ADVERTISEMENT

മുൻ സർക്കാരിനെക്കാൾ കൂടുതൽ നിയമനങ്ങൾ നടത്തിയെന്നാണ് ഈ സർക്കാർ പറയുന്നത്.  പക്ഷേ, ഒന്നാം റാങ്കുകാരനു പോലും ജോലിക്കായി വർഷങ്ങൾ കാത്തിരിക്കേണ്ട സ്ഥിതി. തിരുത്തലുകൾ വരുത്തേണ്ടത് എവിടെ?

ആയിരക്കണക്കിന് ആളുകളോടു മത്സരിച്ച് ഒന്നാം റാങ്ക് നേടിയ ഏഴു പേർ. പക്ഷേ, ജോലിക്കായി കാത്തിരിപ്പു തുടരുന്നു.  ഇതുപോലുള്ളവർ ഇനിയുമുണ്ട് പല പട്ടികകളിലായി.....

1. ഡോ.അബ്ദുൽ ഷുക്കൂർ, ലിസ്റ്റ്: ലക്ചറർ ഇൻ നാച്വറൽ സയൻസ്

റാങ്ക്: 1 നിലവിൽ വന്നത്:  2018 ജനുവരി 31

അവസാനിക്കുന്നത്: 2021 ജനുവരി 31 (ഏറെ പിന്നാലെ നടന്നാണ് ഗവ. ബ്രണ്ണൻ ട്രെയിനിങ് കോളജിലെ ഒഴിവ് റിപ്പോർട്ട് ചെയ്യിച്ചത്. ഇതുവരെ പിഎസ്‌സി അഡ്വൈസ് മെമ്മോ നൽകിയിട്ടില്ല. ഇതിനിടെ ഒഴിവിൽ താൽക്കാലിക അധ്യാപകനെ നിയമിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്)

2. പേര്: കെ.ബുഷറ ബീവി (30)

റാങ്ക്: 1 ലിസ്റ്റ്: പഞ്ചായത്ത് ലൈബ്രേറിയൻ ഗ്രേഡ് 4 മലപ്പുറം. നിലവിൽ വന്നത്: 2019 ഓഗസ്റ്റ് 27

അവസാനിക്കുന്നത്: 2022 ഓഗസ്റ്റ് 26.

3 പേര്: വി.സരസ്വതി ദേവി (31)

റാങ്ക്: 1

ലിസ്റ്റ്: എച്ച്എസ്എ സംസ്കൃതം (പാർട്‌ടൈം),പത്തനംതിട്ട

നിലവിൽ വന്നത്: 2017 ഡിസംബർ 12

അവസാനിക്കുന്നത്: 2020 ഡിസംബർ 12.

4. പേര്: ഷിജി എസ്.രാജൻ(45) ലിസ്റ്റ്: എച്ച്എസ്എ  ഹിന്ദി (പാർട്‌ടൈം), ഇടുക്കി

റാങ്ക്: 1

നിലവിൽ വന്നത്: 2019 മേയ് 3

അവസാനിക്കുന്നത്: 2021 മേയ് 3

5 പേര്: എം.എം.ചിത്ര (38)

റാങ്ക്: 1

ലിസ്റ്റ്: എച്ച്എസ്എ നാച്വറൽ സയൻസ് (എറണാകുളം)

നിലവിൽ വന്നത്: 2018 ജൂൺ

അവസാനിക്കുന്നത്: 2021 ജൂൺ

6. പേര്: എ.രജില (30)

റാങ്ക്: 1

ലിസ്റ്റ്: ഹോമിയോപ്പതി നഴ്സ്  ഗ്രേഡ് 2, പാലക്കാട്.

നിലവിൽ വന്നത്: 2017 ഡിസംബർ 13

അവസാനിക്കുന്നത്: 2020 ഡിസംബർ 13.

7. ഇ.കെ.അജിത്ത്

ലിസ്റ്റ്: ഫയർമാൻ ഡ്രൈവർ കം ഓപ്പറേറ്റർ.

