ADVERTISEMENT

കേന്ദ്ര സർക്കാർ കഴിഞ്ഞയാഴ്ച പുതിയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചു. മൂന്നു ദശകത്തിനുശേഷം വന്ന ഈ നയത്തിലെ പല കാര്യങ്ങളും ഏറെക്കുറെ സ്വാഗതം ചെയ്യപ്പെട്ടിട്ടുണ്ട്. നയം എങ്ങനെ നടപ്പാക്കുമെന്നത് കേന്ദ്ര ഉന്നത വിദ്യാഭ്യാസ, വാർത്താ വിതരണ പ്രക്ഷേപണ സെക്രട്ടറി അമിത് ഖരെ വിശദീകരിക്കുന്നു. 

∙ എപ്പോൾ മുതലാണ് പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കിത്തുടങ്ങുക?

സ്കൂൾ, ഉന്നത വിദ്യാഭ്യാസ മേഖലകൾക്കായി ഏകദേശം 140 ശുപാർശകൾ വീതമാണുള്ളത്. അതിനാൽതന്നെ, ഘട്ടം ഘട്ടമായാണ് നയം നടപ്പാക്കുക. ക്രെഡിറ്റ് ട്രാൻസ്ഫർ ഉള്ളതാണ് പുതിയ ബിരുദ സമ്പ്രദായം. അതിനായി ക്രെഡിറ്റ് ശേഖരണ സംവിധാനം വേണം. ക്രെഡിറ്റ് ബാങ്ക് ഡിസംബറോടെ തയാറാവണം. അടുത്ത അക്കാദമിക് വർഷം മുതൽ (2021) മികവിന്റെ കേന്ദ്രങ്ങളിലും താൽപര്യമുള്ള സംസ്ഥാന സർവകലാശാലകളിലും പുതിയ ബിരുദ രീതി നടപ്പാക്കും. 

സ്കൂളുകളിൽ 5+3+3+4 സംവിധാനം നടപ്പാക്കാൻ ആദ്യ 5 വർഷത്തേക്കുള്ള പാഠ്യപദ്ധതി രൂപരേഖ തയാറാക്കേണ്ടതുണ്ട്. അതിനുള്ള വർക്കിങ് ഗ്രൂപ്പുകൾ രൂപീകരിച്ചുകഴിഞ്ഞു. അടുത്ത മാർച്ചിനകം റിപ്പോർട്ട് ലഭിച്ചാൽ അടുത്ത വർഷംതന്നെ ക്രമാനുഗതമായി നടപ്പാക്കാനാവും. 2023 ൽ 10, 12 ക്ളാസുകളിൽ ആദ്യ ബാച്ച് പുതിയ രീതിയിൽ ബോർഡ് പരീക്ഷയെഴുതും. എന്നാൽ, നിലവിലെ സമ്പ്രദായത്തിൽ പഠിക്കുന്ന കുട്ടികൾക്ക് അസൗകര്യമുണ്ടാവരുത്. അതിനാൽ, അടുത്ത ഏതാനും വർഷം കൂടി സ്കൂളിലും കോളജിലും രണ്ടു സമ്പ്രദായങ്ങളുമുണ്ടാവും. അടുത്ത ഡിസംബറോടെ ദേശീയ വിദ്യാഭ്യാസ സാങ്കേതികവിദ്യാ ഫോറം (എൻഇടിഎഫ്) രൂപീകരിക്കും. ഉന്നത വിദ്യാഭ്യാസ കമ്മിഷൻ ബിൽ ചർച്ചയ്ക്കായി സെപ്റ്റംബര്‍ അവസാനത്തോടെ പരസ്യപ്പെടുത്തും. ദേശീയ ഗവേഷണ ഫൗണ്ടേഷൻ ഡിസംബറോടെ സജ്ജമാവും.

∙ ഇനി ബിരുദ കോഴ്സ് 4 വർഷമായിരിക്കുമോ?

ബിരുദ കോഴ്സ് 4 വർഷമാകണമെന്നാണ് കസ്തൂരിരംഗൻ സമിതി വ്യക്തമാക്കിയത്. ബിരുദത്തിനുശേഷം ഒരു വർഷത്തെ മാസ്റ്റേഴ്സ്, തുടർന്ന്, നേരിട്ടു പിഎച്ച്ഡിയിലേക്ക്. എന്നാൽ, ജോലി ലക്ഷ്യംവച്ച് ബിരുദം നേടുന്ന ഒട്ടേറെ വിദ്യാർഥികളുണ്ട്. അവർ ബിരുദത്തിനുശേഷം ശേഷം പഠിക്കാൻ താൽപര്യപ്പെടുന്നില്ല. അതു കണക്കിലെടുത്താണ് രണ്ടു ബിരുദ രീതികൾ നിർദ്ദേശിച്ചിട്ടുള്ളത്. മൂന്നു വർഷത്തെ ബിരുദ കോഴ്സിൽ ആദ്യ വർഷം കഴിഞ്ഞ് സർട്ടിഫിക്കറ്റോടെയും രണ്ടാം വർഷം ഡിപ്ലോമയോടെയും പുറത്തിറങ്ങാം. ഗവേഷണത്തിനു താൽപര്യപ്പെടുന്നവർ നാലാം വർഷവും തുടരണം. വഴക്കമുള്ളതാണ് പുതിയ രീതി. പഠനം ഇടയ്ക്കുവച്ച് നിർത്തിയിട്ട് വീണ്ടും മടങ്ങിവരാൻ വിദ്യാർഥിക്ക് സാധിക്കും. മൂന്നു വർഷം ബിരുദ കോഴ്സ് ചെയ്തവർക്ക് വേണ്ടത്ര ക്രെഡിറ്റ് നേടി ബിരുദാനന്തര ബിരുദ കോഴ്സിനു ചേരാനാവും. ഒന്നാം വർഷം, രണ്ടാം വർഷം എന്നിങ്ങനെയുള്ള കർശന രീതിയല്ല; എത്ര ക്രെഡിറ്റ് നേടുന്നു എന്നതിലാണ് കാര്യം. കോഴ്സിനെ മൊഡ്യൂളുകളായാണ് ക്രമീകരിക്കുക.

ആർട്സ്, സയൻസ്, കൊമേഴ്സ് എന്നിങ്ങനെയുള്ള കൃത്യമായ വേർതിരിവുകൾ ഇല്ലാതാക്കുന്നതാണ് പുതിയ സംവിധാനം. ബിഎയെന്നും ബികോമെന്നുമല്ല പുതിയ ബിരുദം വിളിക്കപ്പെടുക, ബാച്ചലർ ഒാഫ് ലിബറൽ ആർട്സ് എന്നാവും. ഇനി ബിരുദധാരി പറയും: എനിക്ക് ഫിസിക്സിൽ ഒാണേഴ്സും മ്യൂസിക്കിൽ മൈനറുമുള്ള ബാച്ചിലർ ബിരുദമുണ്ട്.

∙ നീറ്റ്, ജെഇഇ തുടങ്ങി പ്രഫഷനൽ കോഴ്സുകൾക്കുള്ള പ്രവേശന പരീക്ഷകളുടെ വ്യവസ്ഥകളും പുതിയ നയത്തിനൊത്തു മാറുമോ?

തീർച്ചയായും. സ്കൂളിലും കോളജിലും പഠിച്ച വിഷയങ്ങളുടെ അടിസ്ഥാനത്തിൽ പരീക്ഷാർഥികളെ വേർതിരിക്കാതെയുള്ള പൊതു അഭിരുചി പരീക്ഷ (സിഎടി) ഇപ്പോൾത്തന്നെയുണ്ട്. മറ്റു പ്രവേശന പരീക്ഷകൾക്കും പാഠ്യക്രമം നിർദ്ദേശിക്കും. അതു സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമായി പഠിക്കണോ തനിച്ചു പഠിക്കണോയെന്ന് വിദ്യാർഥിക്കു തീരുമാനിക്കാം. ഇത്തരം മാറ്റങ്ങൾക്കു സമയമെടുക്കാം. 

∙ ഇത്രയും വിപുലമായ തോതിൽ നയപരിഷ്കരണം നടപ്പാക്കാൻ വലിയ പണച്ചെലവുണ്ട്. സ്വകാര്യ മേഖലയുടെ പങ്കാളിത്തമില്ലാതെ അതു സാധ്യമാവുമോ – പ്രത്യേകിച്ചും സാർവത്രിക വിദ്യാഭ്യാസം 18 വയസ്സുവരെ നീട്ടിയ സ്ഥിതിക്ക്?

നയത്തിന്റെ ധനവശങ്ങൾ സർക്കാരിൽ പല തലങ്ങളിൽ ചർച്ച ചെയ്തതാണ്. നയത്തിലെ ചില കാര്യങ്ങൾ പണച്ചെലവുള്ളതല്ല. എന്നാൽ, ഏറെ കാര്യങ്ങളും വലിയ ചെലവുള്ളതാണ്. ഉച്ചഭക്ഷണവും പ്രാതലും വിപുലീകരിക്കാൻ മാത്രം ആയിരക്കണക്കിനു കോടി രൂപ വേണ്ടിവരും. സ്കൂളുകളുടെയും കോളജുകളുടെയും അടിസ്ഥാന സൗകര്യ വികസനത്തിനു പണം വേണം. പുതിയ ഒാൺലൈൻ സംവിധാനങ്ങൾക്കും വിദ്യാഭ്യാസ ചാനലുകൾക്കും പണം വേണം. സാധിക്കുന്നിടത്തോളം, പണം ചെലവഴിക്കലിൽ കൃത്യത ഉറപ്പാക്കാനാണ് ശ്രമം. വിദ്യാഭ്യാസ മേഖലയിൽ ചെലവിടുന്ന പണം മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഡിപി) 6 ശതമാനമാക്കി വർധിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നു. നിലവിൽ 4.43 ശതമാനമാണ് കേന്ദ്രം സംസ്ഥാനങ്ങളുമായി ചേർന്നു ചെലവാക്കുന്നത്. 

സുപ്രീം കോടതി 1992 ൽ വ്യക്തമാക്കിയിട്ടുണ്ട്: വിദ്യാഭ്യാസം കച്ചവടമല്ല, പൊതു ഗുണത്തിനുള്ളതാണ്. സ്വകാര്യ മേഖലയ്ക്കു സ്വാഗതം. പക്ഷേ, വിദ്യാഭ്യാസത്തെ കച്ചവടവത്കരിക്കരുത്, ലാഭമുണ്ടാക്കൽ അനുവദിക്കില്ല. മിച്ചം കിട്ടുന്ന പണം അതാതു സംവിധാനങ്ങളിൽതന്നെ മുടക്കണം. ഫീസ് ഘടനയിൽ സർക്കാർ നിയന്ത്രണം തുടരും.

∙ വിദ്യാഭ്യാസമേഖലയുടെ സമൂല പരിഷ്കരണം സാധ്യമാകണമെങ്കിൽ അതിന് അനുയോജ്യമായ മനുഷ്യവിഭവവും വേണം. പുതിയ അധ്യാപകഗണത്തിന് എത്ര കാലമെടുക്കും?

അധ്യാപനത്തിന് നിശ്ചിതനിലവാരം വേണമെന്നാണ് നയത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. മറ്റൊന്നും സാധിക്കാത്തപ്പോൾ അധ്യാപനം എന്ന രീതി പറ്റില്ല. അധ്യാപനം മാന്യമായ തൊഴിലായി പരിഗണിക്കപ്പെടണം. അധ്യാപകർക്കായി 4 വർഷത്തെ ഇന്റഗ്രേറ്റഡ് കോഴ്സ് തുടങ്ങുകയാണ്. ഇപ്പോഴുള്ള അധ്യാപകർക്കു പരിശീലനം നൽകുന്നതിലും ശ്രദ്ധയൂന്നേണ്ടതുണ്ട്. വലിയ തോതിൽ ശേഷിവികസനം വേണമെന്നതിൽ സംശയമില്ല. യാന്ത്രികമായ പഠനം കൊണ്ടുകാര്യമില്ല, വിമർശന ചിന്ത വളർത്തുന്നതാവണം വിദ്യാഭ്യാസമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിട്ടുള്ളത്. 

∙ പുതിയ നയത്തിൽ എന്തിലാണ് പ്രധാന ഊന്നൽ? 

നാമമാത്രമായതല്ല, വലിയ മാറ്റങ്ങളാണ് ലക്ഷ്യം. അടിസ്ഥാനങ്ങളിലാണ് ഊന്നൽ. 

∙ പഠനത്തെക്കാൾ തൊഴിലിനു പ്രാധാന്യം നൽകുന്നതെന്നാണ് നയത്തെക്കുറിച്ചുള്ള വിമർശനം.

തൊഴിലിലല്ല, ജീവിതാവശ്യത്തിനുള്ള നൈപുണ്യങ്ങളിലാണ് ഊന്നലെന്നു ഞാൻ പറയും. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നുള്ള കൊഴിഞ്ഞുപോക്കിന്റെ തോത് വളരെ കൂടുതലാണ്. പ്രീപ്രൈമറി തലത്തിൽ എൻറോൾമെന്റ് ഏകദേശം 100 ശതമാനമുണ്ട്. എന്നാൽ, ചെറുപ്പക്കാരിൽ 26 ശതമാനമേ ബിരുദതലംവരെ എത്തുന്നുള്ളു. 8, 10, 12 ക്ളാസുകൾ കഴിഞ്ഞുള്ള കൊഴിഞ്ഞുപോക്ക് ഏറെയാണ്. 

ഇവിടെ രണ്ടു സംഗതികൾ പരിഗണിക്കണം: ഒന്ന്– പഠനം നിർത്താൻ പ്രേരിപ്പിക്കുന്ന തരമാവരുത് പാഠ്യപദ്ധതി. സ്കൂളിൽ +4 തലമാകുമ്പോൾ ഗണിതശാസ്ത്രം പോലുള്ള വിഷയങ്ങൾക്ക് എ, ബി എന്നിങ്ങനെ 2 ലെവൽ എന്ന രീതി പോലും ഞങ്ങൾ ആലോചിക്കുന്നുണ്ട്. കാരണം, സ്റ്റാറ്റിസ്റ്റിക്സ് പഠിക്കാൻ താൽപര്യപ്പെടുന്ന വിദ്യാർഥിയെ എന്തിനാണ് ട്രിഗ്നോമെട്രി കൂടി പഠിക്കാൻ നിർബന്ധിക്കുന്നത്? രണ്ട് – എല്ലാ വിദ്യാർഥികളും ബിരുദംവരെ എത്തേണ്ടതില്ല. ഏതു ഘട്ടത്തിൽ പുറത്തിറങ്ങുന്നയാളും ജീവിത നൈപുണ്യങ്ങൾ അഥവാ തൊഴിലിനുള്ള നിലവാരം നേടിയിരിക്കണം. അത് വിദ്യാർഥിയെ മാത്രമല്ല, രാജ്യത്തെയും ഉദ്ദേശിച്ചുള്ളതാണ്. നൈപുണ്യം വർധിക്കുന്നതനുസരിച്ച് ജിഡിപിയിലേക്ക് അവർ നൽകുന്ന പങ്കും വർധിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഇപ്പോൾ 3.25 കോടി വിദ്യാർഥികളുണ്ട്. 2035 ആകുമ്പോൾ ഇത് 6 കോടിയാവും. സ്കൂളുകളിൽ 33 കോടി വിദ്യാർഥികളുണ്ട്. ആർക്കും പാകമാകുന്ന ഒറ്റ അളവ് എന്ന നയം തുടരാനാവില്ല.

∙ നയം നടപ്പാക്കുന്നതെങ്ങനെ – സംശയാലുക്കളുടെ ചോദ്യമതാണ്. പല സ്കൂളുകളും വെറും ഷെഡ് മാത്രമെന്നതാണ് യാഥാർഥ്യമെന്നിരിക്കെ, എങ്ങനെ നിലവാരമുളള അധ്യാപനം സാധ്യമാക്കും?

നീതിപൂർവകമായ സമീപനത്തിനു പ്രാധാന്യമുള്ളതാണ് നയം. സാങ്കേതികവിദ്യയുടെ പിൻബലമുള്ള സംവിധാനങ്ങൾ അതിന് വലിയ സഹായമാകും. പരമ്പരാഗത രീതിയിലാണെങ്കിൽ, എല്ലാ സ്കൂളിലും മികച്ച നിലവാരമുള്ള ലബോറട്ടറി സാധ്യമായിക്കാണാൻ ഒരു ജീവിതകാലം മതിയാവില്ല. എന്നാൽ, വെർച്വൽ ലാബുകളിലൂടെ സ്ഥിതി മെച്ചപ്പെടുത്താനാവും. മദ്രാസ് ഐഐടി ചില വെർച്വൽ ലാബുകൾ തയാറാക്കിയിട്ടുണ്ട്. നേരിട്ടു പരീക്ഷണം നടത്താനാവാത്ത വിദ്യാർഥിക്ക്, പരീക്ഷണം വെർച്വൽ സംവിധാനത്തിൽ കാണാനെങ്കിലും സാധിക്കും.

പൈലറ്റുമാരെ പരിശീലിപ്പിക്കാൻ ബോയിങ്ങിന് സിമുലേറ്റർ ഉപയോഗിക്കാമെങ്കിൽ, വിദ്യാർഥികളെ പഠിപ്പിക്കാൻ വെർച്വൽ പരീക്ഷണമെന്നത് പ്രയാസകരമാവില്ല. പ്രധാന സോഫ്‌റ്റ്‌വെയർ കമ്പനികളും അക്കാദമിക സ്ഥാപനങ്ങളുമായി ചേർന്ന് സാങ്കേതിക സൗകര്യങ്ങൾ സാധ്യമാക്കാനാണ് എൻഇടിഎഫ് ശ്രമിക്കുന്നത്. നീതിപൂർവകമായ പരിഗണനയുടെ പ്രശ്നം ഞങ്ങൾക്കു സുപ്രധാനമാണ്. സാങ്കേതികവിദ്യ പ്രാപ്യമാവുന്ന സാഹചര്യത്തിലല്ല സ്കൂളുകളും വിദ്യാർഥികളുമെങ്കിൽ, സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള സംവിധാനങ്ങൾക്കും വിടവു നികത്താനാവില്ലെന്ന ബോധ്യമുണ്ട്.

English Summary: Higher Education secretary Amit Khare on new education policy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com