ADVERTISEMENT

തലയ്‌ക്കു മീതെ വെള്ളം വന്നാൽമാത്രം അതിനുമീതെ സഞ്ചരിക്കാനുള്ള തോണി പുറത്തെടുത്താൽ പോരെന്ന് ഓരോ കാലവർഷക്കാലവും കേരളത്തെ ഓർമിപ്പിക്കുന്നുണ്ട്. ഒരൊറ്റ മഴയ്ക്കുപോലും തോൽപിക്കാവുന്ന അവസ്ഥയിലേക്കു നമ്മുടെ പല നഗരങ്ങളും എത്തിച്ചേർന്നിരിക്കുന്നു. കഴിഞ്ഞ ദിവസം കൊച്ചി നഗരത്തിലുണ്ടായ വെള്ളക്കെട്ടും ദുരിതവും ഇതിന്റെ നിർഭാഗ്യകരമായ സാക്ഷ്യമായി വീണ്ടും നമുക്കു മുന്നിലെത്തുകയുണ്ടായി.

ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ആസൂത്രണത്തിന്റെ അഭാവവും നോട്ടക്കുറവും ദീർഘവീക്ഷണമില്ലായ്മയും ഒക്കെയാണ് കൊച്ചിയിലെ വെള്ളക്കെട്ടിന്റെ കാരണങ്ങൾ. ഹൈക്കോടതി പലതവണ ഈ വിഷയത്തിൽ ഇടപെട്ടതുമാണ്. കടൽനിരപ്പിനെക്കാൾ അധികം ഉയരത്തിലല്ല നഗരത്തിന്റെ കേന്ദ്രഭാഗമായ എറണാകുളം കര. 40 – 50 വർഷം മുൻപുവരെ മുഖ്യമായും വയൽപ്രദേശമായിരുന്നു ഇവിടം. അന്നു കൃഷിചെയ്തിരുന്ന വയലുകളെല്ലാം മണ്ണിട്ടുയർത്തി പാർപ്പിട, വ്യാപാര മേഖലകളാക്കി മാറ്റി. വീതിയുള്ള ബണ്ടുകൾ റോഡുകളാക്കി. കായലിലേക്കു വെള്ളമൊഴുക്കാൻ ഉണ്ടായിരുന്ന തോടുകൾ റോഡുകളും റെയിൽവേ ലൈനും വന്നപ്പോൾ മുറിഞ്ഞുപോയി. ബാക്കിവന്ന തോടുകളും പിന്നീട് റോഡുകളാക്കി.

തോടുകളും കനാലുകളും നികത്തിയെടുത്ത സ്ഥലത്തു ബഹുനില കെട്ടിടങ്ങൾവരെ വന്നപ്പോൾ നഗരസഭ അവയെല്ലാം നിയമവിധേയമാക്കി നൽകി. ഡിവിഷൻ ഫണ്ട് എന്ന നിലയിൽ കൗൺസിലർമാർക്കു നൽകിയ ലക്ഷക്കണക്കിനു രൂപയുടെ നല്ല പങ്കും കാന പണിയാനാണ് ഉപയോഗിച്ചത്. റോഡരികിലെ കാനകൾ, തോടുകൾ, കനാലുകൾ എന്നിവയാണു നഗരത്തിലെ ജലനിർഗമന ശൃംഖലയിലെ കണ്ണികളെങ്കിലും ഇവിടെ ഇതു തമ്മിൽ ബന്ധമില്ലെന്നതാണു പ്രശ്നം. കനാലിനെക്കാൾ ഉയരത്തിൽ തോടും തോടിനെക്കാൾ ഉയരത്തിൽ കാനയും കിടക്കുമ്പോൾ കാനകളിൽ എപ്പോഴും വെള്ളം കെട്ടിക്കിടക്കുകയും കൊതുകു പെരുകുകയും ചെയ്യുന്നു.

കൊച്ചിയിൽ ആദ്യം വേണ്ടത് ഇൗ ശൃംഖലയുടെ കൃത്യമായ ബന്ധിപ്പിക്കലാണ്. ഇടറോഡുകളിൽനിന്നു വെള്ളം തോട്ടിലേക്കും അവിടെനിന്നു കനാലിലേക്കും അതു കായലിലേക്കും ഒഴുക്കണം. അഴുക്കുചാലിന്റെ ആഴമല്ല, അവയുടെ എണ്ണക്കൂടുതലും വെള്ളം ഒഴുകാനുള്ള ചെരിവുമാണു പ്രധാനം. കൊച്ചിയിലെ പ്രധാന കനാലുകളെല്ലാം തെക്കു – വടക്കാണ്. കിഴക്കുനിന്നു പടിഞ്ഞാറു കായലിലേക്കു കൂടുതൽ ചാലുകൾ നിർമിക്കണം.

റോഡ് ടാറിങ് നടത്തുമ്പോൾ കാനയെക്കൂടി പരിഗണിക്കണം. ഭൂപ്രതലത്തിന്റെ നിരപ്പു കണക്കിലെടുക്കാതെ റോഡോ സമീപത്തെ പ്ലോട്ടുകളോ ഉയർത്താൻ അനുവദിക്കരുത്. റോഡിലെ ടൈൽ വിരിക്കലിനും ഇതു ബാധകമാക്കണം. കനാലുകളിലെയും തോടുകളിലെയും കയ്യേറ്റം ഒഴിപ്പിക്കണം. തോടുകൾക്കു കുറുകെ പാലങ്ങളും കലുങ്കുകളും പണിയുമ്പോൾ തോടിന്റെ മുഴുവൻ വീതിയും ഉറപ്പാക്കണം. അടഞ്ഞുപോയ തോടുകളും കലുങ്കുകളും തുറക്കുകയും വേണം.

രണ്ടു വർഷം മുൻപത്തെ പ്രളയത്തിലുണ്ടായതിനെക്കാൾ ഭീകരമായ വെള്ളക്കെട്ടാണു കഴിഞ്ഞ വർഷം കൊച്ചിയിലുണ്ടായത്. നഗരം 48 മണിക്കൂറോളം വെള്ളക്കെട്ടിലായി. കോർപറേഷന്റെ പരാജയം മനസ്സിലാക്കി വെള്ളക്കെട്ടു നിവാരണത്തിനുള്ള ‘ഓപ്പറേഷൻ ബ്രേക് ത്രൂ’ പദ്ധതി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കിവരുമ്പോഴാണു കഴിഞ്ഞ ദിവസവും വെള്ളക്കെട്ടുണ്ടായത്. പദ്ധതി പൂർത്തിയായിട്ടില്ലെന്നതിനാലും ഏതാനും മണിക്കൂറുകൾ കൊണ്ട് വെള്ളം ഇറങ്ങിയെന്നതിനാലും ‘ബ്രേക് ത്രൂ’ പരാജയമെന്നു പറയാനും കഴിയില്ല.

സർക്കാർ സഹായിച്ചതിനാൽ വെള്ളക്കെട്ടു നിവാരണമെന്ന സ്വന്തം ഉത്തരവാദിത്തത്തിൽനിന്നു കോർപറേഷൻ മാറിനിൽക്കരുത്. കോർപറേഷനു സ്വന്തമായി അതിനു കഴിയുന്നില്ലെങ്കിൽ സർക്കാരിന്റെ സഹായം തുടർന്നും ഉറപ്പാക്കണം. വെള്ളക്കെട്ടു നിവാരണത്തിനും കാന നിർമാണത്തിനും കോർപറേഷൻ ചെലവാക്കുന്ന പണത്തിനു കണക്കും ഫലപ്രാപ്തിയും ഉറപ്പുവരുത്തുകയും വേണം. ശാസ്ത്രീയമായ കാഴ്ചപ്പാടും ഒന്നിച്ചുള്ള പ്രവർത്തനവുമാണു കൊച്ചിയിലെ വെള്ളക്കെട്ടു നിവാരണത്തിന് ഇനി ഉണ്ടാവേണ്ടത്.

English Summary: Waterlogging

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com