റാങ്ക്: 6 (ആദ്യ റാങ്കുകാരായ 5 പേർക്ക് മറ്റു സർക്കാർ ജോലികൾ ഉള്ളതിനാൽ നിയമനം കിട്ടേണ്ട ആദ്യ വ്യക്തി അജിത്താണ്)

നിലവിൽ വന്നത്: 2019 ഒക്ടോബർ 10

അവസാനിക്കുന്നത്: 2020 ഒക്ടോബർ 10

(റാങ്ക് പട്ടിക വന്ന് 2 മാസമായപ്പോൾ കോടതി സ്റ്റേ ചെയ്തു. തൊട്ടുമുൻപുള്ള റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർ ഒഴിവുകൾ സംബന്ധിച്ചു നൽകിയ പരാതിയെത്തുടർന്നാണിത്.  സർക്കാർ മറുപടി നൽകാത്തതിനാൽ സ്റ്റേ തുടരുന്നു. ഇനി കാലാവധി അവസാനിക്കാൻ രണ്ടു മാസം മാത്രം)


ഏഴു മുഖങ്ങൾക്കും പേരുകൾക്കും അപ്പുറം, ഒരു സർക്കാർ ജോലിക്കായി വർഷങ്ങളോളം പഠിച്ചു പരീക്ഷയെഴുതി വിജയിച്ച്, കാത്തിരിപ്പു തുടരുന്ന ഉദ്യോഗാർഥികളുടെ പ്രതിനിധികളാണ് ഇവർ. റാങ്ക് പട്ടികയിൽ ഉൾപ്പെട്ട എല്ലാവർക്കും നിയമനം നൽകാനാവില്ലെന്നു സർക്കാർ പറയുമ്പോഴും, ഒന്നാം റാങ്കുകാരനു പോലും നിയമനം നൽകാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ ആർക്കു വേണ്ടിയാണ് ലക്ഷങ്ങൾ ചെലവാക്കി ഓരോ പരീക്ഷയും നടത്തുന്നതെന്ന് ഉദ്യോഗാർഥികൾ ചോദിക്കുന്നു.

ബന്ധപ്പെട്ടവരുടെ അനാസ്ഥ മാത്രമാണ് ഈ അനിശ്ചിതാവസ്ഥയ്ക്കു കാരണം. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതിരിക്കുക, സ്ഥലംമാറ്റങ്ങൾക്കും മറ്റുമായി ഉള്ള ഒഴിവുകൾ പൂഴ്ത്തിവയ്ക്കുക, താൽക്കാലിക നിയമനങ്ങൾ നടത്തി സ്ഥിരമാക്കുക, വേണ്ട സമയത്തു തീരുമാനങ്ങൾ എടുക്കാതിരിക്കുക, ക്രമം തെറ്റിച്ചുള്ള ആശ്രിതനിയമനം... ഉദ്യോഗാർഥികളെ ‘പരാജയപ്പെടുത്താനുള്ള’ നടപടികളുടെ പട്ടികകൾക്കു റാങ്ക് ലിസ്റ്റുകളെക്കാൾ നീളം കൂടും.

തസ്തികയില്ല; താൽക്കാലികമാകാം

വനം വകുപ്പിലെ കാടുകയറിയ താൽക്കാലിക നിയമനങ്ങൾക്കു മുൻപിൽ ശിക്കാരി ശംഭുവിനെപ്പോലെ നിൽക്കുകയാണ് പിഎസ്‌സിയും 2018 ഡിസംബറിൽ പ്രസിദ്ധീകരിച്ച ഫോറസ്റ്റ് റിസർവ് / ഡിപ്പോ വാച്ചർ റാങ്ക് പട്ടികയും. 13 ജില്ലകളിലായി മെയിൻ ലിസ്റ്റിൽ 2629 പേരുണ്ട്. പക്ഷേ, നിയമന ശുപാർശ വെറും 138. ഈ തസ്തികയുടെ മുൻ റാങ്ക് ലിസ്റ്റിൽനിന്ന് 554 പേർക്കു ശുപാർശ ലഭിച്ചിരുന്നു. നിയമനം നടത്താൻ തസ്തികകളില്ലെന്ന് പിഎസ്‌സിയോടു പറയുമ്പോൾത്തന്നെ ഇഷ്ടക്കാരെ താൽക്കാലികമായി നിയമിക്കുകയും പിന്നീട് സ്ഥിരപ്പെടുത്തിയെടുക്കുകയും ചെയ്യുന്ന കലാപരിപാടിയാണു വനംവകുപ്പിൽ നടക്കുന്നത്. 

താൽക്കാലികക്കാരായി വനംവകുപ്പിൽ ജോലി ചെയ്യുന്ന 2,351 പേരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞവർഷം കോടതിയിൽ പോയത് വകുപ്പു ഭരിക്കുന്ന പാർട്ടിയുടെ തൊഴിലാളി സംഘടന തന്നെയാണ്. വാച്ചർ തസ്തികയുടെ വിജ്ഞാപനം പുറപ്പെടുവിച്ച ശേഷവും റാങ്ക് ലിസ്റ്റ് നിലവിൽവന്നതിനു ശേഷവും താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുകയുമുണ്ടായി.

ജോലിക്കാരെ ആവശ്യമുണ്ടെങ്കിലും അതു തസ്തികയാക്കിയാൽ പിഎസ്‌സിക്കു പോകും. താൽക്കാലികമാണെങ്കിൽ ഇഷ്ടം പോലെ ഇഷ്ടക്കാരെ കയറ്റിവിടാം. സർക്കാരുകൾക്കും ഭരിക്കുന്ന പാർട്ടികൾക്കും മാത്രമേ വ്യത്യാസമുണ്ടാകുന്നുള്ളൂ. ‘താൽക്കാലിക സ്നേഹം’ എല്ലാവർക്കും ഒരുപോലെ തന്നെ.

പിഎസ്‌സിക്ക് നോ വേക്കൻസി

സഹകരണ എപ്പെക്സ് സ്ഥാപനങ്ങളിലെ നിയമനങ്ങൾ പിഎസ്‌സിക്കു വിട്ട് 24 വർഷം പിന്നിട്ടിട്ടും പകുതിയിലേറെ ഇടത്തും നിയമനം ഇപ്പോഴും പിൻവാതിൽ വഴി മാത്രം. ചട്ടങ്ങൾ തയാറാക്കാതെയും ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെയുമാണ് ഈ അട്ടിമറി. എപ്പെക്സ് സ്ഥാപനങ്ങളിലെ എൽഡി ക്ലാർക്ക് തസ്തികയിലേക്ക് ഈ വർഷം ഫെബ്രുവരി 26നു നിലവിൽ വന്ന പിഎസ്‌സി പട്ടികയിൽനിന്ന് ഇതുവരെ ഒരു നിയമനശുപാർശ പോലും അയപ്പിച്ചിട്ടില്ല എന്നിടത്താണ് ഈ അട്ടിമറിയുടെ വിജയം.

താൽക്കാലിക നിയമനങ്ങളെല്ലാം  നേതാക്കന്മാരുടെ ബന്ധുക്കൾക്കും പാർട്ടി അനുഭാവികൾക്കും!  മത്സ്യഫെഡിൽ‍ മാത്രം ജൂനിയർ ക്ലാർക്ക്, എൽഡി ക്ലാർക്ക് സമാന തസ്തികയിലേക്ക് 100നു മുകളിൽ ഒഴിവുകളുണ്ട്. എപ്പെക്സ് സ്ഥാപനങ്ങളിലേക്കുള്ള എൽഡിസി വിജ്ഞാപനം വന്നതിനു ശേഷമാണ് കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് അഗ്രികൾചറൽ ആൻഡ് റൂറൽ ഡവലപ്മെന്റ് ബാങ്ക് ഇതേ തസ്തികകളിലേക്കു വേറെ അപേക്ഷ ക്ഷണിച്ചത്. കാപ്പെക്സ്, ഹാൻഡിക്രാഫ്റ്റ് (സുരഭി), റൂട്രോണിക്സ്, ടെക്സ് ഫെഡ്, ടൂർഫെഡ്, വനിതാ ഫെഡ്, ഹോസ്പിറ്റൽ ഫെഡ്, ലേബർ ഫെഡ്, മാർക്കറ്റ് ഫെഡ് (സഹകരണം) എന്നിവയാകട്ടെ, ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നുമില്ല.

പൂഴ്ത്തിവച്ചാൽ രണ്ടുണ്ട് കാര്യം

ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യാതെ പല വകുപ്പുകളും ഒളിച്ചുകളി തുടരുന്നതോടെ കൊല്ലത്ത് എൽഡിസി ഉദ്യോഗാർഥികൾ നേരിട്ടു രംഗത്തിറങ്ങി. പല ഓഫിസുകളിലും കയറിയിറങ്ങി ഉദ്യോഗസ്ഥരെ നേരിട്ടുകണ്ട് ഒഴിവുകളുടെ വിവരങ്ങൾ ശേഖരിച്ചു.

പരമാവധി വിവരാവകാശ ചോദ്യങ്ങളും ഉന്നയിച്ചു. റവന്യു, ആരോഗ്യം, വിദ്യാഭ്യാസം വകുപ്പുകളിലാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതെന്നു കണ്ടെത്തി. അതിനു പിന്നിൽ മറ്റൊരു കളിയുണ്ട്. ജില്ലാനന്തര സ്ഥലംമാറ്റം കാത്തു‌ നി‍ൽക്കുന്ന വകുപ്പിലെ ചില വേണ്ടപ്പെട്ടവർക്കു വേണ്ടി മനഃപൂർവം ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ മറച്ചുവയ്ക്കും. അടുത്ത സ്ഥലംമാറ്റത്തിന്റെ സമയമാകുമ്പോൾ ‘ദേ.. ആ ജില്ലയിലൊരു ഒഴിവുണ്ട് എന്നെ അങ്ങോട്ടു വിട്ടേക്കൂ’ എന്ന അപേക്ഷ സമർപ്പിച്ച് സ്വന്തം നാട്ടിലേക്കു കടക്കാനൊരു പാലമിട്ടു വയ്ക്കലാണിത്.

ഇഷ്ടക്കാർക്കു നിയമനം

സ്റ്റാഫ് പാറ്റേൺ നടപ്പാക്കാതെയാണ് സപ്ലൈകോ ഉദ്യോഗാർഥികൾക്കു നേരെ ഒളിച്ചു കളിക്കുന്നത്. വർഷങ്ങൾക്കു മുൻപുള്ള സ്റ്റാഫ് പാറ്റേണിന്റെ അടിസ്ഥാനത്തിലാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഉള്ള തസ്തികയിലും ഇല്ലാത്ത തസ്തികയിലുമായി നൂറുകണക്കിനു താൽക്കാലിക ജീവനക്കാരാണ് ഇവിടെയുള്ളത്.

രാഷ്ട്രീയ സ്വാധീനം മാത്രമാണു പ്രധാന യോഗ്യത. ഷോപ് മാനേജർമാർക്കാണു താൽക്കാലിക നിയമനത്തിനുള്ള അധികാരം ഹെഡ് ഓഫിസ് നൽകിയിരിക്കുന്നത്. എന്നാൽ, മാനേജരെ നോക്കുകുത്തിയാക്കിയാണു നിയമനങ്ങൾ. റാങ്ക് പട്ടികയിൽ നിയമനം കാത്തിരിക്കുന്നവർ പുറത്ത്, പാർട്ടിയുടെ ലോക്കൽ നേതാവിന്റെ കത്തുമായി എത്തുന്നയാൾ അകത്ത്! ഹെഡ് ഓഫിസിൽ മാത്രം എൺപതിലധികം താൽക്കാലികക്കാരുണ്ട്.  പരീക്ഷ കഴിഞ്ഞാൽ കേസ് 

കോടതിയിൽ വർഷങ്ങളായി നിലനിൽക്കുന്ന കേസുകൾ കൃത്യസമയത്ത് തീർപ്പാക്കുന്നതിൽ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന വീഴ്ചയാണ് പലപ്പോഴും റാങ്ക് പട്ടികകളെ ശ്വാസം മുട്ടിച്ചു കൊല്ലുന്നത്. കേസും സ്റ്റേയും ഒക്കെ കഴിയുമ്പോഴേക്കും പട്ടികകളുടെ കാലാവധി തീരും. കാലാവധി തീർന്ന പട്ടികകളിൽ നിന്നു നിയമനം നടത്തിയാലും ഇല്ലെങ്കിലും പ്രശ്നം. വീണ്ടും കോടതി കയറി ഇറങ്ങണം. പഠിച്ചു നല്ല റാങ്ക് നേടിയാൽ മാത്രം പോരാ, കേസ് നടത്തിപ്പിനു ലക്ഷങ്ങൾ ചെലവാക്കാനുള്ള ശേഷിയും  വേണം എന്നതാണ് ഇപ്പോൾ ഉദ്യോഗാർഥികളുടെ അവസ്ഥ.

എഴുതിയത് 10,000 പേർ ലിസ്റ്റിന്റെ ആയുസ്സ് ഒരു ദിവസം !

യുവനേതാവ് ശിവരഞ്ജിത് കോപ്പിയടിച്ച് ഒന്നാം റാങ്ക് സ്വന്തമാക്കി ‘സൽപേര്’ നേടിയെടുത്ത സിവിൽ പൊലീസ് ഓഫിസർ റാങ്ക് ലിസ്റ്റാണ് സംഗതി. ബലിയാടായത് ഇടുക്കി (കെഎപി 5), എറണാകുളം (കെഎപി1) പരീക്ഷ എഴുതിയ ഉദ്യോഗാർഥികൾ. അവരുടെ ലിസ്റ്റിനു കിട്ടിയ കാലാവധിയാണ് ഒരു ദിവസം. കൃത്യമായി പറഞ്ഞാൽ ഒരു ദിവസവും ഏഴ് മണിക്കൂറും.‌ 

∙ 2017ലാണ് പൊലീസ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചത്. ഇതു മുന്നിൽക്കണ്ടു വർഷങ്ങൾക്കു മുൻപേ പഠനം തുടങ്ങി ഉദ്യോഗാർഥികൾ.

∙ 2018ൽ പരീക്ഷ നടന്നു.

∙ 2019ൽ കായികക്ഷമതാ പരീക്ഷ. മൊത്തം നാലും അഞ്ചും വർഷത്തെ ശ്രമങ്ങൾ.

∙ 2019 ജൂലൈയിൽ റാങ്ക് ലിസ്റ്റ് വന്നു. ഒന്നാം റാങ്ക് ശിവരഞ്ജിത്തിന്!

∙ നിയമനനടപടികളിലേക്കു നീങ്ങി. പട്ടികയിലുള്ളവർ കാത്തിരിക്കുമ്പോൾ അതാ യൂണിവേഴ്സിറ്റി കോളജിലെ കത്തിക്കുത്ത് കേസ്. തുടർന്നു നടന്ന അന്വേഷണത്തിൽ കോപ്പിയടി പുറത്ത്.

∙ വിജിലൻസ് അന്വേഷണം വന്നതോടെ പട്ടികയിൽ‌നിന്നുള്ള നിയമനത്തിനു കോടതി സ്റ്റേ.

∙ നാലര മാസത്തിനുശേഷം സ്റ്റേ നീങ്ങി വീണ്ടും അഡ്വൈസ് മെമ്മോ അയച്ചു തുടങ്ങി. അപ്പോഴേക്കും ഒഴിവുകൾ പൂഴ്ത്തിവച്ചതിനെതിരെ കെഎപി ഇടുക്കി, എറണാകുളം മുൻ റാങ്ക് പട്ടികയിലുള്ളവർ നൽകിയ കേസിൽ ട്രൈബ്യൂണൽ ഇടപെടൽ. നിയമന നടപടികൾ തുടരാനായില്ല..

∙ പിഎസ്‌സി ഹൈക്കോടതിയിൽ പോയി. കേസുമൂലം പട്ടിക നിശ്ചലം.

∙ ജൂൺ 29ന് ഹൈക്കോടതി ട്രൈബ്യൂണൽ വിധി സ്റ്റേ ചെയ്തു. പുതിയ റാങ്ക് പട്ടികയിലുള്ളവർക്കു നിയമനം നൽകാൻ വിധി.

∙ പിറ്റേന്ന്, ജൂൺ 30ന് റാങ്ക് പട്ടികയുടെ കാലാവധി കഴിഞ്ഞു.

പാർട്ടിക്കാരൻ നൽകിയ ‘പണി’ ആയിട്ടുകൂടി പട്ടിക നീട്ടാൻ കാലാവധിക്കുള്ളിൽ സർക്കാരോ പിഎസ്‌സിയോ നടപടി സ്വീകരിച്ചില്ല. പരീക്ഷയെഴുതിയ പതിനായിരക്കണക്കിന് ഉദ്യോഗാർഥികളുടെ വർഷങ്ങൾ നീണ്ട അധ്വാനത്തിനു കിട്ടിയ സമ്മാനമാണ് ഈ ഒരു ദിവസം 7 മണിക്കൂർ സമയം!

പരീക്ഷ(ണ) ഫലം ഇങ്ങനെ:

∙ ഇടുക്കി (കെഎപി 5) പട്ടികയിൽ ഇതുവരെ ആർക്കും നിയമനം ലഭിച്ചില്ല (ചിലർക്ക് അഡ്വൈസ് മെമ്മോ റെഡിയായിട്ടുണ്ട്).

∙ എറണാകുളം (കെഎപി 1) പട്ടികയിലെ 38 പേർക്കേ ജോലി കിട്ടിയുള്ളൂ (500 പേർക്ക് അഡ്വൈസ് മെമ്മോ മൊബൈലിൽ മെസേജ് ആയി കിട്ടിയിട്ടുണ്ട്). നിയമനം ആയിട്ടില്ല.

അഡ്വൈസ് മെമ്മോ ലഭിച്ചവർക്കു നിയമനം ലഭിക്കുമെങ്കിലും ഇതിൽ ജോലിക്കു ചേരാത്തവരിലൂടെ വരുന്ന എൻജെഡി ഒഴിവുകളിൽ ഈ പട്ടികയിലുള്ളവർക്കു ചേരാനാവില്ല. സാധാരണഗതിയിൽ ഇത്രയും അഡ്വൈസ് മെമ്മോ അയയ്ക്കുമ്പോൾ 50 എൻജെഡി ഒഴിവുകളെങ്കിലും ഉണ്ടാകാറുണ്ട്. തങ്ങളുടേതല്ലാത്ത തെറ്റിന് അവിടെയും നഷ്ടം ഉദ്യോഗാർഥികൾക്കു മാത്രം.

തയാറാക്കിയത്: റെഞ്ചി കുര്യാക്കോസ്, സന്തോഷ് ജോൺ തൂവൽ,  രമേശ് എഴുത്തച്ഛൻ, എസ്.വി.രാജേഷ്,  മിന്റു പി.ജേക്കബ്, ജോജി സൈമൺ,  കെ.പി.സഫീന, ജെറിൻ ജോയി,  റോബിൻ ടി.വർഗീസ്, സജേഷ് കരണാട്ടുകര,  കപിൽ‌രാജ്, മനീഷ് മോഹൻ, സിജിത്ത്  പയ്യന്നൂർ.  സങ്കലനം: നിധീഷ് ചന്ദ്രൻ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com