ആണവോർജോൽപാദനം: പുരോഗതിയും പ്രസക്തിയും

kakrapar-nuclear-power-plant
കക്രപ്പാർ ആണവനിലയം. ഉൾച്ചിത്രം: ഡോ.കെ.കെ.രാജൻ
SHARE

ഇന്ത്യ ലോക്ഡൗണിൽ പ്രവേശിച്ചപ്പോൾ ഉറങ്ങാതിരുന്ന, നമ്മുടെ ആണവനിലയങ്ങളുമായി ബന്ധപ്പെട്ട ഒരുകൂട്ടം ശാസ്ത്രജ്ഞന്മാരുടെയും സാങ്കേതികവിദഗ്ധരുടെയും പ്രയത്നങ്ങളുടെ ഫലപ്രാപ്തിയാണ് ഇക്കഴിഞ്ഞ ജൂലൈ 22 ന് പ്രെഷറൈസ്ഡ് ഹെവിവാട്ടർ റിയാക്ടർ (പിഎച്ച്ഡബ്ല്യുആർ) മാതൃകയിൽ എഴുന്നൂറ് മെഗാവാട്ട് ഉൗർജോൽപാദന ശേഷിയുള്ളതും പൂർണമായും ഇന്ത്യൻ നിർമിതവുമായ ആണവനിലയം ഗുജറാത്തിലെ സൂറത്ത് ജില്ലയിലുള്ള കക്രപ്പാറിൽ പ്രവർത്തനക്ഷമമാക്കിയപ്പോൾ ഉണ്ടായത്. 

കക്രപ്പാർ ആണവനിലയം

ജൂലൈ 22 ബുധനാഴ്ച രാവിലെ 9.36 ന് ആണ് ആണവനിലയം ക്രിട്ടിക്കൽ ആയത്. ആണവനിലയത്തിന്റെ കോറിനുള്ളിൽ വളരെ കുറഞ്ഞ ഊർജനിലയിൽ ന്യൂക്ലിയർ ഫിഷൻ ചെയിൻ റിയാക്‌ഷൻ നിലനിർത്തുന്ന പ്രക്രിയയാണ് ‘ക്രിട്ടിക്കാലിറ്റി’. നിർമാണം പൂർത്തിയാക്കി, ഊർജോൽപാദനം തുടങ്ങുന്നതിന്റെ ആദ്യപടിയാണത്. ഒട്ടനവധി പരീക്ഷണങ്ങൾക്കുശേഷം ഘട്ടംഘട്ടമായി ഉൗർജനില ഉയർത്തുകയും റിയാക്ടറിൽ താപോൽപാദനം വർധിപ്പിക്കുകയും ചെയ്യുന്നു. ഇൗ വർഷം അവസാനത്തോടെ പൂർണതോതിൽ ഉൗർജ ഉൽപാദനം നടത്തുവാനും വൈദ്യുതി വിതരണ ശൃംഖലയുമായി ബന്ധിപ്പിക്കുവാനും കഴിയും. 

ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഒാഫ് ഇന്ത്യ ലിമിറ്റഡിലെയും (എൻപിസിഐഎൽ), ഡിപ്പാർട്ട്മെന്റ ഓഫ് ആറ്റമിക് എനർജിയിലെയും ശാസ്ത്രജ്ഞന്മാരും സാങ്കേതിക വിദഗ്ധരും ചേർന്ന് ഇന്ത്യൻ വ്യവസായ മേഖലയുടെ പൂർണ പങ്കാളിത്തത്തോടെയാണ് ഈ തരത്തിലെ ആദ്യത്തെ ആണവനിലയും നിർമാണം പൂർത്തിയാക്കി പ്രവർത്തനക്ഷമമാക്കിയത്. പ്രകൃതിയിൽനിന്നു ലഭിക്കുന്ന യൂറേനിയം ഇന്ധനമായും നമ്മുടെ തന്നെ പ്ലാന്റുകളിൽ ഉൽപാദിപ്പിക്കുന്ന ഹെവി വാട്ടർ‌ ശീതീകരണ ദ്രാവകമായും ഹെവി വാട്ടർ തന്നെ ന്യൂട്രോൺ മോഡറേറ്ററായും ഈ ആണവനിലയത്തിൽ ഉപയോഗിക്കുന്നു. ഇത്തരം ആണവനിലയങ്ങൾ പ്രെഷറൈസ്ഡ് ഹെവി വാട്ടർ റിയാക്ടർ (പിഎച്ച്ഡബ്ല്യുആർ) എന്നാണ് അറിയപ്പെടുന്നത്. 

ആധുനിക സുരക്ഷാ സംവിധാനങ്ങളോടെ രൂപകൽപന ചെയ്ത ഈ നിലയം സുരക്ഷാരംഗത്ത് മൂന്നാം തലമുറയിൽ പെട്ടതാണ്. കക്രപ്പാറിൽ 220 മെഗാവാട്ട് ശേഷിയുള്ള ഒന്നും രണ്ടും ആണവ നിലയങ്ങൾ ഇരുപത്തിയഞ്ചു വർഷമായി പ്രവർത്തിച്ചു വരുന്നു. 2010 ൽ നിർമാണം ആരംഭിച്ച മൂന്നും നാലും ആണവനിലയങ്ങളിൽ ആദ്യത്തേതാണിത്. നാലാമത്തെ നിലയം ഒരു വർഷത്തിനകം പ്രവർത്തനക്ഷമാക്കാനാണ് എൻപിസിഐഎൽ ഉദ്ദേശിക്കുന്നത്. ജപ്പാനിലെ ഫുക്കുഷിമ ആണവനിലയത്തിൽ ഉണ്ടായ അപകടത്തിനുശേഷം അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ഒട്ടനവധി സുരക്ഷാ സംവിധാനങ്ങൾ ഇൗ 700 മെഗാവാട്ട് നിലയങ്ങളുടെ ഡിസൈനിൽ സ്വീകരിച്ചിട്ടുണ്ട്. ന്യൂക്ലിയർ റിയാക്ടറിന്റെ പ്രവർത്തനം നിർത്തിയ ശേഷവും ഉൽപാദിപ്പിക്കപ്പെടുന്ന താപം റിയാക്ടറിൽനിന്ന് നീക്കം ചെയ്യുവാനും റിയാക്ടറിന്റെ താപനില നിശ്ചിത അളവിൽ നിലനിർത്തുവാനും യന്ത്രസഹായവും വൈദ്യുതിയും കൂടാതെ പ്രവർത്തിക്കുന്ന താപം നീക്കം ചെയ്യൽ സംവിധാനം ഫലപ്രദമായി ഇവയിൽ വിനിയോഗിച്ചിരിക്കുന്നു. 

അപകടസമയത്ത് ആണവനിലയങ്ങളിൽ ഇന്ധന കവചമായി ഉപയോഗിക്കുന്ന സിർക്കലോയി എന്ന വസ്തു ഉയർന്ന താപനിലയിൽ നീരാവിയുമായി പ്രവർത്തിച്ച് ഗണ്യമായ തോതിൽ ഹൈഡ്രജൻ വാതകം ഉൽപാദിപ്പിക്കുന്നു. ഹൈഡ്രജൻ ഗ്യാസിന്റെ സാന്നിധ്യം തീപിടുത്തത്തിനു കാരണമാകാം. അതിനാൽ അപകട സമയത്ത് ഉൽപാദിപ്പിക്കപ്പെടാൻ സാധ്യതയുള്ള ഹൈഡ്രജൻ വാതകത്തെ ആരംഭത്തിൽത്തന്നെ അന്തരീക്ഷത്തിലെ ഓക്സിജനുമായി ചേർത്ത് വെള്ളമാക്കി മാറ്റുവാൻ കഴിവുള്ള ഒാട്ടോ കാറ്റലിക് റീകമ്പൈനേഴ്സ് ആണവനിലയത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരിക്കുന്നു. സ്വതന്ത്ര ഏജൻസിയായ ആറ്റമിക് എനർജി റെഗുലേറ്ററി ബോർഡ് (എഇആർബി) സുരക്ഷാ സംവിധാനങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തുന്നു.

കോവിഡ് 19 ഉയർത്തിയ വെല്ലുവിളി മഹാരാഷ്ട്രയിലും ഗുജറാത്തിലും നിലനിന്നപ്പോൾത്തന്നെ എൻപിസിഐഎല്ലിന്റെയും എഇആർബിയുടെയും ഒട്ടനവധി ഉദ്യോഗസ്ഥരുടെ അക്ഷീണ പരിശ്രമ ഫലമായിട്ടാണ് ഇൗ നേട്ടം കൈവരിക്കാൻ സാധിച്ചത്. അധികമാരാലും ശ്രദ്ധിക്കപ്പെടാതെയും വാർത്താപ്രാധാന്യം നേടാതെയും ഇന്ത്യയിലെ ആണവ ശാസ്ത്രജ്ഞന്മാരും സാങ്കേതിക വിദഗ്ദ്ധരും കൈവരിച്ച ഒരു അഭിനന്ദനാർഹമായ നേട്ടമാണിത്. മേക് ഇൻ ഇന്ത്യ എന്ന നമ്മുടെ ലക്ഷ്യം പ്രാവർത്തികമാക്കിയതിന്റെ ഒരു ഉദാഹരണം കൂടിയാണിത്. ഇൗ നേട്ടത്തിൽ പ്രധാനമന്ത്രി തന്നെ നേരിട്ട് ശാസ്ത്രജ്ഞരെയും സാങ്കേതികവിദഗ്ധരെയും അഭിനന്ദിക്കുകയുണ്ടായി.

ആണവോർജത്തിെന്റ പ്രസക്തി 

ഇന്ന് ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്ന ഉൗർജത്തിന്റെ എഴുപത് ശതമാനവും താപനിലയങ്ങളിൽ നിന്നാണ്. താപോർജ നിലയങ്ങളിൽ കൽക്കരിയോ മറ്റ് ഇന്ധനങ്ങളോ കത്തുമ്പോൾ കാർബൺഡൈഒാക്സൈഡ് എന്ന വാതകം അന്തരീക്ഷത്തിലേക്കു ബഹിർഗമിക്കുന്നു. ഒരു കിലോവാട്ട് എനർജി ഉൽപാദിപ്പിക്കുമ്പോൾ ഏകദേശം ഒരു കിലോഗ്രാം കാർബൺഡൈഒാക്സൈഡാണ് പുറംതള്ളുപ്പെടുന്നത്. ഇത് അന്തരീക്ഷത്തിലെ കാർബൺഡൈഒാക്സൈഡിന്റെ അളവ് വർധിപ്പിക്കുകയും തന്മൂലം അന്തരീക്ഷ താപനില വർധിക്കുവാനും കാലാവസ്ഥ വ്യതിയാനം സംഭവിക്കുവാനും കാരണമാകാം. കാർബൺ ഡൈഒാക്സൈഡിന്റെ പുറംതള്ളൽ ഏറ്റവും കുറയ്ക്കുകയും അന്തരീക്ഷ താപനില നിലനിർത്തുകയും ചെയ്യുക എന്ന ലോകരാഷ്ട്രങ്ങളുടെ സംയുക്തമായ തീരുമാനം നാം പാലിക്കേണ്ടതുണ്ട്.

പുനർനിർമിക്കാവുന്ന ഉൗർജ ഉൽപാദനവും ന്യൂക്ലിയർ ഉൗർജോത്പാദനവും വർധിപ്പിച്ചുകൊണ്ട് കാർബൺ ഡൈ ഒാക്സൈഡിന്റെ ബഹിർഗമന തോത് ഗണ്യമായി കുറയ്ക്കുവാൻ കഴിയും. പുനർനിർമിക്കാവുന്ന ഉൗർജസ്രോതസ്സുകളിൽ ഏറ്റവും പ്രധാനപ്പെട്ട സോളാർ പവർ പകൽവെളിച്ചത്തിൽ മാത്രമാണ് ഉൽപാദിപ്പിക്കാൻ കഴിയുക. ഏറ്റവും കൂടുതൽ ഉൗർജം ആവശ്യമായ സന്ധ്യാസമയത്ത് ഇതിന്റെ ഉൽപാദനം പൂർണമായും നിലയ്ക്കുകയും ചെയ്യും. ഇവിടെയാണ് ആണവോർജത്തിന്റെ പ്രസക്തിയും ആവശ്യകതയും. ഇൗ സാഹചര്യത്തിൽ വളരെ ഉയർന്ന ഉൽപാദനശേഷിയും നൂതന സുരക്ഷാമാർഗ്ഗങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആണവനിലയം പ്രവർത്തനക്ഷമമാക്കി എന്നുള്ളത് വളരെ പ്രാധാന്യത്തോടെ കാണേതാണ്.

പിഎച്ച്ഡബ്ല്യുആറിന്റെ ചരിത്രം

ഡോക്ടർ ഹോമിഭാഭയുടെ നേതൃത്വത്തിൽ വിഭാവനം ചെയ്ത ഇന്ത്യയുടെ ആണവോർജ വികസന പദ്ധതികൾ മൂന്നു ഘട്ടങ്ങളിലായാണ് പ്രാവർത്തികമാക്കുന്നത്. ഒന്നാം ഘട്ടത്തിൽ പിഎച്ച്ഡബ്ല്യുആർ വികസിപ്പിച്ചെടുത്ത് വിന്യസിക്കുവാനായിരുന്നു നമ്മുടെ പരിപാടി. അറുപതുകളുടെ അവസാനത്തിൽ കാനഡയുടെ സഹായത്തോടെ പിഎച്ച്ഡബ്ല്യുആർ വികസനം ഇന്ത്യയിൽ ആരംഭിച്ചു. രാജസ്ഥാനിലെ കോട്ടക്കടുത്തുള്ള റാവത്‌ഭട്ടയിലും തമിഴ്നാട്ടിൽ ചെന്നൈക്കടുത്തുള്ള കൽപാക്കത്തും 220 മെഗാവാട്ട് ശേഷിയുള്ള രണ്ടു നിലയങ്ങൾ വീതം സ്ഥാപിക്കുവാനും തുടക്കത്തിൽ തീരുമാനിച്ചു. എന്നാൽ 1974 ൽ ഇന്ത്യ പൊക്രാനിൽ നടത്തിയ അണ്വായുധ പരീക്ഷണത്തോടെ കാന‍ഡ ഏകപക്ഷീയമായി സഹകരണം അവസാനിപ്പിച്ചു. 

ഇന്ത്യൻ ശാസ്ത്രജ്ഞരുടെയും സാങ്കേതിക വിദഗ്ധരുടെയും കഠിനപ്രയത്നത്തിന്റെ ഫലമായി ഈ നിലയങ്ങൾ അൽപം വൈകിയാണെങ്കിലും സ്വന്തം നിലയിൽ പ്രവർ‌ത്തനക്ഷമമാക്കുവാൻ കഴിഞ്ഞു. തുടർ‌ന്ന് 220 മെഗാവാട്ടിന്റെ 16 നിലയങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചു. രാവത്‌ഭട്ടയിൽ ആറും കൽപാക്കത്ത് രണ്ടും കർണാടകയിലെ കൈഗയിൽ നാലും ഉത്തർപ്രദേശിലെ നറോറയിൽ രണ്ടും. ഗുജറാത്തിലെ കക്രപ്പാറിൽ രണ്ടും നിലയങ്ങളാണ് സ്ഥാപിച്ചത്. കൈഗയിലുള്ള നാലു നിലയങ്ങളിൽ നിന്നും കൽപാക്കത്തെ രണ്ടു നിലയങ്ങളിൽ നിന്നും ഉൽപാദിപ്പിക്കുന്ന ഊർജത്തിൽ 100 മെഗാവാട്ട് കേരളത്തിന് ലഭിക്കുന്നു. കൈഗയിലെ ഒന്നാം ആണവനിലയം 962 ദിവസം തുടർച്ചയായി പ്രവർത്തിപ്പിച്ച ലോകത്തിലെ ആദ്യത്തെ ആണവനിലയമാണ്. 2018 ഡിസംബർ 31 നാണ് നാം ഈ ലോക റിക്കാർ‍ഡ് നേടിയത്. തദ്ദേശിയമായി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയുടെ മികവും കുറ്റമറ്റ പ്രവർത്തന രീതിയും കഠിനാധ്വാനവുമാണ്. ഈ നേട്ടത്തിനും കാരണം. 

220 മെഗാവാട്ടിന്റെ ആണവനിലയങ്ങൾ വ്യവസ്ഥകൾക്ക് വിധേയമായി ഊർജ പ്രതിസന്ധി നേരിടുന്ന വികസ്വരരാജ്യങ്ങൾക്ക് നൽകുവാനും ഇന്ത്യക്ക് പരിപാടിയുണ്ട്. 40 വർഷത്തെ നമ്മുടെ ആണവ നിലയങ്ങളുടെ പ്രവർത്തനം പൂർ‌ണമായും അപകടരഹിതമായിരുന്നു. ഈ നിലയങ്ങളിൽ നിന്ന് ഉപയോഗത്തിനുശേഷം പുറത്തെടുക്കുന്ന ഇന്ധനം പുനർക്രമീകരണം ചെയ്ത് ശേഷിച്ച യുറേനിയവും Pu239 മുതലായ അതി പ്രാധാന്യമുള്ള മൂലകങ്ങളും വേർതിരിച്ചെടുക്കുന്നു. ഇതിനു വേണ്ടിയുള്ള പ്ലാന്റുകൾ താരാപ്പുരിലും കൽപാക്കത്തും പ്രവർത്തിക്കുന്നുണ്ട്.

ഇന്നത്തെ ആണവനിലയങ്ങൾ

220 മെഗാവാട്ടിന്റെ പതിനഞ്ചു നിലയങ്ങളോടൊപ്പം 540 മെഗാവാട്ടിന്റെ രണ്ടു നിലയങ്ങളും ഇന്ന് വിജയകരമായി പ്രവർത്തിച്ചു വരുന്നു. നിർമാണച്ചെലവ് കുറക്കുവാനും ശേഷി വർധനവ് വേഗത്തിലാക്കുവാനും ഉയർന്ന ഉൽപാദനശേഷിയുള്ള ആണവനിലയങ്ങൾക്ക് കഴിയും. താരാപ്പുരിൽ പ്രവർത്തിക്കുന്ന 540 മെഗാവാട്ടിന്റെ ശേഷിയുള്ള രണ്ടു നിലയങ്ങൾ ഉയർന്ന ശേഷിയുള്ള ആണവനിലയങ്ങൾ നിർമിക്കാനുള്ള നമ്മുടെ തീരുമാനത്തിന്റെ ആദ്യപടിയായിരുന്നു. 540 മെഗാവാട്ട് നിലയത്തിന്റെ ഡിസൈൻ തന്നെ അടിസ്ഥാനപ്പെടുത്തി, അതിന്റെ തന്നെ പ്രവർത്തന പരിചയം ഉൾപക്കൊണ്ട് 700 മെഗാവാട്ട് ഉൽപാദന ശേഷിയുള്ള നിലയം എൻപിസിഐഎൽ രൂപകൽപന ചെയ്തു. ആദ്യ രണ്ട് നിലയങ്ങൾ കക്രപ്പാറിൽ 220 മെഗാവാട്ടിന്റെ രണ്ടു യൂണിറ്റുകളോടൊപ്പം സ്ഥാപിക്കാൻ തീരുമാനിച്ചു.

അധികം താമസിയാതെ രാജസ്ഥാനിലെ റാവനത്‌ഭട്ടയിൽ എഴാമത്തെയും എട്ടാമത്തെയും നിലയങ്ങളായി രണ്ട് 700 മെഗാവാട്ട് യൂണിറ്റുകൾ കൂടി നിർമാണം തുടങ്ങി. 2022 ൽ ഇവ പൂർത്തിയാക്കാൻ കഴിയും. ഹരിയാനയിലെ ഗൊരഖ്പുരിൽ ‘ഗൊരഖ്പുർ ഹരിയാന അണുവൈദ്യുത് പരിയോജന’ എന്ന പേരിൽ 700 മെഗാവാട്ടിന്റെ രണ്ട് നിലയങ്ങൾ ആരംഭിക്കുവാൻ തീരുമാനിച്ചു. നിർമാണം ഈ വർഷം ആരംഭിക്കും. പിഎച്ച്ഡബ്ല്യുആർ മാതൃകയിലുള്ള അൻപതോളം ആണവനിലയങ്ങൾ ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. കാനഡയിൽ‌ മാത്രം 19 നിലയങ്ങളാണ് ഉള്ളത്.

ഭാവി പ്രതീക്ഷ 

ഇതിനിടെ 700 മെഗാവാട്ട് റിയാക്ടറിൽ കൂടുതൽ സുരക്ഷാ മാർഗ്ഗങ്ങൾ ഉൾക്കൊള്ളിക്കുകയും അത് ഒപ്ടിമം ഡിസൈൻ ആക്കി മാറ്റുകയും ഇനിയങ്ങോട്ടുള്ള എല്ലാ പിഎച്ച്ഡബ്ല്യുആർകളും 700 മെഗാവാട്ടിന്റേതായിരിക്കണമെന്ന് തീരുമാനിക്കുകയും ചെയ്തു. അതിന്റെ ഭാഗമായി 700 മെഗാവാട്ടിന്റെ പത്തു റിയാക്ടറുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങ ളിൽ സ്ഥാപിക്കുവാൻ കേന്ദ്ര ഗവൺമെന്റിന്റെ ഭരണാനുമതിയും സാമ്പത്തിക അനുമതിയും ലഭിക്കുകയും ചെയ്തു. കൈഗയിൽ രണ്ടും ഗോരഖ്പുരിൽ രണ്ടും മധ്യപ്രദേശിലെ ചുട്ക്കയിൽ രണ്ടും രാജസ്ഥാനിലെ മഹി ബൻസ്‌വാരയിൽ നാലും നിലയങ്ങളാണ് സ്ഥാപിക്കുന്നത്. 2031 ആകുമ്പോഴേക്കും ഇൗ പത്ത് ആണവനിലയങ്ങളുടെയും നിർമാണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. 

പുതിയ ആണവനിലയങ്ങൾക്കു വേണ്ടിയുള്ള പ്രാരംഭപ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഇൗ നിലയങ്ങളുടെ നിർമാണസമയം കുറയ്ക്കാൻ, നിർമാണത്തിന് കാലതാമസം വേണ്ടിവരുന്ന വലിയ ഉപകരണങ്ങളുടെ ഒാർഡറുകൾ നൽകികൊണ്ടിരിക്കുന്നു. മുഴുവൻ സാങ്കേതികവിദ്യയും ഇന്ത്യയുടേതുതന്നെയായതിനാലും രൂപകൽപന, പ്ലാനിങ്, നിർമ്മാണം, കമ്മിഷനിങ് ഓപ്പറേഷൻ തുടങ്ങിയ എല്ലാ കാര്യങ്ങളും എൻപിസിഐഎല്ലിന്റെ നേതൃത്വത്തിൽ ഇന്ത്യൻ വ്യവസായ മേഖലയുടെ പങ്കാളിത്തത്തോടെ ചെയ്യുന്നതിനാലും യുവതലമുറയിലെ എൻജിനീയർമാർക്ക്് ഒട്ടനവധി ജോലി സാധ്യതകൾ ഇൗ മേഖലയിൽ ഉണ്ടാകാൻ പോകുന്നു.

കൂടംകുളം ആണവനിലയം

പിഎച്ച്ഡബ്ല്യുആർ കൂടാതെ റഷ്യൻ സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിൽ 1000 മെഗാവാട്ട് ശേഷിയുള്ള വാട്ടർ എനർജറ്റിക് റിയാക്ടർ (വിവിഇആർ) മാതൃകയിലുള്ള രണ്ട് ന്യൂക്ലിയർ റിയാക്ടറുകൾ തമിഴ്നാട്ടിലെ കൂടംകുളത്ത് വിജയകരമായി പ്രവർത്തിച്ചുവരുന്നു. ഇൗ നിലയങ്ങളിൽ സാധാരണ ജലം ശീതീകരണ ദ്രാവകമായും ന്യൂട്രോൺ മോഡറേറ്ററായും ഉപയോഗിക്കുന്നു. സംപുഷ്ട യുറേനിയം ആണ് ഇന്ധനമായി ഉപയോഗിക്കുന്നത്. ഇൗ നിലയത്തിൽനിന്ന് ഇപ്പോൾ കേരളത്തിന്റെ വിഹിതമായി 266 മെഗാവാട്ട് ഉൗർജം ലഭിക്കുന്നു. തിരുനെൽവേലി- ഇടമൺ- പള്ളിക്കര- മടക്കത്തറ 400 കിലോവോൾട്ട് പവർ ഇടനാഴി പൂർത്തിയാക്കിയതോടെ കൂടംകുളത്തുനിന്നുള്ള ഉൗർജം പ്രസരണനഷ്ടം കുറച്ച് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യാൻ കഴിയുന്നു. 

കൂടംകുളത്ത് 1000 മെഗാവാട്ടിന്റെ തന്നെ രണ്ടു നിലയങ്ങൾ കൂടി നിർമാണം പുരോഗമിക്കുന്നു. 2023 ലാണ് മൂന്നാമത്തെയും നാലാമത്തെയും നിലയങ്ങൾ പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്നത്. 1000 മെഗാവാട്ടിന്റെ തന്നെ അഞ്ചാമത്തെയും ആറാമത്തെയും നിലയങ്ങൾക്ക് കേന്ദ്രസർക്കാരിന്റെ ഭരണാനുമതിയും സാമ്പത്തിക അനുമതിയും ലഭിച്ചിരിക്കുന്നതിനാൽ അവയുടെ നിർമാണ പ്രവർത്തനങ്ങൾ ഇൗ വർഷം തന്നെ ആരംഭിക്കും. അടുത്ത 7-8 വർഷത്തിനുള്ളിൽ കൂടംകുളം 6000 മെഗാവാട്ടിന്റെ ഉൽപാദനശേഷിയുള്ള ന്യുക്ലിയർ പാർക്കായി മാറും. ഉയർന്ന ഉൽപാദനശേഷിയുള്ള പുതിയ ഉൗർജോൽപാദന നിലയങ്ങൾ സ്ഥാപിക്കാൻ കഴിയുന്നില്ലെങ്കിൽ കൂടംകുളം ന്യൂക്ലിയർ പാർക്ക് ഭാവിയിലെ കേരളത്തിന്റെ പ്രധാന ഉൗർജസ്രോതസ്സുകളിൽ ഒന്നായി മാറും. 

മഹാരാഷ്ട്രയിലെ ജയിതാപുരിലും ആന്ധ്രപ്രദേശിലെ കൊവ്വാഡയിലും ഗുജറാത്തിലെ മിത്തിവർഡിയിലും ബംഗാളിലെ ഹരിപുരിലും വിദേശ സഹായത്തോടെ ഇതുപോലെയുള്ള ന്യൂക്ലിയർ പാർക്കുകൾ വിന്യസിക്കുവാനാണ് പദ്ധതി. 30,000 മെഗാവാട്ടിന്റെ ശേഷിവർധനവാണ് ഇവയിൽ നിന്നും പ്രതീക്ഷിക്കുന്നത്.

ഫാസ്റ്റ് ബ്രീഡർ റിയാക്ടർ

ഇന്ത്യയുടെ രണ്ടാം ഘട്ട ആണവ ഉൗർജവികസന പരിപാടിയുടെ ഭാഗമായി സോഡിയം ശീതീകരണ ദ്രാവകമായും ആദ്യഘട്ടനിലയങ്ങളിൽ നിന്നു ലഭിക്കുന്ന Pu239 ഇന്ധനമായും ഉപയോഗിക്കുന്ന ഫാസ്റ്റ് ബ്രീഡർ റിയാക്ടർ ടെക്നോളജി നാം വികസിപ്പിച്ചെടുത്തു. തമിഴ്നാട്ടിലെ കല്പാക്കത്തുള്ള ഇന്ദിരാ ഗാന്ധി സെന്റർ ഫോർ ആറ്റേമിക് റിസർച്ച് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ ടെക്നോളജിയുടെ വികസനത്തിന് മുൻഗണന നൽകി പ്രവർത്തിച്ചു വരുന്നു. 15 മെഗാവാട്ട് ശേഷിയുള്ള ഇന്ത്യയുടെ ആദ്യത്തെ ഫാസ്റ്റ് ബ്രീഡർ റിയാക്ടറായ ഫാസ്റ്റ് ബ്രീഡർ ടെസ്റ്റ് റിയാക്ടർ വർഷങ്ങളായി അവിടെ വിജയകരമായി പ്രവർത്തിച്ചുവരുന്നു. 

നീണ്ട ഗവേഷണങ്ങളുടെയും അനുഭവങ്ങളുടെയും അടിസ്ഥാനത്തിൽ 500 മെഗാവാട്ട് ശേഷിയുള്ള പ്രോട്ടോ ടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ (PFBR) രൂപകൽപ്പന ചെയ്ത് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു കൊണ്ടിരിക്കുകയാണ്. ഉൗർജത്തോടൊപ്പം ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ ഇന്ധനവും ഉൽപാദിപ്പിക്കാൻ കഴിയുന്ന ഫാസ്റ്റ് ബ്രീഡർ റിയാക്ടർ ശാസ്ത്രസാങ്കേതിക രംഗത്തെ ഒരദ്ഭുതം തന്നെയാണ്. ഇത്തരത്തിലുള്ള ആണവനിലയങ്ങളുടെ പ്രവർത്തനം മൂലം ഇന്ത്യയിൽ സുലഭമായി ലഭിക്കുന്ന U238, Th232 എന്നീ മൂലകങ്ങളെ ആണവനിലയങ്ങൾക്കുള്ള ഇന്ധനമായ Pu 239, U233 എന്നീ മൂലകങ്ങളാക്കി മാറ്റുന്നു. മൂന്നാംഘട്ടത്തിൽ, രണ്ടാം ഘട്ടത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന U233 ഇന്ധനമായും Th232 ബ്ലാങ്കറ്റായും ഉപയോഗിച്ച്, ബ്രീഡർ ആണവനിലയങ്ങളിലൂടെ ഉൗർജോൽപാദനത്തോടൊപ്പം Th232 എന്ന മൂലകത്തെ U233 എന്ന ഇന്ധനമായി മാറ്റുവാനും ന്യൂക്ലിയർ ഇന്ധനത്തിന്റെ കുറവ് എന്നേന്നക്കുമായി പരിഹരിക്കുവാനും കഴിയും.

ഉപസംഹാരം

ഇന്ത്യൻ നിർമിതവും വിദേശനിർമിതവുമായ ആണവനിലയങ്ങൾ ഇന്ന് രാജ്യത്ത് വളരെ വിജയകരമായി പ്രവർത്തിച്ചുവരുന്നു. കഴിഞ്ഞ വർഷത്തെ കപ്പാസിറ്റി ഫാക്ടർ 80 ശതമാനത്തിന് മുകളിലാണ്. 2019-20 സാമ്പത്തിക വർഷത്തിൽ 46,470 മില്യൻ യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനും 4400 കോടിയോളം രൂപ ലാഭമുണ്ടാക്കാനും ന്യൂക്ലിയർ പവർ കോർപ്പറേഷന് കഴിഞ്ഞു. ഇത് ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്ന ഉൗർജത്തിന്റെ 3 ശതമാനത്തോളം മാത്രമാണ്. ഇന്ത്യൻ സാങ്കേതിക വിദ്യയും വിദേശ സഹായത്തോടെയുള്ള സാങ്കേതികവിദ്യയും സമ്മിശ്രമായി ഫലപ്രദമായി ഉപയോഗിച്ച് അണുശക്തിയുടെ സംഭാവന 10 ശതമാനത്തോളം ഉയർത്തുവാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. കാർബൺഡൈഒാക്സൈഡിന്റെ ബഹിർഗമനം ഒഴിവാക്കിയുള്ള ഉൗർജോൽപാദനം ശക്തിപ്പെടുത്താനാണ് നാം ശ്രമിക്കുന്നത്. 700 മെഗാവാട്ട് ശേഷിയുള്ള ആദ്യനിലയത്തിന്റെ വിജയകരമായ തുടക്കം. എൻപിസിഐഎല്ലിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. 220 മെഗാവാട്ട് നിലയത്തിന്റെ ലോകറിക്കാർഡും 700 മെഗാവാട്ട് നിലയത്തിന്റെ സുഗമമാ‌യ പ്രവർത്തനവും രാജ്യാന്തര തലത്തിൽ ഇന്ത്യയുടെ പ്രശസ്തി വർധിപ്പിക്കുന്നു. ഡിപ്പാർട്ട്മെന്റ് ഒാഫ് ആറ്റോമിക് എനർജിയും എൻപിസിഐഎല്ലും ആണവനിലയങ്ങളുടെ ആവശ്യകതയും സുരക്ഷാരീതികളും സാധാരണക്കാർക്കു വിശദീകരിക്കുന്ന ബോധവൽക്കരണ പരിപാടികൾ രാജ്യത്തെമ്പാടും തുടർച്ചയായി സംഘടിപ്പിക്കാറുണ്ട്. അനുഭവങ്ങളിൽ നിന്നും ഗവേഷണങ്ങളുടെ ഫലമായും ലഭിക്കുന്ന അറിവിന്റെ അടിസ്ഥാനത്തിൽ സുരക്ഷാമാർഗ്ഗങ്ങൾ കാലോചിതമായി മെച്ചപ്പെടുത്തി അപകടസാദ്ധ്യത അൽപ്പംപോലും ഇല്ലാതാക്കുവാൻ നമ്മുടെ ശാസ്ത്രജ്ഞന്മാർ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.

അവലംബം: https://npcil.nic.in, www.dae.gov.in, www.igcar.gov.in and npcil press releases

(ലേഖകൻ കൽപാക്കം ഇന്ദിരാഗാന്ധി സെന്റർ ഫോർ ആറ്റമിക് റിസർച്ചിലെ ഫാസ്റ്റ് റിയാക്ടർ ടെക്നോളജി ഗ്രൂപ്പിന്റെ ഡയറക്ടറും, ഡിസ്റ്റിൻഗ്യൂഷ്ഡ് സയന്റിസ്റ്റും ആയിരുന്നു. ഇപ്പോൾ എൻപിസിഐഎല്ലിന്റെ ഇൻഡിപ്പെൻഡന്റ്് ഡയറക്ടർ, വാഴക്കുളം വിശ്വജ്യോതി കോളജ് ഒാഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി പ്രിൻസിപ്പൽ എന്നീ നിലകളിൽ സേവനമനുഷ്ഠിക്കുന്നു.)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA