ADVERTISEMENT

ലോക്ഡൗണുകളുടെയും നിയന്ത്രണങ്ങളുടെയും അഞ്ചുമാസക്കാലം രാജ്യത്തെ സമ്പദ്ഘടന നിശ്ചലമായിരുന്നില്ല. പലിശനിരക്കുകളുടെയും വായ്പ തിരിച്ചടവുകളുടെയും ഒട്ടേറെ പ്രശ്നങ്ങൾക്കു നടുവിലും സ്വകാര്യ, പൊതുമേഖല, സഹകരണ ബാങ്കുകളിൽ സാധാരണ നിക്ഷേപകർ മുതൽ വൻകിട നിക്ഷേപകർ വരെയുള്ളവർക്കു സേവനം മുടങ്ങിയില്ല.

ബാങ്ക് ജീവനക്കാരുടെ സംഘടനകൾ ചൂണ്ടിക്കാട്ടുന്നതു പോലെ, മാർച്ച് അവസാനവാരം ആദ്യ ലോക്ഡൗൺ പ്രഖ്യാപിച്ചതു മുതൽ രാജ്യമെമ്പാടുമുള്ള ലക്ഷക്കണക്കിനു ബാങ്ക് ജീവനക്കാർ നഗര, ഗ്രാമീണ മേഖലകളിൽ ബാങ്ക് പ്രവർത്തനം മുടങ്ങാതെ മുന്നോട്ടു കൊണ്ടുപോയി. കോവിഡ് മാർഗനിർദേശങ്ങൾ മൂലം ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്തിയ സാഹചര്യത്തിൽ അവശ്യസേവനങ്ങളിൽ മാത്രമാണു ബാങ്കുകൾ ശ്രദ്ധ കേന്ദ്രീകരിച്ചത്.

ഐഎഎസ് ഉദ്യോഗസ്ഥനെന്ന നിലയിൽ തമിഴ്നാട്ടിലും കേന്ദ്രസർക്കാരിലും വിപുലമായ ഭരണപരിചയമുള്ള റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്, ആർബിഐ ആസ്ഥാനത്തെയും സംസ്ഥാന തലസ്ഥാനങ്ങളിലെയും ജീവനക്കാരെ വിവിധ ടീമുകളായി വിഭജിച്ചു. രൂപയുടെയും വിദേശ കറൻസികളുടെയും ലഭ്യതയും നീക്കവും ഒരു കാരണവശാലും മുടങ്ങാതിരിക്കാനുള്ള സംവിധാനം ഉറപ്പാക്കി. ഗതാഗത മാർഗങ്ങളെല്ലാം പൂർണമായും അടഞ്ഞ ലോക്ഡൗൺ സമയം രാജ്യത്തെ എല്ലാ ജില്ലകളിലും ഗ്രാമങ്ങളിലും കറൻസി ലഭ്യത ഉറപ്പുവരുത്തുക വലിയ വെല്ലുവിളിയായിരുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ചില വിദൂരമായ ജില്ലകളിൽ കറൻസി കിട്ടാനില്ലെന്ന പരാതി ഉയർന്നപ്പോൾ ഗുവാഹത്തി, കൊൽക്കത്ത, റാഞ്ചി എന്നിവിടങ്ങളിൽ നിന്നാണ് ആർബിഐ വിവിധ ബാങ്ക് ശാഖകളിലേക്കും എടിഎമ്മുകളിലേക്കും കറൻസി എത്തിച്ചുകൊടുത്തത്.

ലോക്ഡൗൺ ചട്ടങ്ങളിൽ ബാങ്കുകളുടെ പ്രവർത്തനവും കറൻസി നീക്കവും അവശ്യസേവനത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളതെങ്കിലും പ്രായോഗിക തലത്തിൽ നടപ്പിലാക്കാനുള്ള ബുദ്ധിമുട്ടുകൾ വലുതായിരുന്നു.ഓഫിസിലേക്കു തിരിച്ച ബാങ്ക് ഉദ്യോഗസ്ഥരെ പലയിടത്തും പൊലീസ് തിരിച്ചയച്ച സംഭവങ്ങളുണ്ടായി. ബാങ്ക് ഉദ്യോഗസ്ഥർ അടിയന്തരസേവന വിഭാഗത്തിൽ ഉൾപ്പെടുന്നുവെന്ന് ചില സംസ്ഥാനങ്ങൾക്കു പ്രത്യേകം ഉത്തരവിറക്കേണ്ടതായും വന്നു.

ജീവനക്കാർ തങ്ങളുടെ വാഹനങ്ങളിൽ പൊലീസിനു കാണാവുന്ന വിധം വലിയ സ്റ്റിക്കറുകൾ ഒട്ടിച്ചാണു യാത്ര ചെയ്തത്. സാധാരണനിലയിൽ ബാങ്ക് ജീവനക്കാരിൽ 70 ശതമാനത്തിലേറെയും, പ്രത്യേകിച്ചു വനിതാ ജീവനക്കാർ, ജോലിക്കു പോകുന്നത് പൊതുഗതാഗത സൗകര്യങ്ങളെ ആശ്രയിച്ചാണെന്നാണു ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ കണക്ക്. കോവിഡ് സാഹചര്യത്തിൽ സ്വന്തം വാഹനത്തിൽ വരാനായിരുന്നു മാനേജർമാരുടെ നിർദേശം. ഒട്ടേറെപ്പേരും സ്വന്തം വാഹനമില്ലാത്തവരോ വീട്ടിൽ വാഹനമുണ്ടെങ്കിലും ഡ്രൈവിങ് അറിയാത്തവരോ ആണെന്നു തിരിച്ചറിഞ്ഞു. ചിലരെ കുടുംബാംഗങ്ങളാണു ബാങ്കിൽ എത്തിക്കുകയും തിരിച്ചു കൊണ്ടുപോകുകയും ചെയ്തിരുന്നത്.

ബാങ്ക് ശാഖ പ്രവർത്തിക്കുന്ന മേഖലയ്ക്കു പുറത്തുനിന്നു യാത്ര ചെയ്ത് എത്തുന്നവരാണു കൂടുതൽ പ്രശ്നത്തിലായത്. ഒന്നിലധികം പൊലീസ് ബാരിക്കേഡുകൾ കടന്നുവേണം ഇവർക്കു ജോലിസ്ഥലത്തെത്താൻ. അന്തർജില്ലാ യാത്രകളും സംസ്ഥാന അതിർത്തികളിലെ യാത്രകളും കഠിനപരീക്ഷണങ്ങളായി. തലസ്ഥാന നഗരമായ ഡൽഹിയുടെ അയൽസംസ്ഥാനങ്ങളായ ഹരിയാനയും യുപിയും അതിർത്തികൾ അടച്ചത് ഉദാഹരണം. കടുത്ത ചോദ്യംചെയ്യലുകൾക്കു വിധേയരായ ശേഷമാണു പല ഉദ്യോഗസ്ഥരും ദിവസവും ഓഫിസിൽ എത്തിയിരുന്നത്.

ബാങ്കുകളുടെ ചെയർമാൻമാരുമായുള്ള പതിവു യോഗങ്ങളിൽ ധനമന്ത്രി നിർമല സീതാരാമൻ ബാങ്കുകളുടെ സേവനങ്ങൾ വിലയിരുത്താൻ സമയം കണ്ടെത്തിയിരുന്നു. ബാങ്കുകളുടെ പ്രവർത്തനം സംബന്ധിച്ച പരാതികളുണ്ടെങ്കിൽ അത് ഉന്നയിക്കുകയും ചെയ്തു. ചെറുകിട വായ്പകളുടെ വിതരണം സംബന്ധിച്ചും വിലയിരുത്തലുകളുണ്ടായി.

വിദേശനാണ്യ വിനിമയം തടസ്സമില്ലാതെ നടക്കുന്നുവെന്ന് ഉറപ്പുവരുത്താൻ റിസർവ് ബാങ്കിൽ ഗവർണറും ഡപ്യൂട്ടി ഗവർണർമാരും പ്രത്യേകം ശ്രദ്ധിച്ചു. രൂപയുടെ മൂല്യം ലോക്ഡൗണിൽ ഇടിഞ്ഞുവെങ്കിലും അതൊരു സ്വാഭാവിക പ്രതിഭാസമാണെന്നും സമ്പദ്‌വ്യവസ്ഥയുടെ കരുത്തു മൂലം ഈ വീഴ്ച പിന്നീടു പരിഹരിക്കാനാവുമെന്നും റിസർവ് ബാങ്ക് വിലയിരുത്തി. ഫിനാൻസ്, ടാക്സേഷൻ സെക്രട്ടറി പദവികളിൽ സേവനമനുഷ്ഠിച്ചിട്ടുള്ള ശക്തികാന്ത ദാസ് കോവിഡ്കാല വിപണിയിൽ താൻ നിരീക്ഷിച്ച പ്രവണതകൾ ധനകാര്യ, വാണിജ്യ, വ്യവസായ മന്ത്രിമാർക്കു കൈമാറുകയും ചെയ്തു. നോട്ട് അസാധുവാക്കിയ സമയത്ത് ഉപയോക്താക്കളും വിവിധ ബ്രാഞ്ചുകളും അഭിമുഖീകരിച്ച പ്രശ്നങ്ങളിൽനിന്നുള്ള പാഠങ്ങൾ കോവിഡ് പ്രതിസന്ധിയുടെ കാലത്ത് ബാങ്കിങ് മേഖലയ്ക്കും ഗുണമായിത്തീർന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com