സുന്ദര വിഡിയോ, വ്യാജപ്രചാരണം

Vireal
SHARE

സുന്ദർ പിച്ചൈയെ നമുക്കറിയാം. ഗൂഗിളിന്റെ സിഇഒ സ്ഥാനത്തെത്തിയ ഇന്ത്യൻ വംശജൻ. തമിഴ്നാട്ടിൽ ജനിച്ച് ഇന്ത്യയിൽ പഠിച്ച് പിന്നീടു യുഎസിലേക്കു പോയി അവിടത്തെ പൗരനായി വിജയങ്ങൾ നേടിയ ആൾ.

കഴിഞ്ഞയാഴ്ച സുന്ദർ പിച്ചൈയുടേതെന്ന പേരിൽ മനോഹരമായ ഒരു വിഡിയോ വാട്സാപ്പിലൂടെയും മറ്റു സമൂഹമാധ്യമങ്ങളിലൂടെയും പ്രചരിക്കാൻ തുടങ്ങി. പിച്ചൈ 27 വർഷത്തിനു ശേഷം, സ്കൂളിൽ തന്നെ കണക്കു പഠിപ്പിച്ച ടീച്ചറെ കാണാൻ പോകുന്നതാണു വിഡിയോ. യാത്ര പുറപ്പെടുന്നതു മുതൽ വിമാനമിറങ്ങുന്നതും ടീച്ചർക്കു സമ്മാനമായി സാരി വാങ്ങുന്നതും തുടർന്ന് മൈസൂരുവിലേക്കുള്ള യാത്രയും ഒടുവിൽ ടീച്ചറെ കണ്ടുമുട്ടുന്നതുമൊക്കെയുള്ള, ഒരു സിനിമ പോലെ കാണാവുന്ന സുന്ദരമായ വിഡിയോ. മോളി ഏബ്രഹാം എന്നാണു ടീച്ചറുടെ പേര്.

വിഡിയോയിൽ കാണുന്ന ആൾക്കു സുന്ദർ പിച്ചൈയുമായി വിദൂരസാദൃശ്യം തോന്നുമെന്നതു ശരിയാണ്. ആളുകൾ പിച്ചൈ ആണെന്നു വിശ്വസിച്ച് അതു ഷെയർ ചെയ്യാനുള്ള കാരണവും അതുതന്നെ. എന്നാൽ, സംശയം തോന്നി, ഇതെക്കുറിച്ച് ഇന്റർനെറ്റിൽ തിരഞ്ഞാൽ, യഥാർഥ ആളെ പെട്ടെന്നു കിട്ടും. വിദ്യാർഥികൾക്കു കരിയർ കൗൺസലിങ്ങും മറ്റും നൽകുന്ന ഐസി3 എന്ന സ്ഥാപനത്തിന്റെ സ്ഥാപകനായ ഗണേഷ് കോലിയാണ് വിഡിയോയിൽ തന്റെ ടീച്ചറെ തേടിപ്പോകുന്നത്. 3 വർഷം മുൻപു ഗണേശ് തന്നെ തന്റെ സൈറ്റിൽ അപ്‍ലോഡ് ചെയ്ത വിഡിയോയാണ് പെട്ടെന്നൊരു ദിവസം സുന്ദർ പിച്ചൈയുടെ പേരിൽ പ്രചരിച്ചു തുടങ്ങിയത്. ഒടുവിൽ, ഗണേഷ് കോലി തന്നെ ട്വിറ്ററിൽ ഇക്കാര്യം പോസ്റ്റ് ചെയ്തു.

ഇതിനിടെ മറ്റൊരു ഇന്ത്യൻ വംശജനായ യുഎസ് സിഇഒയുടെ പേരിലും ഇതേ വിഡിയോ പ്രചരിക്കുന്നുണ്ടായിരുന്നു – മൈക്രോസോഫ്റ്റിന്റെ സത്യ നാദെല്ല. കുറ്റം പറയാൻ പറ്റില്ല, ഗണേശ് കോലിക്ക് നാദെല്ലയുടെയും ഒരു വിദൂരഛായയുണ്ട്! എന്തായാലും, സുന്ദർ പിച്ചൈയെക്കുറിച്ച് ആദ്യമായല്ല ഇത്തരത്തിലുള്ള വ്യാജവിവരങ്ങൾ വരുന്നത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പിച്ചൈ ഇന്ത്യയിലെത്തി വോട്ട് ചെയ്തു എന്ന അടിക്കുറിപ്പോടെ ഒരു ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ, 2017ൽ ഇന്ത്യ സന്ദർശിച്ച പിച്ചൈ താൻ പഠിച്ച ഖരഗ്പുർ ഐഐടി സന്ദർശിക്കുന്ന ചിത്രമായിരുന്നു അത്. പിച്ചൈ തന്നെ ട്വീറ്റ് ചെയ്ത ചിത്രം!

അവിടെയും തീർന്നില്ല. പിച്ചൈയുടെ പേരിൽ അദ്ദേഹം പറയാത്ത പല വാചകങ്ങളും പ്രചരിക്കാൻ തുടങ്ങിയിട്ടു വർഷങ്ങളായി. ‘‘ഒരു രാഷ്ട്രീയക്കാരന് രണ്ടിടത്തുനിന്നു മത്സരിക്കാം. ഒരു വോട്ടർക്കു പക്ഷേ, രണ്ടു സ്ഥലത്തു വോട്ട് ചെയ്യാൻ പറ്റില്ല....’’ എന്നു തുടങ്ങുന്ന, രാഷ്ട്രീയത്തെ വിമർശിക്കുന്ന വാചക‌മാണ് അതിൽ ഏറ്റവും ‘പ്രശസ്തം.’  (താഴെയുള്ള ചിത്രം കാണുക). ഇതു പോലെ പലതുണ്ട് പിച്ചൈ അറിഞ്ഞിട്ടു പോലുമില്ലാത്ത, അദ്ദേഹത്തിന്റെ ക്വോട്ടുകൾ!

Pichai-Fake-tweet

പ്രശസ്ത വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങൾ കിട്ടുമ്പോൾ സംശയം തോന്നിയാൽ, അവരുടെ ഔദ്യോഗിക വെബ്സൈറ്റോ സമൂഹമാധ്യമ അക്കൗണ്ടുകളോ നോക്കുക. അവർക്കു പറയാനുള്ളത് അവർ അവിടെ വ്യക്തമായി പറഞ്ഞിട്ടുണ്ടാകും.

English Summary: Vireal- reality behind the videos photos and messages

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA