ADVERTISEMENT

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആശങ്കയുണ്ടെങ്കിലും സംസ്ഥാനത്ത് ഓണവിപണി തിരക്കിലേക്കും  പകിട്ടിലേക്കും മെല്ലെ ഉണർന്നുകഴിഞ്ഞു. സർക്കാർ ജീവനക്കാർക്കുള്ള ശമ്പളം, ബോണസ് എന്നിവയോടൊപ്പം പെൻഷനും ക്ഷേമപെൻഷനും ലക്ഷക്കണക്കിനു പേരിലെത്തുന്നത് ഓണപ്പൊലിമയ്ക്കു വേണ്ടിയാണു മുഖ്യമായും ഉപയോഗിക്കാറുള്ളത്. കഴിഞ്ഞ ഏപ്രിൽ മുതലുള്ള ആഘോഷ അവസരങ്ങളിലെയെല്ലാം കച്ചവടം നഷ്ടമായ വ്യാപാരികളും ഈ ഓണക്കാലവിപണിയെ പ്രതീക്ഷയോടെയാണു കാണുന്നത്. പക്ഷേ, വൈകിട്ട് ഏഴിനു കടകൾ അടയ്ക്കണമെന്ന സർക്കാർ നിർദേശം ജനങ്ങൾക്കും വ്യാപാരിസമൂഹത്തിനും ഒരുപോലെ തിരിച്ചടിയാവുന്നു. വ്യാപാരശാലകൾ കൂടുതൽ സമയം തുറന്നിരുന്നാലല്ലേ കോവിഡ് ജാഗ്രതയും അകലവും പാലിച്ച്, തിരക്കൊഴിവാക്കി, ഇടപാടുകൾ നടത്താൻ ജനങ്ങൾക്കാവൂ എന്ന ചോദ്യം ഏറെ പ്രസക്തവുമാണ്. 

സായാഹ്നങ്ങളിലും രാത്രിയിലും ഷോപ്പിങ് നടത്തി ശീലമുള്ളവരാണു മലയാളികൾ. ഓണക്കാല വിപണി സജീവമാകുന്നതും അപ്പോഴാണ്. പക്ഷേ, ജോലി കഴിഞ്ഞു വീട്ടിലെത്തി, കുടുംബത്തോടൊപ്പം ഓണ ഷോപ്പിങ്ങിന് ഇറങ്ങുമ്പോഴേക്കും കടകൾ അടയ്ക്കുന്നത് പ്രായോഗികതയുടെ വലിയൊരു പ്രശ്നമാണു സൃഷ്ടിക്കുന്നത്. ഓണത്തോടടുത്ത ഈ ദിവസങ്ങളിൽ ജനങ്ങളുടെ ആവശ്യങ്ങൾ വർധിക്കുമെന്നതിനാൽ ഈ പ്രശ്നത്തെ പ്രായോഗിക ബുദ്ധിയോടെ സമീപിക്കേണ്ടതുണ്ട്. 

ഓണക്കാല വിൽപന കേരളത്തിലെ വ്യാപാരിസമൂഹത്തിന്റെ അവസാന പ്രതീക്ഷയാണെന്നതുകൂടി പരിഗണിക്കണം. ചില്ലറ വ്യാപാരസ്ഥാപനങ്ങൾ പലതും അടച്ചുപൂട്ടലിന്റെ വക്കിലാണ്. എത്രയോ കടകൾക്ക് ഇതിനകം താഴു വീണുകഴിഞ്ഞു. കോവിഡ് പ്രതിസന്ധിയിൽനിന്ന് ഓണക്കാല വിൽപനയിലൂടെ കരകയറാമെന്ന പ്രതീക്ഷയിലാണു വ്യാപാരികൾ. ബാങ്ക് വായ്പയുടെ മൊറട്ടോറിയം കാലാവധി ഈ 31ന് അവസാനിക്കുന്നതിനാൽ അടുത്ത മാസം മുതൽ തിരിച്ചടവു പുനരാരംഭിക്കണം. ജീവിതം വഴിമുട്ടിനിൽക്കുമ്പോൾ കേരളത്തിലെ ഏറ്റവും വലിയ വ്യാപാര സീസൺകൂടി പ്രയോജനമില്ലാതെപോയാൽ അതു ബാധിക്കുന്നത് ഒട്ടേറെപ്പേരെയായിരിക്കും. 

മഴ മാറിനിൽക്കുന്നത് ഓണവിപണിക്കു പ്രതീക്ഷയേകുന്നുവെങ്കിലും, കോവിഡ് മറന്നുള്ള കച്ചവടത്തിനു തങ്ങളില്ലെന്നു വ്യാപാരികൾ പറയുന്നു. കൈ ശുചിയാക്കലും സാമൂഹിക അകലവും എല്ലാ സ്ഥാപനങ്ങളിലും നിർബന്ധമാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നും മറ്റും വരുന്ന വാഹനങ്ങൾക്കു നിയന്ത്രണമുണ്ട്. ടോക്കൺ കൊടുത്ത്, തിരക്കുണ്ടാക്കാതെയാണു കയറ്റിറക്കു നടത്തുന്നതെന്നും ഡ്രൈവർമാരുടെ ശരീരോഷ്മാവ് പരിശോധിക്കുകയും പ്രത്യേകം ശുചിമുറികൾ ഏർപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. 

ചില സ്ഥലങ്ങളിൽ ഓണത്തിരക്കു കണക്കിലെടുത്തു കടയടയ്ക്കാനുള്ള സമയത്തിൽ പൊലീസ് ഇളവു നൽകുന്നുണ്ടെങ്കിലും സർക്കാരിന്റെ പൊതുനിർദേശമില്ല എന്നതിനാൽ പലയിടത്തും ഇത്തരം ഇളവുകൾ അസാധ്യമാണെന്നാണ് അധികൃതരുടെ നിലപാട്. നേരത്തേ കടയടയ്ക്കേണ്ടിവരുന്നതിനാൽ, അവസാനനിമിഷം അനുഭവപ്പെടുന്ന തിരക്ക്, അകലം പാലിക്കുന്നതിനു വെല്ലുവിളിയാകുന്നുമുണ്ട്. പ്രവർത്തനസമയം വർധിപ്പിക്കുന്നത് തിരക്കു കുറയ്ക്കാനും ജനങ്ങൾക്കു സുഗമമായി സാധനങ്ങൾ വാങ്ങാനും സഹായകമാകുമെന്ന് വ്യാപാരികളും ഉപയോക്താക്കളും ഒരേ സ്വരത്തിൽ പറയുന്നു. 

ഓണക്കാലത്തെങ്കിലും പ്രവർത്തനസമയം വർധിപ്പിച്ചു നൽകണമെന്ന ആവശ്യവുമായി വിവിധ വ്യാപാരിസംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. സമയം നീട്ടി കടകളിലെ തിരക്കു കുറയ്ക്കാനും അതുവഴി ജനങ്ങളുടെ ബുദ്ധിമുട്ടു കുറയ്ക്കാനും സർക്കാർ പൊതുവായി സമയക്രമത്തിൽ ഇളവു പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണു വ്യാപാരിസമൂഹം. രാത്രി ഒൻപതു വരെയെങ്കിലും കടകൾ തുറക്കാൻ അനുമതി വേണമെന്നാണ് അവരുടെ ആവശ്യം. ജാഗ്രതയിൽ ഒരു വിട്ടുവീഴ്ചയുമില്ലാതെ വേണം ഇളവു നൽകേണ്ടതെന്നതിൽ ബന്ധപ്പെട്ടവർക്കാർക്കും സംശയമില്ല. 

രാത്രി ഒൻപതു വരെയെങ്കിലും കടകൾ തുറക്കാൻ അനുമതി നൽകുന്നതിനോടൊപ്പം, അതുവരെ സുഗമമായ ബസ് സൗകര്യംകൂടി ഉറപ്പാക്കേണ്ടതുണ്ട്. പൊതുജനങ്ങളും വ്യാപാരികളും സർക്കാരും ചേർന്നൊരുക്കുന്ന ജാഗ്രതയോടു കൂടിയ സൗമനസ്യമാവട്ടെ ഈ ഓണക്കാലത്തിന്റെ വിജയം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com