വാചകമേള

Vachakamela
SHARE

∙ സക്കറിയ: സോഷ്യൽ മീഡിയ എന്തിനാണു നിലനിൽക്കുന്നത് എന്നു നമ്മൾ വിശ്വസിക്കുന്നുവോ അതൊക്കെ മാറി. ജനാധിപത്യ സ്വാതന്ത്ര്യം, ജനാധിപത്യമൂല്യങ്ങളുടെ വളർച്ച എന്നിവയ്ക്കൊക്കെ കടകവിരുദ്ധമായ കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നത്. സോഷ്യൽ മീഡിയയെ ഒരുകൂട്ടം ആളുകൾ കയ്യേറിയിരിക്കുകയാണ്.

∙ പാർവതി തിരുവോത്ത്: ഒരു നടിയെ മാത്രമേ എക്‌സെൻട്രിക് എന്നും വട്ടുണ്ടെന്നും വിളിച്ചു കേട്ടിട്ടുള്ളൂ. സെക്‌സിസത്തിന്റെ ഭാഗം തന്നെയാണിത്. ഒരു സൂപ്പർ സ്റ്റാർ മെയിൽ ആക്ടറുടെ കൂടെ ഞാൻ വർക്ക് ചെയ്തിട്ടുണ്ട്. സിനിമാസെറ്റിൽ അയാൾ കാണിച്ച കോപ്രാട്ടിത്തരത്തിന്റെ ഒരംശം പോലും വരില്ല ഇതൊന്നും. ഒരു പെൺകുട്ടി അവളുടെ അഭിപ്രായം പറയുമ്പോൾ അത് എക്‌സെൻട്രിക്കായി, വട്ടായി. ആൺ ഇതു പറയുമ്പോൾ ഹീറോയിസമായി. ഇത് ബേസിക്കായ സെക്‌സിസമാണ്.

∙ ജസ്റ്റിസ് കെ.ടി.തോമസ്: കോടതികളുടെ വിധികൾ വിമർശിക്കപ്പെടണം. കൂടുതൽ നല്ല വിധികൾ വരുന്നതിന് അതാവശ്യമാണ്. അതേസമയം, ജഡ്ജിമാരുടെ ജുഡീഷ്യൽ കോൺഡക്ട് വിമർശിക്കപ്പെടരുത്. ഒരു കേസിൽ രണ്ടു ഭാഗത്തുള്ളവരും ന്യായം തങ്ങളുടെ ഭാഗത്താണെന്നാവും വിശ്വസിക്കുക. സ്വാഭാവികമായും വിധിയിൽ ഒരുഭാഗം നിരാശരാവും. പക്ഷേ, അതുകൊണ്ട് ജഡ്ജിയെ അധിക്ഷേപിക്കാൻ തുടങ്ങിയാൽ അത് എവിടെച്ചെന്നാണു നിൽക്കുക? അതു ജുഡീഷ്യറിയുടെ അവസാനമാകും.

∙ പി.ശ്രീരാമകൃഷ്ണൻ: ചില പുസ്തകങ്ങളിൽ വായിച്ച സ്ഥലങ്ങൾ നമ്മെ വല്ലാതെ കൊതിപ്പിക്കും. എസ്.കെ. പൊറ്റെക്കാട്ടിന്റെ ‘ഒരു ദേശത്തിന്റെ കഥ’ വായിച്ചപ്പോൾ അതിരാണിപ്പാടം കാണണമെന്നു കടുത്ത മോഹം തോന്നി. നേരെ കോഴിക്കോട്ടേക്കു ചെന്നു. പല പാടങ്ങൾ കണ്ടെങ്കിലും അതിരാണിപ്പാടം മാത്രം അവിടെ കണ്ടില്ല. അവസാനം മനസ്സിലായി, അവിടെ അങ്ങനെയൊരു സ്ഥലമില്ലെന്ന്.

∙ ജോയ് മാത്യു: അധികാരത്തിൽ കയറിയപ്പോൾ ‘ഓരോ ഫയലിനു പിറകിലും ഒരു ജീവിതമുണ്ട്’ എന്നൊക്കെ കാച്ചിയിരുന്നല്ലോ. പക്ഷേ, ഫയലിന്റെ പിറകിൽ ജീവിതമല്ല, കൈക്കൂലി കാത്തിരിക്കുന്ന ഉദ്യോഗസ്ഥന്മാരാണെന്ന് ഓരോ കേരളീയനും ഇപ്പോൾ മനസ്സിലാക്കിക്കൊണ്ടിരിക്കുകയാണ്. അതിനാൽ ഒന്നും എണ്ണിയെണ്ണിപ്പറയേണ്ട; ജനങ്ങൾ എണ്ണിയെണ്ണി ചോദിച്ചുകൊള്ളും.

∙ പ്രിയദർശൻ: മോഹൻലാൽ അഭിനയിച്ച രണ്ടു സിനിമകൾ എനിക്കു ചെയ്യണമെന്നു തോന്നിയിട്ടുണ്ട്. അതു ‘നാടോടിക്കാറ്റും’ ‘ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റു’മാണ്. അവ രണ്ടും എന്റെ രീതിക്കു ചേരുന്നതാണ്. ഇന്നും പലരും സംസാരിക്കുമ്പോൾ നാടോടിക്കാറ്റ് എന്റെ സിനിമയാണെന്ന നിലയിൽ പറയാറുണ്ട്. അതുപോലെ, ഞാൻ ചെയ്ത ‘വെള്ളാനകളുടെ നാട്’ സത്യൻ അന്തിക്കാട് ചെയ്തതാണെന്നു കരുതുന്നവരുമുണ്ട്.

∙ മോഹൻലാൽ: കാലം മാറുന്നതിനനുസരിച്ച് അഭിരുചികളിൽ മാറ്റമുണ്ടാകാം. എന്നാൽ, ഇന്നും പഴയ തമാശകൾ തന്നെ വീണ്ടും കാണാൻ ഇഷ്പ്പെടുന്നവർ ഏറെയുണ്ട്. പഴയ സിനിമകളിലെ ലാലിനെയാണ് ഇഷ്ടം, അന്നത്തെ തമാശകളൊക്കെ എന്തു രസമായിരുന്നു എന്നൊക്കെ ഇന്നും ഒരുപാടുപേർ പറയാറുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA