ADVERTISEMENT

കമല ഹാരിസിന്റെ സ്ഥാനാർഥിത്വം ഇപ്പോൾത്തന്നെ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണെന്നു പറയാം. വൈസ് പ്രസിഡന്റ് സ്ഥാനാർഥിയാകുന്ന ആദ്യ കറുത്ത വർഗക്കാരിയാണു കമല എന്നതിനാൽ ലോകം മുഴുവൻ യുഎസിലേക്ക് ഉറ്റുനോക്കുന്നു.

തീർത്തും അപ്രതീക്ഷിതമല്ലെങ്കിലും കമലയുടെ കടന്നുവരവ്, പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് സ്ഥാനാർഥി ജോ ബൈഡന് ഏറെ ഗുണകരമാകും. പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപിന്റെ ജയസാധ്യതകൾക്ക് ഇടിവുണ്ടാകുമെന്നും കരുതപ്പെടുന്നു. വനിതയെന്നതും വെള്ളക്കാരിയല്ലെന്നതും കമലയ്ക്ക് ഏറെ ഗുണകരമാകും. ഏറെ കഴിവുള്ള വ്യക്തിയുമാണ് കമല.

ഇന്ത്യയിൽ വേരുകളുണ്ടെങ്കിലും ഇന്ത്യയ്ക്കു പ്രാധാന്യം നൽകി കമല ഹാരിസ് ഒരിക്കലും സംസാരിച്ചിട്ടില്ല. കശ്മീർ വിഷയത്തിൽ ഇന്ത്യയ്ക്കെതിരെയാണു സംസാരിച്ചത്. യുഎസിൽ ഇന്ത്യക്കാർ ഒരു ശതമാനം മാത്രമാണ്. ദീർഘകാലമായി യുഎസിലുള്ള ഇന്ത്യക്കാരിൽ ഭൂരിപക്ഷവും ഡെമോക്രാറ്റ് അനുകൂലികളാണ്. എന്നാൽ ട്രംപിന്റെ ഇന്ത്യാനയത്തിന്റെ ഫലമായി ഇന്ത്യൻ വംശജർക്കിടയിൽ വിഭജനമുണ്ടായി. ട്രംപ് അവരെ കയ്യിലെടുത്തു എന്നു തന്നെ പറയാം. പുതിയ സാഹചര്യത്തിൽ ട്രംപിനെ വിട്ട്, ഇവർ കമലയുടെ പക്ഷം ചേരുമോയെന്നു കാത്തിരുന്നുകാണാം.

വരും നാളുകളിൽ ഇന്ത്യയെ അവഗണിച്ചു മുന്നോട്ടുപോകാൻ കമലയ്ക്കു കഴിയില്ല. വൈസ് പ്രസിഡന്റ് ആയാൽ ഇന്ത്യയോടുള്ള അവരുടെ സമീപനത്തിൽ മാറ്റമുണ്ടാകുമെന്നു തന്നെയാണു കരുതുന്നത്. കോവിഡിനു മുൻപ് ഡോണൾ‍‍ഡ് ട്രംപിന്റെ വിജയസാധ്യത വളരെ കൂടുതലായിരുന്നു. എന്നാൽ കോവിഡിനെ അദ്ദേഹം കൈകാര്യം ചെയ്ത രീതി യുഎസ് ജനതയിൽ വലിയ പ്രതിഷേധമുയർത്തി. ചിന്തിച്ചു പ്രവർത്തിച്ചിരുന്നുവെങ്കിൽ, യുഎസിലെ കോവിഡ് മരണങ്ങൾ കുറയ്ക്കാമായിരുന്നു. ജോർജ് ഫ്ലോയ്ഡിന്റെ  മരണശേഷമുണ്ടായ വംശീയ സംഘട്ടനത്തിനും ട്രംപ് തന്നെയാണ് ഉത്തരവാദി.

കമലയുടെ രംഗപ്രവേശം കാലത്തിന്റെ കാവ്യനീതി പോലെയാണ്. പ്രവചനങ്ങൾ പല തരത്തിൽ വരും. പക്ഷേ അന്തിമ ഫലമറിയാൻ നവംബർ വരെ കാത്തിരിക്കാം.

(വിവിധ രാജ്യങ്ങളിൽ ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയായിരുന്നു ലേഖകൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com