തിരിയുന്ന നിർദേശങ്ങൾകൂടി പരിഗണിച്ച്, ഓരോ പരിഷ്കാരത്തിന്റെയും ഫലസിദ്ധിയും പ്രായോഗികതയും കണക്കിലെടുത്തുവേണം പുതിയ വിദ്യാഭ്യാസനയം നടപ്പാക്കാൻ എന്ന കാര്യത്തിൽ അഭിപ്രായവ്യത്യാസമുണ്ടാവില്ല. 

English Summary: Education

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA