‘കുടുംബവഴക്കിൽ’ തൽക്കാലം തീർപ്പ്; 23 അംഗ സംഘത്തിന് മുന്നറിയിപ്പ്

1200 sonia
സോണിയ
SHARE

സംഘടനാ തിരഞ്ഞെടുപ്പും പാർട്ടി അധ്യക്ഷ തിരഞ്ഞെടുപ്പും  എപ്പോൾ നടന്നാലും അതു  ഗാന്ധികുടുംബത്തിന്റെ  താൽപര്യത്തിന് അനുസരിച്ചാവും  എന്നത് ഇതോടെ തെളിഞ്ഞു....

പതിവു ശൈലിയിൽ, എല്ലാ അധികാരവും സോണിയ ഗാന്ധിയിൽ നിക്ഷിപ്തമാക്കുന്ന പ്രമേയം പാസാക്കിയാണു സംഘടനയ്ക്കുള്ളിലെ പ്രതിഷേധ സ്വരങ്ങളോടു കോൺഗ്രസ് പ്രതികരിച്ചത്. സോണിയയ്ക്ക് ഉചിതമെന്നു തോന്നുന്ന എന്തു മാറ്റങ്ങളും കൊണ്ടുവരാം. പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കും വരെ സോണിയയുടെ നേതൃത്വത്തിനു കീഴിൽത്തന്നെ പാർട്ടി തുടരും. സംഘടനാ തിരഞ്ഞെടുപ്പ് എന്നു വേണം, കോൺഗ്രസ് പാർലമെന്ററി ബോർഡ് പുനരുജ്ജീവിപ്പിക്കണോ, കൂടുതൽ സംഘടനാ ചർച്ചകൾ അനുവദിക്കണോ എന്നീ കാര്യങ്ങളിലെല്ലാം തീരുമാനമെടുക്കേണ്ടതു സോണിയ തന്നെ.

മണിക്കൂറുകൾ നീണ്ട പ്രക്ഷുബ്ധവും വികാരഭരിതവുമായ യോഗത്തിനൊടുവിൽ പാസാക്കിയ ഈ പ്രമേയം സംഘടനയ്ക്കുമേൽ ഗാന്ധികുടുംബത്തിനുള്ള നിയന്ത്രണം ഇളക്കമില്ലാതെ തുടരുമെന്നു വ്യക്തമാക്കുന്നു.

നിർജീവമായ കോൺഗ്രസിനു ജീവൻ പകരണമെന്നാവശ്യപ്പെട്ടു ഹൈക്കമാൻഡിനു കത്തെഴുതിയ, രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ്, ഉപനേതാവ് ആനന്ദ് ശർമ, കോൺഗ്രസ് ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക് എന്നിവരുൾപ്പെടെയുള്ള 23 നേതാക്കളുടെ സംഘവും പ്രമേയത്തെ പിന്തുണച്ചു. ഇതോടെ പ്രമേയം ഐകകണ്ഠ്യേനയായി.

നരേന്ദ്ര മോദി സർക്കാരിന്റെ വീഴ്ചകളുടെയും പ്രധാന പ്രതിപക്ഷ കക്ഷിയുടെ നേതാവെന്ന നിലയിൽ തന്റെയും രാഹുലിന്റെയും നേട്ടങ്ങളുടെയും പട്ടിക നിരത്തി ഭൂരിപക്ഷം നേതാക്കളും നടത്തിയ പ്രസംഗങ്ങളെല്ലാം സോണിയ ഗാന്ധി ശ്രദ്ധാപൂർവം കേട്ടു. രാഹുൽ ഗാന്ധി അധ്യക്ഷസ്ഥാനത്തേക്കു മടങ്ങിവരണമെന്ന ആവശ്യം പല നേതാക്കളും ആവർത്തിച്ചു. രാഹുലിന്റെ മൗനം സമ്മതമാണെന്നും വിലയിരുത്തപ്പെട്ടു. പക്ഷേ, എപ്പോൾ തിരിച്ചെത്തണമെന്ന് അദ്ദേഹം തീരുമാനിക്കും.

തന്റെ വലിയ കുടുംബത്തിലെ അംഗങ്ങളെന്ന നിലയിൽ, കത്തെഴുത്തുകാരായ 23 പേരോടും തൽക്കാലം സോണിയ ക്ഷമിച്ചെങ്കിലും അവർക്കുള്ള മുന്നറിയിപ്പു കൂടിയാണ് ഈ പ്രമേയം.  അവർ ഒരിക്കൽ കൂടി പരസ്യവിമർശനം ഉന്നയിച്ചാൽ അച്ചടക്ക നടപടിയായിരിക്കും നേരിടേണ്ടി വരിക. മോദിസർക്കാരിനെതിരെ പാർട്ടി ശക്തമായ പോരാട്ടത്തിലായിരിക്കെ, അതിനെ തുരങ്കംവയ്ക്കുന്ന രീതിയിൽ കത്തെഴുതിയ എല്ലാവർക്കുമെതിരെ നടപടി വേണമെന്നാണു രാഹുൽപക്ഷം ആവശ്യപ്പെട്ടത്. ഭൂരിപക്ഷവും ഗാന്ധികുടുംബത്തിലുള്ള വിശ്വാസം അരക്കിട്ടുറപ്പിക്കുന്നില്ലെങ്കിൽ വിഘ്നങ്ങൾ ഭാവിയിലും പ്രത്യക്ഷപ്പെടുമെന്നു രാഹുൽപക്ഷം സംശയിക്കുന്നു.

ഏറ്റവും ആദരിക്കപ്പെടുന്ന നേതാക്കളായ മൻമോഹൻ സിങ്, എ.കെ.ആന്റണി എന്നിവർക്കൊപ്പം അമരിന്ദർ സിങ്, അശോക് ഗെലോട്ട്, ഭൂപേഷ് ബാഗൽ, വി.നാരായണ സാമി എന്നീ കോൺഗ്രസ് മുഖ്യമന്ത്രിമാരെയും മുന്നിൽ നിർത്തിയുള്ള നീക്കത്തിലൂടെയാണ് ഗാന്ധികുടുംബത്തെ മാറ്റിനിർത്താനാവില്ലെന്ന വാദം സോണിയ – രാഹുൽപക്ഷം ഉയർത്തിയത്. വിമർശകരുടെ പക്ഷത്തെ പ്രധാന നേതാവായ ഗുലാംനബി ആസാദ് പ്രസംഗിച്ചു തുടങ്ങുമ്പോഴേക്കും നേതൃവിഷയത്തിൽ തൽസ്ഥിതി തുടരാൻ വാദിച്ചവരുടെ വിജയം ഉറപ്പാക്കപ്പെട്ടിരുന്നു. പിന്നാലെ സംസാരിച്ച ആനന്ദ് ശർമയാകട്ടെ, കോൺഗ്രസിലെ പ്രഥമ കുടുംബത്തോടുള്ള തന്റെ കൂറ് ആവർത്തിച്ചു പ്രഖ്യാപിക്കുകയാണ് ആദ്യം ചെയ്തത്. പിന്നീടാണു തങ്ങളെഴുതിയ കത്തിലെ ഉള്ളടക്കം വിശദീകരിച്ചത്. ഇതു പക്ഷേ, സ്വീകരിക്കപ്പെട്ടില്ല.

പ്രവർത്തകസമിതി അംഗങ്ങൾക്കും ക്ഷണിതാക്കൾക്കും പുറമേ, സോണിയയ്ക്കും രാഹുലിനും പിന്തുണ അറിയിച്ച് രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും കോൺഗ്രസ് നേതാക്കളുടെ സന്ദേശങ്ങൾ പ്രവഹിച്ചു. സംഘടനാ തിരഞ്ഞെടുപ്പും പാർട്ടി അധ്യക്ഷ തിരഞ്ഞെടുപ്പും എപ്പോൾ നടന്നാലും അതു ഗാന്ധികുടുംബത്തിന്റെ താൽപര്യത്തിന് അനുസരിച്ചാവും എന്നതും ഇതോടെ തെളിഞ്ഞു. സംഘടനാപരമായ നിയന്ത്രണം ആരുടെ കയ്യിൽ എന്നതു മാത്രമല്ല, നരേന്ദ്ര മോദി സർക്കാരിനെതിരായ പോരാട്ടത്തിൽ ഫലപ്രദമായ നേതൃത്വം നൽകാൻ സോണിയയ്ക്കും രാഹുലിനും കഴിയുമെന്ന പാർട്ടി വികാരം കൂടി പ്രവർത്തകസമിതി യോഗം പ്രതിഫലിപ്പിച്ചു.

തിരിച്ചുവരവു സംബന്ധിച്ച രാഹുലിന്റെ തീരുമാനവും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളും കൂടി പരിഗണിച്ചാവും എഐസിസി സമ്മേളനത്തിന്റെ സമയം തീരുമാനിക്കുക. ബിഹാറിനു പിന്നാലെ കേരളം, തമിഴ്നാട്, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പു വരികയാണ്. ഈ സംസ്ഥാനങ്ങളിൽ ബംഗാളിലൊഴികെ എല്ലായിടത്തും കോൺഗ്രസ് മുഖ്യ പ്രതിപക്ഷമോ പ്രതിപക്ഷത്തിന്റെ ഭാഗമാണോ ആണ്. ബംഗാളിലാകട്ടെ സിപിഎമ്മുമായുള്ള സഖ്യ‌സാധ്യത ഇപ്പോഴും അവ്യക്തമാണ്.

സംഘടനാ തീരുമാനങ്ങളെല്ലാം ഹൈക്കമാൻഡിനു വിട്ടതോടെ ഇനി കാര്യങ്ങളെല്ലാം സാധാരണ നിലയിലേക്കു വരുമോ എന്നതാണു പ്രധാന ചോദ്യം. 23 അംഗ സംഘം ഉന്നയിച്ച പ്രശ്നങ്ങൾ ചർച്ച ചെയ്യാനോ ജനാധിപത്യ ഭൂരിപക്ഷമനുസരിച്ചു തീരുമാനങ്ങളിലെത്താനോ ഒരു ഔദ്യോഗിക സംവിധാനവും ഉണ്ടായിട്ടില്ല. സോണിയ – രാഹുൽ പ്രവർത്തനശൈലിക്കു ലഭിച്ച ശക്തമായ പിന്തുണയുടെ പശ്ചാത്തലത്തിൽ വിമർശകരുടെ ആവശ്യങ്ങൾ ഉടനെയൊന്നും പരിഗണിക്കപ്പെടുകയും ഇല്ല. പക്ഷേ, സ്വയം പുനർനിർമിക്കാനുള്ള ശ്രമത്തിൽ കോൺഗ്രസിന് എന്നും പ്രസക്തമാണ് കത്തെഴുത്തുകാർ ഉയർത്തിയ വിഷയങ്ങൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA