ADVERTISEMENT

മൊബൈൽ ഫോണിന്റെയും സമൂഹമാധ്യമങ്ങളുടെയും ശുഭസാധ്യതകളത്രയും മറന്ന്, ശത്രുവായി തോന്നുന്നവരെ ഹീനമായി അപമാനിക്കാൻ തുനിഞ്ഞിറങ്ങുന്നവരുടെ എണ്ണം വർധിക്കുകയാണ്. അപ്രിയ യാഥാർഥ്യങ്ങളെയും അതിൽനിന്നുയരുന്ന ചോദ്യങ്ങളെയും നേരിടാൻ വയ്യാത്തവരുടെ അസഹിഷ്ണുതയാണ് മാധ്യമപ്രവർത്തകരോടുള്ള സൈബർ ആക്രമണമെന്ന നീചവിളയാട്ടമാകുന്നത്. വനിതാ മാധ്യമപ്രവർത്തകരെയടക്കം വ്യക്തിഹത്യ നടത്തി സമൂഹമധ്യേ അപമാനിക്കുന്ന സൈബർ ഗുണ്ടകളെ നിലയ്ക്കുനിർത്തേണ്ടതു കാലത്തിന്റെ ആവശ്യമായിരിക്കുന്നു.

അധികാര രാഷ്ട്രീയത്തിന്റെ തണലിലാണ് ഈ സൈബർ ആക്രമണമെന്നത് ഇക്കാര്യത്തെ കൂടുതൽ ഗൗരവമുള്ളതാക്കി മാറ്റുകയാണ്. കാലികവിഷയങ്ങൾ മാധ്യമങ്ങൾ ചർച്ച ചെയ്യുകയും ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്യുമ്പോൾ ഉത്തരംമുട്ടുന്നവർ, സൈബർ ലോകത്തെ മലിനമായ നിഴൽയുദ്ധങ്ങളിലേക്കു നീങ്ങുന്നത് മാധ്യമ സ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെത്തന്നെയും വെല്ലുവിളിക്കലാണ്. ആരോഗ്യകരമായ സംവാദത്തിനു പകരം അസഹിഷ്ണുതയുടെ സൈബർ വാളോങ്ങി മാധ്യമപ്രവർത്തകരുടെ നേരെ തിരിയുന്നത് കണ്ടുകൊണ്ടിരിക്കാൻ മാധ്യമലോകത്തിനും പൊതുസമൂഹത്തിനും കഴിയില്ല. താൽപര്യമില്ലാത്ത മാധ്യമപ്രവർത്തകരുടെ നേരെ കുതിര കയറുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുമ്പോൾ മാധ്യമസ്വാതന്ത്ര്യത്തിനൊപ്പം എക്കാലവും നിലയുറപ്പിച്ച രാഷ്ട്രീയ കേരളംതന്നെയാണ് അപമാനിക്കപ്പെടുന്നത്.

സർക്കാരിനെതിരായ ഗൂഢാലോചന ആരോപിച്ചു കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങൾക്കെതിരെ പൊട്ടിത്തെറിച്ചതിനെത്തുടർന്നാണു സിപിഎം അനുഭാവികളും മറ്റും മാധ്യമ പ്രവർത്തകർക്കെതിരെ സൈബർ ആക്രമണം ശക്തമാക്കിയത്. എന്നാൽ, സർക്കാരിനെതിരായ വാർത്തകളുടെയും ചോദ്യങ്ങളുടെയും പേരിൽ മാധ്യമപ്രവർത്തകർക്കെതിരെ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി അടക്കമുള്ളവർ നടത്തുന്ന സൈബർ ആക്രമണങ്ങൾ താൻ അറിഞ്ഞിട്ടില്ലെന്നാണു മുഖ്യമന്ത്രി പറഞ്ഞത്. ഇതു സംബന്ധിച്ച് പത്രപ്രവർത്തക സംഘടനയായ കെയുഡബ്ല്യുജെ മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകിയ പരാതിയെക്കുറിച്ച് അറിഞ്ഞില്ലെന്നും അദ്ദേഹം തിങ്കളാഴ്ച പറയുകയുണ്ടായി. മുഖ്യമന്ത്രിക്കും സർക്കാരിനും സുസജ്ജമായ സൈബർ സംവിധാനം ഒപ്പമുണ്ടെന്നിരിക്കെയാണ് കേരളമാകെ ചർച്ച ചെയ്ത ഇങ്ങനെയൊരു വിവാദ സംഭവം അറിയില്ലെന്ന് അദ്ദേഹം പറഞ്ഞതെന്നതു മറ്റൊരു വശം. ഇക്കാര്യത്തിൽ നടപടിയെടുക്കുമെന്ന് ഇന്നലെയാണു മുഖ്യമന്ത്രി പറഞ്ഞത്.

ഇതിനിടെ, സമൂഹമാധ്യമങ്ങളിൽ മാധ്യമപ്രവർത്തകരെയും കുടുംബാംഗങ്ങളെയും അധിക്ഷേപിച്ചു പ്രചാരണം നടക്കുന്നുണ്ടെന്നു ശ്രദ്ധയിൽപെടുത്തിയപ്പോൾ, എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ സൈബർ ആക്രമണത്തെ ന്യായീകരിച്ചതു പരക്കെ വിമർശിക്കപ്പെടുകയും ചെയ്തു. ഉത്തരവാദിത്തമുള്ള ഒരു സ്ഥാനത്തിരിക്കുന്നയാൾ പുലർത്തേണ്ട നീതിബോധത്തിനു പകരം, അസഹിഷ്ണുത കയ്ക്കുന്ന വാക്കുകളാണ് അദ്ദേഹത്തിൽനിന്നുണ്ടായത്.

സൈബർ ലോകത്തുനിന്നുള്ള നിന്ദ്യസന്ദേശങ്ങൾ തിരിച്ചറിയാനും അതിനെതിരെ പ്രതിരോധം തീർക്കാനുമുള്ള ജാഗ്രത കേരളം നേടുകതന്നെ വേണം. ആധികാരികത ചോദ്യംചെയ്യാൻ തുടങ്ങിയാൽത്തന്നെ വ്യാജവാർത്തകളും നിന്ദ്യവാർത്തകളും അയയ്ക്കുന്നവർ അത് അവസാനിപ്പിക്കുമെന്നാണ് സൈബർ വിദഗ്ധർ പറയുന്നത്. കേരള പൊലീസ് ആക്ട്, ഐപിസിയിലെ വിവിധ വകുപ്പുകൾ, ഇൻഫർമേഷൻ ടെക്നോളജി ആക്ട് തുടങ്ങിയവ പ്രകാരം കേസ് വരുമെന്ന കാര്യം ഇത്തരം അപമാനകരമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവരും ദുഷ്ടലാക്കോടെ സൈബർ ആക്രമണം നടത്തുന്നവരും തിരിച്ചറിഞ്ഞാൽ ഇങ്ങനെയുള്ള സാമൂഹികവിരുദ്ധ കാര്യങ്ങളിലേക്കു നീങ്ങാൻ അവർ പേടിക്കുമെന്നു തീർച്ച.

മാധ്യമപ്രവർത്തകർക്കു നേരെയുണ്ടായ സൈബർ ആക്രമണത്തോടു ബന്ധപ്പെട്ടു പ്രഖ്യാപിച്ച പൊലീസ് അന്വേഷണവും അധികാര രാഷ്ട്രീയത്തോടു വിധേയത്വം പ്രഖ്യാപിക്കുന്നതാവരുത്. സമൂഹമാധ്യമങ്ങളെ അപകീർത്തി പ്രചാരണത്തിനു വേദിയാക്കുന്നവരെ ഉടൻ അറസ്റ്റ് ചെയ്തു ശിക്ഷ ഉറപ്പാക്കി വേണം പൊലീസ് സ്വന്തം വിശ്വാസ്യത തെളിയിക്കാൻ. അതോടൊപ്പം, ഇത്തരം നീചമനസ്സുള്ളവരെ പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്തുപോരുന്ന രീതി രാഷ്ട്രീയപ്പാർട്ടികൾ അവസാനിപ്പിക്കുകയും വേണം. പാർട്ടി ക്ലാസുകളിൽ പഠിപ്പിക്കേണ്ടത് ജനാധിപത്യപരമായ സഹിഷ്ണുത കൂടിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com